'നവകേരളം' സംസ്ഥാന ഭാഗ്യക്കുറികള്‍: കുടുംബശ്രീ വനിതകള്‍ മുഖേന വിറ്റഴിച്ചത് ഏഴുകോടി രൂപയുടെ ടിക്കറ്റ്

Posted on Sunday, September 30, 2018

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണത്തിനുമായി അധിക തുക സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച 'നവകേരള ഭാഗ്യക്കുറി' വില്‍പന കുടുംബശ്രീ വനിതകള്‍ മുഖേന ഊര്‍ജിതമാകുന്നു. ഇതുവരെ ഏഴു കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. അതിനുള്ളില്‍ പരമാവധി ടിക്കറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കുന്നതിനെ സഹായിക്കുന്നതിനാണ് കുടുംബശ്രീയുടെ ശ്രമങ്ങള്‍.

    ആകെ 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുന്നതിനാണ് ഭാഗ്യക്കുറി വകുപ്പ് ലക്ഷ്യമിടുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം തൊണ്ണൂറ് പേര്‍ക്ക് ലഭിക്കും. കൂടാതെ രണ്ടാം സമ്മാനമായി അയ്യായിരം രൂപ വീതം ഒരുലക്ഷത്തി എണ്ണൂറ് പേര്‍ക്കും ലഭിക്കും. ഭാഗ്യക്കുറി വില്‍പനയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 1064 കുടുംബശ്രീ സി.ഡി.എസുകളില്‍ 1021 സി.ഡി.എസുകളും കാഷ്വല്‍ ഏജന്‍സിയെടുത്തിരുന്നു. ഇതുവഴി 13673 കുടുംബശ്രീ വനിതാ ഏജന്‍റ്മാര്‍ ടിക്കറ്റ് വില്‍പനയുമായി മുന്നേറുകയാണ്. ഇതുവരെ 280000 ടിക്കറ്റുകളാണ് ഇവര്‍ മുഖേന വിറ്റഴിച്ചത്. ലോട്ടറി വില്‍പന ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി അതിന്‍റെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ അംഗങ്ങള്‍ എല്ലാ ജില്ലകളിലും എട്ടുകേന്ദ്രങ്ങളിലായി തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചു വരികയാണ്.  

     കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കാഷ്വല്‍ ഏജന്‍സി എടുത്ത് നവകേരളം ഭാഗ്യക്കുറി വില്‍ക്കുന്നതിനായി സര്‍ക്കാര്‍ അവസരം നല്‍കിയതിനെ തുടര്‍ന്ന് നിരവധി സി.ഡി.എസുകളണ് മുന്നോട്ടു വന്നത്.  ഇപ്പോഴും സി.ഡി.എസുകള്‍ ഏജന്‍സിയെടുക്കാന്‍  തയ്യാറായി വരുന്നുണ്ട്. സി.ഡി.എസുകളെ കൂടാതെ കുടുംബശ്രീയുടെ പിന്തുണാ സംവിധാനങ്ങളായ കാസ്, മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാര്‍, വിവിധ പരിശീലന ഗ്രൂപ്പുകള്‍ എന്നിവരും കാഷ്വല്‍ ഏജന്‍സി എടുത്ത്  ടിക്കറ്റ് വില്‍പന രംഗത്ത് സജീവമായിട്ടുണ്ട്. പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നിന്നുള്ള കുടുംബശ്രീ പരിശീലന ഗ്രൂപ്പുകളിലെ ഒരാളെ വീതം ഉള്‍പ്പെടുത്തി പരിശീലനവും നല്‍കിയിരുന്നു.   

   ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. പത്തു ടിക്കറ്റുകളുള്ള ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും. ആകര്‍ഷകമായ കമ്മീഷനുമുണ്ട്. പത്ത് ടിക്കറ്റുകള്‍ വില്‍ക്കുമ്പോള്‍ ഏജന്‍റിന് 557 രൂപ കമ്മീഷനായി ലഭിക്കും. കൂടാതെ സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ പ്രൈസ് മണിയുടെ പത്ത് ശതമാനം ഏജന്‍സി പ്രൈസായി സി.ഡി.എസിനും ബാക്കി തുക ഏജന്‍റിനും ലഭിക്കും.

സര്‍ക്കാരിന്‍റ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള അയല്‍ക്കൂട്ട വനിതകളില്‍ നിന്നു സമാഹരിച്ച ഏഴു കോടി രൂപ കഴിഞ്ഞ മാസം 29ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Content highlight
ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. പത്തു ടിക്കറ്റുകളുള്ള ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും.