വാര്‍ത്തകള്‍

കുടുംബശ്രീ തില്ലാന-2026 - ആവേശപ്പോരാട്ടത്തിൽ വയനാട് ജില്ലയ്ക്ക് ഹാട്രിക് കിരീടം

Posted on Monday, February 16, 2026

ആത്മവിശ്വാസത്തിന്റെ അകമ്പടിയിൽ സർഗ്ഗാത്മകതയുടെ മിന്നലാട്ടങ്ങൾ തെളിഞ്ഞ കുടുംബശ്രീ ഏഴാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ ആവേശപ്പോരാട്ടത്തിൽ 53 പോയിന്റ് നേടിയ വയനാട് ജില്ലയ്ക്ക് ഹാട്രിക് കിരീടം. ഇതിനു മുമ്പ് 2025, 2024 വർഷങ്ങളിലും വയനാട് ജില്ലയ്ക്കായിരുന്നു കിരീടം. 44 പോയിന്റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനവും 29 പോയിന്റുമായി  തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും നേടി. 19 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനവും 17 പോയിന്റുമായി പത്തനംതിട്ട അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

തൃശൂർ ജില്ലയിലെ തളിർ ബഡ്സ് സ്കൂളിലെ വൈദേഹി ടി.എസ് ആണ് കലാതിലകം. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ബി.ആർ.സിയിലെ അഭിനവ് ഹരിപ്രസാദ് കലാപ്രതിഭയായി.

വിജയികൾക്കുള്ള പുരസ്കാരം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ വിജയം കൈവരിച്ചവർക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.

കിരീടത്തിൽ മുത്തമിടാനുള്ള  ആവേശോജ്ജ്വലമായ പോരാട്ടം കാഴ്ച വച്ചുകൊണ്ടായിരുന്നു വയനാട് ജില്ലയിൽ നിന്നെത്തിയ മിടുക്കരുടെ കുതിപ്പ്. ഹാട്രിക് കിരീടമുയർത്തുന്നത് സ്വപ്നം കണ്ടെത്തിയ വയനാടൻ കരുത്ത് അത് യാഥാർത്ഥ്യമാക്കിയപ്പോൾ ബഡ്സ് കലോത്സവ ചരിത്രത്തിൽ അത് പുതിയ അധ്യായമായി. ചാമ്പ്യൻ പട്ടത്തിനായി  ആതിഥേയരായ തൃശൂർ ജില്ല വയനാട് ജില്ലയുമായി  ഇഞ്ചോടിഞ്ചു പോരാട്ടമാണ് അവസാന നിമിഷം വരെ കാഴ്ച വച്ചത്. സമാപന ദിവസം സംഘനൃത്തത്തിന്റെ ഫലം കൂടി വന്നതോടെ 53 പോയിന്റുമായി വയനാട് മുന്നിലെത്തുകയായിരുന്നു.

 ഭിന്നശേഷിക്കാർക്കായി എല്ലാ ബ്ളോക്കിലും അൻപ് വീടുകൾ

കുടുംബശ്രീ ബഡ്സ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി സംസ്ഥാനത്ത് എല്ലാ ബ്ളോക്കുകളിലും അൻപ് വീടുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒന്നാമതായി കടന്നുവരുന്നതിന് സമൂഹമൊന്നാകെ ഒരുമിച്ചു പ്രവർത്തിക്കണം. അതിന് സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗാത്മകത വളർത്തുന്നതിനായി കുടുംബശ്രീ ഏറ്റവും മനോഹരമായാണ് ബഡ്സ് കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കുന്ന കുടുംബശ്രീയേയും അധ്യാപകരെയും രക്ഷിതാക്കളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ദിലീപ് എസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  സ്ഥിര സമിതി അധ്യക്ഷൻ പി.എസ്. വിനയൻ,  കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ പ്രസാദ് കെ.കെ, രാധാകൃഷ്ണൻ കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത്ത് കെ.ദീപക് നന്ദി പറഞ്ഞു.

