news

വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവ്

Posted on Tuesday, February 18, 2020

സ.ഉ(ആര്‍.ടി) 414/2020/തസ്വഭവ Dated 18/02/2020

വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവ്

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 2020 മാര്‍ച്ച് 31ന് മുന്‍പായി വസ്തു നികുതി കുടിശ്ശിക മുഴുവനും പിരിച്ചെടുക്കേണ്ടതുണ്ട് .പിഴ ഒഴിവാക്കി നല്‍കിയാല്‍ പിരിവു കാര്യക്ഷമമാകുമെന്നു തദ്ദേശ സ്ഥാപനങ്ങള്‍ അറിയിച്ചത് കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വിവിധ കാരണങ്ങളാല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക്‌ നാളിതുവരെയുള്ള വസ്തുനികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നപക്ഷം 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവാകുന്നു .ഈ ഉത്തരവ് സംബന്ധിച്ച് നഗരകാര്യ ഡയറക്ടറും പഞ്ചായത്ത്‌ ഡയറക്ടറുംവ്യാപകമായ പ്രചാരണം നടത്തേണ്ടതും 2019-20 വരെയുള്ള വസ്തു നികുതി ,കുടിശ്ശിക സഹിതം പിരിച്ചെടുക്കേണ്ടതുമാണ്

പഞ്ചായത്ത് ദിനാഘോഷത്തിൻ്റെ ഭാഗമായി കൽപ്പറ്റ SKMJ സ്ക്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ എക്സിബിഷൻ സി.കെ.ശശീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു

Posted on Tuesday, February 18, 2020

പഞ്ചായത്ത് ദിനാഘോഷത്തിൻ്റെ ഭാഗമായി കൽപ്പറ്റ SKMJ സ്ക്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ എക്സിബിഷൻ സി.കെ.ശശീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, കില, വിവിധ മിഷനുകൾ, എം.ജി.എൻ.ആർ.ജി.എസ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്.

ധനകാര്യ വകുപ്പ്- സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പ്രായം തെളിയിക്കുന്നതിനായി നല്‍കാവുന്ന രേഖകള്‍ -സ്പഷ്ടീകരണം

Posted on Monday, February 17, 2020

സര്‍ക്കുലര്‍ 10/2020/ധന Dated 13/02/2020

ധനകാര്യ വകുപ്പ്- സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പ്രായം തെളിയിക്കുന്നതിനായി നല്‍കാവുന്ന രേഖകള്‍- സ്പഷ്ടീകരണം

സംസ്ഥാനത്ത് ബഹു ഭൂരിപക്ഷം ആളുകളുടെയും പക്കലുണ്ടായിരുന്ന ആധാര്‍ വയസ്സ് തെളിയിക്കുന്നതിനായി രേഖയാക്കി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡ് ,ഡ്രൈവിംഗ് ലൈസന്‍സ് ,പാസ്പോര്‍ട്ട് ,സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നീ ആധികാരിക രേഖകള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിന് പ്രായം തെളിയിക്കുന്നത്തിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണെന്നും മേല്‍ രേഖകളുടെ അഭാവത്തില്‍ മാത്രം അപേക്ഷകന്റെ വയസ്സ് തെളിയിക്കുന്നതിന് മറ്റ് രേഖകള്‍ ഒന്നും ഇല്ലയെന്ന സ്വയം സാക്ഷ്യപത്രത്തിനുമേല്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനു പ്രായം തെളിയിക്കുന്നത്തിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ് എന്ന് സ്പ്ഷ്ടീകരണം നല്‍കി സൂചന 1 സര്‍ക്കുലര്‍ ഭേദഗതി വരുത്തുന്നു

പഞ്ചായത്ത് ദിനാഘോഷം 2020

Posted on Monday, February 17, 2020
Panchayat Day Celebration 2020

ഈ വർഷത്തെ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഇന്ന് മുതൽ ബുധനാഴ്ച വരെ വയനാട് ജില്ലയിലെ വൈത്തിരി വില്ലേജ് റിസോർട്ട്, കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ മൈതാനം എന്നിവടങ്ങളിലായി നടക്കുകയാണ്. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന്റെ ഉപജ്ഞാതാവായ ഡോ.ബൽവന്ത്റായ് മേത്തയുടെ ജൻമദിനമായ ഫെബ്രുവരി 19 ആണ് സംസ്ഥാനത്ത് പഞ്ചായത്ത് ദിനമായി ആചരിക്കുന്നത്.

