കുടുംബശ്രീ വേനല്‍മധുരം തണ്ണിമത്തന്‍ കൃഷി - 6.8 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, May 13, 2026

വേനല്‍ക്കാലത്ത് ഗുണമേന്മയുള്ള തണ്ണിമത്തന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടത്തിയ 'വേനല്‍മധുരം' തണ്ണിമത്തന്‍ കൃഷി ക്യാമ്പയിന്‍ സൂപ്പര്‍ ഹിറ്റ്. ഈ വേനല്‍ക്കാലത്ത് ഇതുവരെ 6,78,21,791 രൂപയുടെ വിറ്റുവരവാണ് ഡിസംബറില്‍ ആരംഭിച്ച ഈ ക്യാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച 44.45 ലക്ഷം കിലോഗ്രാം തണ്ണിമത്തനിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ സ്വന്തമാക്കിയത്. 1471 കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍ അഥവാ ജെ.എല്‍.ജികളില്‍ അംഗമായ 6711 അയല്‍ക്കൂട്ടാംഗങ്ങളാണ് തണ്ണിമത്തന്‍ കൃഷി ചെയ്തത്. ഒരാള്‍ക്ക് കുറഞ്ഞത് 10,000 രൂപ വരുമാനം ഇത് മുഖേന ലഭിച്ചു കഴിഞ്ഞു. കുടുംബശ്രീ വിപണന കേന്ദ്രങ്ങള്‍, മേളകള്‍, ചന്തകള്‍ എന്നിവ വഴിയാണ് തണ്ണിമത്തന്റെ വില്‍പ്പന നടത്തിയത്.

  144 ബ്ലോക്കുകളിലെ 603 സി.ഡി.എസുകളിലായി 817.78 ഏക്കറില്‍ വേനല്‍മധുരത്തിന്റെ ഭാഗമായി തണ്ണിമത്തന്‍ കൃഷി ചെയ്തിട്ടുണ്ട്. പ്രാദേശികമായി തണ്ണിമത്തന്‍ കൃഷി പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങളിലേക്ക് വിഷരഹിത തണ്ണിമത്തന്‍ എത്തിക്കുകയും അതിലൂടെ ജെ.എല്‍.ജി അംഗങ്ങളായ അയല്‍ക്കൂട്ടാംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, അയല്‍ക്കൂട്ടാംഗങ്ങളെ കാര്‍ഷിക മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് വേനല്‍മധുരം ക്യാമ്പയിന്റെ ലക്ഷ്യം.

 കിരണ്‍, മഹാരാജ, അപൂര്‍വ, ഷുഗര്‍ ബേബി, പക്കീസ, ഷുഗര്‍ ക്വീന്‍, ജൂബിലി കിങ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങിയ ഇനം തണ്ണിമത്തനുകളാണ് കൃഷി ചെയ്തത്. കുറഞ്ഞത് ഒരേക്കറില്‍ കൃഷി ചെയ്യുന്ന കൃഷി സംഘങ്ങള്‍ക്ക് നിലമൊരുക്കുന്നതിനും കൃഷിക്കുമായി 25,000 രൂപ വരെ റിവോള്‍വിങ് ഫണ്ടും സി.ഡി.എസ് മുഖേന ലഭ്യമാക്കിയിരുന്നു.

Content highlight
Kudumbashree venalmadhuram