Content highlight
thillana2026-wayanad lifts the overall trophy

കുടുംബശ്രീ ബഡ്‌സ് സംസ്ഥാന കലോത്സവം 2026 തില്ലാനയ്ക്ക് തൃശ്ശൂരില്‍ തുടക്കം

Posted on Friday, February 13, 2026

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും അവരുടെ രക്ഷിതാക്കളുടെയും വിവിധങ്ങളായ ആവശ്യങ്ങളെ പരിഗണിക്കുന്നതിനും അതിനു പ്രത്യേകമായി ഒരു നയം കൊണ്ടു വരാനും കേരള  ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ പറഞ്ഞു. തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിൽ കുടുംബശ്രീ ഏഴാമത് ബഡ്സ് സംസ്ഥാന കലോത്സവം തില്ലാന-2026 ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 വിഭിന്നമായ ശേഷിയുള്ളവരും വൈവിധ്യമാർന്ന തലങ്ങളിലേക്ക് തങ്ങളുടെ സർഗശേഷിയെത്തിക്കാൻ കഴിവുള്ളവരുമാണ് ഭിന്നശേഷിക്കാരെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിടേണ്ടി വരുന്നുണ്ട്. സമൂഹത്തിൽ എല്ലാ  വിഭാഗത്തിലുമുള്ള ജനങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പകൽപരിപാലനവും അവരുടെ മാനസിക ശാരീരിക ബൗദ്ധിക വികാസത്തിന് ഉതകുന്ന പരിശീലനങ്ങൾ നൽകുന്നതും ഒരു  നിയോഗമായി കുടുംബശ്രീ ഏറ്റെടുത്തത്. നിലവിൽ സംസ്ഥാനമൊട്ടാകെയുള്ള 405 ബഡ്സ് സ്ഥാപനങ്ങളിലെ 14000-ലേറെ കുട്ടികൾ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കൂടാതെ കേരളം സമീപകാലത്ത് നേരിട്ട എല്ലാ പ്രകൃതിദുരന്തങ്ങളിലും ഇരയായവർക്ക് സർക്കാർ നൽകുന്ന താങ്ങും തണലും എത്തിക്കുന്നതിലും കുടുംബശ്രീ മുഖ്യപങ്കു വഹിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തില്ലാന-ബഡ്സ് കലോത്സവം ചരിത്രത്തിലെ രേഖപ്പെടുത്തലാകട്ടെയെന്നും മന്ത്രി പറഞ്ഞു.

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് തങ്ങളുടെ സർഗശേഷി വളർത്താൻ ലഭിക്കുന്ന മികച്ച അവസരമാണ് തില്ലാന-ബഡ്സ് കലോത്സവമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു.    

പൊതുവിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കും ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് കലോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പദ്ധതി  വിശദീകരണത്തിൽ പറഞ്ഞു.

   ഒല്ലൂക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, സി.ഡി.എസ് അധ്യക്ഷ അജിത സുനിൽ കുമാർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.രാധാകൃഷ്ണൻ, ബഡ്സ് സ്കൂൾ അധ്യാപക പ്രതിനിധി ശ്രീജിത്ത് എ.എം എന്നിവർ ആശംസിച്ചു.  കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രസാദി കെ.കെ നന്ദി പറഞ്ഞു. യു.എസ് പൗരയും സോഷ്യൽവർക്കറുമായ അമാൻഡ ആറോൻസൺ പങ്കെടുത്തു.

 