എസ്.കെ.എം.ജെ സ്‌കൂൾ മൈതാനത്ത് പൊതുജനങ്ങൾക്കായി ഒരുക്കുന്ന പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം സി.കെ.ശശീന്ദ്രൻ എം.എൽ.എ ഇന്ന് രാവിലെ നിർവഹിക്കും.വിവിധ പഞ്ചായത്തുകളും സർക്കാർ സ്ഥാപനങ്ങളും നടപ്പാക്കിയ പ്രവർത്തനങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.ഇന്ന് നടക്കുന്ന വനിത സെമിനാറിൻ്റെ ഉദ്ഘാടനം വൈത്തിരിയിൽ ഹരിതകേരളം എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ നിർവഹിക്കും.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്കുകളിലെയും ജില്ല പഞ്ചായത്തുകളിലെയും പ്രസിഡൻറുമാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥരുമടക്കം 3000ത്തിലധികം പ്രതിനിധികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

18ന് രാവിലെ 10ന് വൈത്തിരി വില്ലേജിൽ ആഘോഷങ്ങളുടെ ഒദ്യോഗിക ഉദ്ഘാടനം ധനമന്ത്രി ഡോ.തോമസ് ഐസക് നിർവഹിക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ.കെ.ടി. ജലീൽ, പ്രഫ. രവീന്ദ്രനാഥ്, കെ.കെ. ശൈലജ ടീച്ചർ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിവിധ സെമിനാറുകൾ ഉദ്ഘാടനം ചെയ്യും. 19ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫികളും മറ്റു പുരസ്കാരങ്ങളും സമ്മാനിക്കം.
എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, കെ.സി. ജോസഫ് എന്നിവർ പങ്കെടുക്കും

Content highlight

ഹരിതകേരളം മിഷന്‍ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ ആദ്യ പച്ചത്തുരുത്ത് പാങ്ങോട് പോലീസ് സ്റ്റേഷന്‍ വളപ്പിൽ

Posted on Tuesday, February 11, 2020

Pachathuruthu Police Station

സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ പോലീസ് സ്റ്റേഷനുകളിലും പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ആദ്യ പച്ചത്തുരുത്ത് പാങ്ങോട് പോലീസ് സ്റ്റേഷന്‍ വളപ്പിൽ 13.02.2020 ന്  ഉദ്ഘാടനം ചെയ്യുന്നു. വാമനപുരം ബ്ലോക്ക് പരിധിയിൽ വരുന്ന പാങ്ങോട് പഞ്ചായത്തിലെ പോലീസ് സ്റ്റേഷന്‍ വളപ്പിൽ 30 സെന്‍റ് സ്ഥലത്ത് മൂന്ന് ഭാഗങ്ങളിലായാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്ന ആദ്യ പോലീസ് സ്റ്റേഷനാണ് പാങ്ങോട്. പ്രാദേശിക ജൈവവൈവിധ്യത്തിനനുയോജ്യമായ വൃക്ഷ-ഫലവൃക്ഷത്തൈകളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മുള കൊണ്ടും ഈറ കൊണ്ടും ഇതിനകം തന്നെ പച്ചത്തുരുത്ത് പ്രദേശത്തിന് മനോഹരമായി അതിര്‍ത്തി തീര്‍ത്തുകഴിഞ്ഞു. 13.02.2020 ന്  വൈകുന്നേരം നാലുമണിക്ക് വാമനപുരം എം.എ .എ., ഡി.കെ.മുരളി പാങ്ങോട് പോലീസ് സ്റ്റേഷന്‍ വളപ്പിലെ പച്ചത്തുരുത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് ഗീത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹരിതകേരളം മിഷന്‍ ടെക്നിക്കൽ ഓഫീസര്‍ ഹരിപ്രിയാദേവി പദ്ധതി വിശദീകരണം നടത്തും. പാങ്ങോട് സ്റ്റേഷന്‍ മേധാവി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യംകൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.