കുടുംബശ്രീ മഹിളാ മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Posted on Tuesday, November 27, 2018

The Mahila Mall, yet another feather in the cap of Kudumbashree Kozhikode Corporation CDS was launched. Shri. Pinarayi Vijayan, Chief Minister, Government of Kerala inaugurated the Mahila Mall on 24 November 2018. The Mahilla Mall, run entirely by women is a unique project in the country, which is started by ten women of Unity Group under Kudumbashree Mission in an area of over 36,000 sqft. Mahila Mall, located at Wayanad road near Mavoor Road Junction is claimed to be first of its kind venture in the country.

Apart from Kudumbashree workers and groups, women societies and private entrepreneurs will get a space in the mall. 85 percent of the shops are owned by Kudumbashree groups while 15 percent are owned by private women entrepreneurs and other women collectives. Mahila Mall has 6 floors and out of that the 4th floor is allocated for women related offices and agencies while the rooftop is an open air food court. The Mall is designed for the women and is run by the women. All the shops in the mall have been sold out. The Mahila Mall project is executed with the support of Kozhikode Kudumbashree District Mission and it will also help women entrepreneurs to showcase their output in handicraft, fashion designing travel, tourism etc.

Apart from Kudumbashree workers and groups, women societies and private entrepreneurs will get space in the mall. The Mahila Mall provides direct employment to 250 women and indirect employment to 500 women. The mall has 79 shops including health clubs, martial arts centres, spa, skill training centres, food courts, textile shops,etc. The Mahila Mall is an icon of women’s empowerment achieved by Kudumbashree Mission. It provides an opportunity to small entrepreneurs to promote their business with the concept of Micro Bazar inside the Mahila Mall, which is one of the main attractions of the Kudumbashree Mall. There are a total of 24 micro bazaars which will offer customers home-made items manufactured by Kudumbashree entrepreneurs. The timing of Mahila Mall on week days will be from 10 AM to 10 PM and on weekends, the closing time will be extended till 11 PM. 79 ventures in the mall will be directly run by Kudumbashree entrepreneurs. The mall has 2 lift and the area is under 24 hour CCTV surveillance and good parking facility also provided near to the premise.

Kozhikode Corporation CDS had already successfully completed many other projects.

Content highlight
Apart from Kudumbashree workers and groups, women societies and private entrepreneurs will get space in the mall. The Mahila Mall provides direct employment to 250 women and indirect employment to 500 women.

പ്രളയക്കെടുതിയെ നേരിടാന്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍: അയല്‍ക്കൂട്ട വനിതകള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Posted on Monday, November 26, 2018

തിരുവനന്തപുരം: കേരളം നേരിട്ട അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും മികച്ച രീതിയില്‍ പിന്തുണ നല്‍കിയ കുടുംബശ്രീ അയല്‍ക്കൂട്ട സഹോദരിമാര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. പ്രളയത്തിന്‍റെ ആദ്യദിനങ്ങളിലും തുടര്‍ന്നും കുടുംബശ്രീ സംഘടനാ സംവിധാനമൊന്നാകെ കേരളത്തിന്‍റെ പുന: സൃഷ്ടിക്കായി കൈകോര്‍ത്തുകൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചതിനാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രിയുടെ കത്ത്.
 
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തവും പിന്തുണയും മാതൃകാപരമായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാലു ലക്ഷത്തിലധികം മനുഷ്യദിനങ്ങളാണ് ശുചീകരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ വിനിയോഗിച്ചത്. ദുരിതത്തിനിരയായ 38,698 കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ സംരക്ഷിച്ചു. ദുരിതബാധിതര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ക്യാമ്പുകളില്‍ ധാന്യ കിറ്റുകള്‍ പായ്ക്ക് ചെയ്യുന്നതിലുമെല്ലാം കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടായിരുന്നു. കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിലും കുടുംബശ്രീ നല്ല നിലയിലാണ് സഹകരിച്ചത്. തങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും 11.18 കോടി രൂപയാണ് കേരളത്തിന്‍റെ പുന:നിര്‍മാണത്തിനായി കുടുംബശ്രീ അംഗങ്ങള്‍ സംഭാവനയായി നല്‍കിയത്. കൂടാതെ നവകേരള ലോട്ടറി വില്‍പ്പനയിലൂടെ 9.31 കോടി രൂപയും കുടുംബശ്രീ നേടിത്തന്നു. മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണിത്.

പ്രളയ നാളുകളില്‍ സ്വയം സമര്‍പ്പിതമായി നാടിനു വേണ്ടി പ്രവര്‍ത്തിച്ച കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളെയും അതിന് നേതൃത്വം കൊടുത്ത സി.ഡി.എസ് ഭാരവാഹികളെയും മുഖ്യമന്ത്രി ഹൃദയപൂര്‍വം അഭിനന്ദിച്ചു. കേരള പുന:നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഓരോ കുടുംബശ്രീ അംഗത്തിന്‍റെയും പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തില്‍ സ്നേഹപൂര്‍വം അഭ്യര്‍ത്ഥിച്ചു.

 

Content highlight
കൂടാതെ നവകേരള ലോട്ടറി വില്‍പ്പനയിലൂടെ 9.31 കോടി രൂപയും കുടുംബശ്രീ നേടിത്തന്നു. മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണിത്.

