'പാം ബയോ ഗ്രീന്‍ മാന്യുര്‍'-വളം നിര്‍മാണം: ജൈവമാലിന്യത്തിലൂടെ വരുമാനവും നേടി കുടുംബശ്രീ ഹരിതകര്‍മ സേന

Posted on Friday, March 28, 2025
ജൈവ മാലിന്യ സംസ്ക്കരണമെന്ന വെല്ലുവിളി മികച്ച അവസരമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് പത്തനംതിട്ട നഗരസഭയുടെ കീഴിലെ ഹരിതകര്‍മസേന. മാലിന്യത്തില്‍ നിന്നും പാം ബയോ ഗ്രീന്‍ മാന്യുര്‍ നിര്‍മാണവും വിപണനവും നടത്തിയാണ് ഇവര്‍ വരുമാനം നേടുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ ആസ്ഥാനത്തെ സിവില്‍ സ്റ്റേഷനും മിനി സിവില്‍ സ്റ്റേഷനും എസ്.പി ഓഫീസുമൊക്കെ അഭിമുഖീകരിച്ച മാലിന്യ പ്രശ്നമാണ് ഹരിതകര്‍മസേനയിലൂടെ പരിഹരിക്കപ്പെട്ടത്. ഇവിടെ നിന്നുള്ള മാലിന്യശേഖണവും അതില്‍ നിന്നും വളം നിര്‍മാണവും ഹരിതകര്‍മസേനയെ ഏല്‍പ്പിക്കുക എന്ന ആശയം മുന്നോട്ടു വച്ചത് നഗരസഭയാണ്. തുടര്‍ന്ന് മൂന്ന് സ്ഥലത്തും നഗരസഭയുടെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ ബിന്നുകള്‍ സ്ഥാപിച്ചു. സിവില്‍ സ്റ്റേഷനിലും എസ്.പി ഓഫീസിലും ഒരു വലിയ ബയോ ബിന്നും മിനി സിവില്‍ സ്റ്റേഷനില്‍ രണ്ടു ബിന്നുകളും  സ്ഥാപിച്ചിട്ടുണ്ട്.

ദിവസവും എഴുപത് കിലോയോളം ജൈവ മാലിന്യമാണ് ഇവിടെ നിന്നും ഹരിതകര്‍മ സേനകള്‍ മുഖേന ശേഖരിക്കുന്നത്.  ഓരോ ഓഫീസിലും പ്രത്യേകമായി തരംതിരിച്ച് ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യം ദിവസവും ഓഫീസ് സമുച്ചയ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള വലിയ ബയോ ബിന്നിലേക്ക് നീക്കും. ഇങ്ങനെ പോര്‍ട്ടബിള്‍ ബയോ ബിന്നുകളില്‍ ശേഖരിക്കുന്ന മാലിന്യം പിന്നീട് ഇനോക്കുലം ഉപയോഗിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

മാലിന്യ ശേഖരണത്തിനുള്ള യൂസര്‍ഫീക്ക് പുറമേ  ബയോബിന്നുകളില്‍ ഉല്‍പാദിപ്പിക്കുന്ന വളം നഗരസഭയുടെ ബ്രാന്‍ഡില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ വിറ്റഴിക്കുന്നു. ഒരു കിലോ വളത്തിന് ഇരുപത് രൂപാ നിരക്കിലാണ് വില്‍ക്കുന്നത്. ഇതിനകം ഹരിതകര്‍മസേന നിര്‍മിച്ച 1800 കിലോ വളമാണ് വിറ്റഴിഞ്ഞത്. കൂടാതെ 1000 കിലോ വളത്തിന് ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തു. ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം ഉപയോഗിച്ച് 'ജൈവജ്യോതി' എന്ന പേരില്‍ ജൈവക്കൃഷിയും നടത്തുന്നു. ഇതിന്‍റെ ഭാഗമായി പൂന്തോട്ടവും മഞ്ഞള്‍ക്കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇതും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് അധിക വരുമാന മാര്‍ഗമാണ്.
Content highlight
hks pta