പബ്ളിക് റിലേഷൻസ് ഒാഫീസർ
കുടുംബശ്രീ

Content highlight
kudumbashree state level buds fest starts at Thrissur

കുടുംബശ്രീ "സർഗ്ഗം' സംസ്ഥാനതല കഥാരചനാ മത്സരം: മനീഷ എം. മോഹന് ഒന്നാം സ്ഥാനം

Posted on Thursday, February 12, 2026

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട വനിതകൾക്കായി സംഘടിപ്പിച്ച "സർഗ്ഗം' സംസ്ഥാനതല ചെറുകഥാരചനാ മത്സരത്തിൽ തൃശൂർ ഗുരുവായൂർ സ്വദേശിനി  മനീഷ എം. മോഹന് ഒന്നാം സ്ഥാനം.  "തൊണ്ട്' എന്ന കഥയാണ് ഒന്നാം സമ്മാനാർഹമായത്.  ഗുരുവായൂർ സി.ഡി.എസ് 26-ആം വാർഡിലെ ചിറക് അയൽക്കൂട്ട അംഗമാണ്. ഇടുക്കി ജില്ലയിലെ മുനിയറ സ്വദേശിനിയും ഉദയശ്രീ അയൽക്കൂട്ട അംഗവുമായ സിന്ധു തോമസ് രചിച്ച "ഉറാറ'എന്ന കഥയ്ക്കാണ് രണ്ടാം സ്ഥാനം. "മരിപ്പ്മണം' എന്ന കഥ രചിച്ച കണ്ണൂർ ഏഴിലോട് സ്വദേശിനിയും ഉന്നതി അയൽക്കൂട്ട അംഗവുമായ പി.പി ഷീബയ്ക്കാണ്  മൂന്നാം സ്ഥാനം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം കാഷ് അവാർഡ് ലഭിക്കും.

"ഉടലുരുക്കം' എന്ന കഥ രചിച്ച കാസർകോട് പടന്നക്കടപ്പുറം സ്വദേശിനിയും തീരം അയൽക്കൂട്ട അംഗവുമായ മൈമൂന ഹനി, "കനലെരിയും മഞ്ഞിൽ' എന്ന കഥ രചിച്ച ഇടുക്കി ജില്ലയിലെ കട്ടപ്പന അമ്പലക്കവല സ്വദേശിനിയും അഞ്ജനം അയൽക്കൂട്ട അംഗവുമായ രജനി സലി, "ജെയ്ൻ ഡോ' എന്ന കഥ രചിച്ച കോട്ടയം പാലാ സ്വദേശിനിയും അമല അയൽക്കൂട്ട അംഗവുമായ അനുജ ബൈജു എന്നിവർക്കാണ് പ്രോത്സാഹന സമ്മാനം. മൂന്നു പേർക്കും 2500 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും. എല്ലാ വിജയികൾക്കും കാഷ് അവാർഡിനൊപ്പം മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.    

കുടുംബശ്രീ അയൽക്കൂട്ട ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി 2025 ഒാഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 23 വരെ സംഘടിപ്പിച്ച മത്സരത്തിൽ ഇരുനൂറിലേറെ രചനകളാണ് ലഭിച്ചത്. കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗം അധ്യാപകർ നടത്തിയ പ്രാഥമിക മൂല്യനിർണയത്തിന്  ശേഷം  കെ.എ ബീന, റോസ്മേരി, സലിൽ മാങ്കുഴി എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

Content highlight
Kudumbashree "Sargam-2025" Short Story Writing Competition: Manisha M. Mohan wins first place

കുടുംബശ്രീ ഡി.ഡി.യു-ജി.കെ.വൈ 2.0 പ്രഖ്യാപനവും ടാലന്റോ'26 ഉദ്ഘാടനവും മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു

Posted on Thursday, February 12, 2026

കുടുംബശ്രീ അംഗങ്ങളെ സംരംഭകരാകാന്‍ പിന്തുണ നല്‍കുന്നതിന് പുറമേ അവരെ വേതനാധിഷ്ഠിത തൊഴിലുകളിലേക്ക് കൈപിടിച്ചുയര്‍ത്തി വരുമാനവര്‍ധനവ് ലഭ്യമാക്കാന്‍ സഹായിക്കുകയാണ് കുടുംബശ്രീയുടെ അടുത്ത ലക്ഷ്യമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്റ്‌റി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തൊഴില്‍ ലഭിച്ച യുവജനങ്ങളുടെ സംഗമം 'ടാലന്റോ'26 ഉദ്ഘാടനവും ഡി.ഡി.യു.ജി.കെ.വൈ പദ്ധതി രണ്ടാംഘട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റ്‌റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളീയ സ്ത്രീജീവിതത്തിലും സാമൂഹിക രംഗത്തും നിര്‍ണായകമായ സ്വാധീനം ചെയുത്താന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്തമാക്കുന്നതിലും കുടുംബശ്രീ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഉജ്ജീവനം പദ്ധതിവഴി അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കിയത് കുടുംബശ്രീയാണ്.  ഡി.ഡി.യു.ജി.കെ.വൈ പദ്ധതി ആദ്യഘട്ടത്തില്‍ 78524 പേര്‍ക്ക് നൈപുണ്യപരിശീലനം നല്‍കിയവരില്‍ 56665 പേര്‍ക്കും ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇത് വളരെ മികച്ച നിരക്കാണ്. ജോലി കിട്ടിയവരില്‍ 107 പേര്‍ ഭിന്നശേഷിക്കാരുമാണ്. കുടുംബശ്രീയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ കൂടി ഭാഗമാകുന്നത് എന്നതിന്റെ തെളിവാണിത്. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വഴി  78000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കി. ആകെ 130000 പേര്‍ക്കാണ് തൊഴില്‍ ലഭ്യമാക്കിയത്. കുടുംബശ്രീ സംരംഭങ്ങളുടെ കാര്യത്തിലും വലിയ തോതിലുള്ള രൂപാന്തരമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നു നേടിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു തയ്യാറാക്കിയ ബ്രാന്‍ഡഡ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആഗോള വിപണിയിലെത്തിക്കഴിഞ്ഞു.  ഡി.ഡി.യു.ജി.കെ.വൈ രണ്ടാംഘട്ടത്തില്‍ 3272  യുവജനങ്ങളെ ഉള്‍പ്പെടുത്തി 36 പുതിയ പദ്ധതികള്‍ക്കാണ്  അംഗീകാരം ലഭിച്ചിട്ടുള്ളത്. ഡി.ഡി.യു.ജി.കെ വൈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കാഴ്ച വച്ച പ്രകടന മികവാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി ലഭ്യമാക്കിയതെന്ന് പറഞ്ഞ മന്ത്രി പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. കുടുംബശ്രീയുമായി കരാര്‍ ഒപ്പുവച്ച 23 പരിശീലക ഏജന്‍സികളുമായി ധാരണാപത്രവും മന്ത്രി  കൈമാറി.

ഉദ്ഘാടന സമ്മേളനത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്  ദിനേശന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഭരണ നിര്‍വഹണ സമിതി അംഗം  കെ.കെ ലതിക അധ്യക്ഷയായി. വാര്‍ഡ് കൗണ്‍സിലര്‍ എസ്.പ്രശാന്ത്, ആര്‍സെറ്റി അണ്ടര്‍ സെക്രട്ടറി മേരി തോമസ്, ഘനശ്യാം (കേന്ദ്രഗ്രാമവികസന മന്ത്രാലയം) സി.ഡി.എസ് അധ്യക്ഷ ഇന്ദു ഐ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി, പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.യു.ജി.കെ.വൈ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ പ്രദീപ് കുമാര്‍ പി.എസ് നന്ദി പറഞ്ഞു.

രാവിലെ അഡ്വ. എ.വി വാമനകുമാറിന്റെ  മോട്ടിവേഷണല്‍ ക്‌ളാസ്, ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമായവരുടെ  വിജയാനുഭവങ്ങള്‍ പങ്കു വയ്ക്കല്‍, ജിയോ ലൈവ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടി,  വിദ്യാര്‍ത്ഥികളുടെ   കലാപരിപാടികള്‍ എന്നിവയും  നടന്നു. 