കുടുംബശ്രീയെ അടുത്തറിഞ്ഞ് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതതല സംഘം

Posted on Monday, November 26, 2018

തിരുവനന്തപുരം: 'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി ഏഷ്യയിലെയും ആഫ്രിക്കയിലെയും എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 26 അംഗ വിദേശ പ്രതിനിധികള്‍ക്കായി കുടുംബശ്രീയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്‍റ്- മാനേജും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫീഡ് ദി ഫ്യൂച്ചര്‍- അന്താരാഷ്ട്ര പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനം ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനു തന്നെ മാതൃകയാണ് കുടുംബശ്രീയെന്നും ഫീഡ് ദി ഫ്യൂച്ചര്‍ പോലെ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന പരിപാടികള്‍ വിദേശരാജ്യങ്ങളിലും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്‍റെ വേരുറപ്പിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിശീലനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ രാജ്യങ്ങളില്‍ ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി 2020 നുള്ളില്‍  അവിടുത്തെ 1400 കാര്‍ഷിക വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുക എന്നതിന്‍റെ ഭാഗമായാണ് അന്താരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിച്ചത്. യുഎസ്എയ്ഡും കേന്ദ്ര ഗവണ്‍മെന്‍റും ചേര്‍ന്ന് രൂപീകരിച്ചതാണ് പരിശീലന പദ്ധതി.

തങ്ങളുടെ രാജ്യത്തും കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക സൂക്ഷമസംരംഭ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് രണ്ടാഴ്ച നീണ്ട അന്താരാഷ്ട്ര പരിശീലന പരിപാടിക്കൊടുവില്‍ ഇതില്‍ പങ്കെടുത്ത വിദേശ പഠന സംഘം പറഞ്ഞു.  കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ താഴെ തട്ടിലുള്ള സ്ത്രീകള്‍ക്ക് കൈവന്ന സാമൂഹ്യ സാമ്പത്തിക പുരോഗതി അഭിനന്ദനീയവും അതിശയകരവുമാണെന്നും കുടുംബശ്രീക്കു സമാനമായ സാമൂഹ്യ സംഘടനാധിഷ്ഠിത സംവിധാനം തങ്ങളുടെ രാജ്യത്തും തുടങ്ങുമെന്നും പഠനസംഘം വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി തങ്ങളുടെ രാജ്യത്തു നിന്നും ബന്ധപ്പെട്ട അധികാരികളെ ഇവിടേക്ക് കൊണ്ടുവരുമെന്നും പ്രതിനിധി സംഘം പറഞ്ഞു.
 
പരിശീലന പരിപാടിയില്‍ പങ്കെടുത്ത വിദേശ പഠന സംഘം സ്വന്തം രാജ്യത്ത് ഇതേ മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദമായ രൂപരേഖ തയ്യാറാക്കി കുടുംബശ്രീക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  അടുത്ത ആറുമാസത്തിനുള്ളില്‍ കുടുംബശ്രീ പദ്ധതി മാതൃകകള്‍ അവിടങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കുടുംബശ്രീയില്‍ നിന്നും സ്വീകരിക്കുമെന്ന് പഠന സംഘം അറിയിച്ചു.

ഈ മാസം ആറിനാണ് കമ്പോഡിയ, കെനിയ, ലൈബീരിയ, മലാവി, മംഗോളിയ, മ്യാന്‍മര്‍, നേപ്പാള്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് രണ്ടാഴ്ച ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി ആരംഭിച്ചത്. കാര്‍ഷിക-സൂക്ഷ്മസംരംഭ മേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ വരുമാനദായക സംരംഭങ്ങള്‍, സേവന മേഖലയില്‍ നടപ്പാക്കുന്ന നൂതന പദ്ധതികള്‍, മാര്‍ക്കറ്റിങ്ങ്, തൊഴിലും നൈപുണ്യ പരിശീലനവും, കുടുംബശ്രീയുടെ സംരംഭകത്വ പിന്തുണാ സംവിധാനങ്ങള്‍, ബിസിനസ് പ്ളാന്‍ സപ്പോര്‍ട്ട് എന്‍വയോണ്‍മെന്‍റ്, സാമൂഹ്യ സുരക്ഷാ പദ്ധതികളായ ആശ്രയ, ബഡ്സ്, സ്ത്രീപദവി സ്വയംപഠന പ്രക്രിയ, വള്‍ണറബിലിറ്റി മാപ്പിങ്ങ്,  എന്നിവയെ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ക്ളാസുകള്‍ സംഘടിപ്പിച്ചു.

പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിലെ കുരിയോട്ടുമല, പള്ളിക്കല്‍, കരകുളം എന്നിവിടങ്ങളില്‍ ഫീല്‍ഡ്തല സന്ദര്‍ശനവും സംഘടിപ്പിച്ചിരുന്നു. അയല്‍ക്കൂട്ട വനിതകളുടെ സംഘക്കൃഷി, സൂക്ഷ്മസംരംഭങ്ങള്‍, മൂല്യവര്‍ദ്ധതിത ഉല്‍പന്നങ്ങളുടെ നിര്‍മാണവും വിതരണ സമ്പ്രദായങ്ങളും, അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകള്‍ എന്നിവ പഠനസംഘം  നേരില്‍ കണ്ടു മനസിലാക്കി. മികച്ച കാര്‍ഷിക സംരംഭങ്ങള്‍ രൂപവല്‍ക്കരിച്ച് ശ്രദ്ധേയമായ വിജയം കൈവരിച്ച അയല്‍ക്കൂട്ട വനിതകളുമായി സംവദിക്കുകയും അയല്‍ക്കൂട്ടങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുകയും ചെയ്തു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും തമ്മിലുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ അവയുടെ നിര്‍വഹണരീതി എന്നിവയും മനസിലാക്കി.

സാമ്പത്തിക-സാമൂഹ്യ പുരോഗതി കൈവരിക്കുന്നതിന് സഹായിക്കുന്നതിലൂടെ സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിര്‍മാര്‍ജനവും നേടുന്നതിന് അവസരമൊരുക്കുന്ന കുടുംബശ്രീയുടെ ബഹുമുഖ സമീപനം പരിഗണിച്ചാണ് 'ഫീഡ് ദി ഫ്യൂച്ചര്‍ ഇന്ത്യ'-അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ മുഖ്യപങ്കാളിയായി കുടുംബശ്രീയെ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതു പ്രകാരം കേന്ദ്ര കാര്‍ഷിക- കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സ്വയം ഭരണാധികാര സംഘടനയായ 'മാനേജും' കുടുംബശ്രീയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നാലാമത്തെ അന്താരാഷ്ട്ര പരിശീലന പരിപാടിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇന്ത്യയിലെ തിരരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.  
 
കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജില്ലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 28 അംഗ സംഘത്തിന് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഉഗാണ്ടയില്‍ കുടുംബശ്രീ മാതൃക പ്രാവര്‍ത്തികമാക്കുന്നതിന്‍റെ മുന്നോടിയായി കുടുംബശ്രീക്ക് അവിടേക്ക് ക്ഷണം ലഭിക്കുകയും കുടുംബശ്രീയില്‍ നിന്നുമുള്ള പ്രതിനിധികള്‍ അവിടുത്തെ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ഗ്രാമീണ വനിതകള്‍ക്കും പരിശീലനം നല്‍കുകയും ചെയ്തിരുന്നു.  വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം പ്രതിനിധികള്‍ ഇതിനകം കുടുംബശ്രീ സന്ദര്‍ശിച്ചിട്ടുണ്ട്. ഉഗാണ്ടയില്‍ കുടുംബശ്രീ മാതൃകയില്‍ നടപ്പാക്കിവരുന്ന സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയവ ആരംഭിക്കുന്നതിന്‍റെയും ഭാഗമായി കുടുംബശ്രീക്ക് വീണ്ടും ഉഗാണ്ടയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. രാഹുല്‍. കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിപിന്‍ ജോസ്, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ തീമാറ്റിക് ആങ്കര്‍ ആഷിത മോഹന്‍ദാസ്, യംഗ് പ്രഫഷണല്‍സ് അനുപാ ശര്‍മ, അനുഷാ സിങ്ങ്, ഫീഡ് ദി ഫ്യൂച്ചര്‍ പ്രോജക്ട് എക്സിക്യൂട്ടീവ് ചിന്നു ജോസഫ് എന്നിവര്‍ക്കായിരുന്നു പരിശീലന പരിപാടിയുടെ ചുമതല. സമാപന സമ്മേളനത്തില്‍ യുഎസ്എയ്ഡ് ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് സ്പെഷ്യലിസ്റ്റ് വംശീദര്‍ റെഡ്ഢി, മാനേജ്-ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ മഹന്ദീഷ് തിരൂര്‍ എന്നിവര്‍ പങ്കെടുത്തു. വിദേശ പഠന സംഘം 21ന് വൈകിട്ട് മടങ്ങി

 

 

Content highlight
തങ്ങളുടെ രാജ്യത്തും കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക സൂക്ഷമസംരംഭ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് രണ്ടാഴ്ച നീണ്ട അന്താരാഷ്ട്ര പരിശീലന പരിപാടിക്കൊടുവില്‍ ഇതില്‍ പങ്കെടുത്ത വിദേശ പഠന സംഘം പറഞ്ഞു.

തെരുവോര കച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യം നല്‍കി പുനരധിവാസം: കാസര്‍കോട് നഗരസഭയ്ക്കും എറണാകുളം ജില്ലയിലെ വടക്കന്‍ പരവൂര്‍ നഗരസഭയ്ക്കും പദ്ധതി അനുമതി ലഭിച്ചു

Posted on Thursday, November 22, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുകച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗരസഭാപ്രദേശങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക തെരുവു ചന്തകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും കുടുംബശ്രീയുടെ പദ്ധതി. ഇതു പ്രകാരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപവും എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലും തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിനായി നഗരസഭകള്‍ സമര്‍പ്പിച്ച വിശദമായ  പദ്ധതി നിര്‍വഹണ രേഖയ്ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല പ്രോജക്ട് സാങ്ങ്ഷനിങ്ങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നഗര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യ(എന്‍.യു.എല്‍.എം)ത്തിന്‍റെ ഭാഗമായാണിത്.

സംസ്ഥാനത്തെ എല്ലാ നഗരപ്രദേശങ്ങളിലും തെരുവോര കച്ചവട സംരക്ഷണ നിയമം നടപ്പാക്കി വരികയാണ്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എന്‍.യു.എല്‍.എം പദ്ധതി ഘടകമായ തെരുവോര കച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതിയില്‍ ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം തെരുവു കച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി അവരെ പുനരധിവസിപ്പിക്കുന്നതിനായി നഗരസഭകള്‍ പദ്ധതി സമര്‍പ്പിച്ചാല്‍ അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ട്. പദ്ധതി പ്രകാരം പ്രത്യേകമായി നിര്‍മിക്കുന്ന തെരുവോര ചന്തയില്‍ കച്ചവടം നടത്തുന്നവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും അതത് നഗരസഭകള്‍ മുഖേന ലഭ്യമാക്കും. ജലം, വൈദ്യുതി, പൊതുവായ സംഭരണ കേന്ദ്രങ്ങള്‍, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍, പ്രത്യേക തരം ഉന്തുവണ്ടികള്‍, ഖര ദ്രവ മാലിന്യങ്ങള്‍ സംസ്ക്കരിക്കാനും മലിനജലം ഒഴുക്കി വിടാനുമുള്ള ഫലപ്രദമായ സജ്ജീകരണങ്ങള്‍, വൈദ്യുത-സൗരോര്‍ജ വിളക്കുകള്‍, ശുചിമുറികള്‍, ടൈലുകള്‍ പാകിയ നടപ്പാതകള്‍  എന്നിവയും ഇതോടൊപ്പം ഉണ്ടാകും.  നഗരത്തിലെ തെരുവോര കച്ചവട മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതുപ്രകാരം പദ്ധതി സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയിലെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപവും എറണാകുളം ജില്ലയിലെ വടക്കന്‍ പരവൂരിലും തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.  ഇവിടെ പ്രത്യേക തെരുവോര ചന്തകള്‍ നിര്‍മിച്ച് തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു വഴി ഇരുനൂറോളം പേര്‍ക്ക് തങ്ങളുടെ തൊഴില്‍ രംഗം കൂടുതല്‍  കാര്യക്ഷമമാക്കുന്നതിനുളള അവസരമൊരുങ്ങും.

