നഗരസഭാധ്യക്ഷർക്കുള്ള സംസ്ഥാനതല ഏകദിന ശില്പശാല മന്ത്രി എം.വി. ​ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Posted on Wednesday, September 22, 2021

എ.ആർ.എച്ച്.സി പദ്ധതി പ്രഖ്യാപനവും മന്ത്രി നടത്തി

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന  നഗരകാര്യ പദ്ധതികൾ സംബന്ധിച്ച് മേയർമാർക്കും  നഗരസഭാ അധ്യക്ഷൻമാർക്കുമായി സംഘടിപ്പിച്ച സംസ്ഥാനതല ഏക​ഗിന ശില്പശാല തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ (നഗരം) ലൈഫ്,  എൻ.യു.എൽ.എം  പദ്ധതികളുടെ നിർവഹണത്തിൽ ദേശീയ തലത്തിൽ തന്നെ സംസ്ഥാനം മികവ് പുലർത്തുന്നുവെന്നും സമയബന്ധിതവും കാര്യക്ഷമവുമായ നിർവഹണം, മികച്ച സംയോജന മാതൃകകൾ, കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഇടപെടൽ എന്നിവയിലൂടെ ഇരു പദ്ധതികളുടെയും നിർവഹണം ഫലപ്രദമായി നടന്നുവരികയാണെന്നും സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനുമായി സംയോജിച്ചുകൊണ്ട് സംസ്ഥാനത്തെ പാർപ്പിട പ്രശ്നം വലിയൊരളവു വരെ പരിഹരിക്കാൻ പി.എം.എ.വൈ (നഗരം) ലൈഫ്  പദ്ധതിയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

  നഗരപ്രദേശത്ത് താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നഗരസഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അഫോർഡബിൾ റെന്റൽ ഹൗസിംഗ് കോംപ്ലക്സ് എന്ന പുതിയ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. അതിഥി തൊഴിലാളികൾ, തെരുവ്  കച്ചവടക്കാർ, വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് നഗരപ്രദേശങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുക വഴി നഗര പ്രദേശത്തെ പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനായി രൂപം നൽകിയിട്ടുള്ള പദ്ധതിയാണിത്.  പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥലത്ത് കെട്ടിട സമുച്ചയം നിർമ്മിച്ച് വാടകയ്ക്ക് നൽകാവുന്നതാണ് . ഇത്തരത്തിൽ മുന്നോട്ട് വരുന്ന സ്ഥാപനങ്ങൾക്ക്  കേന്ദ്ര  സംസ്ഥാന സർക്കാരുകൾ വിവിധ തരത്തിലുള്ള ഇളവുകളും ടെക്നോളജി ഇന്നവേഷൻ ഗ്രാന്റായി ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപ വരെ  അധിക സാമ്പത്തിക സഹായവും നൽകും.

 

   മറ്റൊരു കേന്ദ്രാവിഷ്കൃത പദ്ധതിയായ എൻ.യു.എൽ.എം  കുടുംബശ്രീ മുഖേന  നഗരസഭകളിൽ  മികച്ച രീതിയിൽ നടപ്പിലാക്കി വരുന്നു. 2017-18 മുതൽ 2019-20   വരെ തുടർച്ചയായ 3 സാമ്പത്തിക വർഷങ്ങളിലും എൻ.യു.എൽ.എം പദ്ധതി നടത്തിപ്പിനു നമുക്ക് മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് ലഭ്യമായി എന്നത് ഏറെ ശ്രദ്ധേയമാണ്. നഗര ദരിദ്രരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ഉപജീവന വികസനം, നൈപുണ്യ പരിശീലനം. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ, തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കുള്ള അഭയകേന്ദ്രങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ നഗരസഭകൾക്ക് ഏറെ പങ്കുണ്ടെന്നും മന്ത്രി അറിയിച്ചു. തുടർന്നും കുടുംബശ്രീ പ്രവർത്തനങ്ങളിൽ നഗരസഭകളിൽ നിന്ന്  കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. നഗരപ്രദേശത്ത് പാർപ്പിടം, ഉപജീവനം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ അനുബന്ധ വകുപ്പുകളുമായുള്ള സംയോജനത്തിലൂടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്നതിൽ പ്രാദേശിക സർക്കാരുകൾ മുൻകൈ എടുക്കണമെന്ന്  ചടങ്ങിന് അധ്യക്ഷത വഹിച്ച അഡ്വ. വി .കെ. പ്രശാന്ത് അഭിപ്രായപ്പെട്ടു.

pmay one day workshop

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എസ്, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ചേമ്പേഴ്സ് ചെയർമാൻ എം. കൃഷ്ണദാസ്,  നഗരകാര്യ ഡയറക്ടർ രേണു രാജ് ഐ.എ.എസ്  എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ  പി. ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ജഹാംഗീർ. എസ് നന്ദിയും പറഞ്ഞു. തിരുവന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട എന്നീ ജില്ലകളിലെ കോർപ്പറേഷൻ മേയർമാരും നഗരസഭാധ്യക്ഷരും പങ്കെടുത്തു.

Content highlight
One Day Workshop on PMAY (U)-LIFE & NULM organized and Affordable Rental Housing Complexes (ARHCs) announcedmlm