news

ASCEND KERALA 2019 - ഫെബ്രുവരി 11ന് കൊച്ചി ബോള്‍ഗാട്ടിയില്‍ വച്ച് - തദ്ദേശ വകുപ്പ് മന്ത്രിയുടെ ക്ഷണം

Posted on Friday, February 8, 2019

ASCEND-2019 ഫെബ്രുവരി 11ന് കൊച്ചി ബോള്‍ഗാട്ടിയില്‍ വച്ച് നടത്തുന്നു

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അസെൻഡ്‌ 2019 ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ രാവിലെ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്നു.സർക്കാരിന്റെ വ്യവസായ സൗഹൃദ നയം അടിസ്ഥാനമാക്കിയുള്ള ഉന്നത തല ബിസിനസ് സമ്മേളനമാണ് അസെൻഡ്‌ 2019 . കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ട്രാൻസ്പരന്റ് ക്ലിയറൻസ് (കെസ്വിഫ്ട്) ഇന്റലിജൻസ് ബിൽഡിംഗ് പ്ലാൻ മാനേജ് മെന്റ് സിസ്റ്റം (ഐ ബി പി എം എസ്) എന്നിവയുടെ അവതരണവും വേദിയിൽ നടക്കും

തിരുവനന്തപുരം നഗരസഭ-വ്യാപാര ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ

Posted on Friday, February 8, 2019

വ്യാപാര ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കും :തിരുവനന്തപുരം നഗരസഭയിലെ ഡി & ഒ ലൈസന്‍സിംഗ് സംവിധാനത്തിന്‍റെ കമ്പ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയായിട്ടുണ്ടന്നും ഇനി ലൈസന്‍സിനായുള്ള അപേക്ഷകളും ലൈസന്‍സ് ഫീസും ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും മേയര്‍ അറിയിച്ചു. ഇതിനുള്ള സൗകര്യം നഗരത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് സ്വന്തം കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ പരിശോധിച്ച് അംഗീകരിച്ചു കഴിഞ്ഞാല്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭ്യമാകും. നഗരസഭയില്‍ നിന്ന് വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയ്ക്ക് ഇതോടെ പരിഹാരമായി. വിവിധ സര്‍ക്കാര്‍ /ബാങ്ക് ആവശ്യങ്ങള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ആധികാരിക രേഖയായി പരിഗണിക്കാന്‍ പാടുള്ളൂ. ലൈസന്‍സ് ഫീസടച്ച രസീത് യാതൊരു കാരണവശാലും ലൈസന്‍സിന് പകരമായി പരിഗണിക്കാന്‍ പാടില്ല. നഗരത്തിലെ എല്ലാ ഡി & ഒ ലൈസന്‍സികളും ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങളുടെ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഔദ്യാഗിക രേഖയായി ഇതു പ്രയോജനപ്പെടുത്തണമെന്നും മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അറിയിച്ചു

2018-19 വാര്‍ഷിക പദ്ധതി ഭേദഗതി സമയപരിധി -08.02.2019

Posted on Tuesday, January 29, 2019

ജനകീയാസൂത്രണം -2018-19 വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച കുറിപ്പ് 

സൂചന :04.12.2018 ലെ 10/2018/എസ്ആര്‍ജി(GI) നമ്പര്‍ കുറിപ്പ്  

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാറായ ഈ ഘട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഭേദഗതിക്ക് അവസരം നല്‍കണമെന്ന് ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 28.01.2019 മുതല്‍ 08.02.2019 വരെ സൂചനയില്‍ പറയുന്ന കുറിപ്പിലെ നിബന്ധനകള്‍ക്ക് വിധേയമായി വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ സുലേഖ സോഫ്റ്റ്‌വെയറില്‍ ക്രമീകരണം ചെയ്യുന്നതാണ് .വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പും അതോടനുബന്ധിച്ച പെരുമാറ്റ ചട്ടവും കണക്കിലെടുത്ത് വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി ആവശ്യമായ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഭേദഗതി വരുത്തി ഫെബ്രുവരി8നകം ജില്ലാ ആസൂത്രണ സമിതികള്‍ക്ക്‌   സമര്‍പ്പിക്കേണ്ടതാണ് .ഈ കാലപരിധിക്കകം ഭേദഗതി പ്രോജക്ടുകള്‍ സമര്‍പ്പിക്കുക എന്നത് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ് . തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ പ്രോജക്റ്റ് അംഗീകാര നടപടിക്കു തടസ്സം ഉണ്ടാകും എന്നതിനാല്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതികളും പ്രത്യേക ശ്രദ്ധ കാണിക്കണം

No10/2018/SRG(G)                                                                                                                                                       സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്‌

                                                                                                                                                                        തദ്ദേശ സ്വയംഭരണ വകുപ്പ്

                                                                                                                                                                                                         24.01.2019

ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം കാമ്പയിന്‍ രണ്ടാംഘട്ടത്തിന് 26.01.2019 നു തുടക്കം

Posted on Friday, January 25, 2019

സംസ്ഥാനത്ത് ശുചിത്വ-മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുകയും ശ്രദ്ധേയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്ത ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം കാമ്പയിന്‍ രണ്ടാംഘട്ടത്തിന്  26.01.2019 നു തുടക്കമാവും. ഇതിന്‍റെ ഭാഗമായുള്ള ഹരിതനിയമാവലി കാമ്പയിനും ആരംഭിക്കും. പരിസ്ഥിതിക്ക് ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമായ പ്രവൃത്തികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഹരിതനിയമാവലി കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 2019 ജനുവരി 26 ഉച്ചയ്ക്ക് 2.30 ന് എറണാകുളം ജില്ലയിലെ ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. ഹരിതനിയമാവലി കൈപുസ്തകം എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ.കെ.മുഹമ്മദ് വൈ.സഫീറുള്ള ഐ.എ.എസ്സിന് ന് നല്‍കി ബഹു.മന്ത്രി പ്രകാശനം ചെയ്യും. ശ്രീ.അന്‍വര്‍സാദത്ത് എം.എല്‍ .എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ മുഖ്യപ്രഭാഷണം നടത്തും. കില ഡയറക്ടര്‍, ഡോ.ജോയ് ഇളമണ്‍, ശുചിത്വമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ആര്‍.അജയകുമാര്‍ വര്‍മ്മ, ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉദയകുമാര്‍, എറണാകുളം ഡി.എം.ഒ. ഡോ.എന്‍.കെ.കുട്ടപ്പന്‍, കൊച്ചിന്‍ സിറ്റി നര്‍ക്കോട്ടിക് സെല്‍ , പോലീസ് അസി.കമ്മീഷണര്‍, ശ്രീ.ബി.പി. വിനോദ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.മാലതി, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണര്‍ ശ്രീ.സി.ശിവകുമാര്‍, നഗരകാര്യ വകുപ്പ് ആര്‍.ജെ.ഡി., ശ്രീ.റ്റി.ആര്‍. റാം മോഹന്‍ റോയ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്‍റ് എഞ്ചിനീയര്‍ ശ്രീ.എം.എ. ബൈജു, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.എ.പി.ഷാജി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ.സുജിത്ത് കരുണ്‍, ടെക്നിക്കല്‍ ഓഫീസര്‍ ശ്രീ.വി.രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. ഇതോടൊപ്പം എല്ലാ ജില്ല കേന്ദ്രങ്ങളിലും ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലീഗ് സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ കാമ്പയിന്‍റെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ - കില- യാണ്. പൊതു സ്ഥലങ്ങളിള്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്‍റെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്കായി നിയമ പഠന ക്ലാസ്സുകളും സംഘടിപ്പിക്കും. പോലീസ്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്ക് കീഴിലുള്ള വിവിധ നിയമങ്ങളാകും പഠന ക്ലാസ്സുകളില്‍ വിഷയമാക്കുന്നത്. 30 ലക്ഷം പേര്‍ക്ക് ഹരിത നിയമം സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കാനാണ് ആദ്യഘട്ടത്തില്‍ കാമ്പയിന്‍ ലക്ഷ്യമിടുന്നത്