 

Content highlight
ddugky2.0 launched

കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് വയനാട്ടില്‍- ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു

Posted on Friday, February 6, 2026

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ ഫെബ്രുവരി 27,28 മാര്‍ച്ച് 1 തീയതികളില്‍ സംഘടിപ്പിക്കുന്ന് പ്രഥമ ട്രൈബല്‍ സോക്കര്‍ ലീഗിനായി ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു. മികച്ച ലോഗോയ്ക്ക് 10,000 രൂപയും ടാഗ്‌ലൈന് 5000 രൂപയും സമ്മാനമായി ലഭിക്കും.

കൂടുതല്‍ വിശദാംശങ്ങളും നിബന്ധനകളും അറിയാന്‍ - https://www.kudumbashree.org/soccer-league

 

 

Content highlight
kudumbashree tribal soccer league logo and tagline invited

കുടുംബശ്രീ ജീവനം ക്യാമ്പയിൻ സംസ്ഥാനത്ത് ഊർജിതമാകുന്നു

Posted on Friday, February 6, 2026

മൃഗസംരക്ഷണ മേഖലയിൽ തൊഴിലെടുക്കുന്ന വനിതാ കർഷകരുടെ ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജീവനം ക്യാമ്പയിൻ സംസ്ഥാനത്ത് ഊർജിതമാകുന്നു.  മൃഗാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകൾ, വിവിധ ബാങ്കുകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് പഞ്ചായത്ത്തലത്തിലാണ് ക്യാമ്പയിൻ നടത്തിപ്പ്.

നിലവിൽ കുടുംബശ്രീ മുഖേന  നടപ്പാക്കി വരുന്ന വിവിധ മൃഗസംരക്ഷണ പദ്ധതികളിലെ ഒന്നര ലക്ഷത്തിലേറെ  ഗുണഭോക്താക്കൾക്ക് സമഗ്ര സേവനങ്ങൾ ലഭ്യമാക്കുന്നതാണ് ക്യാമ്പയിൻ. കന്നുകാലികൾക്ക് വാക്സിനേഷൻ, ഡിവോമിങ്ങ്, ഇൻഫെർട്ടിലിറ്റി, ബ്ളഡ് സ്മിയർ സ്ക്രീനിങ്ങ്, ഫീക്കൽ സാമ്പിൾ സ്ക്രീനിങ്ങ് എന്നിവ ക്യാമ്പയിന്റെ ഭാഗമായി നൽകുന്നതാണ്. അതത് പഞ്ചായത്തിലെ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ.

ഇതോടൊപ്പം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ്, വായ്പകൾ എന്നിവ ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളും ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ട്. നിരവധി കർഷകരാണ് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. പ്രാദേശികമായ ആവശ്യകതയ്ക്കനുസരിച്ചുള്ള പ്രവർത്തനങ്ങളും ക്യാമ്പയിനിൽ ഉൾപ്പെടുത്തുന്നുണ്ട്. അതത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർ, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ എന്നിവരാണ് പഞ്ചായത്ത്തലത്തിൽ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.  

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന മൃഗസംരക്ഷണ പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തലത്തിൽ 820 ലൈവ്സ്റ്റോക്ക് ക്ളസ്റ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. നൂറു മുതൽ 250 വരെ കർഷകർ ഉൾപ്പെടുന്നതാണ് ഒാരോ ക്ളസ്റ്റ്റും. ഉയർന്ന ഉൽപാദനക്ഷമത, കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യത, ഉപജീവന സുരക്ഷ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Content highlight
kudumbashree jeevanam campiagn

ദേശീയ സരസ് മേള സമ്മാന കൂപ്പൺ : സ്വിഫ്റ്റ് കാർ കെ. കരുണാകരന്

Posted on Wednesday, February 4, 2026

തൃത്താലയിലെ ചാലിശ്ശേരിയിൽ കുടുംബശ്രീ 2026 ജനുവരി രണ്ട് മുതൽ 11 വരെ സംഘടിപ്പിച്ച ദേശീയ സരസ് മേളയുടെ ഭാഗമായുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ തിരുമുറ്റക്കോട് കാട്ടിരി വീട്ടിൽ കെ. കരുണാകരന് (കൂപ്പൺ നമ്പർ: 5682). ഇന്ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സരസ് മേളയുടെ സംഘാടക സമിതി പിരിച്ചുവിടൽ യോഗത്തിൽ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി.

