വാര്‍ത്തകള്‍

കുടുംബശ്രീ ദേശീയ സരസ്‌മേള ചെങ്ങന്നൂരില്‍ ; ‘ചീരു’ ഭാഗ്യചിഹ്നം

Posted on Monday, January 6, 2025

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ജനുവരി 20 മതല്‍ 31 വരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നം, പോസ്റ്റര്‍, തീം സോങ് മത്സര വിജയികളെ തെരഞ്ഞെടുത്തു. ഭാഗ്യചിഹ്നം, പോസ്റ്റര്‍ മത്സരങ്ങളില്‍ പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിന്‍. എസ് വിജയിയായി. ആലപ്പുഴ ജില്ലയില്‍ ഭരണിക്കാവ് പഞ്ചായത്തിലെ കൈരളി അയല്‍ക്കൂട്ട അംഗമായ പി. ജയലക്ഷ്മിയാണ് തീം സോങ് മത്സരത്തിലെ വിജയി. ഇരുവര്‍ക്കും സരസ് മേളയുടെ സമാപന ചടങ്ങില്‍ ക്യാഷ് പ്രൈസ് സമ്മാനിക്കും.

ആലപ്പുഴയുടെ പരമ്പരാഗത പ്രത്യേകതകള്‍ വിളിച്ചോതുന്ന രീതിയില്‍ ഒരു കൈയില്‍ കരിമീനുമായി കുഞ്ഞുവള്ളം തുഴയുന്ന താറാവിന്‍ കുഞ്ഞ് ‘ചീരു’വിനെയാണ് ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്ത്.

ദേശീയ സരസ് മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30ന്‌ ഇ.എം.എസ് ഹാളില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക, യുവജനകാര്യ, ഫിഷറീസ് വകുപ്പ് മന്ത്രിയും സരസ് മേള സംഘാടക സമിതി അധ്യക്ഷനുമായ ശ്രീ. സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിച്ചു. ഭാഗ്യചിഹ്നവും പോസ്റ്ററും കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഐ.എ.എസിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്. എസ്, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലയിലെ ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മുനിസിപ്പല്‍ സെക്രട്ടറി, സി.ഡി.എസ് അധ്യക്ഷമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ‍അവലോകന യോഗത്തില്‍ പങ്കെടുത്തു.

Content highlight
national saras mela at alappuzha cheeru is the mascot

ദേശീയ സരസ് മേള ചെങ്ങന്നൂരില്‍ - പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ സംഘടിപ്പിച്ചു

Posted on Monday, January 6, 2025
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില് കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രധാന പന്തലിന്റെ കാല്നാട്ടല് ചടങ്ങ് ജനുവരി നാലിന് സംഘടിപ്പിച്ചു. ഒന്നരലക്ഷം ചതുരശ്ര അടിയിലുള്ള, പൂര്ണ്ണമായും എയര് കണ്ടീഷന് ചെയ്ത പവലിയനാണ് സരസ് മേളയ്ക്കായി തയാറാക്കുന്നത്. പ്രധാന വേദിയും 350 ഉത്പന്ന വിപണന സ്റ്റാളുകളും 30 ഫുഡ് സ്റ്റാളുകളും ഇതിലുണ്ടാകും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് എച്ച്. ദിനേശന് ഐ.എ.എസ് പന്തലിന്റെ കാല്നാട്ടല് കര്മ്മം നിര്വഹിച്ചു.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകരുടെ വൈവിധ്യമാര്ന്ന ഉത്പന്നങ്ങളും തനത് ഭക്ഷണ വിഭവങ്ങളും ലഭ്യമാക്കുന്ന മേളയില് എല്ലാദിവസവും കലാസാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ജനുവരി 20 മുതല് 31 വരെയാണ് മേള. 18ന് വന്ജന പങ്കാളിത്തത്തോടെ വിളംബരഘോഷയാത്രയും സംഘടിപ്പിക്കും.
 
