വാര്‍ത്തകള്‍
കുടുംബശ്രീ എസ്.വി.ഇ.പി പദ്ധതി വഴി രൂപീകരിച്ചത് 40187 സൂക്ഷ്മ സംരംഭങ്ങള്‍
സംസ്ഥാനത്ത് പദ്ധതിക്കായി അനുമതി ലഭിച്ച 43 ബ്ളോക്കുകളില്‍ 33 എണ്ണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന മിഷനുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടത്തിപ്പ്. 28705 സംരംഭങ്ങള്‍ക്ക് കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് ഇനത്തില്‍ 117.93 കോടി രൂപയുടെ വായ്പാ സഹായവും പദ്ധതി വഴി ലഭ്യമാക്കി. അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും പദ്ധതി സഹായകമാകുന്നു.
2017-ല്‍ എറണാകുളം ജില്ലയിലെ വടവുകോട്, പത്തനംതിട്ടയില്‍ പറക്കോട് ബ്ളോക്കുകളിലാണ് കേന്ദ്രാവിഷ്കൃത സൂക്ഷ്മ സംരംഭ വികസന പദ്ധതിയായ എസ്.വി.ഇ.പി പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബ്ളോക്കുകളില്‍ പദ്ധതി നടത്തുന്നതിനുളള കേന്ദ്രാനുമതി കുടുംബശ്രീ നേടിയെടുക്കുകയായിരുന്നു.
അയല്‍ക്കൂട്ട വനിതകള്‍ക്കായി ചെറുകിട സംരംഭങ്ങളുടെ രൂപീകരണവും ഒപ്പം ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും ഉല്‍പാദനവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഉല്‍പന്ന വിപണനത്തിനുള്ള പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.
എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി ഓരോ ബ്ളോക്കിലും അതത് ബ്ളോക്കിനു കീഴിലെ സി.ഡി.എസ് അധ്യക്ഷമാരും വരുമാനദായക ഉപസമിതികണ്‍വീനര്‍മാരും അംഗങ്ങളായ ബി.എന്‍.എസ്.ഇ.പി(ബ്ളോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്‍റര്‍പ്രൈസ് പ്രമോഷന്‍)യും പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി
സംരംഭകര്‍ക്ക് ആവശ്യമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, തൊഴില്‍ വൈദഗ്ധ്യ പരിശീലനം, ബാങ്ക് വായ്പ, ഉല്‍പന്ന വിപണനം, ബ്രാന്‍ഡിങ്ങ്, കുടുംബശ്രീയുടെയും വിവിധ വകുപ്പുകളുടെയും സ്കീമുകള്‍ വഴി ലഭ്യമാകുന്ന സാമ്പത്തിക പിന്തുണകള്‍ എന്നിവ ബി.എന്‍.എസ്.ഇ.പിയിലെ കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാര്‍ മുഖേന ലഭ്യമാക്കും. ഗ്രാമീണ മേഖലയില്‍ സംരംഭരൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള ബ്ളോക്ക് റിസോഴ്സ് സെന്‍ററുകളുമായി ചേര്‍ന്നു കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി കുടുംബശ്രീ 'പ്രത്യാശ' പദ്ധതി: ജീവിതമാര്‍ഗം തുറന്നു കിട്ടിയത് 2167 പേര്‍ക്ക്
ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന പാവപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി കുടുംബശ്രീ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രത്യാശ. ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി വ്യക്തിഗത സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 50,000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് പരമാവധി 2,50,000/- രൂപ വരെയും സ്റ്റാര്‍ട്ടപ് ഫണ്ട് ഇനത്തില്‍ സാമ്പത്തിക സഹായമായി നല്‍കുന്നുണ്ട്.
പ്രാദേശിക തൊഴില്‍ദാന കേന്ദ്രങ്ങളായി കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സംസ്ഥാനത്ത് സജീവമാകുന്നു നിലവില്‍ 13 ജില്ലകളിലായി ബ്ളോക്ക്തലത്തില്‍ 29 എം.ഇ.ആര്‍.സികള്‍
അയല്‍ക്കൂട്ട വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍(എം.ഇ.ആര്‍.സി) ബ്ളോക്ക്തലത്തില്‍ സജീവമായി. തൊഴിലും വരുമാന സാധ്യതകളും വര്‍ധിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള പിന്തുണകള്‍ ലഭ്യമാക്കുകയാണ് എം.ഇ.ആര്‍.സികളുടെ ലക്ഷ്യം. നിലവില്‍ പതിമൂന്ന് ജില്ലകളിലായി 29 ബ്ളോക്കുകളില്‍ എം.ഇ.ആര്‍.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലുള്ള സംരംഭങ്ങള്‍ക്കും പുതുതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ഉള്‍പ്പെടെ ഇതുവഴി പിന്തുണകള്‍ ലഭ്യമാക്കി വരികയാണ്.
അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ബ്ളോക്ക്തലത്തില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കുടുംബശ്രീയുടെ പ്രാദേശിക തൊഴില്‍ദാന കേന്ദ്രങ്ങളാണ് എം.ഇ.ആര്‍.സികള്‍. കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങളുടെ വിപുലീകരണവും പ്രാദേശിക സാമ്പത്തിക വികസനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വേതനാധിഷ്ഠിത തൊഴില്‍ നേടുന്നതിനാവശ്യമായ സഹായങ്ങള്‍, നൂതന ആശയങ്ങള്‍ അടിസ്ഥാനമാക്കി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കാവശ്യമായ പ്രോത്സാഹനം ഉല്‍പന്ന വിപണനത്തിന് ആവശ്യമായ പിന്തുണകള്‍ എന്നിവ ഇതിലൂടെ ലഭ്യമാക്കുന്നു. കൂടാതെ തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നു. മേഖലാതലത്തില്‍ സംരംഭങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനായതും ശ്രദ്ധേയമായ നേട്ടമാണ്. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും പദ്ധതി ഏറെ സഹായകമാകുന്നുണ്ട്.
എം.ഇ.ആര്‍.സികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കോള്‍ സെന്‍റര്‍, ഹെല്‍പ് ഡെസ്ക് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ജില്ലാമിഷനെയും സി.ഡി.എസുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകമായാണ് എം.ഇ.ആര്‍.സി പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എം.ഇ.ആര്‍.സി വഴി ലഭിക്കും.
എം.ഇ.ആര്‍.സി സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഓരോ ജില്ലയ്ക്കും ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ പദ്ധതി വിഹിതത്തില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഓഫീസ് നവീകരണം, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പ്രവര്‍ത്തന മൂലധനം, അടിസ്ഥാന സൗകര്യ വികസനം, യന്ത്രസാമാഗ്രികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാര്‍ക്കാണ് എം.ഇ.ആര്‍.സിയുടെ നടത്തിപ്പ് ചുമതല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം, പോഷകം, ആരോഗ്യം, വെള്ളം, ശുചിത്വം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച പോഷകാഹാര ലഭ്യതയും ആരോഗ്യവും ശുചിത്വവും കുടിവെളളവും ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി സംസ്ഥാനത്ത് ശ്രദ്ധേയമാകുന്നു. കുടുംബശ്രീയുടെ കീഴിലുള്ള 48 ലക്ഷം അംഗങ്ങള്‍ക്കും ഇതു സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി 42 ലക്ഷത്തിലേറെ അയല്‍ക്കൂട്ട അംഗങ്ങളില്‍ ആര്‍ത്തവ ശുചിത്വം, സ്ത്രീകള്‍ക്ക് പോഷകാഹാരത്തിന്‍റെ അനിവാര്യത എന്നിവയുമായി ബന്ധപ്പെട്ട് അവബോധ പരിശീലനങ്ങള്‍ ലഭ്യമാക്കി. 2678 ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കും അവബോധം നല്‍കി.
2015-ല്‍ അട്ടപ്പാടിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. അയല്‍ക്കൂട്ട അംഗങ്ങള്‍, കുട്ടികള്‍ എന്നിവരെ കേന്ദ്രീകരിച്ചു കൊണ്ട് കുടുംബശ്രീ സി.ഡി.എസുകളിലും എ.ഡി.എസുകളിലുമാണ് പ്രവര്‍ത്തനങ്ങള്‍. ഇതിനകം 791 ഭക്ഷ്യമേളകള്‍, 27 മെഡിക്കല്‍ ക്യാമ്പുകള്‍, കൂടാതെ പോഷകാഹാര അവബോധം നല്‍കുന്നതിന്‍റെ ഭാഗമായി 1112 പോഷകാഹാര മേളകള്‍, മൈക്രോ ഗ്രീന്‍ കൃഷി എന്നിവയും സംഘടിപ്പിച്ചു.