രണ്ടാം സമ്മാനമായ ബൈക്ക് ചെത്തല്ലൂരിലെ ഐശ്വര്യ കുടുംബശ്രീ അയൽക്കൂട്ടത്തിനാണ് (കൂപ്പൺ നമ്പർ : 388599). മൂന്നാം സമ്മാനമായ 43 ഇഞ്ച് എൽ.ഇ.ഡി ടിവി കയറമ്പാറ സ്വദേശിനി ഉമാ ദേവിക്കും (കൂപ്പൺ നമ്പർ 338780) നാലാം സമ്മാനമായ റഫ്രിജറേറ്റർ നെന്മാറ അയലൂർ പഞ്ചായത്തിലെ ഐശ്വര്യ അയൽക്കൂട്ട അംഗം ബൽക്കിസിനും (കൂപ്പൺ നമ്പർ: 168513) ലഭിച്ചു. അഞ്ചാം സമ്മാനമായ സ്വർണ്ണനാണയം കുറ്റനാട് കാനറ ബാങ്കിനാണ്. ആദ്യ നാല് സമ്മാനങ്ങൾ ലഭിച്ച വിജയികളെ ഇക്കാര്യം മന്ത്രി നേരിട്ട് അറിയിച്ചു. പ്രോത്സാഹന സമ്മാനം നേടിയ 100 പേരെയും നറുക്കെടുപ്പിലൂടെ കണ്ടെത്തി. സമ്മാനങ്ങൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

ഇതുവരെ നടന്നതിൽ ജനപങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായ മേളയായിരുന്നു ചാലിശ്ശേരിയിലേതെന്ന് മന്ത്രി പറഞ്ഞു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

പി. മമ്മിക്കുട്ടി എം.എൽ.എ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. നിഷ ടി.വി എന്നിവർ ആശംസകൾ നേർന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ. എ.എസ് സ്വാഗതവും ചാലിശ്ശേരി സി.ഡി.എസ് അധ്യക്ഷ ലതാ സുഗുണൻ നന്ദിയും പറഞ്ഞു.

Content highlight
saras gift coupon

കുടുംബശ്രീ 'നയീചേതന 4.0 ഉയരെ' രംഗശ്രീ കലാജാഥയ്ക്ക് പരിസമാപ്തി

Posted on Wednesday, February 4, 2026

കുടുംബശ്രീ 'നയീചേതന 4.0 - ഉയരെ' ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി രംഗശ്രീ കലാകാരികള്‍ അണിനിരന്ന സംസ്ഥാനതല കലാജാഥ കാസര്‍ഗോഡ് ജില്ലയില്‍ പരിസമാപിച്ചു. ജനുവരി 20ന് തിരുവനന്തപുരത്ത് തുടക്കമായ കലാജാഥയുടെ ഭാഗമായി കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയുടെ സംസ്ഥാന കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ വനിതകളാണ് തെരുവുനാടകങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ എല്ലാ ജില്ലകളിലും അവതരിപ്പിച്ചത്. ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാകുന്ന വിവിധ പിന്തുണാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ബോധവവത്ക്കരണമാണ് കലാജാഥയിലൂടെ നടത്തുകായയിരുന്നു അവര്‍.

തുല്യതയ്ക്കായുള്ള സ്ത്രീസമൂഹത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറിയ കലാജാഥയുടെ സമാപന സമ്മേളനം ഇന്ന് കാസര്‍ഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ, ചലച്ചിത്രതാരങ്ങളായ സ്‌നേഹ ശ്രീകുമാര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നു. ജില്ലയിലെ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരെയും രംഗശ്രീ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രമതി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ. ഹരിദാസ് , എന്‍. രവീന്ദ്രന്‍, ഹേമാംബിക, മെമ്പര്‍ വി.എം. കുമാരന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. മനു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ നന്ദിയും പറഞ്ഞു.