ജനുവരി നാലിന് മുനിസിപ്പല് സ്റ്റേഡിയത്തില് സംഘടിപ്പിച്ച പന്തല് കാല്നാട്ടല് ചടങ്ങില് കേരള കയര് മെഷീനറി മാനുഫാക്ചറിങ് കമ്പനി ചെയര്മാന് എം.എച്ച്. റഷീദ് അധ്യക്ഷനായി. കുടുംബശ്രീ ആലപ്പുഴ ജില്ലാമിഷന് കോര്ഡിനേറ്റര് രഞ്ജിത്ത്. എസ് സ്വാഗതം ആശംസിച്ചു. റവ.കുര്യക്കോസ് മാര്ഗ്രിഗോറിയസ് തിരുമേനി, ശബരിമല തന്ത്രി കണ്ഠരര് മോഹനര്, അല് ഉസ്താദ് നൗഫല് ഫാളിലി കൊല്ലം എന്നിവര് അനുഗ്രഹ പ്രഭാഷണം നടത്തി.
 
പബ്ലിസിറ്റി കമ്മിറ്റി കണ്വീനര് ജി. വിവേക്, ചെങ്ങന്നൂര് നഗരസഭ സി.ഡി.എസ് ചെയര്പേഴ്‌സണ് ശ്രീകല, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര് ശ്രീകാന്ത് എ.എസ്, വിവിധ സബ്കമ്മിറ്റി ചെയര്മാന്മാര്, കണ്വീനര്മാര്, അംഗങ്ങള്, ജനപ്രതിനിധികള് എന്നിവര് പങ്കെടുത്തു.
 
 
 
Content highlight
national saras mela at alappuzha, pavilion construction starts

സംസ്ഥാനത്ത് ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിവരശേഖരണം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വേ ജനുവരി 6 മുതല്‍ 12 വരെ

Posted on Monday, December 30, 2024

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി ജൈവ മാലിന്യ സംസ്കരണം നൂറ് ശതമാനം ഉറപ്പാക്കുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിവരശേഖരണം നടത്തുന്നു.  കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2025 ജനുവരി ആറ് മുതല്‍ 12 വരെയാണ് സര്‍വേ.

ഉറവിട മാലിന്യ സംസ്കരണ സംവിധാനമുളള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, ബയോബിന്‍, കിച്ചന്‍ ബിന്‍ തുടങ്ങി  വിവിധ ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ നിലവിലെ സ്ഥിതി. ജൈവ മാലിന്യം സംസ്കരിക്കാനുള്ള ഇനോകുലത്തിന്‍റെ ലഭ്യത, ഹരിതമിത്രം ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. ഇതുവഴി ഉറവിട മാലിന്യ സംസ്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകര്‍മ സേനയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. സര്‍വേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ശുചിത്വമിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയുടെ സഹകരണവുമുണ്ടാകും.  

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്‍റെ മുന്നോടിയായിട്ടാണ് ഈ മേഖലയിലെ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നത്.  സര്‍വേ നടത്തുന്നതിനായി ഓരോ വാര്‍ഡിലും രണ്ടു മുതല്‍ മൂന്ന് വരെ ടീമുകളെ നിയോഗിക്കും. സംസ്ഥാനമൊട്ടാകെ 35,000-ലേറെ ഹരിതകര്‍മസേനാംഗങ്ങളും സര്‍വേയുടെ ഭാഗമാകും. ഇവരെ കൂടാതെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ പ്രതിനിധികളും ഉള്‍പ്പെടെ ഓരോ ടീമിലും ചോളം പ്രതിനിധികളാണ് ഉണ്ടാവുക. ഇവര്‍ ഹരിതമിത്രം ആപ് ഉപയോഗിച്ച് സംസ്ക്കരണ ഉപാധികള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. ഇതുവരെ ഹരിതമിത്രം ആപ്പില്‍ എന്‍റോള്‍ ചെയ്യാത്തവയുടെ വിവരങ്ങളും ശേഖരിച്ച് അവയും ഉള്‍പ്പെടുത്തും. നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും  വിവരശേഖരണം  തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ക്യു.ആര്‍ കോഡ് ലഭ്യമാക്കിയ ശേഷം നടത്തും. സര്‍വേയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും.    