തെരുവോര കച്ചവടം നടത്തുന്നതു വഴി നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കിനു പരിഹാരം കാണുകയെന്നതും പ്രത്യേക തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിന്‍റെ ലക്ഷ്യമാണ്. വ്യത്യസ്തങ്ങളായ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ തെരുവു കച്ചവടക്കാരെയും  അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിലൂടെ ആളുകള്‍ക്ക് തങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ ഒരു സ്ഥലത്തു നിന്നു തന്നെ വാങ്ങുന്നതിനും അതോടൊപ്പം ഫുട്പാത്തുകള്‍ പൂര്‍ണമായും കാല്‍നടക്കാര്‍ക്ക് വേണ്ടി മാത്രം ലഭ്യമാവുകയും ചെയ്യും.  പ്രത്യേക തെരുവോര ചന്തകള്‍ രൂപീകരിക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച്  മറ്റ് നഗരസഭകള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അംഗീകാരം നല്‍കുന്നതിനും ഉദ്ദേശിക്കുന്നു.
നഗരസഭകള്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് തെരുവുകച്ചവടക്കാരെ  പുനരധിവസിപ്പിച്ചുകൊണ്ട് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രോജക്ടുകള്‍ക്ക് കുടുംബശ്രീ അനുമതിയും ധനസഹായവും നല്‍കും. തെരുവു കച്ചവടക്കാരുടെ തൊഴില്‍ നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ഇവര്‍ക്ക് തൊഴില്‍വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനും മെച്ചപ്പെട്ട ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള സഹായങ്ങള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, കൊടുങ്ങല്ലൂര്‍, മലപ്പുറം, കോട്ടയം, തൃക്കാക്കര, വടക്കാഞ്ചേരി, ചാലക്കുടി, കൊയിലാണ്ടി എന്നീ നഗരസഭകളിലായി കാറ്ററിങ്ങ് മേഖലയില്‍ തെരുവു കച്ചവടം നടത്തി വരുന്നുണ്ട്. ഇരുനൂറ് പേര്‍ക്ക് ഇപ്രകാരം വിദഗ്ധ പരിശീലനം നല്‍കി കഴിഞ്ഞു.

എന്‍.യു.എം.എം പദ്ധതിയുടെ ഭാഗമായി എല്ലാ നഗരപ്രദേശങ്ങളിലും വിവിധങ്ങളായ ഏഴു വിധത്തിലുള്ള   പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്നുണ്ട്. തെരുവോര കച്ചവടക്കാരുടെ സര്‍വേയും തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണവും, നഗരത്തിന്‍റെ തെരുവോര വാണിഭത്തിന്‍റെ രൂപരേഖ തയ്യാറാക്കല്‍, നഗരത്തിലെ തെരുവോര കച്ചവടമേഖലകളുടെ അടിസ്ഥാന സൗകര്യവികസനം, പരിശീലനവും നൈപുണ്യവികസനവും, ധനകാര്യ സ്ഥാപനങ്ങളുമായി  ഉള്‍ച്ചേര്‍ക്കല്‍, വായ്പാ സൗകര്യം ലഭ്യമാക്കല്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളുമായി കണ്ണി ചേര്‍ക്കല്‍ എന്നിവയാണത്.
 

 

Content highlight
നിലവില്‍ ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, കൊടുങ്ങല്ലൂര്‍, മലപ്പുറം, കോട്ടയം, തൃക്കാക്കര, വടക്കാഞ്ചേരി, ചാലക്കുടി, കൊയിലാണ്ടി എന്നീ നഗരസഭകളിലായി കാറ്ററിങ്ങ് മേഖലയില്‍ തെരുവു കച്ചവടം നടത്തി വരുന്നുണ്ട്. ഇരുനൂറ് പേര്‍ക്ക് ഇപ്രകാരം വിദഗ്ധ പരിശീലനം നല്‍കി കഴിഞ്ഞ

പ്രളയബാധിതരായ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുറഞ്ഞവിലക്ക് ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ഡിസ്ക്കൗണ്ട് പര്‍ച്ചേസ് പദ്ധതിക്ക് നവംബര്‍ പത്തിന് തുടക്കം

Posted on Wednesday, November 7, 2018

*ഗൃഹോപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കാന്‍ അര്‍ഹത റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം വഴി വായ്പ ലഭ്യമായ കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക്

*വായ്പ ലഭ്യമായ ഗുണഭോക്താക്കള്‍ക്ക് ഡീലര്‍മാരില്‍ നിന്നോ അംഗീകൃത ഏജന്‍സികളില്‍ നിന്നോ നേരിട്ട് പണം നല്‍കി ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാം

              
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും നഷ്ടപ്പെട്ട അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇവ കുടുംബശ്രീ മുഖേന കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഡിസ്ക്കൗണ്ട് പര്‍ച്ചേസ് പദ്ധതിക്ക് നവംബര്‍ പത്തിന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ പത്തിന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ നടത്തും. പ്രളയബാധിതരായ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പരമാവധി സഹായങ്ങള്‍ എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നിലവിലുള്ള മാര്‍ക്കറ്റ് വിലയില്‍ നിന്നും  അമ്പത് ശതമാനം വരെ വിലക്കുറവില്‍ തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഗൃഹോപകരണങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ള ബ്രാന്‍ഡഡ് കമ്പനികളെ  സഹകരിപ്പിച്ചുകൊണ്ട് അവരുടെ ഉല്‍പന്നങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.  ഇതു പ്രകാരം സംസ്ഥാനത്ത് റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പ്രകാരം വായ്പ ലഭിക്കുന്ന എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പദ്ധതി വഴി കുറഞ്ഞ വിലയ്ക്ക് ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാകും.

