ഇ- റിക്ഷകള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ നിരത്തിലേക്ക്

Posted on Friday, January 29, 2021

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി  സ്ത്രീകള്‍ക്ക് വിവിധ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങുടെ ഭാഗമായി 6 ഇ-റിക്ഷകള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുകയാണ്. പ്രകൃതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ വാങ്ങുന്ന  സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനും അര്‍ഹതയുള്ളവര്‍ക്ക് ഉപജീവന അവസരം ഒരുക്കിനല്‍കാനുമായാണ് സ്മാര്‍ട്ട് സിറ്റി ഇങ്ങനെയൊരു പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ ഡ്രൈവിങ് അറിയാവുന്ന താഴ്ന്ന വരുമാനമുള്ള ആറ് അയല്‍ക്കൂട്ട അംഗങ്ങളെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയായിരുന്നു.

  വാഹനത്തിന്റെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി 10,000 രൂപ മുന്‍കൂര്‍ വാടക വാങ്ങിയാണ് റിക്ഷകള്‍ നല്‍കുന്നത്. ആറ് മാസം വാഹനം മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഈ തുക ഇവര്‍ക്ക് തിരികെ നല്‍കും. കൂടാതെ ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ യാത്രാ സര്‍വീസ് നടത്തിയതിന് ശേഷം അതാത് ഗുണഭോക്താക്കളുടെ പേരിലേക്ക് വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്യും.  ഇ - റിക്ഷകള്‍ ഓടിക്കുന്നതിനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കി. ഉടന്‍തന്നെ  കുടുംബശ്രീ അംഗങ്ങള്‍ ഓടിക്കുന്ന സ്മാര്‍ട്ട്‌സിറ്റി ഇ- റിക്ഷകള്‍ നിരത്തിലിറങ്ങും.

  ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഒരു കിലോമീറ്ററിന് 80 പൈസ മാത്രമാണ് ചെലവ്. രണ്ട്  മുതല്‍ മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആകും. ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം കിഴക്കേക്കോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഒരു തവണ 3 വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഗുണഭോക്താക്കളുടെ വീടുകളില്‍ നിന്ന് പവര്‍ പ്ലഗ്ഗ് വഴിയും ചാര്‍ജ്ജ് ചെയ്യാനാകും. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ഡ്രൈവ് ചെയ്യാനാകുന്ന ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ളതാണ് ഈ ഇ- റിക്ഷകള്‍. ഇവ തീര്‍ത്തും പ്രകൃതി സൗഹൃദവുമാണ്.

 

Content highlight
ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഒരു കിലോമീറ്ററിന് 80 പൈസ മാത്രമാണ് ചെലവ്. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആകും