ആഗോളതലത്തില്‍ ഇതാദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി' ജനുവരി 18,19 തീയതികളില്‍ തിരുവനന്തപുരത്ത്‌

Posted on Friday, January 17, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ആഗോളതലത്തില്‍ ഇതാദ്യമായി കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി സംഘടിപ്പിക്കുന്നു. ജനുവരി 18,19 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി.   മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് 2023 ഏപ്രില്‍ മുതല്‍  ബാലസഭാംഗങ്ങള്‍ക്കായി സംഘടിപ്പിച്ചു വരുന്ന 'ശുചിത്വോത്സവം' ക്യാമ്പയിന്‍റെ സമാപനത്തിന്‍റെ ഭാഗമായാണിത്. എല്ലാ ജില്ലകളില്‍ നിന്നുമായി എഴുനൂറ്റി അമ്പതിലേറെ കുട്ടികള്‍ ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുക്കും. മാലിന്യ സംസ്കരണം, പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്നിവ സംബന്ധിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുക, അവരുടെ മനോഭാവത്തില്‍ ക്രിയാത്മകമായ മാറ്റം വരുത്തുക, പ്രവര്‍ത്തനാധിഷ്ഠിത പഠനപ്രക്രിയയിലൂടെ വിജ്ഞാന സ്വാംശീകരണം സാധ്യമാക്കുക, മാലിന്യനിര്‍മാര്‍ജനത്തിന് ഫലപ്രദമായ നവീന ആശയങ്ങള്‍ കണ്ടെത്തുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ശുചിത്വ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍.

18ന് രാവിലെ പത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ പ്രശാന്ത്  എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇന്‍ഡ്യയിലെ പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തക കുമാരി ലിസി പ്രിയ കാങ്ജും മുഖ്യപ്രഭാഷണം നടത്തും. ഡോ.ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്‍റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
 
തങ്ങളുടെ പ്രദേശത്തെ  വിവിധ മേഖലകളില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി മികച്ച രീതിയില്‍ ഗവേഷണവും പഠനവും നടത്തി കുട്ടികള്‍ തന്നെ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ അവതരിപ്പിക്കുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് ഇന്നലെ(16-1-2025) വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വികസനം, വിദ്യാഭ്യാസം, പരിസ്ഥിതി, മാലിന്യം, പ്രകൃതിവിഭവങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികള്‍ പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

 എല്ലാ ജില്ലകളില്‍ നിന്നുമായി 80-ഓളം പ്രബന്ധങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത  20 പ്രബന്ധങ്ങള്‍  പ്രധാന വേദിയായ നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തിലും ബാക്കി  അറുപത്  പ്രബന്ധങ്ങള്‍ മറ്റ് 14 വേദികളിലും അവതരിപ്പിക്കും. എല്ലാ വേദികളിലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകളും ചര്‍ച്ചകളും ഉണ്ടാകും. കുട്ടികള്‍ തന്നെയാണ് മോഡറേറ്ററാവുക. ഇതിനായി വിദഗ്ധ പരിശീലനവും നല്കിയിട്ടുണ്ട്. കുട്ടികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ അതത് തദ്ദേശ സ്ഥാപന അധികൃതര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച് പരിഹാരം തേടാനും ഉദ്ദേശിക്കുന്നു.

പ്രോഗ്രാം ഓഫീസര്‍ ഡോ. ബി.ശ്രീജിത്ത്, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.  

Content highlight
kudumbashree balasabha members international summit on zero waste management will be held on on jan 18 19