കുടുംബശ്രീ 'അമൃതം ന്യൂട്രീമിക്‌സ്' ; 216 യൂണിറ്റുകള്‍ക്ക് എ ഗ്രേഡ്‌

Posted on Friday, March 16, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളുടെ  പ്രവര്‍ത്തനമികവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ന്യൂട്രിമിക്സ് ഉല്‍പാദനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ഗ്രേഡിംഗ് പൂര്‍ത്തിയായി. ഇതുപ്രകാരം സംസ്ഥാനത്തെ 241 യൂണിറ്റുകളില്‍ 216 എണ്ണത്തിനും 'എ' ഗ്രേഡ് ലഭിച്ചു. ഇരുപത് യൂണിറ്റുകള്‍ക്ക് ബി ഗ്രേഡും ലഭിച്ചു.

   യൂണിറ്റുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്തുന്നതിനും സ്വയംതൊഴില്‍ സംരംഭം എന്ന നിലയ്ക്ക് കൂടുതല്‍ പ്രഫഷണലിസം കൈവരുത്തുന്നതിനുമായാണ് ഗ്രേഡിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയത്.   അടിസ്ഥാന സൗകര്യം, പരിസരശുചിത്വം, യൂണിറ്റിനുള്ളിലെ ശുചിത്വം, യൂണിറ്റില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങളും അവയുടെ ശുചിത്വവും, ഇലക്ട്രിഫിക്കേഷന്‍, വ്യക്തിശുചിത്വം, രേഖകളും രജിസ്റ്ററുകളും, നിയമപരമായ രേഖകളും നടപടികളും, മൂല്യവര്‍ദ്ധനവ്, പ്രവര്‍ത്തന മികവ്, സംഘബോധം എന്നിവയാണ് ഗ്രേഡിങ്ങിനായി നിഷ്കര്‍ഷിച്ചിരുന്ന  സുപ്രധാന മാനദണ്ഡങ്ങള്‍.  

    കുടുംബശ്രീയിലെയും സാമൂഹ്യനീതി വകുപ്പിലെയും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ റേറ്റിങ്ങ് നടപടികളില്‍ യൂണിറ്റുകള്‍ വാങ്ങുന്ന ഗോതമ്പിന്‍റെ അളവും ഉല്‍പാദിപ്പിക്കുന്ന ന്യൂട്രിമിക്സിന്‍റെ അളവും തമ്മിലുള്ള അനുപാതവും കൃത്യമായി പരിശോധിച്ചിരുന്നു.  റണ്ണിംഗ് ലൈസന്‍സ്, പാക്കിംഗ് ലൈസന്‍സ്, എഫ്.എസ്.എസ്.എ.ഐ.രജിസ്ട്രേഷന്‍, ടാക്സ് രജിസ്ട്രേഷന്‍, ഉല്‍പന്നത്തിലുള്ള നിയമപരമായ അറിയിപ്പുകള്‍, എല്ലാ അംഗങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ നിയമപരമായ രേഖകള്‍, കൂടാതെ  റോസ്റ്റര്‍, ബ്ളന്‍ഡര്‍, സ്വിഫ്റ്റര്‍, പള്‍വറൈസര്‍,ബാച്ച് കോഡിംഗ് മെഷീന്‍ തുടങ്ങി ന്യൂട്രിമിക്സ് നിര്‍മാണത്തിനാവശ്യമായ യന്ത്രങ്ങളും അവയുടെ സമ്പൂര്‍ണ ശുചിത്വവും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളും റേറ്റിംഗില്‍ കര്‍ശനമായി വിലയിരുത്തി.  ഇതില്‍  എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച യൂണിറ്റുകള്‍ക്കു മാത്രമാണ്  'എ'ഗ്രേഡ് നല്‍കിയിട്ടുള്ളത്.  മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണണം ചെയ്യുന്നതിനും ഈ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

     കഴിഞ്ഞ ജനുവരിയില്‍ നടത്തിയ ആദ്യഘട്ട റേറ്റിംഗില്‍ 'ബി' 'സി' ഗ്രേഡുകള്‍ ലഭിക്കുന്ന യൂണിറ്റുകള്‍ക്ക് മികച്ച രീതിയില്‍ മാനദണ്ഡങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതു വഴി 'എ' ഗ്രേഡ് ലഭിക്കുന്നതിന് അവസരം നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കൂടി സമയം നല്‍കി. യൂണിറ്റുകള്‍ക്ക് 'എ' ഗ്രേഡ് നേടുന്നതിനായി ടെക്നോളജി ഫണ്ട്, തൊഴില്‍ വൈദഗ്ധ്യ പരിശീലനം, സാമ്പത്തിക സഹായം എന്നിവ ഉള്‍പ്പെടെയുള്ള പിന്തുണയും കുടുംബശ്രീ  നല്‍കിയിരുന്നു.

കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതിയായ ടേക്ക് ഹോം റേഷന്‍ സ്ട്രാറ്റജി (ടി.എച്ച്.ആര്‍.എസ് ) പ്രകാരം കേരള സര്‍ക്കാരിനു കീഴില്‍ സാമൂഹ്യക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ ആറ് മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കുടുംബശ്രീയുടെ വിദഗ്ധ പരിശീനം നേടിയ അമൃതം ഫുഡ് സപ്ളിമെന്‍റ് യൂണിറ്റുകളാണ് ഈ പോഷകാഹാരം തയ്യാറാക്കുന്നത്. ഗോതമ്പ്, സോയ, പഞ്ചസാര, കപ്പലണ്ടി, കടലപ്പരിപ്പ്, എന്നിവ ചേര്‍ത്ത ഭക്ഷ്യമിശ്രിതം വികസിപ്പിച്ചെടുത്തത് കാസര്‍കോട് സെന്‍റര്‍ പ്ളാന്‍റേഷന്‍ ഫോര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലാണ്. പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് നല്‍കുന്നത് പഞ്ചായത്താണ്.  ആറു മാസം മുതല്‍ മൂന്നു മാസം വരെയുള്ള കുട്ടികളില്‍ തന്നെ വിവിധ പ്രായം തിരിച്ച് ഓരോ പ്രായത്തിലും ആവശ്യമായ പോഷകമൂല്യം എത്രയാണെന്നു കണ്ടെത്തുന്നതിനായി സമഗ്രവും ആധികാരികവുമായ ഒരു ശാസ്ത്രീയ പഠനം നടത്തുന്നതിന്‍റെ ഭാഗമായി വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ നേതൃത്വത്തില്‍ നിലവിലെ ന്യൂട്രിമിക്സില്‍ ഫോര്‍ട്ടിഫിക്കേഷന്‍ നടത്തുന്ന കാര്യങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.   
    
   മാംസ്യം, കൊഴുപ്പ്, അന്നജം, കാല്‍സ്യം,  ഇരുമ്പ്, കരോട്ടിന്‍, തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന്‍ തുടങ്ങിയ വിവിധ പോഷകങ്ങള്‍ അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയുടെ പ്രായത്തില്‍ അവര്‍ക്ക് ഊര്‍ജം കൂടുതല്‍ നല്‍കുന്ന ഭക്ഷണങ്ങളും അന്നജവും ധാരാളം ആവശ്യമാണ്. കടലപ്പരിപ്പ്, വറുത്ത കപ്പലണ്ടി, സോയാപൊടി, പഞ്ചസാര എന്നിവ കുട്ടികള്‍ക്ക് ഊര്‍ജം നല്‍കുന്നതോടൊപ്പം ഊര്‍ജം കുറഞ്ഞാലുണ്ടാകുന്ന ക്വാഷിയോര്‍ക്കര്‍  എന്ന രോഗത്തില്‍ നിന്നും, മാംസ്യം കുറഞ്ഞാലുണ്ടാകുന്ന മരാസ്മസ് എന്ന രോഗത്തില്‍ നിന്നും പ്രതിരോധിക്കുകയും ചെയ്യുന്നു.  കടലപ്പരിപ്പ്, കപ്പലണ്ടി, കൊഴുപ്പ് കളഞ്ഞ സോയാപൊടി എന്നിവ എല്ലിന്‍റെയും പേശികളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിനാവശ്യമായ മാംസ്യവും കാല്‍സ്യവും നല്‍കുക മാത്രമല്ല, ശരീരത്തിന്‍റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ആറ് വിവിധ പ്രതിരോധ-പോഷകങ്ങളും അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്. മസ്തിഷ്കത്തിന്‍റെ വളര്‍ച്ച, പ്രവര്‍ത്തനക്ഷകമത എന്നിവയ്ക്കും  ഹൃദയം, കണ്ണുകള്‍ എന്നിവയുടെ പരിരക്ഷണത്തിനും  നാഡീവ്യവസ്ഥ യുടെ ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളും അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്.