കുടുംബശ്രീ 'സ്നേഹിത-ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്
ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമായ കുടുംബശ്രീ 'സ്നേഹിത' ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് -പദ്ധതിയും വിശദമായ മാര്‍ഗരേഖയും സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി(സ.ഉ.(എം.എസ്)നം.56/2019/ത.സ്വ.ഭ.വ). അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണകളും നല്‍കുന്നതുള്‍പ്പെടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനങ്ങളാണ് ഇപ്പോള്‍ സ്നേഹിതയിലൂടെ ലഭ്യമാക്കുന്നത്. പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കത്തിന്‍ മേലാണ് ഉത്തരവായത്.
പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഒരുക്കി നല്‍കുന്നത്. വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സംസ്ഥാനത്ത് സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍. അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികമായ പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ അവര്‍ക്കാവശ്യമായ നിയമ സഹായം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളും സ്നേഹിത വഴി ലഭ്യമാക്കുന്നു. കൂടാതെ താത്ക്കാലിക അഭയവും നല്‍കുന്നു. ഇതിനു പുറമേ നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയിലെ കൗണ്‍സിലര്‍മാര്‍ വഴി ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കും. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പരീക്ഷ ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാനുള്ള സൗകര്യം ലഭ്യമാണ്. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം,അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. പദ്ധതി മാര്‍ഗരേഖ പ്രകാരം സ്നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും അഞ്ച് സേവനദാതാക്കള്‍, രണ്ട് കൗണ്‍സിലര്‍മാര്‍, രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്‍റ് എന്നിങ്ങനെ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ഓഗസ്റ്റിലാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്നേഹിത ഹെല്‍പ് ഡെസ്ക്കിന്‍റേത്. പദ്ധതി മാര്‍ഗരേഖയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓഫീസ് റൂം, സേവനം ആവശ്യപ്പെട്ട് എത്തുന്നവര്‍ക്കുള്ള വിശ്രമമുറി, കൗണ്‍സിലിങ്ങ് റൂം, താല്‍ക്കാലിക താമസത്തിനുള്ള സൗകര്യം, കുടിവെളളം. സാനിട്ടറി സൗകര്യം എന്നീ സംവിധാനങ്ങള്‍ സ്നേഹിതയുടെ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സ്നേഹിത സെന്‍ററുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യവുമുണ്ട്. നാളിതു വരെ സ്നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്തത് 18145 കേസുകളാണ്. ഇതില്‍ 9842 കേസുകള്‍ ഫോണ്‍ വഴി റിപ്പോര്‍ട്ട് ചെയ്തവയാണ്. ഇവര്‍ക്ക് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ ആവശ്യമായ നിയമസഹായം നല്‍കി വരുന്നു. 3778 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഷോര്‍ട്ട് സ്റ്റേ ഹോം സേവനവും നല്‍കി.