കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ലോകത്തിനു മുന്നില്‍ മികച്ച സംരംഭ മാതൃകയാകും: മന്ത്രി എ.സി. മൊയ്തീന്‍

Posted on Thursday, July 25, 2019

          * ആധുനിക പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ്, ബ്രോയ്ലര്‍ പേരന്‍റ് സ്റ്റോക്ക് ഫാം എന്നിവയുള്‍പ്പെടെയുള്ള ആദ്യ മേഖലാ കേന്ദ്രം കഠിനംകുളത്ത്

കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതി ലോകത്തിനു മുന്നില്‍ മികച്ച സംരംഭ മാതൃകയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കഠിനംകുളത്ത് ആരംഭിക്കുന്ന ആദ്യ മേഖലാ കേന്ദ്രത്തിലെ ആധുനിക പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ബ്രോയ്ലര്‍ സ്റ്റോക്ക് പേരന്‍റ് ഫാമിന്‍റെ ശിലാസ്ഥാപനം വനം-വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവും നിര്‍വഹിച്ചു. സെപ്റ്റംബറോടെ 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന പേരില്‍ കോഴിയിറച്ചി വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി കുടുംബശ്രീയുടെ കീഴിലുള്ള മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്(കെ.ബി.എഫ്.പി.സി.എല്‍) രൂപീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യ മേഖലാ യൂണിറ്റാണ് കഠിനംകുളത്ത് വരുന്നത്.


    കേരളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി മിതമായ നിരക്കില്‍ ആവശ്യക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിനു പുറത്തു നിന്നും എത്തുന്ന ഇറച്ചിക്കോഴിക്ക് കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നു. കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഉല്‍പന്നം ലഭ്യമാക്കിക്കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി 1000 കോഴികളെ വീതം വളര്‍ത്താന്‍ കഴിയുന്ന 5000 കര്‍ഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും മികച്ച സംരംഭകരാക്കി മാറ്റുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നീ മൂന്നു മേഖലാ കേന്ദ്രങ്ങളിലും പ്രോസസിങ്ങ് യൂണിറ്റുകളും ബ്രോയ്ലര്‍ പേരന്‍റ്സ്റ്റോക്ക്  ഫാമുകളും ആരംഭിക്കുന്നതോടെ സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചിക്കോഴിയെ ഉല്‍പാദിപ്പിച്ച് വിപണനം നടത്താന്‍ കഴിയും. ഇതോടൊപ്പം സംസ്ഥാനത്ത് കേരള ചിക്കന്‍റെ വിപണനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലകള്‍ തോറും ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നതോടെ ആ മേഖലയിലും നൂറുകണക്കിന് കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലവസരം ലഭിക്കും. ഗുണനിലവാരം കൊണ്ടും വനിതകള്‍ക്ക് തൊഴില്‍ ലഭ്യത കൊണ്ടും ഏറെ പ്രയോജനകരമായ പദ്ധതിയായി കേരള ചിക്കന്‍ പദ്ധതി മാറും. സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി  സംരംഭകത്വമേഖലയില്‍ കുടുംബശ്രീയെ വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

    ഇറച്ചിക്കോഴി ഉല്‍പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്ന്  മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായതിന്‍റെ 25 ശതമാനം മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതാണ്. കേരള ചിക്കന്‍ പദ്ധതി വഴി ഗുണനിലവാരമുള്ള കോഴിയിറച്ചിയുടെ ഉല്‍പാദനവും വിപണനവും ശക്തമാക്കുന്നതിനും കര്‍ഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


   മലയാളിക്ക് ഗുണനിലവാരമുളള ചിക്കന്‍ ലഭ്യമാക്കുന്നതോടൊപ്പം നൂറുകണക്കിന് കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലവസരങ്ങളൊരുക്കി കൊണ്ട് ഈ മേഖലയില്‍ മികച്ച വനിതാ സംരംഭകരെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു.

   കേരളത്തില്‍ തന്നെ ആദ്യത്തെ ഐ.എസ്.ഓ 22000 സര്‍ട്ടിഫൈഡ് പൗള്‍ട്രി പ്രോസസിങ് പ്ലാന്‍റാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഠിനംകുളത്ത് തുടങ്ങുന്നത്. പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ മണിക്കൂറില്‍ 1000 കോഴികളെ ഇറച്ചിയാക്കി പായ്ക്ക് ചെയ്യാന്‍ കഴിയും.  കൂടാതെ ബ്രീഡര്‍ ഫാമുകള്‍ വഴി ആഴ്ചയില്‍ 60000 കോഴിക്കുഞ്ഞുങ്ങളെയും ഉല്‍പാദിപ്പിക്കാന്‍ കഴിയും.

     കെ.ബി.എഫ്.പി.സി.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ പ്രസന്ന കുമാരി സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണവും പ്രോഗ്രാം ഓഫീസര്‍ നികേഷ് കിരണ്‍ വിഷയാവതരണവും നടത്തി. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ഫെലിക്സ്, കുടുംബശ്രീ  ഡയറക്ടര്‍ ആശാ വര്‍ഗീസ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.സുനില്‍ കുമാര്‍ പി.സി, കെ.ബി.എഫ്.പി.സി.എല്‍ ഡയറക്ടര്‍മാരായ ഉഷാറാണി, ഷൈജി  എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു കൃതജ്ഞത അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് 'കെ.ബി.എഫ്.പി.സി.എല്‍-കേരളത്തിലെ ബ്രോയ്ലര്‍ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ' എന്ന വിഷയത്തില്‍ സംരംഭകര്‍ക്കായി സെമിനാറും സംഘടിപ്പിച്ചു.

 

    

 

Content highlight
ഇറച്ചിക്കോഴി ഉല്‍പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.