കുടുംബശ്രീ ഇ-നെസ്റ്റിന് തുടക്കം

Posted on Monday, October 14, 2019

കുടുംബശ്രീയുടെ ഭാഗമായ 43 ലക്ഷം അയല്‍ക്കൂട്ട കുടുംബങ്ങളെയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജിയോടാഗ് ചെയ്യുകയും കുടുംബങ്ങളുടെ സംപൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ച് താഴേത്തട്ടില്‍ നിന്നുള്ള സൂക്ഷ്മതല ആസൂത്രണം സമഗ്രമാക്കാനുമുള്ള പദ്ധതിയായ ഇ-നെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കോട്ടയം തെള്ളകത്തുള്ള ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഒക്ടോബര്‍ നാലിനായിരുന്നു ഉദ്ഘാടന ചടങ്ങ്.  ഓരോ കുടംബത്തിന്റെയും സൂക്ഷ്മതലത്തിലുള്ള ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഈ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ഇ-നെസ്റ്റ് പദ്ധതി വഴി കഴിയും.

  പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേ ഉടന്‍ തന്നെ ആരംഭിക്കും. ലഭിക്കുന്ന വിവരങ്ങള്‍ എഡിഎസ്-സിഡിഎസ് തലത്തില്‍ പ്രാഥമിക തലത്തിലും പിന്നീട് ഉദ്യോഗസ്ഥ തലത്തിലും പരിശോധിച്ച് ഉറപ്പുവരുത്തും. എഡിഎസ്, സിഡിഎസ് തലത്തില്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ ക്രോഡീകരിക്കും. പിന്നീട് അയല്‍ക്കൂട്ടം, എഡിഎസ്, സിഡിഎസ് തലത്തില്‍ വിവിധ പ്ലാനുകള്‍ തയാറാക്കും. വിവിധ പ്ലാനുകള്‍ സംയോജിപ്പിച്ച് സിഡിഎസ് തലത്തില്‍ ആവശ്യകതാ നിര്‍ണ്ണയം നടത്തുകയും പദ്ധതി നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും.

  സാമൂഹിക വികസന പ്ലാന്‍, ഉപജീവന പ്ലാന്‍, അടിസ്ഥാന വികസന പ്ലാന്‍, റിസോഴ്‌സ് പ്ലാന്‍ എന്നിവ അയല്‍ക്കൂട്ടതലത്തില്‍ രൂപീകരിക്കും. അതാത് പ്രദേശത്തെ അയല്‍ക്കൂട്ടങ്ങളുടെ സൂക്ഷ്മതല പ്ലാനുകളെ സംയോജിപ്പിച്ച് എഡിഎസ് പ്ലാന്‍ തയാറാക്കും. സിഡിഎസ് തലത്തില്‍ ഓരോ എഡിഎസുകളുടെ പ്ലാനുകള്‍ സംയോജിപ്പിച്ചാണ് ആവശ്യകതാ നിര്‍ണ്ണയം നടത്തുന്നതും പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയാറാക്കുന്നതും. സിഡിഎസുകളുടെ നിര്‍ദ്ദേശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. ഇതനുസരിച്ച് ജില്ലാതലത്തില്‍ ആവശ്യകതാ നിര്‍ണ്ണയം നടത്തുകയും അവ കുടുംബശ്രീ ജില്ലാ മിഷനുകള്‍ സംസ്ഥാന മിഷന് കൈമാറുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കുടുംബശ്രീ വാര്‍ഷിക പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുക.

  അയല്‍ക്കൂട്ട അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിനായി യുവശ്രീ, പ്രത്യാശ, അഗതിരഹിത കേരളം, സ്‌നേഹിത കോളിങ് ബെല്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കിവരുന്നത്. ഇതിന് പുറമേയാണ് അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കായി ഇ-നെസ്റ്റ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. താഴേത്തട്ടിലുള്ള സൂക്ഷ്മതല ആസൂത്രണത്തിന് പദ്ധതി ഏറെ സഹായകരമാകും.
 
  ഉദ്ഘാടന യോഗത്തില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷനായി. തോമസ് ചാഴിക്കാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.വി. പ്രമോദ് പദ്ധതി വിശദീകരിച്ചു.

 

Content highlight
അയല്‍ക്കൂട്ട അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിനായി യുവശ്രീ, പ്രത്യാശ, അഗതിരഹിത കേരളം, സ്‌നേഹിത കോളിങ് ബെല്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കിവരുന്നത്.