അതിക്രമങ്ങള്‍ക്കെതിരേ അയല്‍ക്കൂട്ടങ്ങളെ സജ്ജമാക്കി കുടുംബശ്രീ 'നീതം' ക്യാമ്പെയ്ന്‍ മുന്നേറുന്നു

Posted on Monday, March 19, 2018

തിരുവനന്തപുരം: അതിക്രമങ്ങള്‍ക്കെതിരേയുള്ള പ്രതിരോധവും പ്രതികരണവും അയല്‍ക്കൂട്ടങ്ങളില്‍ എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 10ന് കുടുംബശ്രീ ആരംഭിച്ച സംസ്ഥാനതല ക്യാമ്പെയ്ന്‍ വിജയകരമായി മുന്നേറുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് വ്യത്യസ്തവും വൈവിധ്യവുമായ നിരവധി പരിപാടികള്‍ അയല്‍ക്കൂട്ടതലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനം 20,21,22 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്യാമ്പെയ്ന്‍റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് സംസ്ഥാനത്ത് സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്നതാണ്. കൂടാതെ ലിംഗവിവേചനത്തിലധിഷ്ഠിതമായ അതിക്രമങ്ങളെ ചെറുക്കുകയും പ്രതിരോധിക്കുകയും ചെയ്യുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമത്തിനെതിരേ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയെ സൃഷ്ടിക്കുക, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് പിന്തുണാ സഹായം നല്‍കുകയും സംവിധാനങ്ങളെ കാര്യക്ഷമമാക്കുകയും ചെയ്യുക, അവകാശങ്ങളില്‍ അധിഷ്ഠിതമായി സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതില്‍ സ്ത്രീകളെ പ്രാപ്തരാക്കുക, പൊതുവിഭവങ്ങളിന്‍ മേലും സേവന സംവിധാനങ്ങളിലും സ്ത്രീയുടെ പ്രാപ്യത വര്‍ധിപ്പിക്കുക, നിലവിലെ നിയമങ്ങളെ കുറിച്ചും സഹായ സംവിധാനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക, നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥകളെ കണ്ടെത്തിക്കൊണ്ട് അവ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പെയ്ന്‍ നടപ്പാക്കുന്നത്. കാമ്പെയ്ന്‍ വഴി ലഭ്യമാകുന്ന വിവരങ്ങള്‍ വിവിധ തലങ്ങളില്‍ ക്രോഡീകരിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന വ്യത്യസ്തങ്ങളായ അതിക്രമങ്ങള്‍ക്കും അരക്ഷിതാവസ്ഥകള്‍ക്കുമെതിരേ പൊതു സമൂഹത്തില്‍ വ്യക്തമായ കാഴിചപ്പാട് സൃഷ്ടിക്കുന്നതിനും അതുവഴി പ്രാദേശികമായും സംസ്ഥാന വ്യാപകമായും നടത്താന്‍ കഴിയുന്ന പദ്ധതികള്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം തയ്യാറാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്.

   വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് കാമ്പെയ്നുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 2,53,906 അയല്‍ക്കൂട്ടങ്ങളിലും 906 സി.ഡി.എസുകളിലും കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ വനിതകള്‍ക്കൊപ്പം ഓരോ കുടുംബത്തിലെയും പുരുഷന്‍മാര്‍ പങ്കെടുത്ത കുടുംബസംഗമത്തില്‍ കുടുംബത്തിലെ ജനാധിപത്യം, അടിസ്ഥാന മാനുഷിക അവകാശങ്ങള്‍, അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ യെ സംബന്ധിച്ച് ചര്‍ച്ചകളും സംഘടിപ്പിച്ചു. ഇപ്രകാരം അയല്‍ക്കൂട്ടങ്ങളില്‍ നടത്തിയ കുടുംബസംഗമങ്ങള്‍ സംബന്ധിച്ച പുര്‍ണ വിവരങ്ങള്‍ എ.ഡി.എസ്തലത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്.

   സി.ഡി.എസ്തലത്തില്‍ 'അതിക്രമങ്ങള്‍ക്കെതിരേ സഹയാത്രാ സംഗമം' എന്ന പേരില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളും സംഘടിപ്പിച്ചു. കൂടാതെ സംസ്ഥാനത്തെ എല്ലാ ബ്ളോക്കുകളിലും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. സ്ത്രീകേന്ദ്രീകൃത സിനിമകള്‍, വനിതാ സംവിധായകരുടെ സിനിമകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സിനിമകള്‍ എന്നിവയാണ് കാമ്പെയ്നോടനുബന്ധിച്ച് ബ്ളോക്കുതലത്തില്‍ പ്രദര്‍ശിപ്പിച്ചു വരുന്നത്. ജില്ലാതലത്തില്‍ കുടംബശ്രീ വനിതകള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളും തൊഴിലും, സ്ത്രീകളുടെ മുഖ്യധാരാവല്‍ക്കരണം കുടുംബശ്രീയിലൂടെ, സ്ത്രീയും ഭരണ നിര്‍വഹണവും എന്നീ വിഷയങ്ങളിലാണ് മത്സരം നടത്തുന്നത്.

   കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍, ജില്ലാമിഷന്‍ കോ-ഓര്ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡിസ്ട്രിക്ട് പ്രോജക്ട് മാനേജര്‍മാര്‍ എന്നിവര്‍ക്കാണ് കാമ്പെയ്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല.

 

കുടുംബശ്രീ 'അമൃതം ന്യൂട്രീമിക്‌സ്' ; 216 യൂണിറ്റുകള്‍ക്ക് എ ഗ്രേഡ്‌

Posted on Friday, March 16, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളുടെ  പ്രവര്‍ത്തനമികവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ന്യൂട്രിമിക്സ് ഉല്‍പാദനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ഗ്രേഡിംഗ് പൂര്‍ത്തിയായി. ഇതുപ്രകാരം സംസ്ഥാനത്തെ 241 യൂണിറ്റുകളില്‍ 216 എണ്ണത്തിനും 'എ' ഗ്രേഡ് ലഭിച്ചു. ഇരുപത് യൂണിറ്റുകള്‍ക്ക് ബി ഗ്രേഡും ലഭിച്ചു.

   യൂണിറ്റുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്തുന്നതിനും സ്വയംതൊഴില്‍ സംരംഭം എന്ന നിലയ്ക്ക് കൂടുതല്‍ പ്രഫഷണലിസം കൈവരുത്തുന്നതിനുമായാണ് ഗ്രേഡിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയത്.   അടിസ്ഥാന സൗകര്യം, പരിസരശുചിത്വം, യൂണിറ്റിനുള്ളിലെ ശുചിത്വം, യൂണിറ്റില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങളും അവയുടെ ശുചിത്വവും, ഇലക്ട്രിഫിക്കേഷന്‍, വ്യക്തിശുചിത്വം, രേഖകളും രജിസ്റ്ററുകളും, നിയമപരമായ രേഖകളും നടപടികളും, മൂല്യവര്‍ദ്ധനവ്, പ്രവര്‍ത്തന മികവ്, സംഘബോധം എന്നിവയാണ് ഗ്രേഡിങ്ങിനായി നിഷ്കര്‍ഷിച്ചിരുന്ന  സുപ്രധാന മാനദണ്ഡങ്ങള്‍.  

    കുടുംബശ്രീയിലെയും സാമൂഹ്യനീതി വകുപ്പിലെയും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ റേറ്റിങ്ങ് നടപടികളില്‍ യൂണിറ്റുകള്‍ വാങ്ങുന്ന ഗോതമ്പിന്‍റെ അളവും ഉല്‍പാദിപ്പിക്കുന്ന ന്യൂട്രിമിക്സിന്‍റെ അളവും തമ്മിലുള്ള അനുപാതവും കൃത്യമായി പരിശോധിച്ചിരുന്നു.  റണ്ണിംഗ് ലൈസന്‍സ്, പാക്കിംഗ് ലൈസന്‍സ്, എഫ്.എസ്.എസ്.എ.ഐ.രജിസ്ട്രേഷന്‍, ടാക്സ് രജിസ്ട്രേഷന്‍, ഉല്‍പന്നത്തിലുള്ള നിയമപരമായ അറിയിപ്പുകള്‍, എല്ലാ അംഗങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ നിയമപരമായ രേഖകള്‍, കൂടാതെ  റോസ്റ്റര്‍, ബ്ളന്‍ഡര്‍, സ്വിഫ്റ്റര്‍, പള്‍വറൈസര്‍,ബാച്ച് കോഡിംഗ് മെഷീന്‍ തുടങ്ങി ന്യൂട്രിമിക്സ് നിര്‍മാണത്തിനാവശ്യമായ യന്ത്രങ്ങളും അവയുടെ സമ്പൂര്‍ണ ശുചിത്വവും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളും റേറ്റിംഗില്‍ കര്‍ശനമായി വിലയിരുത്തി.  ഇതില്‍  എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച യൂണിറ്റുകള്‍ക്കു മാത്രമാണ്  'എ'ഗ്രേഡ് നല്‍കിയിട്ടുള്ളത്.  മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണണം ചെയ്യുന്നതിനും ഈ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

     കഴിഞ്ഞ ജനുവരിയില്‍ നടത്തിയ ആദ്യഘട്ട റേറ്റിംഗില്‍ 'ബി' 'സി' ഗ്രേഡുകള്‍ ലഭിക്കുന്ന യൂണിറ്റുകള്‍ക്ക് മികച്ച രീതിയില്‍ മാനദണ്ഡങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതു വഴി 'എ' ഗ്രേഡ് ലഭിക്കുന്നതിന് അവസരം നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കൂടി സമയം നല്‍കി. യൂണിറ്റുകള്‍ക്ക് 'എ' ഗ്രേഡ് നേടുന്നതിനായി ടെക്നോളജി ഫണ്ട്, തൊഴില്‍ വൈദഗ്ധ്യ പരിശീലനം, സാമ്പത്തിക സഹായം എന്നിവ ഉള്‍പ്പെടെയുള്ള പിന്തുണയും കുടുംബശ്രീ  നല്‍കിയിരുന്നു.

കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതിയായ ടേക്ക് ഹോം റേഷന്‍ സ്ട്രാറ്റജി (ടി.എച്ച്.ആര്‍.എസ് ) പ്രകാരം കേരള സര്‍ക്കാരിനു കീഴില്‍ സാമൂഹ്യക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ ആറ് മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കുടുംബശ്രീയുടെ വിദഗ്ധ പരിശീനം നേടിയ അമൃതം ഫുഡ് സപ്ളിമെന്‍റ് യൂണിറ്റുകളാണ് ഈ പോഷകാഹാരം തയ്യാറാക്കുന്നത്. ഗോതമ്പ്, സോയ, പഞ്ചസാര, കപ്പലണ്ടി, കടലപ്പരിപ്പ്, എന്നിവ ചേര്‍ത്ത ഭക്ഷ്യമിശ്രിതം വികസിപ്പിച്ചെടുത്തത് കാസര്‍കോട് സെന്‍റര്‍ പ്ളാന്‍റേഷന്‍ ഫോര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലാണ്. പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് നല്‍കുന്നത് പഞ്ചായത്താണ്.  ആറു മാസം മുതല്‍ മൂന്നു മാസം വരെയുള്ള കുട്ടികളില്‍ തന്നെ വിവിധ പ്രായം തിരിച്ച് ഓരോ പ്രായത്തിലും ആവശ്യമായ പോഷകമൂല്യം എത്രയാണെന്നു കണ്ടെത്തുന്നതിനായി സമഗ്രവും ആധികാരികവുമായ ഒരു ശാസ്ത്രീയ പഠനം നടത്തുന്നതിന്‍റെ ഭാഗമായി വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ നേതൃത്വത്തില്‍ നിലവിലെ ന്യൂട്രിമിക്സില്‍ ഫോര്‍ട്ടിഫിക്കേഷന്‍ നടത്തുന്ന കാര്യങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.   
    
   മാംസ്യം, കൊഴുപ്പ്, അന്നജം, കാല്‍സ്യം,  ഇരുമ്പ്, കരോട്ടിന്‍, തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന്‍ തുടങ്ങിയ വിവിധ പോഷകങ്ങള്‍ അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയുടെ പ്രായത്തില്‍ അവര്‍ക്ക് ഊര്‍ജം കൂടുതല്‍ നല്‍കുന്ന ഭക്ഷണങ്ങളും അന്നജവും ധാരാളം ആവശ്യമാണ്. കടലപ്പരിപ്പ്, വറുത്ത കപ്പലണ്ടി, സോയാപൊടി, പഞ്ചസാര എന്നിവ കുട്ടികള്‍ക്ക് ഊര്‍ജം നല്‍കുന്നതോടൊപ്പം ഊര്‍ജം കുറഞ്ഞാലുണ്ടാകുന്ന ക്വാഷിയോര്‍ക്കര്‍  എന്ന രോഗത്തില്‍ നിന്നും, മാംസ്യം കുറഞ്ഞാലുണ്ടാകുന്ന മരാസ്മസ് എന്ന രോഗത്തില്‍ നിന്നും പ്രതിരോധിക്കുകയും ചെയ്യുന്നു.  കടലപ്പരിപ്പ്, കപ്പലണ്ടി, കൊഴുപ്പ് കളഞ്ഞ സോയാപൊടി എന്നിവ എല്ലിന്‍റെയും പേശികളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിനാവശ്യമായ മാംസ്യവും കാല്‍സ്യവും നല്‍കുക മാത്രമല്ല, ശരീരത്തിന്‍റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ആറ് വിവിധ പ്രതിരോധ-പോഷകങ്ങളും അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്. മസ്തിഷ്കത്തിന്‍റെ വളര്‍ച്ച, പ്രവര്‍ത്തനക്ഷകമത എന്നിവയ്ക്കും  ഹൃദയം, കണ്ണുകള്‍ എന്നിവയുടെ പരിരക്ഷണത്തിനും  നാഡീവ്യവസ്ഥ യുടെ ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളും അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്.

നവീകരിച്ച പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്ഘാടനം രാവിലെ 10.30 മണിക്ക്

Posted on Thursday, March 15, 2018

നവീകരിച്ച പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്ഘാടനം രാവിലെ 10.30 മണിക്ക് മന്ത്രി ഡോ: കെ. ടി. ജലീല്‍ നിര്‍വഹിക്കുന്നതാണ്.

Content highlight
Inauguration of renovated Panchayath Directorate Office

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഉദ്ഘാടനം

Posted on Thursday, March 15, 2018

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഓഫീസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ മാര്‍ച്ച്‌ 15 ന് 11 മണിക്ക് സ്വരാജ് ഭവനില്‍ വച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്.

Content highlight
Inauguration of Local Self Government Principal DIrectorate

നഗരസഭാ പ്രദേശത്തെ അര്‍ഹരായ എല്ലാവരിലേക്കും കുടുംബശ്രീ; സ്പര്‍ശം കാമ്പെയ്ന്‍ മുന്നേറുന്നു

Posted on Thursday, March 15, 2018

തിരുവനന്തപുരം:  അര്‍ഹരായ എല്ലാവരിലേക്കും കുടുംബശ്രീയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച 'സ്പര്‍ശം'-നഗരതല കാമ്പെയ്ന്‍ വിജയകരമായി മുന്നേറുന്നു. ഫെബ്രുവരി 20ന് ആരംഭിച്ച കാമ്പെയ്ന്‍ ഇതിനകം പരമാവധി നഗരദരിദ്രരിലേക്കെത്തിക്കഴിഞ്ഞു. നഗരദാരിദ്ര്യം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ഹരായ എല്ലാവര്‍ക്കും ഉപജീവനത്തിന് അവസരമൊരുക്കുന്നതിന് നഗരസഭകളും കുടുംബശ്രീയും ഒറ്റക്കെട്ടായി നിന്നു കൊണ്ടാണ് ക്യാമ്പെയ്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. നഗരപ്രദേശങ്ങളിലെ കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയും അതോടൊപ്പം സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി സംരംഭം തുടങ്ങാനുള്ള സഹായം ലഭ്യമാക്കുക എന്നതുമാണ് കാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണം കുടുബശ്രീ ഉറപ്പുവരുത്തിയിട്ടുണ്ട്.

 അയല്‍ക്കൂട്ട ഗ്രേഡിങ്ങ്, ലിങ്കേജ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, നഗരപ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളുടെ ലിങ്കേജ് വായ്പാ പ്രവര്‍ത്തനങ്ങള്‍ നൂറു ശതമാനമാക്കുക, കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടാത്തവരെ ഉള്‍ക്കൊള്ളിച്ച് സാധ്യതയ്ക്കനുസരിച്ച് അയല്‍ക്കൂട്ടങ്ങള്‍ പുതുതായി രൂപീകരിക്കുക, നഗരപ്രദേശങ്ങളിലെ പ്രവര്‍ത്തനരഹിതമായ അയല്‍ക്കൂട്ടങ്ങളെ കണ്ടെത്തി പ്രവര്‍ത്തനക്ഷമമാക്കുക, നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന എന്‍.യു.എല്‍.എം, പി.എം.എ.വൈ പദ്ധതികള്‍ അയല്‍ക്കൂട്ട ഭാരവാഹികള്‍ക്കു പരിചയപ്പെടുത്തുക, അയല്‍ക്കൂട്ടാംഗങ്ങളെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുക  എന്നിവ ക്യാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്.

  സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി സംരംഭം ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുക, പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് എന്‍.യു.എല്‍.എം പദ്ധതിയുടെ കീഴിലുള്ള സ്വയംതൊഴില്‍, സ്കില്‍ പരിശീലനവും തൊഴിലും നല്‍കുന്ന ഘടകങ്ങള്‍ എന്നിവ വഴി തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന്‍റെ സാധ്യത പരിചയപ്പെടുത്തുക, എസ്.ജെ.എസ്.ആര്‍വൈ, എന്‍.യു.എല്‍.എം ലിങ്കേജ് ലോണ്‍  വഴി നഗരപ്രദേശങ്ങളില്‍ സംരംഭം ആരംഭിച്ചിട്ടുള്ള വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് കുടുംബശ്രീ നല്‍കുന്ന ടെക്നോളജി ഫണ്ട്, ടെക്നോളജി അപ്ഗ്രഡേഷന്‍ ഫണ്ട്, റിവോള്‍വിങ്ങ് ഫണ്ട്, സെക്കന്‍ഡ് ഡോസ് അസിസ്റ്റന്‍സ്, ഇന്നവേഷന്‍ ഫണ്ട് എന്നിങ്ങനെയുള്ള അധിക ധനസഹായ പദ്ധതികളുടെ പ്രയോജനം പരിചയപ്പെടുത്തുക എന്നിവയും ക്യാംപെയ്ന്‍ വഴി നടപ്പാക്കി വരുന്നു.

ദേശീയ നഗര ഉപജീവന മിഷന്‍റെ കീഴിലുള്ള അറുപത് സിറ്റി മിഷന്‍ മാനേജര്‍മാര്‍, എഴുപത് സിറ്റി ടെക്നിക്കല്‍ സെല്‍ മാനേജര്‍മാര്‍, 93 മള്‍ട്ടി ടാസ്ക് പേഴ്സണ്‍സ്, നൂറോളം കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, കൂടാതെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, നഗരസഭാ സെക്രട്ടറിമാര്‍,പ്രോജക്ട് ഓഫീസര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.


     സ്പര്‍ശം ക്യാമ്പെയ്ന്‍റെ ഭാഗമായി ഇതിനകം 93 നഗരസഭകളിലെ 46000 ല്‍ പരം അയല്‍ക്കൂട്ടങ്ങളിലും അയല്‍ക്കൂട്ടയോഗങ്ങള്‍ നടന്നു വരികയാണ്.  കൂടാതെ നഗരസഭാപ്രദേശങ്ങളിലെ എ.ഡി.എസുകളില്‍ തദ്ദേശ സ്ഥാപന അധികൃതരുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സംഘടിപ്പിക്കുകയും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും അവയുടെ ആനുകൂല്യം ഇനിയും ലഭിക്കാത്തവരെ സംബന്ധിച്ചുള്ള വിവരശേഖരണവും നടന്നു വരികയാണ്. ഇപ്രകാരം ജില്ലകളില്‍ നിന്നു ലഭിക്കുന്ന സ്ഥിതി വിവര കണക്കുകള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ചു വരുന്നു. മാര്‍ച്ച് 20ന് മുമ്പായി ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ സംവിധാനത്തില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ കണ്ടെത്തി അവരെയും അയല്‍ക്കൂട്ടങ്ങളിലേക്ക് ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

    നഗരദാരിദ്ര്യ നിര്‍മാജനത്തിനായി ദേശീയ നഗര ഉപജീവന മിഷന്‍, നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രധാന മന്ത്രി ആവാസ് യോജന-(നഗരം) എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കുടുംബശ്രീ വഴിയാണ് നടപ്പാക്കി വരുന്നത്. ഈ പദ്ധതികളുടെ ഗുണഫലങ്ങള്‍ നഗരപ്രദേശങ്ങളിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും എത്തിക്കുക എന്നതും കാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്ന പ്രധാനപ്പെട്ട കാര്യമാണ്. നഗര അയല്‍ക്കൂട്ടങ്ങളില്‍ ഇപ്പോള്‍ 7,38,704 കുടുംബങ്ങളുണ്ട്. എങ്കിലും ഏകദേശം ഒരു ലക്ഷം നഗരദരിദ്രര്‍ ഇപ്പോഴും അയല്‍ക്കൂട്ട പരിധിയില്‍ നിന്നും പുറത്താണ്. ഇങ്ങനെയുള്ളവരെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലേക്ക് എത്തിക്കുന്നതിനാണ് കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.

   അര്‍ഹതയുണ്ടായിട്ടും ഗുണഭോക്തൃപട്ടികയില്‍ ഇടം ലഭിക്കാത്തവരുണ്ടെങ്കില്‍ അവരെയും ഭവന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടാന്‍ സഹായിക്കും. ക്യാമ്പെയ്ന്‍ പൂര്‍ത്തിയാകുന്നതോടെ നഗരസഭാ പ്രദേശങ്ങളില്‍ കുടുംബശ്രീ സംവിധാനത്തില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ പേരെയും കണ്ടെത്തി ഇതില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

 

 

 

 

കുടുംബശ്രീയുടെ 'ഭക്ഷ്യ സുരക്ഷയ്ക്ക് എന്റെ കൃഷി': കേരളത്തില്‍ 20 ലക്ഷം പച്ചക്കറി സ്വയംപര്യാപ്ത കുടുംബങ്ങള്‍

Posted on Tuesday, March 13, 2018

തിരുവനന്തപുരം: ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കുടുംബശ്രീ വിത്തു പാകിയ 'ഭക്ഷ്യസുരക്ഷയ്ക്ക് എന്‍റെ കൃഷി'  പദ്ധതിക്ക് മികച്ച വളര്‍ച്ച. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്ത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീ സംസ്ഥാനത്ത് ആവിഷ്ക്കരിച്ച പദ്ധതി എല്ലാ ജില്ലകളിലും ഇതിനകം ശ്രദ്ധേയമായ വേരോട്ടം നേടിക്കഴിഞ്ഞു. അയല്‍ക്കൂട്ട വനിതകള്‍ ഏറ്റെടുത്തു വിജയിപ്പിച്ച പദ്ധതിയിലൂടെ ഇരുപത് ലക്ഷം കുടുംബശ്രീ കുടുംബങ്ങളാണ് ഇപ്പോള്‍ പച്ചക്കറികള്‍ കൃഷി ചെയ്തു സ്വയംപര്യാപ്തത നേടിയത്.   

