ബഡ്‌സ് സ്ഥാപനങ്ങള്‍ ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തിന്റെ മാനുഷിക ബദല്‍ - മന്ത്രി എം. ബി. രാജേഷ്

Posted on Thursday, August 17, 2023

ഇന്ത്യയ്ക്ക് മാതൃകയാക്കാനാകും വിധം കേരളം സൃഷ്ടിച്ച അനേകം ബദലുകളില്‍ സാമൂഹിക സേവനത്തിന്റെ ഏറ്റവും മാനുഷികമായ ഒന്നാണ് ബഡ്സ് സ്ഥാപനങ്ങളെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനാകുന്ന മാതൃകയായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ദിനമാണ് ആദ്യ ബഡ്സ് ദിനമായി ആഘോഷിക്കുന്ന ഓഗസ്റ്റ് 16 എന്നും  മന്ത്രി പറഞ്ഞു.

  ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ നടത്തിവരുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ ഭാഗമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനുമായി ഈ വര്‍ഷം ഓഗസ്റ്റ് 16 മുതല്‍ സംഘടിപ്പിക്കുന്ന ബഡ്സ് ദിനാഘോഷത്തിന്റെ പ്രഖ്യാപനവും ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബഡ്സ് ലോഗോ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ഇന്നലെ കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയുന്നതിനും നേരിടുന്നതിനും കുടുംബശ്രീ ബാലസഭാംഗങ്ങളായ ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന 'സജ്ജം ' ബില്‍ഡിങ് റെസിലിയന്‍സ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ബഡ്സ് ദിനാഘോഷം സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ട്. സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2004ല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ദിനമാണ് ഓഗസ്റ്റ് 16. ആദ്യ ബഡ്സ് ദിനാഘോഷത്തിന് മുന്നോടിയായി എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും വാരാഘോഷ സമാപന പരിപാടികളും ബഡ്‌സ് ദിനാഘോഷവും ഇന്നലെ സംഘടിപ്പിച്ചു.

  ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരാശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്സ് സ്ഥാപനങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ബുദ്ധിപരമായ ബലഹീനതകള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യമാണ് ബഡ്സ് സ്ഥാപനങ്ങള്‍ക്കുള്ളത്.

  നിലവില്‍ 359 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബഡ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. 18 വയസ്സ് വരെ പ്രായമുള്ള കട്ടികള്‍ക്കായി 167 ബഡ്‌സ് സ്‌കൂളുകളും 18 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി 192 ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും. റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ തൊഴില്‍, ഉപജീവന പരിശീലനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ബഡ്സ് സ്ഥാപനങ്ങളിലൂടെ 11,642 പരിശീലനാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്‍കിവരുന്നു. 495 അധ്യാപകരും 622 ആയമാരുമാണ് ബഡ്സ് സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കി വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

   ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപജീവന മാര്‍ഗ്ഗം സൃഷ്ടിക്കുന്നതിനായി പ്രത്യേക ഉപജീവന പദ്ധതി കുടുംബശ്രീ നടപ്പിലാക്കി വരുന്നു. ഇതിനായി 3.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. നിലവില്‍ 162 സംരംഭങ്ങള്‍ ബഡ്സ് സ്ഥാപനങ്ങളുടെ ഭാഗമായുണ്ട്. ബഡ്സ് സ്ഥാപനങ്ങളിലെ മുഴുവന്‍ പരിശീനാര്‍ത്ഥികളെയും സംപൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പോളിസി തുക പൂര്‍ണ്ണമായും അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

  ബഡ്സ് പരിശീലനാര്‍ത്ഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് തുണയാകുന്നതിനായി കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും പരമാവധി പ്രോത്സാഹനം നല്‍കുന്നു. ഇതിനായി ബഡ്സ് കലോത്സവങ്ങളും എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നു. കൂടാതെ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ഉണര്‍വേകുന്നതിനായി സഞ്ജീവനി അഗ്രി തെറാപ്പി പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബഡ്‌സ് സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
12.5 ലക്ഷം രൂപ വീതം അനുവദിച്ചതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മികച്ച പിന്തുണയാണ് ബഡ്സ് സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്നത്.  പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ഒരു ലക്ഷത്തോളം ബാലസഭാംഗങ്ങളെ തയാറാക്കുന്ന സജ്ജ് ബില്‍ഡിങ് റെസിലിയന്‍സ് പദ്ധതിയുടെ ഭാഗമായി 28 മാസ്റ്റര്‍ പരിശീലകര്‍ക്കും 608 ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

 വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ശ്രീകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി. ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. 'സജ്ജം' കൈപ്പുസ്തക പ്രകാശനം ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് (കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അംഗം) മന്ത്രിയ്ക്ക് നല്‍കി നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍ കുമാര്‍ മീണ വിശിഷ്ട സാന്നിധ്യമായി. ബഡ്സ് ലോഗോ ടാഗ്ലൈന്‍ മത്സരത്തില്‍ വിജയിച്ച രഞ്ജിത്ത് കെ.ടി (ലോഗോ), അഭിരാജ് ആര്‍.എസ് (ടാഗ്ലൈന്‍) എന്നിവര്‍ക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസ് മന്ത്രി സമ്മാനിച്ചു.  

  ജില്ലാപഞ്ചായത്ത് ഡിവിഷന്‍ അംഗം ഭഗത് റൂഫസ് ആര്‍.എസ്, കുടുംബശ്രീ ഗവേണിങ് ബോഡി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗീത നസീര്‍, കുടുംബശ്രീ ഗവേണിങ് ബോഡി അംഗവും വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശന്‍, കുടുംബശ്രീ വെങ്ങാനൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അനിത വൈ.വി, 2004 കാലയളവില്‍ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന റൂഫസ് ഡാനിയേല്‍, സി.ഡി.എസ് ചെയര്‍പേഴ്സണായിരുന്ന ശോഭന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തംഗം അഷ്ടപാലന്‍ വി.എസ് നന്ദി പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തിരുവനന്തപുരം ജില്ലയിലെ ബഡ്സ് സ്ഥാപന പരിശീലനാര്‍ത്ഥികള്‍, അധ്യാപകര്‍, ആയമാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബഡ്സ് പരിശീലനാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

 

buds day

 

Content highlight
BUDS Institutions are one of the best and humane social services among the many alternatives that Kerala has created: LSGD Minister Shri. M. B Rajesh