എൻ.യു.എൽ.എം പദ്ധതി നിർവഹണത്തിലെ മികവ്: ദേശീയ സ്പാർക്ക് റാങ്കിങ്ങിൽ കേരളം ഒന്നാമത്

Posted on Friday, July 19, 2024

കേന്ദ്രാവിഷ്കൃത പദ്ധതി ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എൻ.യു.എൽ.എം) മികച്ച രീതിയിൽ നടപ്പാക്കിയതിന് ദേശീയതലത്തിൽ കേരളത്തിനു വീണ്ടും അംഗീകാര തിളക്കം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2023-24ലെ "സ്പാർക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളം~ഒന്നാം സ്ഥാനം നേടിയത്. ഇതോടെ തുടർച്ചയായി ഏഴു തവണ സ്പാർക്ക് അവാർഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി.  ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. സംസ്ഥാനത്ത്  കുടുംബശ്രീയാണ് പദ്ധതിയുടെ നോഡൽ ഏജൻസി.  

"നേട്ടങ്ങളുടെ ആഘോഷം, പ്രചോദിപ്പിക്കുന്ന മികവ്' എന്ന ആശയത്തെ അടിസ്ഥാനമാക്കി എൻ.യു.എൽ.എം, പി.എം സ്വാനിധി പദ്ധതികളുടെ നേട്ടങ്ങളെ ദേശീയതലത്തിൽ അംഗീകരിക്കുന്നതിനായി  ന്യൂഡൽഹിയിലെ ഇൻഡ്യ ഹാബിറ്റാറ്റ് സെന്ററിൽ ഇന്ന് (18-7-2024) സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ കേന്ദ്രഭവന നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറിൽ നിന്നും കുടുംബശ്രീയെ പ്രതിനിധീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ബീന ഇ, മേഘ്ന എസ് എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.

"ബെസ്റ്റ് ഡെവലപ്മെന്റ് പാർട്ട്ണേഴ്സ്' വിഭാഗത്തിൽ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആൻഡ് ഒാഡിറ്റിങ്ങ് സർവീസ് സൊസൈറ്റി(കാസ്സ്)ക്കാണ് പുരസ്കാരം. വിജയകരമായ പദ്ധതി നിർവഹണത്തിൽ അമൂല്യമായ പങ്കാളിത്തം വഹിച്ചതിനാണ് "കാസിന് പുരസ്കാരം. മനോഹർ ലാൽ ഖട്ടറിൽ നിന്നും ബീന ഇ, സോണിയ ജെയിംസ്, ഷിജി മാത്യു എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.

രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയിൽ എൻ.യു.എൽ.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിൽ ദേശീയതലത്തിൽ മികവ് പുലർത്തിയതിനാണ് കേരളത്തിന് അംഗീകാരം. 2020-21 സാമ്പത്തികവർഷം ഒന്നാംസ്ഥാനവും 2021-22, 2022-23, 2018-19 വർഷങ്ങളിൽ രണ്ടാം സ്ഥാനവും 2019-20, 2017-18 വർഷങ്ങളിൽ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്.

എൻ.യു.എൽ.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നിഷ്ക്കർഷിച്ചിട്ടുള്ള പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പാർക് റാങ്കിങ്ങ് നൽകുന്നത്. സംസ്ഥാനത്ത് നഗരദരിദ്രരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് 93 നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇതിനകം ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നഗര ദരിദ്രരെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ കീഴിൽ കണ്ണിചേർക്കുന്നതോടൊപ്പം അവരുടെ ഭൗതികജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തൊഴിൽ പരിശീലനങ്ങളും തൊഴിലും ലഭ്യമാക്കിയതിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി കൈവരിക്കാൻ പദ്ധതി സഹായകമായെന്നാണ് വിലയിരുത്തൽ. കൂടാതെ അഗതികൾക്കു വേണ്ടി ഷെൽട്ടർ ഹോമുകൾ, തെരുവു കച്ചവടക്കാർക്ക് തിരിച്ചറിയിൽ കാർഡ് നൽകുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

 

Content highlight
Excellence in NULM project implementation: Kerala becomes the first state to get recognition in SPARK Ranking 7 times in a row; Award for KAASS Team as well