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളെല്ലാം അവര്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ സ്വയം ഉല്‍പാദിപ്പിക്കുന്നതിനും ആവശ്യക്കാരായ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുമായി ആവിഷ്ക്കരിച്ച പദ്ധതിയാണിത്.  പദ്ധതിയില്‍ അംഗമാകുന്ന ഏവര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വാര്‍ഡുതലത്തില്‍ അമ്പതു പേര്‍ക്കു വീതമാണ് പരിശീലനം നല്‍കുന്നത്. പരിശീലനം നടത്തുന്ന ദിവസം തന്നെ ഓരോ അംഗത്തിനും മികച്ച ഇനം പച്ചക്കറി വിത്തുകളും വിതരണം ചെയ്യും.

 ഓരോ ഗ്രൂപ്പുകള്‍ക്കും മാസ്റ്റര്‍ കര്‍ഷകയും മാസ്റ്റര്‍ കര്‍ഷക പരിശീലകരുടെ കൂട്ടായ്മയായ ജീവ-ടീമുമാണ് പരിശീലനം നല്‍കുന്നത്, മാസ്റ്റര്‍ കര്‍ഷകയ്ക്ക് മാസ്റ്റര്‍ കര്‍ഷക പരിശീലകരും പരിശീലനം നല്‍കുന്നു. ഗ്രൂപ്പുകള്‍ക്ക് കുറഞ്ഞത് രണ്ട് മണിക്കൂര്‍ പരിശീലനം നല്‍കും. കൃഷി ചെയ്യേണ്ടതിന്‍റെ ആവശ്യകത, പച്ചക്കറി കൃഷി പരിപാലനം, അടുക്കള മാലിന്യസംസ്ക്കരണവും ജൈവവള നിര്‍മ്മാണവും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ഒരംഗത്തിന് 20 രൂപയുടെ വിത്തുകളാണ് നല്‍കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍, വിഎഫ്പിസികെ (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള), കേരള കാര്‍ഷിക സര്‍വ്വകലാശാല, മറ്റ് സര്‍ക്കാര്‍ സ്ഥാപ നങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണമേയുള്ള വിത്തുകളാണിത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളുമായി സംയോജിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. പദ്ധതിയ്ക്ക് കൂടുതല്‍ പ്രചാരം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി പരിശീലനം കഴിഞ്ഞ് കൃഷി ആരംഭിക്കുന്ന ഓരോ അംഗത്തിന്‍റെയും വീടുകളില്‍ 'കുടുംബശ്രീ ഭക്ഷ്യസുരക്ഷാ ഭവനം' എന്ന പേരിലുള്ള സ്റ്റിക്കര്‍ പതിക്കും. ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കാനുള്ള ചുമതല മാസ്റ്റര്‍കര്‍ഷകര്‍ക്കാണ്.  

പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള അയല്‍ക്കൂട്ട അംഗങ്ങളെ നാലു പേരുള്ള ഗ്രൂപ്പായി തിരിക്കും. പരിശീലനത്തിന് മുമ്പ് ഗ്രൂപ്പുകള്‍ സിഡിഎസില്‍ പത്ത് രൂപ അടച്ച് രജിസ്ട്രര്‍ ചെയ്യുകയും വേണം. ഓരോ സീസണിലും രജിസ്ട്രേഷന്‍ പുതുക്കണം. കുറഞ്ഞത് മൂന്നു സെന്‍റ് സ്ഥലത്തെങ്കിലും ഓരോ ഗ്രൂപ്പും ആകെ കൃഷി ചെയ്യണം. 25 സെന്‍റ് സ്ഥലത്ത് വരെ കൃഷി ചെയ്യാം. ഗ്രോബാഗ് കൃഷിയാണെങ്കില്‍ ഗ്രൂപ്പിലെ ഒരംഗത്തിന് കുറഞ്ഞത് 20 ഗ്രോബാഗുകളെങ്കിലും വേണമെന്നതാണ് നിബന്ധന. ഓരോ അംഗവും അഞ്ച് ഇനം പച്ചക്കറികളെങ്കിലും സ്വന്തം വീട്ടില്‍ കൃഷി ചെയ്യുകയും വേണം.

2017 ഓഗസ്റ്റ് 17 (കര്‍ഷക ദിനം കൂടിയായ ചിങ്ങം1) നാണ് കേരളത്തിലാകെ പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ ആറ് ലക്ഷം കുടുംബങ്ങളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പരിശീലനവും വിത്തും നല്‍കി. ഇത്തരത്തില്‍ കൃഷി ആരംഭിച്ച കുടുംബങ്ങള്‍ പലവട്ടം വിളവെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഇരുപതു ലക്ഷത്തിലേറെ കുടുംബങ്ങളില്‍ പദ്ധതിയനുസരിച്ച് കൃഷി നടത്തുന്നു. പദ്ധതിക്ക് കീഴില്‍ കൃഷി നടത്തി പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന കുടുംബങ്ങളെ ഭക്ഷ്യസുരക്ഷാ ഭവനങ്ങളായാണ് കണക്കാക്കുന്നത്.  വയോജന അയല്‍ക്കൂട്ട അംഗങ്ങളും ബഡ്സ്-മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളും  ഈ പദ്ധതിയില്‍ അംഗങ്ങളായി പലവിധ പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതകര്‍ക്ക് കുടുംബശ്രീ ഉപജീവന കേന്ദ്രങ്ങള്‍

Posted on Tuesday, March 13, 2018

Kudumbashree Mission associating with Malayala Manorama launched livelihood centres for the Endosulfan affected families at Kasaragod on 10 March 2018. Dr K.T Jaleel, Minister, Local self Government Department, Government of Kerala inaugurated the programme by presenting the umbrellas and cloth bags made by the mothers of the endosulfan affected children to the public.

