കുന്നംകുളം: കേരളം മുഴുവനും അക്ഷമരായി കാത്തിരുന്ന ദേശീയ സരസ് മേളയ്ക്കിന്ന് തിരശ്ശീല ഉയരും. കേരളമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളാദികളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടാണ് മേളയുടെ ആദ്യ ദിനത്തിന് നാന്ദി കുറിക്കുന്നത്. ഉച്ചയ്ക്ക് 3 മണിക്ക് കുന്നംകുളം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ദഫ് മുട്ട്, കുതിര കളി , നാടന്‍പാട്ട്, മോഹിനിയാട്ടം, തെയ്യം, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളാല്‍ പ്രൗഢഗംഭീരമായിരിക്കും. ചെറുവത്തൂര്‍ മൈതാനത്ത് അവസാനിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം തൃശ്ശൂര്‍ ജില്ലയിലെ 100 സി.സി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ ചേര്‍ന്ന് തിരി തെളിയിച്ച് ദേശീയ 'സരസ് മേള 2019' ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.വൈകുന്നേരം 6 മണി മുതല്‍ 7.30 വരെ കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തശില്പവും തുടര്‍ന്ന് 9.30 വരെ കലാഭവന്‍ പ്രമോദ് നയിക്കുന്ന മെഗാഷോയും ആദ്യ ദിനത്തെ വര്‍ണ്ണശബളമാക്കും.
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്നും 7 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി എത്തിയവരുടെ 250 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ സംരംഭകരുടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി സാധ്യത ഉയര്‍ത്തുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണമായ ഭക്ഷ്യമേളയ്ക്കായി എത്തിയിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ഫുഡ് കോര്‍ട്ടുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്ന എല്ലാ സംരംഭകര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒപ്പം സാന്ത്വനം വളണ്ടിയേര്‍സിന്റെ മുഴുവന്‍ സമയ സേവനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 7വരെ ദേശീയ സരസ് മേള നടക്കുന്നത്.
- 407 views