സര്‍വേ പൂര്‍ത്തീകരിച്ച ശേഷം ആവശ്യമായ ഇനോകുലത്തിന്‍റെ അളവ് തിട്ടപ്പെടുത്തും. പിന്നീട് ഉല്‍പാദകരുമായി  ബന്ധപ്പെട്ട് ഹരിതകര്‍മ സേനകള്‍ക്ക്  അവരില്‍ നിന്നു ഇനോകുലം  വാങ്ങുന്നതിനും വിപണനം നടത്തുന്നതിനും അവസരമൊരുക്കും. ഭാവിയില്‍ കുടുംബശ്രീ വഴി സംരംഭ മാതൃകയില്‍ ഇനോകുലം തയ്യാറാക്കുന്ന യൂണിറ്റുകള്‍ രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. മാലിന്യ സംസ്ക്കരണത്തിന് ബയോബിന്‍ അടക്കമുള്ള ഉപാധികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇനോകുലത്തിന്‍റെ വിപണനം ഹരിതകര്‍മ സേനയ്ക്ക് അധികവരുമാന ലഭ്യതയ്ക്ക് സഹായകമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
നിലവില്‍ സര്‍വേയുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്തല യോഗങ്ങളും സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പരിശീലന പരിപാടികളും പുരോഗമിക്കുകയാണ്.  

Content highlight
Data collection on organic waste treatment facilities in the state, Kudumbashree Survey to start from January 6

കുടുംബശ്രീ നഗര സി.ഡി.എസുകളുടെ പ്രവര്‍ത്തനമികവ്: ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്കായി സംസ്ഥാനതല ചതുര്‍ദിന കാര്യശേഷി വികസന പരിശീലനം

Posted on Monday, December 30, 2024

കുടുംബശ്രീ നഗര സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും വേഗവും കൈവരിക്കുന്നതിന്‍റെ ഭാഗമായി തിരഞ്ഞെടുത്ത 11 സി.ഡി.എസുകളില്‍ ഇന്‍റേണല്‍ ഓഡിറ്റിങ്ങ് നടപ്പാക്കുന്നു. കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'ചലനം' മെന്‍റര്‍ഷിപ് പരിപാടിക്കായി തിരഞ്ഞെടുത്ത പുനലൂര്‍(കൊല്ലം), ചങ്ങനാശേരി(കോട്ടയം), തിരുവല്ല വെസ്റ്റ്(പത്തനംതിട്ട), ഹരിപ്പാട്(ആലപ്പുഴ), കട്ടപ്പന(ഇടുക്കി), ചെര്‍പ്പുളശേരി(പാലക്കാട്), പരപ്പനങ്ങാടി(മലപ്പുറം), മുക്കം(കോഴിക്കോട്), മാനന്തവാടി(വയനാട്), കൂത്തുപറമ്പ്(കണ്ണൂര്‍), കാഞ്ഞങ്ങാട്-2(കാസര്‍കോട്) സി.ഡി.എസുകളിലാണ് ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ പ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത  ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ചു വരുന്ന നാലു ദിവസത്തെ പരിശീലന പരിപാടി ഇന്നു(30-12-2024) സമാപിക്കും.

സി.ഡി.എസ് വഴി നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍, ഫണ്ട് വിനിയോഗം, അക്കൗണ്ട് രജിസ്റ്ററുകള്‍, വിവിധ പദ്ധതികള്‍ വഴി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍, ഗുണഭോക്തൃ തെരഞ്ഞെടുപ്പിലെ സുതാര്യത, ഫണ്ട് ചെലവഴിക്കുന്നതില്‍ പാലിക്കുന്ന കൃത്യത, ലിങ്കേജ് വായ്പാ വിവരങ്ങള്‍ തുടങ്ങി കുടുംബശ്രീ ബൈലാ പ്രകാരമുളള എല്ലാവിവരങ്ങളും മൂന്നു മാസത്തിലൊരിക്കല്‍ ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ മുഖേന ഓഡിറ്റ് ചെയ്യും. പിന്നീട് സി.ഡി.എസിന്‍റെ പൊതു സഭയില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.  കൃത്യമായ ഇടവേളകളില്‍ ഇന്‍റേണല്‍ ഓഡിറ്റിങ്ങ് നടപ്പാക്കുന്നതു വഴി പദ്ധതി നിര്‍വഹണത്തിലും പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിലും കൂടുതല്‍ കൃത്യത കൈവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.  

സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളിന്‍റെയും കൈപ്പുസ്തകത്തിന്‍റെയും അടിസ്ഥാനത്തിലാണ് പരിശീലനം. സി.ഡിഎസ് ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്ക് പുറമേ, സി.ഡി.എസ് ഉപാധ്യക്ഷമാര്‍, 'ചലനം' മെന്‍റര്‍ഷിപ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള മെന്‍റര്‍മാര്‍, അക്കൗണ്‍ന്‍റ്മാര്‍, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ചലനം പ്രോഗ്രാമിന്‍റെ മെന്‍റര്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്‍ഡ് ഓഡിറ്റിങ്ങ് സര്‍വീസ് സൊസൈറ്റി-കാസ് ടീം എന്നിവരാണ് മുഖ്യ പരിശീലകര്‍.  

ജനുവരിയില്‍ സി.ഡി.എസുകള്‍ക്ക് കീഴിലുള്ള ഓരോ ഏരിയാ ഡെവലപ്മെന്‍റ് സൊസൈറ്റി(എ.ഡി.എസ്)കളില്‍ നിന്നും  തിരഞ്ഞെടുത്ത രണ്ട് വീതം ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്കുള്ള നഗരസഭാതല പരിശീലനവും സംഘടിപ്പിക്കും. ഇതോടെ ഫെബ്രുവരി മുതല്‍ എ.ഡി.എസ്തലത്തിലും ഇന്‍റേണല്‍ ഓഡിറ്റ് പ്രാവര്‍ത്തികമാക്കും.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ മേഘ മേരി കോശി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ബീന.ഇ, സുധീര്‍ കെ.ബി, അബ്ദുള്‍ ബഷീര്‍, നിഷാദ് സി.സി, അനിഷ് കുമാര്‍ എം.എസ് എന്നിവര്‍ ഇന്‍റേണല്‍ ഓഡിറ്റിങ്ങിന്‍റെ പ്രസക്തി. പ്രധാന ചുമതലകള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ സംസാരിച്ചു.

Content highlight
capacity buiding training for kudumbashree CDS internal auditors

കുടുംബശ്രീ വ്‌ളോഗ് , റീല്‍സ് മത്സരം - എന്‍ട്രികള്‍ ക്ഷണിക്കുന്നു

Posted on Friday, December 27, 2024
കുടുംബശ്രീ വ്‌ളോഗ്, റീല്‍സ് മത്സരം രണ്ടാം സീസണിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. വീഡിയോകള്‍ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 30.
 
 അഞ്ച് മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്‌ളോഗ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
 
  റീല്‍സ് മത്സരത്തിലേക്ക് ഒരു മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോയാണ് പരിഗണിക്കുന്നത്. വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതമാണ് ക്യാഷ് പ്രൈസ് ആയി ലഭിക്കുക. കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
 
 വീഡിയോകള്‍ സി.ഡിയിലോ പെന്‍ഡ്രൈവിലോ ആക്കി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍, ട്രിഡ ബില്‍ഡിങ് രണ്ടാം നില, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിന് പുറത്ത് വ്‌ളോഗ്, റീല്‍സ് മത്സരം എന്ന് രേഖപ്പെടുത്തിയിരിക്കണം. നിബന്ധനകള്‍ അറിയാന്‍ - www.kudumbashree.org/vlog-reels2025 എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Content highlight
entries invited for kudumbashree vlogs reels competition

അവകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആഘോഷമൊരുക്കി കുടുംബശ്രീ ജെന്‍ഡര്‍ കാര്‍ണിവലിന് സമാപനം

Posted on Tuesday, December 24, 2024

അവകാശ സ്വാതന്ത്ര്യത്തിന്‍റെ പെണ്‍പോരാട്ടങ്ങള്‍ക്ക് പുതിയ മുഖവും കരുത്തും പകര്‍ന്നു കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ജെന്‍ഡര്‍ കാര്‍ണിവലിന് നിറപ്പകിട്ടാര്‍ന്ന സമാപനം. 'ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ' എന്ന തലക്കെട്ടില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'നയിചേത്ന 3.0 ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ജെന്‍ഡര്‍ കാര്‍ണിവല്‍.  അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാനും പ്രതിരോധിക്കാനും ശബ്ദമുയര്‍ത്താനും നിര്‍ഭയം മുന്നോട്ടു വരുന്ന സ്ത്രീകളുടെ പുതിയകാല ദൃശ്യം സമ്മാനിച്ചു കൊണ്ടാണ് കുടുംബശ്രീയുടെ കീഴില്‍ 1070 സി.ഡി.എസുകളിലും സംഘടിപ്പിച്ച ജെന്‍ഡര്‍ കാര്‍ണിവലിന് പരിസമാപ്തിയായത്. ദേശീയതലത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷനാണ് നയിചേത്ന 3.0 ക്യാമ്പയിന്‍റെ നേതൃത്വം.