2026 ജനുവരി ഒന്നിനാണ് ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍ നയീചേതന 4.0-യും, ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം എന്ന ആപ്തവാക്യത്തോടെ നടപ്പിലാക്കുന്ന 'ഉയരെ' ക്യാമ്പയിനും കുടുംബശ്രീ സംസ്ഥാനത്ത് സംഘടിപ്പിച്ച് തുടങ്ങിയത്.

Content highlight
Kudumbashree 'Nayee Chetana 4.0 Uyare' Rangashree Kalajatha concludes

സംസ്ഥാന ബജറ്റ് 2026- 2027; കുടുംബശ്രീക്ക് 275 കോടി

Posted on Friday, January 30, 2026

സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച 2026-2027 വാർഷിക ബജറ്റിൽ കുടുംബശ്രീക്ക് കൈനിറയെ നേട്ടം. 275 കോടി രൂപയാണ് കുടുംബശ്രീക്ക്  അനുവദിച്ചത്. സൂക്ഷ്മസംരംഭങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാൻസ്, ഉപജീവന പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിൽ 22.27 കോടി രൂപ കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപുലമായ പ്രചാരവും വിപണനവും ഉൾപ്പെടുന്ന മാർക്കറ്റിങ്ങ് ശൃംഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്.

പ്രാദേശിക കാർഷിക ഉൽപന്നങ്ങളെ ശാസ്ത്രീയമായ സംസ്ക്കരണത്തിലൂടെ പ്രീമിയം ബ്രാൻഡുകളാക്കി മാറ്റുന്നതിനും കുടുംബശ്രീ അംഗങ്ങൾക്ക് ആഗോളവിപണിയിൽ മത്സരിക്കാൻ കഴിയും വിധമുളള സാങ്കേതിക പരിശീലനം നൽകുന്നതിനുമായി ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാമീണ വനിതാ തൊഴിലിടങ്ങൾ പദ്ധതിയും കുടുംബശ്രീക്ക് നേട്ടമാകും. സ്വകാര്യ പങ്കാളിത്തത്തോടെയും സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെയും നടപ്പാക്കുന്ന പദ്ധതിക്കായി 10 കോടി രൂപയാണ്  വകയിരുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ചതൊഴിലും വരുമാനവും നേടാൻ പദ്ധതി സഹായകമാകും.

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ 184 ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കെ-ഇനം എന്ന ബ്രാൻഡിൽ പ്രീമീയം ബ്രാൻഡ് ഭക്ഷേ്യാൽപന്നങ്ങൾ തയ്യാറാക്കി ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം(കെ-ടാപ്) പദ്ധതിയും ബജറ്റിൽ പ്രതേ്യക പരാമർശം നേടി.

ഇതര വകുപ്പുകൾ മുഖേന നടപ്പാക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ പദ്ധതികളിലും കുടുംബശ്രീക്ക് നേട്ടമുണ്ട്. പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന "വനിതാ സമൃദ്ധി-സ്ത്രീ ശാക്തീകരണ പരിപാടി' എന്ന പുതിയ പദ്ധതിക്ക് ബജറ്റിൽ പത്തു കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി അയൽക്കൂട്ട വനിതകൾക്ക് ഗുണകരമാകും.

തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശ്ശേരിയിൽ ഒരു സ്ഥിരം നിശാജീവിത സാംസ്കാരിക ഇടനാഴി സ്ഥാപിക്കുന്നതിനായി 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ കുടുംബശ്രീ അംഗങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുളള മാർക്കറ്റുകളും ഉണ്ടാകും.

സാമൂഹ്യനീതി, വനിതാ ശാക്തീകരണം, സാമ്പത്തിക സുരക്ഷിതത്വം എന്നിവ ലക്ഷ്യമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് ആരംഭിച്ച ഗ്രൂപ്പ് ബെനഫിറ്റ് സ്കീമിൽ നിലവിൽ 14 ലക്ഷത്തോളം അംഗങ്ങളുണ്ട്. 5000-ത്തോളം അംഗങ്ങൾക്കായി 14 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകുകയും ചെയ്തിട്ടുണ്ട്.