The livelihood centres set up at Chirappuram of Neeleshwaram Municipality and Community Hall of Enmakaje Panchayath has started functioning. Minister said that the mothers of the endosulfan affected children are sacrificing their lives for their kids and if heaven exists, these mothers are the ones who deserve it the most. Minister assured that such livelihood centres will be launched in every districts along with the BUDS institutions which would thereby rehabilitate them.

The mothers of the endosulfan affected children would make cloth bags and umbrellas and thereby find their livelihood of their own. The livelihood centres are located near the BUDS Schools/ Buds Rehabilitation Centres, which would enable them to make a livelihood while waiting for their children outside their schools. 18 mothers from Neeleshwaram and 15 mothers from Enmakaje were given training for making umbrellas and cloth bags.The mothers had already received a work order for making 1000 umbrellas for Kerala State Financial Enterprises(KSFE) out of which the making of 700 pieces had already been completed.

Shri. A.G.C Basheer, President, District Panchayath, Shri. V. V Rameshan, Chairman, Kanhangad Municipality, Smt. V Gouri, Vice Chairperson, Neeleshwaram Municipality, Smt. Baby Balakrishnan, Member, Kudumbashree Governing Body, Shri. T.T Surendran, District Mission C0-ordinator, Kudumbashree and other dignitaries also attended the programme.

കേരളം കാതോര്‍ത്ത് കാത്തിരിക്കും, വരുന്നൂ കുടുംബശ്രീ കമ്മ്യൂണിറ്റി റേഡിയോ

Posted on Monday, March 12, 2018

തിരുവനന്തപുരം: സ്ത്രീശാക്തീകരണ വഴിയില്‍ വ്യത്യസ്തങ്ങളായ പരിപാടികളുമായി മുന്നേറുന്ന കുടുംബശ്രീയുടെ കരുത്തുറ്റ ശബ്ദം ഇനി മുതല്‍ ശ്രോതാക്കളെ തേടിയെത്തും. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്  വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുക വഴി സമൂഹത്തില്‍ സ്ത്രീജീവിതത്തിന്‍റെ മുഖച്ഛായ മാറ്റിയ കുടുംബശ്രീ കമ്മ്യൂണിറ്റി റേഡിയോ എന്ന പുതിയ ദൗത്യവുമായാണ് ഇത്തവണ എത്തുന്നത്. 2,77,175 അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം സ്ത്രീകളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് സാമൂഹ്യവും സാംസ്കാരികവുമായ വിദ്യാഭ്യാസപ്രക്രിയ സാധ്യമാക്കുന്നതിനാണ് കമ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നത്.

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ വ്യാപനം, സര്‍ക്കാര്‍ നടപ്പാക്കുന്ന  വിവിധ പദ്ധതികളുടെ അറിയിപ്പുകളും ഗുണഫലങ്ങളും ജനങ്ങളിലേക്കെത്തിക്കുക, കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗശേഷി പ്രകടിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും വേദിയൊരുക്കുക, ബാലസഭാ പ്രവര്‍ത്തനങ്ങള്‍ക്കായി വിനോദ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുക, സാമൂഹ്യ തിന്‍മകള്‍ക്കെതിരേ പ്രചാരണം നടത്തുക, പ്രാദേശികസാമ്പത്തിക വികസനം, സ്ത്രീശാക്തീകരണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നത്.

 

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെയും പരിപാടികളെയും കുറിച്ചുളള വിവരണങ്ങള്‍, പദ്ധതിയിലേക്ക്‌ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന രീതി, അപേക്ഷിക്കേണ്ട വിധം, അര്‍ഹതാ മാനദണ്ഡങ്ങള്‍, സമയപരിധി, വിവിധ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സംരംഭക-സംഘകൃഷി മേഖലയിലെ ആനുകൂല്യങ്ങള്‍, വിവിധ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷൂറന്‍സ് പരിരക്ഷ, വിവിധ സാമ്പത്തിക സഹായം,  കുടുംബശ്രീ യൂണിറ്റുകളുടെ വിജയഗാഥകള്‍, വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ച കുടുംബശ്രീ അംഗങ്ങളെ പരിചയപ്പെടുത്തല്‍, സംസ്ഥാന ജില്ലാമിഷനില്‍ നിന്നും യൂണിറ്റുകള്‍ക്കുളള സര്‍ക്കുലറുകള്‍, സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുത്തും.  