നവംബര്‍ 23 ന് തുടക്കമിട്ട ക്യാമ്പയിനില്‍ പ്രത്യേകം തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം അയല്‍ക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്, ജില്ലാതലത്തില്‍ കഴിഞ്ഞ നാല് ആഴ്ചകളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്. ലിംഗാവബോധം നിയമബോധം എന്നിവ ഉള്‍പ്പെടെ കുടുംബശ്രീ അംഗങ്ങളുടെ ബൗദ്ധിക വികാസത്തിന് വഴിയൊരുക്കുന്ന പരിപാടികളായിരുന്നു ഇവയില്‍ ഏറെയും. ജെന്‍ഡര്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഇന്നലെ (23-12-2024) 'സ്ത്രീധനവും സ്ത്രീകളുടെ അവകാശവും' എന്ന വിഷയത്തെ അധികരിച്ച് വിവിധ വകുപ്പുകള്‍ക്കൊപ്പം പൊതുജന പങ്കാളിത്തം കൂടി ഉറപ്പു വരുത്തി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഏറെ ശ്രദ്ധ നേടി. ജെന്‍ഡര്‍ ക്വിസ്, സംവാദം, ലിംഗതുല്യതയ്ക്കായി പുരുഷന്‍മാര്‍, ആണ്‍കുട്ടികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഗ്രൂപ്പ് ചര്‍ച്ചകള്‍, ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിക്കല്‍, പോഷകാഹാര ഭക്ഷ്യമേള, രംഗശ്രീ തെരുവു നാടകം തുടങ്ങിയ പരിപാടികളും കാര്‍ണിവലിനോടനുബന്ധിച്ച് അരങ്ങേറി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 'നയി ചേതന'. ക്യാമ്പെയിന്‍ ഏറ്റെടുത്ത് ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു. സമാനരീതിയില്‍ ഇക്കുറിയും കേരളത്തില്‍ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതില്‍ കുടുംബശ്രീക്കായിട്ടുണ്ട്. ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം വനിതകളുടെ പങ്കാളിത്തം ഇതില്‍ നിര്‍ണായകമായി.

Content highlight
gender carnival concludes

സി.ഡി.എസുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ 'റൈസ്' സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ

Posted on Thursday, December 19, 2024
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'റൈസ്' -റീവിറ്റലൈസിങ്ങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ആന്‍ഡ് സ്ട്രെങ്ങ്തനിങ്ങ് എക്സലന്‍സ് -സംസ്ഥാനതല ക്യാമ്പയിന് ജനുവരിയില്‍ തുടക്കം. കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളുടെയും പ്രവര്‍ത്തനക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തിക്കൊണ്ട് ത്രിതല സംഘടനാ സംവിധാനത്തെ ഒന്നാകെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

'എന്‍റെ സി.ഡി.എസ്' എന്ന പേരില്‍ സി.ഡി.എസുകളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിനായി ചുമതല നല്‍കിയിട്ടുള്ള ജീവനക്കാര്‍ക്കും മിഷന്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതിന്‍റെ ചുമതല. ഇവരുടെ നേതൃത്വത്തില്‍ ഓരോ സി.ഡി.എസിലും പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പും പുരോഗതിയും അനുബന്ധ വിഷയങ്ങളും ഉള്‍പ്പെടെ കൃത്യമായി വിലയിരുത്തും. ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

ക്യാമ്പയിന്‍റെ ഭാഗമായി ഒരു ബ്ളോക്കിന് കീഴിലുള്ള വിവിധ സി.ഡി.എസുകള്‍ നാല് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്കായി വീതിച്ചു നല്‍കും. മൂന്നു മാസമാണ് കാലാവധി. ഈ കാലയളവില്‍ ഓരോ മാസവും ഏഴാം തീയതിക്ക് മുമ്പായി സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും വിലയിരുത്തണം.  കുടുംബശ്രീ ബൈലാ പ്രകാരം നിഷ്ക്കര്‍ഷിച്ചിട്ടുള്ള രജിസ്റ്ററുകളുടെ സൂക്ഷിപ്പും കൃത്യതയും,  വായ്പകള്‍, തിരിച്ചടവ്, ജില്ലാ മിഷനില്‍ നിന്നു ലഭ്യമാകുന്ന വിവിധ ഫണ്ടുകളുടെ വിനിയോഗം, സോഫ്റ്റ് വെയര്‍ എന്‍ട്രി, വിവിധ യോഗങ്ങള്‍ ചേരുന്നതിന്‍റെ മിനുട്ട്സ് എന്നിവയാണ് സി.ഡി.എസ് സന്ദര്‍ശിച്ച് പരിശോധിക്കുക.  തുടര്‍ന്ന് നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്കും പകര്‍പ്പ്  സി.ഡി.എസ് അധ്യക്ഷയ്ക്കും നല്‍കും.  ഈ റിപ്പോര്‍ട്ട് തൊട്ടടുത്ത സി.ഡി.എസ് യോഗത്തില്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് അപാകതകള്‍ പരിഹരിക്കാനാണ് നിര്‍ദേശം. മൂന്നു മാസത്തിന് ശേഷം ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്ക് സി.ഡി.എസിന്‍റെ ചുമതല മാറ്റി നല്‍കും.  എല്ലാ സി.ഡി.എസിലും പൊതുമാതൃകയില്‍ പരിശോധനാ രജിസ്റ്ററും സൂക്ഷിക്കും.

സി.ഡി.എസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബ്ളോക്ക് കോര്‍ഡിനേറ്റര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാമിഷനുകള്‍ സി.ഡി.എസുകളെ എ.ബി.സി.ഡി എന്നിങ്ങനെ തരം തിരിക്കും. തുടര്‍ന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും റിപ്പോര്‍ട്ട് പരിശോധിക്കും. സി.ഡി.എസുകളും സന്ദര്‍ശിക്കും. ജില്ലാ പദ്ധതി അവലോകന യോഗങ്ങളിലും സി.ഡി.എസുകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തുന്നുണ്ട്. താഴ്ന്ന ഗ്രേഡുകള്‍ ലഭിച്ച സി.ഡി.എസുകളുടെ നിലവിലെ അപാകതകള്‍ പരിഹരിച്ച് എല്ലാ സി.ഡി.എസുകളെയും മികവിലേക്കുയര്‍ത്തുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും.  സംസ്ഥാന മിഷനായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുക.

Content highlight
Kudumbashree RISE State Level Campaign to start in January

'നയി ചേതന' 3.0 ദേശീയ ക്യാമ്പയിന്‍ സമാപനം: സംസ്ഥാനത്ത് 1070 സി.ഡി.എസിലും കുടുംബശ്രീയുടെ ജെന്‍ഡര്‍ കാര്‍ണിവല്‍ ഡിസംബര്‍ 23ന്

Posted on Wednesday, December 18, 2024

ഡിസംബര്‍ 23ന് സംസ്ഥാനത്ത് 1070 കുടുംബശ്രീ സി.ഡി.എസുകളിലും ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ഇന്ത്യയൊട്ടാകെ സംഘടിപ്പിച്ചു വരുന്ന 'നയി ചേതന' ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍റെ സമാപനത്തോടനുബന്ധിച്ചാണിത്. 'സ്ത്രീധനവും സ്ത്രീകളുടെ അവകാശവും' എന്ന വിഷയത്തില്‍ വിവിധ മേഖകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ഓപ്പണ്‍ ഫോറത്തോടു കൂടിയാകും ഓരോ സി.ഡി.എസിലും കാര്‍ണിവല്‍ ആരംഭിക്കുക. ഇതു കൂടാതെ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഒരുമാസമായി സി.ഡി.എസുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം, ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിക്കല്‍, പോഷകാഹാര ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളും കാര്‍ണിവലില്‍ അരങ്ങേറും. കാര്‍ണിവല്‍ വന്‍ വിജയമാക്കുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, ബാലസഭാംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ, ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം  കൂടി  ഉറപ്പു വരുത്തും.

ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനമായും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്, ഓക്സിലറി ഗ്രൂപ്പുകള്‍, 854 ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പു വരുത്തുന്ന പോഷ് ആക്ട് സംബന്ധിച്ച ക്ളാസുകള്‍, എല്ലാ സ്ഥാപനങ്ങളിലും ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ച  പരിശീലനങ്ങള്‍ എന്നിവ ഇതില്‍ മുഖ്യമാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരേ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കല്‍,  പുരുഷന്‍മാര്‍, ആണ്‍കുട്ടികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ചകള്‍, ജെന്‍ഡര്‍ ക്വിസ്, ഗ്രൂപ്പ് ചര്‍ച്ചകള്‍,  പോസ്റ്റര്‍-ഹാഷ്ടാഗ്-ചുവര്‍ചിത്ര ക്യാമ്പെയ്നുകള്‍, പ്രതിജ്ഞയെടുക്കല്‍, തെരുവു നാടകങ്ങള്‍, ഫ്ളാഷ് മോബ്, ഹ്രസ്വചിത്ര പ്രദര്‍ശനം പോലുള്ള പരിപാടികളും അരങ്ങേറി. പലയിടത്തും സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാരുടെയും ആണ്‍കുട്ടികളുടെയും സജീവ പങ്കാളിത്തവും ദൃശ്യമായി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍.  

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ  ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന ദേശീയതല ക്യാമ്പയിനാണ്  'നയി ചേതന'.  'ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ' എന്നതാണ് ഈ വര്‍ഷത്തെ ആശയം. സ്ത്രീകള്‍, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ സ്വന്തം അവകാശത്തില്‍ അധിഷ്ഠിതമായി നിര്‍ഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 'നയി ചേതന'. ക്യാമ്പെയിന്‍ ഏറ്റെടുത്തു കൊണ്ട് ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു. ഈ വര്‍ഷവും അയല്‍ക്കൂട്ട എ,ഡി.എസ്, സി.ഡി.എസ്, ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ പൂര്‍ത്തിയാകുമ്പോള്‍ 46ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ഇതിന്‍റെ ഭാഗമാകും.

Content highlight
kudumbashree to conduct gender carnival as part of nayi chetana 3.0 gender campaign on 23rd

വയനാട് മൈക്രോപ്ലാന്‍ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Monday, December 16, 2024

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടുബശ്രീ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 12ന്‌ മേപ്പാടി എം.എസ്.എ ഹാളില്‍ അദ്ദേഹം നിര്‍വഹിച്ചു.

ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്ളാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി കര്‍മ്മ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീക്ക് സമയബന്ധിതമായി ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിലും നേട്ടം കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകള്‍ ഏകോപിപ്പിച്ചത്. വ്യവസായ വകുപ്പ് എം.എം.ജി, പി.എം.ഇ.ജി.പി ധനസഹായ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.

പട്ടികജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കുടുബശ്രീ പ്രത്യാശ ആര്‍.എഫ് ധനസഹായ വിതരണം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാമൂഹ്യ നീതി വകുപ്പ് സ്വാശ്രയ ധനസഹായം വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി.അനുപമ ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ കര്‍മ്മ പദ്ധതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എസ്. സീറാം സാംബശിവറാവു ഐ.എ.എസ്, കുടുംബശ്രീ ആക്ഷന്‍ പ്ലാന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് എന്നിവര്‍ അവതരിപ്പിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകോപനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബി. നാസര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാഡി, ബ്ലോക്ക് പഞ്ചായത്തംഗം സി.രാഘവന്‍, കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ.ബാലസുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മൈക്രോ പ്ലാന്‍

ദുരന്തത്തിനിരയായ 1084 കുടുംബങ്ങളിലെ 4636 പേരെയും ഉള്‍പ്പെടുത്തി ഇവരുടെ ആവശ്യങ്ങളെ സമഗ്രമായി വിലയിരുത്തി പരിഹാരം കണ്ടെത്താനുതകുന്ന രീതിയിലാണ് ആറ് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുളളത്. ജില്ലാ ആസൂത്രണ സമിതിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ച മൈക്രോ പ്ളാന്‍ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത കുടുംബങ്ങള്‍ നിലവില്‍ അധിവസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന് മൈക്രോ പ്ളാനിലെ വിവരങ്ങളും ഭാവി പരിപാടികളും വിശദീകരിക്കും. അതിജീവിതര്‍ക്ക് എത്രയും വേഗം ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അടിയന്തര പ്രാധാന്യം നല്‍കുന്നത്. ഇതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിലവിലുള്ള ഹ്രസ്വകാല പദ്ധതികള്‍ പ്രയോജനപ്പെടുത്തും. ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കും. സമയബന്ധിതമായി പദ്ധതി നടത്തിപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിര്‍വ്വഹണ യൂണിറ്റും തുടങ്ങും.

അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സമഗ്ര കര്‍മ്മ പദ്ധതിയും

ഇത് കൂടാതെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ കുടുംബശ്രീ സമഗ്ര കര്‍മ്മ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുന്നത് വരെ ഓണ്‍ലൈനായും ഓഫ് ലൈനായും അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരും. എല്ലാ മാസത്തിലും എ.ഡി.എസ് തലത്തില്‍ ക്ലസ്റ്റര്‍ സംഗമം നടത്തും. മുഴുവന്‍ അംഗങ്ങളെയും അയല്‍ക്കൂട്ടത്തില്‍ ചേര്‍ക്കും. സാമൂഹിക മാനസിക കൗണ്‍സിലിങ്ങ് ജെന്‍ഡര്‍ ടീം സഹായത്തോടെ തുടരും. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി ഏര്‍പ്പെടുത്തും. ജീവന്‍ ദീപം, ഒരുമ ഇന്‍ഷൂറന്‍സ് അനുവദിച്ച് നല്‍കല്‍, മുണ്ടക്കൈ വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ ദുരന്തലഘൂകരണ ഫണ്ട് നല്‍കല്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് കുടുംബശ്രീ ദുരന്തബാധിതര്‍ക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്.

ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബാങ്കിങ്ങ് സഖിമാരെ നിയോഗിക്കും. 

കാര്‍ഷികാനുബന്ധപദ്ധതികള്‍, കാര്‍ഷിക യന്ത്രത്തിനുള്ള ധനസസഹായം, കാര്‍ഷിക അനുബന്ധ കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ധനസഹായം, വിവിധ കൃഷിയിലുള്ള പരിശീലനം, മൃഗ സംരക്ഷണമേഖലയിലുള്ള പദ്ധതികള്‍ ധനസഹായങ്ങള്‍ എന്നിവയെല്ലാം കര്‍മ്മ പദ്ധതിയിലുണ്ട്. സൂക്ഷ്മസംരംഭ മേഖലയില്‍ തൊഴില്‍ ആവശ്യമുള്ള 568 പേരെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെല്ലാം പ്രാപ്യമായ പദ്ധതികളും പരിഗണനയിലുണ്ട്. വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍, അപ്പാരല്‍ പാര്‍ക്ക് തുടങ്ങിയവയെല്ലാം ദുരന്തബാധിതരുടെ അതിജീവനത്തിനും ഉപജീവനത്തിനുമായി കുടുംബശ്രീ തയ്യാറാക്കിയ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

asd

 

Content highlight
Wayanad Micro Plan Inaugurated sd

വയനാടിന്‍റെ അതിജീവനത്തിന് വീണ്ടും പെണ്‍കരുത്തിന്‍റെ കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53 ലക്ഷം രൂപ കൂടി നല്‍കി കുടുംബശ്രീ

Posted on Thursday, December 12, 2024
ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ വീണ്ടും കൈത്താങ്ങുമായി കുടുംബശ്രീയുടെ പെണ്‍കൂട്ടായ്മ. അയല്‍ക്കൂട്ട അംഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ സമാഹരിച്ച 53,19,706 ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്‍റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഇന്നലെ (11-12-2024) മുഖ്യമന്ത്രിക്ക് കൈമാറി. 
 
 ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നും 20,05,00,682 കോടി രൂപയും കുടുംബശ്രീയുടെ കീഴിലുള്ള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 രൂപയും ചേര്‍ത്ത് 20,07,05,682 രൂപ സമാഹരിച്ചു ദുരിതശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇതു കൂടി ചേര്‍ത്ത് ആകെ 20,60,25,388 രൂപയാണ് കുടുംബശ്രീയുടെ സംഭാവന.  
 
വയനാടിന്‍റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അയല്‍ക്കൂട്ട അംഗങ്ങള്‍ ഒന്നടങ്കം മുന്നോട്ടു വന്നതാണ് ഇത്രയും തുക സമാഹരിക്കാന്‍ വഴിയൊരുക്കിയത്.  
 
DFS

 

Content highlight
Kudumbashree handsover Rs. 53 lakh as second phase installement to CMDRF