Content highlight
275 allocation for kudumbashree in kerala budget 2026-27

കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നു: മന്ത്രി എം.ബി. രാജേഷ്

Posted on Thursday, January 29, 2026

കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും   സംരംഭകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെ-യിൽ രംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച ഗുണനിലവാരത്തിലും ആകർഷകമായ പായ്ക്കിങ്ങിലും തയ്യാറാക്കുന്ന കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്കു ബദലാകാൻ കഴിയുമെന്നും ഇതിലൂടെ കുടുംബശ്രീ പുതിയ തലങ്ങളിലേക്കെത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കിക്കൊണ്ട് സുസ്ഥിര വരുമാന ലഭ്യതയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

വിപണന രംഗത്തേക്ക് വാണിജ്യാടിസ്ഥാനത്തിൽ മാറുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ റീട്ടെയിൽ മേഖലയിലേക്ക് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ ഏകീകൃത ബ്രാൻഡിൽ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകൾ, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയ ഉൽപന്നങ്ങളോടൊപ്പം ഒാരോ ജില്ലയിലെയും മികച്ച സംരംഭകർ ഉൽപാദിപ്പിക്കുന്ന മികച്ച ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.  ഇതു കൂടാതെ ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കിയ "കെ-ഇനം' ബ്രാൻഡഡ് മൂല്യവർധിത ഉൽപന്നങ്ങളും ഡിസ്ട്രിബ്യൂട്ടർമാർ വഴി വിപണിയിലെത്തിക്കും. ഡയബറ്റിക് മിക്സ്, പാനീയങ്ങൾ, കോഫി ക്യൂബ്സ്, വിർജിൻ കോക്കനട്ട് ഒായിൽ, ന്യൂട്രീബാർ, ടൂട്ടിഫ്രൂട്ടി, ബേബി പൗഡർ, കപ്പ കൊണ്ടുള്ള മിക്സചർ, മുറുക്ക്, പക്കാവട, കുക്കീസ്, ഏത്തപ്പഴം കൊണ്ടുള്ള ഹെൽത്ത് മിക്സ്, ഫ്രൂട്ട് ബാർ, പാസ്ത, ഹൈഡ്രേറ്റഡ് ബനാന, മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, കുക്കീസ്, മാംഗോ ഫ്രൂട്ട് ബാർ, മില്ലറ്റ് കൊണ്ടുള്ള വിവിധ പലഹാരങ്ങൾ എന്നിവയാണ് "കെ-ഇനം' ബ്രാൻഡിൽ എത്തുന്ന ഉൽപന്നങ്ങൾ.  

ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി കരാർ ആയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ നൂറിലേറെ ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള സംരംഭകർക്ക് പുറമേ, കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾ തുടങ്ങാനും അവസരമൊരുക്കും.

ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ അംഗങ്ങളായ 5000-ലേറെ ഡിസ്ട്രിബ്യട്ടർമാർ മുഖേന രാജ്യമെമ്പാടുമുളള ഷോപ്പുകളിൽ കുടുംബശ്രീയുടെ ഉൽപന്നങ്ങളെത്തിക്കുന്നതിനാണ് പദ്ധതി.  ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷൻ ഏജൻസികളെ കണ്ടെത്തി അവരെ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. ഇതിൽ 900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടർമാരും പങ്കെടുത്തു. ഏജൻസികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വില, മാർജിൻ എന്നിവയിൽ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ "കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ആഗോളതല ലോഞ്ചിങ്ങ്  17ന് എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സ്വിറ്റ്സർലൻഡ്, ഗൾഫ്, യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും കുടുംബശ്രീ ഉൽപന്നങ്ങൾക്ക്  ആവശ്യകത ഉയരുന്നുണ്ട്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹരീന്ദ്രബാബു, കൊല്ലം ജില്ലാ പ്രസിഡന്റ് ജി.പി നായർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഹാഷിം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.വി കണ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

 

Content highlight
kudumbashree to focus more on retail