പട്ടികവര്‍ഗ മേഖലയില്‍ പദ്ധതി നടത്തിപ്പിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി 'ഒസ്റ' ബോധവല്‍ക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ആര്യാട് ബ്ളോക്കുകളില്‍ സംഘടിപ്പിച്ച 'ശ്രദ്ധ' കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ വഴി 2243 കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രാഥമിക പരിശോധനയും ബോധവല്‍ക്കരണ ക്യാമ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ വകുപ്പുകളുടെയും രാജ്യാന്തര സംഘടനകളുടെയും സഹകരണവും കുടുംബശ്രീ ഉറപ്പുവരുത്തുന്നു. ഇതിന്‍റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്നു കൊണ്ട് 387 സി.ഡി.എസുകളില്‍ 'പോഷന്‍ മാ' ക്യാമ്പയിന്‍, യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ചേര്‍ന്നുകൊണ്ട് എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 1732 റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചു.
കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 154 മോഡല്‍ സി.ഡി.എസുകളില്‍ ഹാപ്പി കേരളം പദ്ധതിയും നടപ്പാക്കുന്നു.
കെ-ടാപ് : 12 മുന്‍നിര കാര്‍ഷിക സാങ്കേതിക വിദ്യകള്‍ക്കായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും ധാരണാപത്രത്തില്‍ ഒപ്പിട്ടു

കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ്-കിബ്സ്: തൊഴില്‍ ലഭിച്ചത് 1190 പേര്‍ക്ക്
കുടുംബശ്രീ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ എറണാകുളം ആസ്ഥാനമാക്കിയാണ് കിബ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍. ട്രാവന്‍കൂര്‍ കൊച്ചി സയന്‍റിഫിക് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരമാണ് കിബ്സിന്‍റെ രൂപീകരണം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നല്‍കുന്ന ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററാണ് കിബ്സ്. കൊച്ചി റെയില്‍ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്ന 585 കുടുംബശ്രീ വനിതകള്‍ക്ക് അഭിമാനകരമായ ജോലി ലഭ്യമായതും കിബ്സ് വഴിയാണ്. ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിര്‍മാണം, കിച്ചണ്‍, കാന്‍റീന്‍, പാര്‍ക്കിങ്ങ് എന്നീ വിഭാഗങ്ങളിലാണ് ഇവരുടെ സേവനം. കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ജോലി ലഭ്യമായതും കിബ്സ് വഴിയാണ്.
കൊച്ചി റെയില്‍ മെട്രോയ്ക്കു ശേഷം കൊച്ചി വാട്ടര്‍ മെട്രോയിലും ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ് എന്നീ ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള മുപ്പത് പേരും കുടുംബശ്രീ വനിതകളാണ്. കിബ്സ് വഴിയാണ് ഇവര്‍ക്കും തൊഴില്‍ ലഭ്യമായത്. കിബ്സ് വഴി വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള വേതനവും ഇ.എസ്.ഐ, പ്രൊവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവ്: പതിനേഴ് വിഭാഗങ്ങളില്‍ കുടുംബശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പതിനേഴ് വിഭാഗങ്ങളിലെ അവാര്‍ഡ് വിജയികളെ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മികച്ച അയല്‍ക്കൂട്ട വിഭാഗത്തില്‍ ഒന്നാം സ്ഥാനം പൗര്‍ണ്ണമി അയല്‍ക്കൂട്ടം ( സുല്‍ത്താന്‍ ബത്തേരി സി.ഡി.എസ്, വയനാട്) രണ്ടാം സ്ഥാനം ഭാഗ്യശ്രീ (ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) മൂന്നാം സ്ഥാനം അശ്വതി അയല്‍ക്കൂട്ടം (തിരുവാണിയൂര്‍ സി.ഡി.എസ്, എറണാകുളം)
മികച്ച എ.ഡി.എസ് വിഭാഗത്തില്‍ തിച്ചൂര്‍ എ.ഡി.എസ്(വരവൂര്‍ സി.ഡി,എസ്, തൃശൂര്‍) ഒന്നാം സ്ഥാനവും പുന്നാംപറമ്പ് എ.ഡി.എസ്(ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) രണ്ടാം സ്ഥാനവും മാട്ടറ എ.ഡി.എസ്(ഉളിക്കല്‍, കണ്ണൂര്‍) മൂന്നാം സ്ഥാനവും നേടി.
മികച്ച ഓക്സിലറി ഗ്രൂപ്പിനുള്ള ഒന്നാം സ്ഥാനം വയനാട് സുല്‍ത്താന്‍ ബത്തേരി സി.ഡി.എസിലെ ധ്വനി ഓക്സിലറി ഗ്രൂപ്പിനാണ്. രണ്ടാം സ്ഥാനം പുനര്‍ജ്ജനി(പോര്‍ക്കുളം, തൃശൂര്‍) ഗ്രൂപ്പിനാണ്. മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ സി.ഡി.എസിലെ വിങ്ങ്സ് ഓഫ് ഫയര്‍, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സി.ഡി.എസിലെ വൈഭവം ഓക്സിലറി ഗ്രൂപ്പും പങ്കിട്ടു.
