‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസൺ - പി.പി. രതീഷിന് ഒന്നാം സ്ഥാനം

Posted on Tuesday, June 4, 2019

ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ള വ്യക്തികളുടെ സർഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നത് മുൻനിർത്തി കുടുംബശ്രീ സംഘടിപ്പിച്ച ‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രഫി മത്സരത്തിന്റെ രണ്ടാം സീസൺ വിജയികളെ തെരഞ്ഞെടുത്തു. മാതൃഭൂമി പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫർ പി.പി. രതീഷിനാണ് ഒന്നാം സ്ഥാനം. പ്രായാധിക്യം വകവയ്ക്കാതെ തൊഴിലിലേർപ്പെട്ട് അദ്ധ്വാനത്തിന്റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. മികച്ച ആശയം പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ മനോഹരമായി ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്ത മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ് രണ്ടാം സ്ഥാനവും ഒത്തൊരുമ വെളിപ്പെടുത്തിയ ചിത്രത്തിലൂടെ കാസർഗോഡ് ഉദുമ ഞെക്ലി സ്വദേശി ദീപ നിവാസിലെ ദീപേഷ് പുതിയ പുരയിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ക്യാഷ് അവാർഡായി നൽകും.

Winners of contest



ഫെബ്രുവരി ആറ് മുതൽ മാർച്ച് 31 വരെ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മംഗളം ദിനപ്പത്രം മുൻ ഫോട്ടോ എഡിറ്റർ ബി.എസ്. പ്രസന്നൻ, ഏഷ്യാവിൽ ന്യൂസ് പ്രൊഡക്ഷൻ ഹെഡ് ഷിജു ബഷീർ, സി-ഡിറ്റ് ഫാക്കൽറ്റിയും ഫോട്ടോ ജേർണലിസ്റ്റുമായ യു.എസ്. രാഖി, കുടുംബശ്രീ അക്കൗണ്ട്സ് ഒാഫീസർ എം. രജനി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പത്ത് മികച്ച ഫോട്ടോകൾക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്.

വിജയിച്ച ഫോട്ടോകള്‍ കാണാം: http://kudumbashree.org/pages/753

 

Content highlight
വിജയിച്ച ഫോട്ടോകള്‍ കാണാം: http://kudumbashree.org/pages/753