കുടുംബശ്രീ അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാം: ആദ്യബാച്ചിന് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

Posted on Wednesday, January 10, 2024

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി  അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചിനുള്ള ഏകദിന ഓറിയന്റേഷന്‍ പ്രോഗ്രാം തൈക്കാട് കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ച (ജനുവരി 8) സംഘടിപ്പിച്ചു. എന്‍.യു.എല്‍.എം പദ്ധതി വഴി സംസ്ഥാനത്തെ നഗരമേഖലയിലുണ്ടായ പുരോഗതിയും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം പദ്ധതിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ 93 നഗരസഭകളിലും നടത്തുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചില്‍ 29 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവരില്‍ മൂന്നു പേര്‍ മൂന്നു മാസം സംസ്ഥാനമിഷനിലും ബാക്കിയുള്ള 26 പേര്‍ രണ്ടു മാസം സംസ്ഥാനത്തെ വിവിധ നഗരസഭകളിലും ഇന്റേണ്‍ഷിപ് ചെയ്യും. ഈ മാസം 25നകം ബാക്കി പരിശീലനാര്‍ത്ഥികളെ കൂടി തിരഞ്ഞെടുത്തു കൊണ്ട് 93 നഗരസഭകളിലും ഇന്റേണ്‍ഷിപ് പ്രോഗ്രാം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ നല്‍കുന്ന മൂന്നു പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി ഇവര്‍ മുഖേന തയ്യാറാക്കുന്ന റിപ്പോര്‍ട്ട്  കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയനഗരം ഉപജീവന പദ്ധതി നഗരദരിദ്രര്‍ക്ക് എപ്രകാരം പ്രയോജനപ്പെടുന്നു എന്നതാണ് ആദ്യത്തേത്. ഉല്‍പാദന സേവന മേഖലകളിലെ സംരംഭ സാധ്യതകള്‍  എന്നതാണ് രണ്ടാമത്തെ വിഷയം. 2022-23, 2023-24, സാമ്പത്തിക വര്‍ഷങ്ങളില്‍ നഗര തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് നടപ്പാക്കിയ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ വിലയിരുത്തലും 2024-25 ലെ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കലുമാണ് മൂന്നാമത്തെ വിഷയം. നഗരസഭകളില്‍ ഇന്റേണ്‍ഷിപ്പിനെത്തുന്നവര്‍ ഈ മൂന്നു വിഷയങ്ങളിലും ആവശ്യമായ പഠനങ്ങള്‍ നടത്തി സ്ഥിതി വിവര കണക്കുകള്‍ ശേഖരിക്കും. നഗരസഭകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പദ്ധതി നിര്‍വഹണ ഉദ്യാഗസ്ഥര്‍, പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയാകും വിവരശേഖരണം.

നഗരസഭാതലത്തില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ വിലയിരുത്തുകയും ക്രോഡീകരിക്കുകയും ചെയ്ത് അന്തിമ റിപ്പാര്‍ട്ട് തയ്യാറാക്കുകയാണ് സംസ്ഥാനമിഷനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരുടെ ചുമതല. പദ്ധതി നിര്‍വഹണത്തിലും അതിന്റെ ഗുണപരതയിലും ഉള്‍പ്പെടെ ഏതെല്ലാം മേഖലകളാണ് മെച്ചപ്പെടുത്തേണ്ടത് എന്ന ശുപാര്‍ശയോടെയാകും അന്തിമ റിപ്പോര്‍ട്ട് കുടുംബശ്രീക്ക് സമര്‍പ്പിക്കുക.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, പ്രോഗ്രാം ഓഫീസര്‍(അര്‍ബന്‍) ജഹാംഗീര്‍ എസ് എന്നിവര്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. എന്‍.യു.എല്‍.എം സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ സുധീര്‍ കെ.ബി, മേഘ്‌ന എസ്, നിശാന്ത് ജി.എസ്,പൃഥ്വിരാജ്, സിറ്റി മിഷന്‍ മാനേജര്‍ ശ്യാംകൃഷ്ണ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

tulip

 

Content highlight
kudumbashree TULIP intersniship prohramme orientation for first batch completed