മികച്ച ജില്ലാ മിഷനുള്ള അവാര്‍ഡ് കൊല്ലം ജില്ലാ മിഷന്‍ നേടി. തൃശൂര്‍ ജില്ലാമിഷനാണ് രണ്ടാം സ്ഥാനം. എറണാകുളം, വയനാട് ജില്ലാ മിഷനുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
മികച്ച ഊരുസമിതി വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്ത് സമിതിയിലെ ദൈവഗുണ്ഡ് ജെല്ലിപ്പാറ ഊരുസമിതിക്കാണ് ഒന്നാം സ്ഥാനം. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിലെ സ്ത്രീശക്തി ഊരുസമിതിക്കാണ് രണ്ടാം സ്ഥാനം.
മികച്ച സംരംഭ ഗ്രൂപ്പ് വിഭാഗത്തില്‍ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റ്(താഴെക്കാട് സി.ഡി.എസ്, മലപ്പുറം) ഒന്നാം സ്ഥാനവും ഐശ്വര്യ ശ്രീ അമൃതം ഫുഡ്സ്(തിരുമിറ്റക്കോട്, പാലക്കാട്) രണ്ടാം സ്ഥാനവും നന്‍മ ഫുഡ് പ്രോസസിങ്ങ് യൂണിറ്റ്(പൊഴുതന, വയനാട്) മൂന്നാം സ്ഥാനവും നേടി.
മികച്ച സംരംഭക വിഭാഗത്തില്‍ ശരീഫ(മലപ്പുറം നഗരസഭാ സി.ഡി.എസ്-2, മലപ്പുറം) ഒന്നാം സ്ഥാനവും ഏലിയാമ്മ ഫിലിപ്പ്(പനത്തടി, കാസര്‍കോട്) രണ്ടാം സ്ഥാനവും സന്ധ്യ ജെ(പുളിമാത്ത്, തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.
മികച്ച ഓക്സിലറി സംരംഭ വിഭാഗത്തില്‍ ടീം ഗ്രാമം (പൂതാടി, വയനാട്) ഒന്നാം സ്ഥാനവും, വണ്‍ 18 (വരവൂര്‍, തൃശൂര്‍) രണ്ടാം സ്ഥാനവും നേടി. എ.ജീസ് ആരണ്യകം ഹോംസ്റ്റേ ആന്‍ഡ് കഫേ (അമരമ്പലം, മലപ്പുറം)യ്ക്കാണ് മൂന്നാം സ്ഥാനം.
മികച്ച സി.ഡി.എസ്(സംയോജന പ്രവര്‍ത്തനം, തനതു പ്രവര്‍ത്തനം, ഭരണ നിര്‍വഹണം, മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനം) വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ സി.ഡി.എസിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസ് രണ്ടാം സ്ഥാനവും തൃശൂര്‍ ജില്ലയിലെ വരവൂര്‍ സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി.
മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം തൃശൂര്‍ ജില്ലയിലെ വരവൂര്‍ സിഡി.എസ് നേടി. കിനാലൂര്‍-കരിന്തളം(കാസര്‍കോട്)
മികച്ച സി.ഡി.എസ്(ട്രൈബല്‍ പ്രവര്‍ത്തനം) വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇടുക്കി ജില്ലയിലെ മറയൂര്‍ സി.ഡി.എസ് നേടി. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിനാണ് രണ്ടാം സ്ഥാനം.