പദ്ധതിയുമായി സഹകരിക്കാന്‍ ഗൃഹോപകരണ-ഫര്‍ണിച്ചര്‍ നിര്‍മാതാക്കളെ പൊതുവായി ക്ഷണിച്ചതു കൂടാതെ കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്‍റെ സഹകരണത്തോടെ കൂടുതല്‍ കമ്പനികളെ  ഇതില്‍ പങ്കെടുപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തെ ഇരുപത്തിരണ്ടോളം പ്രമുഖ ഗൃഹോപകരണ-ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍  പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരുന്നു. ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, ടി.വി, മിക്സി, വാഷിങ്ങ് മെഷീന്‍, കുക്കര്‍, ഫാന്‍, കട്ടില്‍, അലമാര, കസേര, മേശ, ബെഡ്, മോട്ടോര്‍, വാട്ടര്‍ ടാങ്ക്, ഗ്രൈന്‍ഡര്‍, തേപ്പുപെട്ടി, തയ്യല്‍ മെഷീന്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവയടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. വായ്പാ തുക ലഭ്യമാകുന്ന മുറയ്ക്ക് ഓരോ ജില്ലയിലുമുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഈ സ്ഥാപനങ്ങളില്‍ നിന്നും തങ്ങള്‍ക്കാവശ്യമുള്ള ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും ഇടനിലക്കാരില്ലാതെ നേരിട്ട് പണം നല്‍കി വാങ്ങാന്‍ കഴിയും.  

പ്രളയബാധിതരായ റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം വഴി വായ്പ ലഭ്യമായ ഗുണഭോക്താക്കള്‍ തന്നെയാണ് ഗൃഹോപകരണങ്ങള്‍ വാങ്ങാനെത്തുന്നതെന്നും കുടുംബശ്രീ കൃത്യമായി ഉറപ്പാക്കും. ഇതിന്‍റെ ഭാഗമായി  വായ്പ ലഭിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹോളോഗ്രാം പതിച്ച് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ പ്രത്യേക ഡിസ്ക്കൗണ്ട് പര്‍ച്ചേസ് കാര്‍ഡ് നല്‍കും. ഇതില്‍ അംഗത്തിന്‍റെ ഫോട്ടോ, പേര്, അയല്‍ക്കൂട്ടത്തെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, അനുവദിച്ച വായ്പാ തുക എന്നിവയുമുണ്ടാകും.  
പദ്ധതിയുടെ ഭാഗമായുളള രജിസ്ട്രേഷന്‍ നടപടികളോടനുബന്ധിച്ച് കമ്പനികള്‍ അറിയിച്ച ഡിസ്കൗണ്ട് നിരക്കില്‍ തന്നെയാണ് ഉപഭോക്താക്കള്‍ക്ക് ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും നല്‍കുന്നതെന്നും കുടുംബശ്രീ ഉറപ്പാക്കും. കൂടാതെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് തങ്ങളുടെ ആവശ്യമനുസരിച്ച്  ഗുണനിലവാരമുള്ള ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി ഉല്‍പന്നങ്ങളുടെ ഇനം, മോഡല്‍, കമ്പനിയുടെ പേര്, അനുവദിച്ച ഡിസ്ക്കൗണ്ട്, ഡീലര്‍മാരുടെയും അംഗീകൃത സ്ഥാപനങ്ങളുടെയും ജില്ല തിരിച്ചുളള വിവരങ്ങള്‍ എന്നിവയടങ്ങിയ വിശദമായ ബ്രോഷറും തയ്യാറാക്കി നല്‍കുന്നുണ്ട്.
റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പ്രകാരം വായ്പ ലഭ്യമായ സംസ്ഥാനത്തെ അയല്‍ക്കൂട്ട അംഗങ്ങള്‍ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും വിശദമായ കണക്കെടുപ്പും ഇതോടൊപ്പം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വായ്പ ലഭ്യമായ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഡിസ്ക്കൗണ്ട് പര്‍ച്ചേസ് കാര്‍ഡിന്‍റെ മറുവശത്ത് അവര്‍ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും വിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ മുഖേന രേഖപ്പെടുത്തും. തുടര്‍ന്ന് കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന ഈ വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനമിഷനില്‍ സമര്‍പ്പിക്കും. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ലഭ്യമായ  വായ്പാ തുക പദ്ധതി പ്രകാരം വിനിയോഗിച്ചു എന്നുറപ്പ് വരുത്താനാണിത്.  


പ്രളയക്കെടുതിയോടനുബന്ധിച്ച് ഗൃഹോപകരണങ്ങളും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടു പോയ കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്ക് അത് വീണ്ടെടുക്കുന്നതിനുള്ള ധനസഹായമായി ഒരു ലക്ഷം രൂപ ബാങ്കു വായ്പ നല്‍കുന്നതിനായി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതു പ്രകാരം നിലവില്‍ വായ്പ ലഭിച്ച എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ഡിസ്ക്കൗണ്ട് പര്‍ച്ചേസ് വഴി ഗുണനിലവാരമുള്ള ഉപകരണങ്ങള്‍ വാങ്ങാനാകും. ഇതുവരെ 19546 അംഗങ്ങള്‍ക്കായി 155. 17 കോടി രൂപ വിവിധ ബാങ്കുകള്‍ വായ്പ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

 

Content highlight
വായ്പ ലഭിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹോളോഗ്രാം പതിച്ച് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ പ്രത്യേക ഡിസ്ക്കൗണ്ട് പര്‍ച്ചേസ് കാര്‍ഡ് നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ 4.18 കോടി രൂപ കൂടി നല്‍കി, ആകെ 11.18 കോടി

