കുടുംബശ്രീ കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു

Posted on Saturday, February 23, 2019

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ''കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനി' യുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു . പി.കെ ബിജു എം. പി മുഖ്യതിഥിയായി.  ഇറച്ചിക്കോഴിയുടെ വര്‍ധിച്ചു വരുന്ന ആവശ്യകതയെയും  ഭക്ഷ്യ സുരക്ഷയേയും മുന്‍നിര്‍ത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കെ ബാബു എം എല്‍ എ അധ്യക്ഷനായി. കുടുംബശ്രീ മൃഗ സംരക്ഷണ വിഭാഗം പ്രോഗ്രാം ഓഫിസര്‍ ഡോ. നികേഷ് കിരണ്‍ പദ്ധതി വിശദീകരിച്ചു.

   സമൂഹത്തിലെ അശരണരും നിരാലമ്പരുമായവര്‍ക്ക് സാമൂഹ്യധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുക വഴി അവരെ സാമൂഹികമായി മുഖ്യധാരയിലേക്ക്  കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന ആവിഷ്‌കരിച്ച 'അഗതി രഹിത കേരളം ' പദ്ധതിയുടെ ധന സഹായ വിതരണം പി. കെ. ബിജു എം. പിയും കേരള ചിക്കന്‍ ധന സഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരിയും  നിര്‍വഹിച്ചു. ഇതോടൊപ്പം കേരളത്തില്‍ ആദ്യമായി ഇറച്ചിക്കോഴികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന ജനനി പദ്ധതിയുടെ ഉദ്ഘടാനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

   കേരള ചിക്കന്‍ ബ്രാന്‍ഡില്‍ സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ്  ലഭ്യമാക്കുക. ഫാം, വില്‍പ്പനശാല തുടങ്ങിയ പദ്ധതിയാണ് ഒരുങ്ങുന്നത്. ഇവയുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും വിവിധ മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുത്ത 10 സിഡിഎസുകള്‍ ചേര്‍ന്നാണ് പാലക്കാട് കുടുംബശ്രീ കേരള ചിക്കന്‍ ബ്രീഡേഴ്‌സ് കണ്‍സോര്‍ഷ്യം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ  1000 ദിനാഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

  കുടുംബ ശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈദലവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. പി ഹാരിഫാ ബീഗം നന്ദിയും പറഞ്ഞു. എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രന്‍, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രേമന്‍, അയിലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.  കെ സുകുമാരന്‍, എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍,  പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ്, ശ്രീജ രാജീവ്, കെ പ്രകാശന്‍, സരിത എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

 

 

Content highlight
ഇതോടൊപ്പം കേരളത്തില്‍ ആദ്യമായി ഇറച്ചിക്കോഴികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന ജനനി പദ്ധതിയുടെ ഉദ്ഘടാനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.