മികച്ച സി.ഡി.എസ്(കാര്‍ഷിക മേഖല, മൃഗസംരക്ഷണം) വിഭാഗത്തില്‍ വരവൂര്‍(തൃശൂര്‍) സി.ഡി.എസ് ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക സി.ഡി.എസ് രണ്ടാം സ്ഥാനവും എറണാകുളം ജില്ലയിലെ വാളകം സി.ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച സി.ഡി.എസ്(കാര്‍ഷികേതര ഉപജീവനം) വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ മരിയാപുരം സി.ഡി.എസ് ഒന്നാം സ്ഥാനം നേടി. മുട്ടില്‍(വയനാട്) രണ്ടാം സ്ഥാനവും ശാസ്താംകോട്ട(കൊല്ലം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച സ്നേഹിത വിഭാഗത്തില്‍ മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മികച്ച ബഡ്സ് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ പഴശ്ശിരാജ(മട്ടന്നൂര്‍ സി.ഡി.എസ്, കണ്ണൂര്‍) ബഡ്സ് സ്കൂളിനാണ് ഒന്നാം സ്ഥാനം. ബഡ്സ് പാരഡൈസ് സ്പെഷല്‍ സ്കൂള്‍(തിരുനെല്ലി, വയനാട്), സ്പെക്ട്രം സ്പെഷല്‍ സ്കൂള്‍(മാറഞ്ചേരി, മലപ്പുറം) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മികച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ വിഭാഗത്തില്‍ വാഴയൂര്‍(മലപ്പുറം)ജി.ആര്‍.സി ഒന്നാം സ്ഥാനവും നന്ദിയോട്(തിരുവനന്തപുരം) രണ്ടാം സ്ഥാനവും പള്ളിപ്പുറം(എറണാകുളം) മൂന്നാം സ്ഥാനവും നേടി.
മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലയ്ക്കുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ല കരസ്ഥമാക്കി. തൃശൂര്‍, എറണാകുളം ജില്ലാ മിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇതിന് മുമ്പ് മികച്ച സി.ഡി.എസുകള്‍ക്ക് അവാര്‍ഡു നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയും വിഭാഗങ്ങളിലെ പ്രവര്‍ത്തനമികവിന് കുടുംബശ്രീ അംഗീകാരം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും മികവുറ്റതും ശ്രദ്ധേയവുമായ നേട്ടങ്ങള്‍ക്ക് ആദരം നല്‍കുന്നതിന്‍റെയും ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി അധ്യക്ഷയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കണ്‍വീനറുമായിട്ടുള്ള സംസ്ഥാനതല പുരസ്കാര നിര്‍ണയ കമ്മിറ്റിയാണ് പതിനേഴ് വിഭാഗങ്ങളില്‍ നിന്നുള്ള സംസ്ഥാനതല വിജയികളെ തിരഞ്ഞെടുത്തത്. സംസ്ഥാനതലത്തില്‍ വിജയികളായ എല്ലാവര്‍ക്കും കാഷ് അവാര്‍ഡും മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം കുടുംബശ്രീ ദിനമായ മെയ് പതിനേഴിന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീര്‍ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ കെ.യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് കൊല്ലത്തും ; മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു
പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി വഴി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത് 90237 വീടുകള്‍
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 90237 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സംസ്ഥാനത്താകെ 127048 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രാനുമതി. ഇതിനായി കേന്ദ്ര സംസ്ഥാന വിഹിതം ഉള്‍പ്പെടെ 2124.68 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്രകാരം അനുമതി ലഭിച്ചതില്‍ 90237 വീടുകളുടെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ള 36811 വീടുകളുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും. ഇതോടെ ഭവനരഹിതരായ 127048 ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.
ഭവനരഹിതരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ളതും വാസയോഗ്യവുമായ ഭവനം ലഭ്യമാക്കിയതു വഴി സമൂഹത്തില്‍ അന്തസോടെ ജീവിക്കുന്നതിനും പദ്ധതി വഴിയൊരുക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ഈ നേട്ടം.
'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 93 നഗരസഭകളിലും ലൈഫ് മിഷനുമായി സംയോജിച്ചു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഗുണഭോക്തൃ കേന്ദ്രീകൃത ഭവനനിര്‍മാണം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നേടിയിട്ടുള്ളത്.
പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി പ്രകാരം മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപ പദ്ധതി വഴി ലഭിക്കും. ഇതില്‍ രണ്ടു ലക്ഷം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ സംസ്ഥാന വിഹിതവും ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ഒന്നര ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം.
ഗുണഭോക്താക്കള്‍ക്ക് സ്വന്തം ഭവനം നേടാന്‍ പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിയും സഹായകമായിട്ടുണ്ട്. ഇതു പ്രകാരം ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കും. നാളിതു വരെ 32651 കുടുംബങ്ങള്‍ക്ക് ഇപ്രകാരം വായ്പ ലഭ്യമാക്കി.
ഭൂരഹിത ഭവനരഹിതര്‍ക്കു വേണ്ടി ലൈഫ് മിഷനുമായി സഹകരിച്ചു കൊണ്ട് 970 യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന 11 ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതിയും കുടുംബശ്രീ നേടിയെടുത്തിരുന്നു. ഇതില്‍ 530 യൂണിറ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.
Pagination
- Previous page
- Page 16
- Next page