 

അയല്‍ക്കൂട്ട വനിതകള്‍ക്ക് കുടുംബശ്രീയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നേരിട്ട്‌ മറുപടി പറയുന്ന തത്സമയ പരിപാടിയും ഉണ്ടായിരിക്കും. വകുപ്പ് മന്ത്രി,  ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ തത്സമയ സംപ്രേഷണ പരിപാടികളും, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരുടെ സന്ദേശങ്ങള്‍, ഫോണ്‍ ഇന്‍ പരിപാടികള്‍, ഉപഭോക്തൃ മേഖലകളെ സംബന്ധിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍, ചോദ്യോത്തര പരിപാടികള്‍ എന്നിവയും കമ്മ്യൂണിറ്റി റേഡിയോ വഴി ആരംഭിക്കും. കൂടാതെ ഓരോ ആഴ്ചയും അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പ്രത്യേക അറിയിപ്പുകള്‍ കുടുംബശ്രീ റേഡിയോയുടെ ഒരു സവിശേഷതയാണ്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍  ഇതുവഴി സാധിക്കും.  

 

കുടുംബശ്രീ അംഗങ്ങള്‍ക്കുളള അവസരങ്ങളെക്കുറിച്ചും സഹായ പദ്ധതികളെക്കുറിച്ചും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് യഥാസമയം  അറിയാന്‍ കഴിയുന്ന മികച്ച  സംവിധാനം എന്ന നിലയ്ക്കാണ് കമ്യൂണിറ്റി റേഡിയോ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ മലപ്പുറത്തായിരിക്കും കുടുംബശ്രീ കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുക.   റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതോടെ അയല്‍ക്കൂട്ടങ്ങളിലേക്ക് നേരിട്ട് കുടുംബശ്രീ  സന്ദേശങ്ങള്‍  എത്തിക്കാനും ഇതുവഴി അയല്‍ക്കൂട്ട യോഗങ്ങളും പ്രവര്‍ത്തനങ്ങളും  എങ്ങനെ ചിട്ടപെടുത്തണം എന്ന  അവബോധം ലഭിക്കുകയും ചെയ്യും.

 

ഓരോ പദ്ധതിയെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലൂടെ പദ്ധതി ഓരോ ഗുണഭോക്താക്കളിലും യഥാസമയം എത്തിക്കുന്നതിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അയല്‍ക്കൂട്ടങ്ങളില്‍  അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനതല കാമ്പെയ്നുകള്‍ സംഘടിപ്പിക്കുന്നതിനും കഴിയും. കൂടാതെ റേഡിയോ വഴി സംരംഭകരുടെ വിജയാനുഭവ കഥകള്‍ പങ്കുവയ്ക്കുന്നത് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന കുടുംബശ്രീ വനിതകള്‍ക്ക് പ്രചോദനം നല്‍കും. ബാലസഭാ കുട്ടികളുടെ അനുഭവ വിവരണവും കലാപരിപാടികളും കുടുംബശ്രീ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നതുവഴി കൂടുതല്‍ കുട്ടികള്‍ക്ക് ബാലസഭയിലേക്ക് കടന്നുവരനുള്ള അവസരമൊരുക്കും.

 

കൂടാതെ സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്‍ഷിക പദ്ധതികള്‍, സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം, കുടുംബശ്രീ തിരഞ്ഞെടുപ്പ്, ബാങ്ക് ലിങ്കേജ്,  നഗരസഭാപ്രദേശങ്ങളില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍,  എന്നിവയുടെ വ്യാപനം സംബന്ധിച്ചും ഉല്‍പ്പന്ന പ്രദര്‍ശന - വിപണന മേളകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ റേഡിയോവഴി സംപ്രേഷണം ചെയ്യുന്നതിലൂടെ എത്രയും വേഗം അത് അയല്‍ക്കൂട്ടങ്ങളിലേക്കെത്തിക്കാ നും  ഈ ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാനും കഴിയും.

 

മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങിന്‍റെ കീഴില്‍  ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബേസില്‍ (ബ്രോഡ്കാസ്റ്റിങ്ങ് എന്‍ജിനീയറിങ്ങ് കണ്‍സള്‍ട്ടന്‍റ്സ് ഇന്ത്യ ലിമിറ്റഡ്)എന്ന സ്ഥാപനവുമായി സഹകരിച്ചാണ് കുടുംബശ്രീ കമ്യൂണിറ്റി റേഡിയോ പദ്ധതി നടപ്പാക്കുക. റേഡിയോ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ എല്ലാ സാങ്കേതിക സഹായവും നല്‍കുന്നതും ബേസില്‍ ആയിരിക്കും. ഈ വര്‍ഷം ജൂണില്‍ കമ്യൂണിറ്റി റേഡിയോ പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Content highlight
Kudumbashree community radio