Posted on Friday, November 2, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയബാധിതരെ സഹായിക്കുന്നതിനായി 43 ലക്ഷം അയല്‍ക്കൂട്ട സഹോദരിമാരുടെ അകമഴിഞ്ഞ കാരുണ്യം. ഇവരില്‍ നിന്നും സ്വരൂപിച്ച 4.18 കോടി രൂപ കൂടി ഇന്ന് (31-10-2018) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യമന്ത്രിക്ക് കൈമാറി.  ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍  ഏഴു കോടി രൂപ  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇതു കൂടാതെയാണ് ഇന്ന് 4.18 കോടി രൂപയുടെ ചെക്ക് കൈമാറിയത്. ഇതോടെ ആകെ 11.18 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രകൃതിക്ഷോഭത്തില്‍ വീടും  ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 43 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നും ദുരിതാശ്വാസത്തിനായി ഒരാഴ്ച കാലത്തെ ലഘുസമ്പാദ്യം നല്‍കാന്‍ അപേക്ഷിച്ചത്.  പ്രളയദുരന്തം ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന അയല്‍ക്കൂട്ട അംഗങ്ങളും തങ്ങളുടെ വ്യക്തിപരമായ പ്രയാസങ്ങള്‍ മാറ്റി വച്ചുകൊണ്ടാണ്  ലഘുസമ്പാദ്യം നല്‍കിയത്. ഒരാഴ്ചയിലെ സമ്പാദ്യവും അതില്‍ കൂടുതലും നല്‍കിയവരുമുണ്ട്. ഇങ്ങനെ സംസ്ഥാനത്തെ ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ശേഖരിച്ച മുഴുവന്‍ തുകയും സി.ഡി.എസ് മുഖേന ജില്ലാമിഷനില്‍ ഏല്‍പ്പിച്ചു. ഈ തുക പിന്നീട് സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇതില്‍ നിന്നാണ് കഴിഞ്ഞ ആഗസ്റ്റ് 29ന് ആദ്യഘട്ടമായി ഏഴു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.  

കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ കൂടാതെ മൂവായിരം റിസോഴ്സ് പേഴ്സണ്‍മാര്‍, പരിശീലന ഗ്രൂപ്പുകളിലെ 300 അംഗങ്ങള്‍, 1065 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, 1065 അക്കൗണ്ടന്‍റ്മാര്‍ തുടങ്ങി എല്ലാവരുടെയും പിന്തുണ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഉറപ്പാക്കിയിരുന്നു. ഓരോ ജില്ലയില്‍ നിന്നും സമാഹരിച്ച തുകയുടെ പൂര്‍ണ വിവരങ്ങള്‍ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.  

കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് അനീഷ് കുമാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ദേവി ബാലകൃഷ്ണന്‍, സംസ്ഥാനത്തെ 1065 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ ചെയര്‍പേഴ്സണ്‍മാരായ ചിത്ര ഷാജി, ഷൈന.എ, ബീന. പി, പ്രസന്ന കുമാരി, ലൂസി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

hARIKISHOR

 

മുഖ്യമന്ത്രി പിണറായി വിജയന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4.18 കോടി രൂപയുടെ ചെക്ക് കൈമാറുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ സമീപം

 

 

Content highlight
ഓരോ ജില്ലയില്‍ നിന്നും സമാഹരിച്ച തുകയുടെ പൂര്‍ണ വിവരങ്ങള്‍ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം (എസ്.വി.ഇ.പി) തെലുങ്കാന, ത്രിപുര സംസ്ഥാനങ്ങളിലേക്കും

Posted on Wednesday, October 31, 2018

തിരുവനന്തപുരം: പ്രാദേശിക വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അയല്‍ക്കൂട്ട വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം(എസ്.വി.ഇ.പി) തെലുങ്കാന ത്രിപുര എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്‍റെ ഉപപദ്ധതിയാണ്  എസ്.വി.ഇ.പി.  ഇതുപ്രകാരം തെലുങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലെ അമങ്കല്‍, മെഹബൂബ് നഗര്‍ ജില്ലയിലെ മക്താല്‍, നല്‍കോണ്ട ജില്ലയിലെ ദേവരാകോണ്ട എന്നീ ബ്ളോക്കുകളില്‍ പദ്ധതി കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണാപത്രം ഒപ്പു വച്ചതിനുശേഷം അടുത്ത നാലു മാസത്തിനുള്ളില്‍ ഈ ബ്ളോക്കുകളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ പദ്ധതി രേഖ കുടുംബശ്രീ തയ്യാറാക്കും.

ത്രിപുര സംസ്ഥാനവും പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടു വന്നതിന്‍റെ ഭാഗമായി പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടു പോവുകയാണ്.  പദ്ധതി നിര്‍വഹണത്തിനും അതോടൊപ്പം സുഗമമായ നടത്തിപ്പിനു വേണ്ടി കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍റെ സാങ്കേതിക പിന്തുണ നേടുന്നതിനും ത്രിപുര സ്റ്റേറ്റ് റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍റെ നേതൃത്വത്തില്‍ എന്‍.ആര്‍.എല്‍.എമ്മിന്‍റെ കീഴിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതി നേടുന്നതിനുള്ള   കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങളുമായി കരാര്‍ ഒപ്പിടുന്നതോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എസ്.വി.ഇ.പി പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ  എണ്ണം പത്താകും.
    
പ്രാദേശിക സാധ്യതകള്‍ മനസിലാക്കി ആരംഭിക്കുന്ന സംരംഭങ്ങളുടെ സമഗ്ര വികസനവും അതിലൂടെ പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യമിട്ടാണ് പ്രധാനമായും എസ്.വി.ഇ.പി പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ ബ്ളോക്കിലും  കൂടാതെ ബീഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, ആന്ധ്രപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ പരിശീലനം നേടിയ മെന്‍റര്‍മാരെ നിയമിച്ചുകൊണ്ടാണ്  ഓരോ ബ്ളോക്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.  ഇവര്‍ മുഖേന ഓരോ ബ്ളോക്കിലും ആ സംസ്ഥാനത്തു നിന്നുള്ള മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് മികച്ച രീതിയിലുള്ള പരിശീലനവും നല്‍കി വിവിധ രീതിയിലുള്ള സംരംഭങ്ങളും  തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ഇതിനകം കേരളത്തില്‍ 1210 ഓളം സംരംഭങ്ങള്‍ തുടങ്ങിയിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ 6722 സംരംഭങ്ങളും ആരംഭിച്ചു.

ഓരോ പ്രദേശത്തെയും ലഭ്യമായ വിഭവങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കി അതിനനുയോജ്യമായ ചെറുകിട സംരംഭങ്ങള്‍ രൂപീകരിക്കുകയും അതിലൂടെ ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് പ്രാദേശികമായി തന്നെ വിറ്റഴിക്കുകയും വരുമാനം നേടാന്‍ സഹായിക്കുകയുമാണ്  പദ്ധതി വഴി ചെയ്യുന്നത്. ഓരോ പ്രദേശത്തും നിലവില്‍ ഉപയോഗിച്ചു വരുന്ന ഉല്‍പന്നങ്ങള്‍, പുതിയ ഉല്‍പന്നങ്ങളുടെ ആവശ്യകത, വിപണന സാധ്യതകള്‍ എന്നിവ സംബന്ധിച്ച് വിശദമായ സര്‍വേ നടത്തിയ ശേഷമായിരിക്കും ഓരോ പ്രദേശത്തിനും ഇണങ്ങുന്ന വിധത്തിലുളളതും വിജയസാധ്യതയുളളതുമായ പ്രോജക്ടുകള്‍ തയ്യാരാക്കുന്നത്.

പുതുതായി സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരംഭകത്വ വികസന പരിശീലനവും ബാങ്ക് വായ്പയും ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക. സംരംഭങ്ങള്‍ നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തനപുരോഗതി കൈവരിക്കുന്നതിനും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കും. ഇപ്രകാരം ഗ്രാമീണ വനിതകള്‍ക്ക് തങ്ങളുടെ അറിവും തൊഴില്‍ വൈദഗ്ധ്യശേഷിയും ഉപയോഗിച്ചുകൊണ്ട് സംരംഭങ്ങള്‍ തുടങ്ങുന്നതിനും അതിലൂടെ വരുമാനം നേടാനും കഴിയുമെന്നതാണ് പദ്ധതിയുടെ നേട്ടം. ഗ്രാമീണ മേഖലയിലുള്ള നിര്‍ദ്ധന അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവര്‍ക്കും സാമ്പത്തിക സ്വാശ്രയത്വം നേടുന്നതിനും അതുവഴി ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പദ്ധതി സഹായകമാകും.    

 

Content highlight
പുതുതായി സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരംഭകത്വ വികസന പരിശീലനവും ബാങ്ക് വായ്പയും ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ 11.18 കോടി രൂപ

Posted on Thursday, October 25, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയബാധിതരെ സഹായിക്കുന്നതിനായി 43 ലക്ഷം അയല്‍ക്കൂട്ട സഹോദരിമാരുടെ അകമഴിഞ്ഞ കാരുണ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ഇവരില്‍ നിന്നും 11.18 കോടി രൂപ സ്വരൂപിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍  ഏഴു കോടി രൂപ  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇതു കൂടാതെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ 4.18 കോടി രൂപയുടെ ചെക്ക് അടുത്ത ആഴ്ച മുഖ്യമന്ത്രിക്ക് കൈമാറും.

പ്രകൃതിക്ഷോഭത്തില്‍ വീടും  ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 43 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നും ദുരിതാശ്വാസത്തിനായി ഒരാഴ്ച കാലത്തെ ലഘുസമ്പാദ്യം നല്‍കാന്‍ അപേക്ഷിച്ചത്.  പ്രളയദുരന്തം ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന അയല്‍ക്കൂട്ട അംഗങ്ങളും തങ്ങളുടെ വ്യക്തിപരമായ പ്രയാസങ്ങള്‍ മാറ്റി വച്ചുകൊണ്ടാണ് തങ്ങളുടെ ലഘുസമ്പാദ്യം നല്‍കിയത്.
 
അയല്‍ക്കൂട്ട അംഗങ്ങള്‍ തങ്ങളുടെ ഒരാഴ്ചയിലെ സമ്പാദ്യവും ചിലര്‍ അതില്‍ കൂടുതലും നല്‍കി. ഇങ്ങനെ സംസ്ഥാനത്തെ ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ശേഖരിച്ച മുഴുവന്‍ തുകയും സി.ഡി.എസ് മുഖേന ജില്ലാമിഷനില്‍ ഏല്‍പ്പിച്ചു. ഈ തുക പിന്നീട് സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇതില്‍ നിന്നാണ് കഴിഞ്ഞ ആഗസ്റ്റ് 29ന് ആദ്യഘട്ടമായി ഏഴു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.  

കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ കൂടാതെ മൂവായിരം റിസോഴ്സ് പേഴ്സണ്‍മാര്‍, പരിശീലന ഗ്രൂപ്പുകളിലെ 300 അംഗങ്ങള്‍, 1065 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, 1065 അക്കൗണ്ടന്‍റ്മാര്‍ തുടങ്ങി എല്ലാവരുടെയും പിന്തുണ ധനസമാഹരണത്തിനായി ഉറപ്പാക്കിയിരുന്നു. ഓരോ ജില്ലയില്‍ നിന്നും സമാഹരിച്ച തുകയുടെ പൂര്‍ണ വിവരങ്ങള്‍ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Content highlight
കഴിഞ്ഞ ആഗസ്റ്റ് 29ന് ആദ്യഘട്ടമായി ഏഴു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

പ്രധാനമന്ത്രി ആവാസ് യോജന-എല്ലാവര്‍ക്കും ഭവനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിലെ ഗുണഭോക്താക്കള്‍ക്ക് ഭവനവായ്പ വേഗത്തിലാക്കാന്‍ കുടുംബശ്രീ നടപടികള്‍ ഊര്‍ജിതമാക്കുന്നു

Posted on Wednesday, October 24, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ)യുടെ ഘടകപദ്ധതിയായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം -സി.എല്‍.എസ്. എസ് ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.  സംസ്ഥാനത്തെ എല്ലാ ദേശസാല്‍ക്കൃത -ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും, ഹൗസിങ്ങ് ഫിനാന്‍സ് കമ്പനികളുടെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി വായ്പാ പദ്ധതി ഏറ്റവും അര്‍ഹരായ ആളുകളിലേക്ക് എത്തിക്കുന്നതിനായി വായ്പാമേളകളും ക്യാമ്പെയ്നുകളും സംഘടിപ്പിക്കും.  

   ഗുണഭോക്താക്കള്‍ക്ക് പരമാവധി 2.67 ലക്ഷം രൂപ വരെ പലിശ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണ്  സി.എല്‍.എസ്.എസ്. നഗരപ്രദേശത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് സ്വന്തമായി ഭവനം നിര്‍മിക്കാന്‍ ഏറ്റവും പ്രയോജനകരമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  നിലവില്‍ ഈ പദ്ധതിയിലെ 12029 ഗുണഭോക്താക്കള്‍ക്ക് വിവിധ ബാങ്കുകള്‍ മുഖേന  വായ്പ അനുവദിച്ചിട്ടുണ്ട്.  ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത്  കൊച്ചി നഗരസഭയിലാണ്. 1635 പേര്‍ക്കാണ് വായ്പ ലഭ്യമാക്കിയത്. ഈ വര്‍ഷം സംസ്ഥാനത്ത് 25000 ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഫലപ്രദമായ നിര്‍വഹണം,  ബാങ്കുകളുടെ ഭാഗത്തു നിന്നും കൂടുതല്‍ സജീവമായ സഹകരണം ഉറപ്പാക്കല്‍, ഗുണഭോക്താക്കള്‍ക്ക് ബാങ്ക് വായ്പ വേഗത്തില്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍, സബ്സിഡി  ലഭ്യമാക്കല്‍, വായ്പാ മാനദണ്ഡങ്ങളിലെ ഇളവ്, നഗരപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാകുന്നതിന് ഹാജരാക്കേണ്ടി വരുന്ന രേഖകള്‍,  താമസിക്കുന്ന സ്ഥലത്തിന്‍റെ വിപണിമൂല്യം എന്നിവയിലെ ഇളവ് തുടങ്ങി പി.എം.എ.വൈ സി.എല്‍.എസ്.എസ് ഘടകപദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനും വായ്പാനടപടികള്‍ വേഗത്തിലാക്കി അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ഭവനനിര്‍മാണത്തിനു സഹായിക്കുക എന്നതുമാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.  വായ്പാ നടപടികള്‍ ഊര്‍ജിതമാക്കുന്നത് സംസ്ഥാനത്ത് പി.എം.എ.വൈ സി.എല്‍.എസ്.എസ് പദ്ധതി പ്രകാരം വിവിധ ബാങ്കുകളില്‍ വായ്പ്ക്കായി അപേക്ഷിക്കുന്ന നഗരവാസികളായ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും.

   2022 ഓടെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് പി.എം.എ.വൈ. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏറ്റവും മികച്ച ഉപാധിയെന്ന നിലയ്ക്കാണ് നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മുഖേന ഈ ഭവനപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. നാലു ഘടകങ്ങളുള്ള പദ്ധതിയില്‍ നഗരപ്രദേശത്തെ ഭവനരഹിതര്‍ക്ക് ഭവനം വാങ്ങുന്നതിനും ഭവനം നിര്‍മിക്കുന്നതിനും കച്ചാ വീട് പക്കാ വീട് ആക്കുന്നതിനും നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പി.എം.എ.വൈയിലെ രണ്ടാമത്തെ ഘടകമാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സി.എല്‍.എസ്.എസ്). വാര്‍ഷിക കുടുംബ വരുമാനം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളിലായാണ് പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.  വാര്‍ഷിക വരുമാനം  മൂന്നു ലക്ഷത്തില്‍ താഴെയുള്ളവര്‍, മൂന്ന് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലുള്ളവര്‍,  ആറ് ലക്ഷത്തിനും പന്ത്രണ്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍,  പന്ത്രണ്ട് ലക്ഷത്തിനും പതിനെട്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍ എന്നിങ്ങനെ നാലു വിഭാഗത്തില്‍ പെട്ടവരെയാണ് പദ്ധതിക്കായി പരിഗണിക്കുക.  

   ശില്‍പശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. 'സി.എല്‍.എസ്.എസ്-ദേശീയ കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി രാഹുല്‍ മാന, 'കേരളത്തില്‍ പി.എം.എ.വൈ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി' സംബന്ധിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ നടപടികള്‍, ഫീല്‍ഡ്തല പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച പാനല്‍ ചര്‍ച്ച തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. മിത്ര നയിച്ചു. നാഷണല്‍ ഹൗസിങ്ങ് ബാങ്ക് റീജിയണല്‍ മാനേജര്‍  ഹേംകുമാര്‍ ഗോപാലകൃഷ്ണന്‍, ഹഡ്കോ റീജിയണല്‍ ചീഫ് ബീന പൗലോസ്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഡി.ജി.എം എന്‍.കെ. കൃഷ്ണന്‍ കുട്ടി,  സീനിയര്‍ മാനേജര്‍ നന്ദകുമാര്‍, അഫോര്‍ഡബിള്‍ ഹൗസിങ്ങ് വിഭാഗം മേധാവി സുനിഷ് കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജര്‍ അച്യുതന്‍ കുട്ടി, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൊച്ചി നഗരസഭയില്‍ പദ്ധതിയുടെ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിച്ച് നൂറിലേറെ പേര്‍ക്ക് വായ്പ ലഭ്യമാക്കിയ സിനി ട്രീസ ഈ മേഖലയില്‍ നിന്നുള്ള തന്‍റെ അനുഭവങ്ങള്‍ പങ്കു വച്ചു. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ അവതരിപ്പിച്ച നാടകവും ശില്‍പശാലയില്‍ അരങ്ങേറി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഭാവന സ്വാഗതവും റോഷ്നി പിള്ള നന്ദിയും പറഞ്ഞു.   

 

Content highlight
ശില്‍പശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു.