ഫീച്ചറുകള്‍

ലോക്ക് ഡൗണിലും കാസറഗോഡ് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം 'വർക്കിംഗ് ഫ്രം ഹോം'

Posted on Sunday, April 12, 2020

ലോക്ക് ഡൗണിലും കൗൺസിലിംഗ് സേവനങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കുകയാണ് കാസറഗോഡ് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം. ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം  ഇപ്പോൾ 'വർക്ക് ഫ്രം ഹോം' രീതിയിൽ ആണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. കൗൺസിലറും സർവീസ് പ്രൊവൈഡർമാരും കമ്മ്യൂണിറ്റി കൗൺസിലർമാരും അടങ്ങുന്ന 14  അംഗ ടീം ആണ് ഇത്തരത്തിൽ വീട്ടിലിരുന്നു കൊണ്ട്, തങ്ങളുടെ ചുമതലകൾ, ഗൗരവം ഒട്ടും കുറയാതെ, വളരെയേറെ ഉത്തരവാദിത്വത്തോടെ നിറവേറ്റി കൊണ്ടിരിക്കുന്നത്.

ജില്ലയിലെ സ്നേഹിത  ജെൻഡർ ഹെല്പ് ഡെസ്ക്കിന്റെ ഫോൺ നമ്പർ കാൾ ഡൈവേർട്ട് സംവിധാനം വഴി കൗൺസിലറിന്റെയും സർവീസ് പ്രൊവൈഡറിന്റെയും നമ്പറിലേക്ക്  വഴിതിരിച്ച്‌ വിട്ടാണ് സേവനങ്ങൾ ഉറപ്പാക്കുന്നത്. ഇത് കൂടാതെ കമ്മ്യൂണിറ്റി കൗൺസിലർമാർ മുഖേനയും സ്നേഹിത സ്റ്റാഫ് മുഖേനയും മറ്റ് ടെലികൗൺസിലിംഗ് സഹായങ്ങളും ഉറപ്പാക്കുന്നു. പ്രധാനമായും, ലോക്ക് ഡൗൺ നിലവിൽ വന്നതോടെ വിപണിയിൽ  മദ്യം ലഭ്യമാകാതെ വന്നതിനാൽ, മാനസിക അസ്വസ്ഥതകൾ നേരിടുന്ന മദ്യാസക്തി ഉള്ളവർക്കുള്ള കൗൺസിലിങ് സേവനങ്ങൾ ഇത്തരത്തിൽ സ്നേഹിത  ജെൻഡർ ഹെല്പ് ഡെസ്ക്ക് ലഭ്യമാകുന്നുണ്ട്.  കൊറോണ രോഗത്തെ പറ്റിയുള്ള അവബോധം നൽകുന്നതോടൊപ്പം ഒറ്റപ്പെട്ടു പോയവർക്കുള്ള മാനസിക പിന്തുണയും, വയോജനങ്ങൾക്കും കുട്ടികൾക്കും  കൗമാരക്കാർക്കും സ്നേഹിത കോളിംഗ് ബെൽ ഗുണഭോക്താക്കൾ  എന്നിവർക്കുമുള്ള കൗൺസിലിംഗും സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം ഉറപ്പാക്കുന്നു. ഇതിനോടൊപ്പം സ്നേഹിത കോളിംഗ് ബെൽ പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്കുള്ള സേവനങ്ങളും സി.ഡി.എസ്, പഞ്ചായത്ത് എന്നിവരുമായി ഏകോപിപ്പിച്ച് നൽകി വരുന്നുണ്ട്. ഇവർക്കു കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട് ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക്. കൂടാതെ, കൊറോണ രോഗ വ്യാപനത്തെപ്പറ്റി  ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനായി നിരവധി പോസ്റ്ററുകളും മറ്റും ഉണ്ടാക്കി വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും പങ്കു വയ്ക്കുകയും ചെയ്യുന്നുമുണ്ട്.

കേരളത്തിൽ കൊറോണ രോഗത്തിന്റെ  വ്യാപനം ഏറ്റവും അധികം ബാധിച്ചതും വലച്ചതും കാസറഗോഡ് ജില്ലയെയാണ്. കേരളാ ഗവണ്മെന്റിന്റെ ഡയറക്ടറേറ് ഓഫ് ഹെൽത്ത് സർവ്വീസസ്സിന്റെ 31മാർച്ച് 2020 തീയതി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ കൂടുതൽ പേർ രോഗബാധിതരായതും ചികിത്സയിൽ  ഉള്ളതും കാസറഗോഡ് ജില്ലയിലാണ്.  മാർച്ച് 24 നു ആണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നതെങ്കിലും കാസറഗോഡ് ജില്ലയിലെ അടിയന്തരാവസ്ഥ കണക്കിലെടുത്തു മാർച്ച് 21 മുതൽ തന്നെ കർശന നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തി തുടങ്ങിയിരുന്നു. ഇതിന്റെ  ഭാഗമായി ജില്ലയിലെ  സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് അടച്ചെങ്കിലും സേവനങ്ങൾ ഉറപ്പാക്കുന്നതിൽ തങ്ങൾ  ഒട്ടും തന്നെ പിന്നോട്ട് പോയിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീയുടെ കാസറഗോഡ് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം.

Content highlight
ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം ഇപ്പോൾ 'വർക്ക് ഫ്രം ഹോം' രീതിയിൽ ആണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. കൗൺസിലറും സർവീസ് പ്രൊവൈഡർമാരും കമ്മ്യൂണിറ്റി കൗൺസിലർമാരും അടങ്ങുന്ന 14 അംഗ ടീം ആണ് ഇത്തരത്തിൽ വീട്ടിലിരുന്നു കൊണ്ട്, തങ്ങളുടെ ചുമതലകൾ,

എറണാകുളം ജില്ലയിൽ പത്തു കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങാൻ കോർപ്പറേഷൻ കുടുംബശ്രീയെ ഏൽപിച്ചു.

Posted on Sunday, April 12, 2020

എറണാകുളം: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി  സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതിഥി തൊഴിലാളികൾ ഉൾപ്പെടെ ആവശ്യമായ മുഴുവൻ പേർക്കും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനായി പത്തു കമ്മ്യൂണിറ്റി കിച്ചണുകൾ കൂടി നാളെ  (31-03-2020) മുതൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തനം ആരംഭിക്കും. കൊച്ചി കോർപ്പറേഷനാണ് പത്ത് കിച്ചണുകൾ കൂടി തുടങ്ങാൻ കുടുംബശ്രീയെ ഏൽപിച്ചത്. നഗരസഭയിലാകും ഇവ പ്രവർത്തിക്കുക. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി.

ജില്ലയിൽ നിലവിൽ 101 സി.ഡി.എസുകളിലായി 98 കമ്മ്യൂണിറ്റി കിച്ചണുകളുണ്ട്.   കോർപ്പറേഷൻ ഏൽപിച്ച പത്തെണ്ണം കൂടി ചേരുമ്പോൾ ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ എണ്ണം ആകെ 108 ആകും.   അതിഥി തൊഴിലാളികൾ ഏറെയുളള ജില്ലയിലെ പെരുമ്പാവൂർ, ആലുവ, വെങ്ങോല, രായമം​ഗലം, രാമമം​ഗലം, പല്ലേരിമംഗലം, വായിത്ര, നെല്ലിക്കുഴി, വാഴക്കുളം, എന്നിവിടങ്ങളിലും കൂടാതെ ​ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർക്കും ലോഡ്ജുകളിലും വീടുകളിലും ഒറ്റപ്പെട്ടു കഴിയുന്നവർക്കും ആരും തുണയില്ലാത്തവർക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു നേരവും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ഭക്ഷണം നൽകുന്നത്.  ബ്രേക്ക്ഫാസ്ററും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും നൽകുന്നു. അപ്പവും മുട്ടക്കറിയുമാണ് ബ്രേക്ക്ഫാസ്റ്റിന്. ചോറ്, സാമ്പാർ, തോരൻ, അച്ചാർ എന്നിവയുൾപ്പെടുന്നതാണ് ഉച്ചഭക്ഷണം. രാത്രിയിൽ ചപ്പാത്തിയും കറിയും നൽകുന്നു.  

ഇന്ന് കൗണ്ടറുകൾ വഴി  126ഉം, സൗജന്യമായി 435 ഉം പേർക്കും ബ്രേക്ക് ഫാസ്റ്റ് ലഭ്യമാക്കി. ഉച്ചഭക്ഷണം കൗണ്ടറുകൾ വഴി 4713 പേർക്കും 941 പേർക്ക് ഹോംഡെലിവറിയായും 11,448 പേർക്ക് സൗജന്യമായും  വിതരണം ചെയ്തു. രാത്രിഭക്ഷണം കമ്മ്യൂണിറ്റി കിച്ചൺ യൂണിറ്റുകൾ വഴി 2795 പേർക്കും 65 പേർക്ക് ഹോംഡെലിവറിയായും സൗജന്യമായി 5182 പേർക്കും ലഭ്യമാക്കി. ആകെ 24,703 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.
ഇന്നലെ 12,000 പേർക്കാണ് ഭക്ഷണ വിതരണം നടത്തിയത്. ഇതിൽ 9000 പേർക്ക് സൗജന്യമായും 3000 പേർക്ക് ജനകീയ ഹോട്ടൽ മാതൃകയിൽ  20 രൂപ നിരക്കിലും ഭക്ഷണം വിതരണം ചെയ്തു.   ഐസോലേഷൻ കേന്ദ്രങ്ങളിലും വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഭക്ഷണം എത്തിച്ചു.    

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, അസി.കോ-ഓർഡിനേറ്റർമാർ,  ബ്ളോക്ക് കോ-ഓർഡിനേറ്റർമാർ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലെ സർവീസ് പ്രൊവൈഡർമാർ, കൗൺസിലർമാർ, എൻ.യു.എൽ.എം സിറ്റിമിഷൻ മാനേജർമാർ, കമ്മ്യൂണിറ്റി ഓർഗനൈസർമാർ എന്നിവർക്കാണ് കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതല.  ഓരോ പ്രദേശത്തുമുള്ള കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതല അതത് സ്ഥലത്ത് താമസിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർക്കാണ്. ഇവർ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഏതെങ്കിലും സ്ഥലത്ത് നിന്നു ഭക്ഷണം ഫോണിൽ ആവശ്യപ്പെടുന്നവർക്ക്  അതത് പ്രദേശത്തെ ചാർജ് ഓഫീസറുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. പ്രാദേശികമായി സമാഹരിക്കുന്ന ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് ജില്ലയിലെ കുടുംബശ്രീ  കാന്റീൻ കാറ്ററിങ്ങ് യൂണിറ്റുകളാണ്. ഇവരുടെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക ആക്ടിവിറ്റി ​ഗ്രൂപ്പുകൾ രൂപീകരിച്ച് അവരുടെ നേതൃത്വത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.

Content highlight
കൊച്ചി കോർപ്പറേഷനാണ് പത്ത് കിച്ചണുകൾ കൂടി തുടങ്ങാൻ കുടുംബശ്രീയെ ഏൽപിച്ചത്. നഗരസഭയിലാകും ഇവ പ്രവർത്തിക്കുക. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി.

ലോക്ക് ഡൌൺ കാലത്തും സേവനങ്ങൾ ഉറപ്പാക്കി മലപ്പുറം ജില്ല മിഷൻ

Posted on Sunday, April 12, 2020

കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ നടപ്പിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളാണ്  കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ, ജില്ലാ ഭരണകൂടവുമായി സഹകരിച്ച് മലപ്പുറം ജില്ലയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കൊറോണ വ്യാപനം തടയാൻ സമൂഹത്തിനൊപ്പം പ്രവർത്തിക്കുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ. മാസ്ക്- സാനിറ്റൈസർ നിർമ്മാണം, കമ്മ്യൂണിറ്റി കിച്ചൺ സേവനങ്ങൾ, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ പങ്കുവയ്ക്കൽ,  കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തിൽ സർക്കാർ  പ്രഖ്യാപിച്ച അടിയന്തര വായ്പാ പദ്ധതി പ്രകാരം ജില്ലയിലേക്ക് ആവശ്യമായ വായ്പ തുക കണക്കാക്കൽ  എന്നീ പ്രവർത്തങ്ങൾ കൂടാതെ, കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ മുൻകയ്യെടുത്ത് നടപ്പിലാക്കുന്ന വ്യത്യസ്തമായ പ്രവർത്തങ്ങളും ഇതിൽ ഉൾപ്പെടും.  ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണുകൾ കൂടാതെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ ഓഫിസിലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷനിലെ ഉദ്യോഗസ്ഥരാണ് ഭക്ഷണം പാകം ചെയ്യുന്നത്. സിവിൽ സ്റ്റേഷൻ പരിധിയിലുള്ള  വീടുകളിൽ നിന്നും മറ്റും ഓർഡർ എടുത്ത ശേഷം ഭക്ഷണം തയ്യാറാക്കി നൽകുകയാണ് ചെയ്യുന്നത്. ഏകദേശം മുന്നൂറോളം പേർക്ക് ദിവസവും ഇത്തരത്തിൽ ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്.

കൊറോണ രോഗം സാരമായി ബാധിക്കുന്നത് വയോജനങ്ങളെ ആയതിനാൽ തന്നെ, വയോജനങ്ങളെ കൊറോണ രോഗത്തെപറ്റിയും അതിന്റെ വ്യാപനത്തെപറ്റിയും ബോധവാന്മാരാക്കുന്നതിനായി കുടുംബശ്രീ മലപ്പുറം ജില്ല മിഷന്റെ നേതൃത്വത്തിൽ ടെലികൗൺസിലിംഗ് ഉറപ്പാക്കുന്നുണ്ട്. സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്കിലെ കൗൺസിലർമാരാണ് വയോജനങ്ങൾക്ക് ഫോണിലൂടെ കൊറോണ രോഗത്തെപ്പറ്റിയും ഇതിന്റെ വ്യാപനം തടയാനായി എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും രോഗലക്ഷണങ്ങളെപറ്റിയും വയോജനങ്ങൾക്ക് അവബോധം നൽകുന്നത്. ജില്ലയിലെ വയോജന അയൽക്കൂട്ടങ്ങളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചാണ് ടെലികൗൺസിലിങ് നൽകുന്നത്. വയോജനങ്ങൾക്ക് പുറമെ, സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്ക് വഴി, ഓരോ അയൽക്കൂട്ട അംഗത്തെയും ഇത്തരത്തിൽ ബന്ധപ്പെട്ട വേണ്ട നിർദേശങ്ങളും അവബോധവും നൽകുന്നുണ്ട്.

Content highlight
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണുകൾ കൂടാതെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ ഓഫിസിലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷനിലെ ഉദ്യോഗസ്ഥരാണ് ഭക്ഷണം പാകം ചെയ്യുന്നത്.

സിവിൽ സപ്ലൈസ് വകുപ്പിന് വേണ്ടി തുണി സഞ്ചികൾ നിർമിച്ച് കൊല്ലം ജില്ലാ മിഷൻ

Posted on Sunday, April 12, 2020

കൊറോണ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ നടപ്പിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സൗജന്യ റേഷനും ഭക്ഷ്യ കിറ്റും പ്രഖ്യാപിച്ചിരുന്നു കേരള സർക്കാർ. കൊല്ലം ജില്ലയിൽ സിവിൽ സപ്ലൈസ് വകുപ്പ്, അവശ്യ സാധന കിറ്റുകൾ പായ്ക്ക് ചെയ്തു വിതരണം ചെയ്യുന്നതിനായുള്ള തുണി സഞ്ചികൾക്കായി ആശ്രയിച്ചിരുന്നത് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളെ ആണ്. ജില്ലയിലെ നിരവധി കുടുംബശ്രീ യൂണിറ്റുകൾ ആണ് ഇത്തരത്തിൽ തുണി സഞ്ചികൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. കുടുംബശ്രീയുടെ 38  ഓളം യൂണിറ്റുകളും  പുനലൂരും നെടുമ്പനയിലും ഉള്ള രണ്ടു അപ്പാരൽ പാർക്കുകളും ആണ് തുണി സഞ്ചി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നാല്പതിനായിരം തുണി സഞ്ചികൾക്കുള്ള ഓർഡർ ആണ് സിവിൽ സപ്ലൈസ് ആദ്യ ഘട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയത്. ഇതിൽ പതിനയ്യായിരം തുണി സഞ്ചികൾ ഉടൻ  തന്നെ കൈമാറും.  കൂടുതൽ ഓർഡർ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും കുടുംബശ്രീ കൊല്ലം ജില്ലാ മിഷന് ലഭിച്ചു കൊണ്ടിരിക്കുകയാണ്.

  ജനുവരി 2020 മുതൽ പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ച സാഹചര്യത്തിൽ തുണി സഞ്ചികൾ നിർമിച്ചു വരികയായിരുന്നു ജില്ലയിലെ അപ്പാരൽ പാർക്ക് അടക്കമുള്ള തയ്യൽ യൂണിറ്റുകൾ. അടിയന്തിര സാഹചര്യം വന്നപ്പോൾ  തങ്ങളുടെ സേവനങ്ങളുമായി സമൂഹത്തിന്റെ മുൻപന്തിയിലേക്ക് എത്തിയിരിക്കുകയാണ് ഇവർ. കൊറോണയെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗം ആവുക വഴി തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ്  കൊല്ലം ജില്ലയിലെ ഒരു കൂട്ടം കുടുംബശ്രീ വനിതകൾ.

Content highlight
ജില്ലയിലെ നിരവധി കുടുംബശ്രീ യൂണിറ്റുകൾ ആണ് ഇത്തരത്തിൽ തുണി സഞ്ചികൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. കുടുംബശ്രീയുടെ 38 ഓളം യൂണിറ്റുകളും പുനലൂരും നെടുമ്പനയിലും ഉള്ള രണ്ടു അപ്പാരൽ പാർക്കുകളും ആണ് തുണി സഞ്ചി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ വിശക്കുന്നവർക്ക് ഭക്ഷണമൊരുക്കാൻ സംഘക്കൃഷി ​ഗ്രൂപ്പുകളുടെ പച്ചക്കറികൾ

Posted on Sunday, April 12, 2020

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ സമൂഹ അടുക്കളകളിൽ അന്നമൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും വിതരണം ചെയ്യുന്നത്  കുടുംബശ്രീയുടെ വനിതാ കർഷക സംഘങ്ങൾ. ജില്ലയിൽ സമൂഹ അടുക്കളയുടെ പ്രവർത്തനം ആരംഭിച്ച്  അഞ്ചു ദിവസം പിന്നിടുമ്പോൾ വനിതാ കൂട്ടായ്മയുടെ കരുത്തിൽ  1500 കിലോ​ഗ്രാം പച്ചക്കറികളാണ് ഇതുവരെ വിതരണം ചെയ്തത്. 39,710 പേർക്ക് ഇതുവഴി ഭക്ഷണവും നൽകി.

കഴിഞ്ഞ 28 മുതലാണ് ജില്ലയിൽ സമൂഹ അടുക്കള പ്രവർത്തനം ആരംഭിച്ചത്. ​ഗ്രാമീണ മേഖലയിൽ 53ഉം ന​ഗരമേഖലയിൽ 4 സി.ഡി.എസും ഉൾപ്പെടെ ജില്ലയിൽ ആകെ 57 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇത്രയും സി.ഡി.എസുകളിലായി പ്രവർത്തിക്കുന്ന 62 സമൂഹ അടുക്കളകളിലേക്ക് ഭക്ഷണമൊരുക്കാനാവശ്യമായ പച്ചക്കറികൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക അകറ്റിയത് ജില്ലയിലെ വനിതാ കർഷക സംഘങ്ങളാണ്. ഓരോ സി.ഡി.എസിലും പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്കാവശ്യമായ പച്ചക്കറികൾ വിതരണം ചെയ്യാൻ അവർ സ്വമേധയാ മുന്നോട്ടു വരികയായിരുന്നു.

നിലവിൽ 3490 സംഘക്കൃഷി ഗ്രൂപ്പുകളാണ് ജില്ലയിലുള്ളത്. ഇതിൽ 181 ​ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് എല്ലാ ദിവസവും ഭക്ഷണമൊരുക്കുന്നതിനാവശ്യമായ പച്ചക്കറികളുടെ സമാഹരണവും വിതരണവും നടന്നു വരുന്നത്. ഇതു പ്രകാരം പറക്കോട് ബ്ളോക്കിലെ കടമ്പനാട് പഞ്ചായത്തിലെ ഓരോ വാർഡിലുമുള്ള സംഘക്കൃഷി ​ഗ്രൂപ്പുകൾ വിവിധ സമൂഹ അടുക്കളകളിലേക്ക് കാർഷികോൽപന്നങ്ങൾ എത്തിക്കും. ചക്ക, മാങ്ങ, വെണ്ടയ്ക്ക, കോവയ്ക്ക, മുരിങ്ങയ്ക്ക, വഴുതനങ്ങ, ചീര, തക്കാളി, മത്തങ്ങ, ബീൻസ്,  പാവയ്ക്ക, വെള്ളരിക്ക, വാഴയ്ക്ക, കുമ്പളങ്ങ, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പപ്പായ, കപ്പ, ചേന, ചേമ്പ്   തുടങ്ങിയ ​ഗുണനിലവാരമുളള പച്ചക്കറികളും കിഴങ്ങു വർ​ഗങ്ങളും ഉൾപ്പെട്ട കാർഷികോൽപന്നങ്ങളാണ് നിത്യവും സൗജന്യമായി എത്തിച്ചു കൊടുക്കുന്നത്. സമൂഹ അടുക്കളയിലേക്കാവശ്യമായ അരിയും പലവ്യ‍ഞ്ജനങ്ങളും സ്പോൺസർഷിപ് വഴിയാണ് കണ്ടെത്തുന്നത്. കൂടാതെ സി.ഡി.എസുകൾക്ക് ഭക്ഷണമൊരുക്കാൻ സപ്ളൈക്കോ വഴി സബ്സിഡി നിരക്കിലും അരി ലഭ്യമാകുന്നുണ്ട്.

Content highlight
സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ സമൂഹ അടുക്കളകളിൽ അന്നമൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ വനിതാ കർഷക സംഘങ്ങൾ.

കോട്ടയത്ത് കൊറോണ കണ്‍ട്രോള്‍ സെല്ലിലെ പ്രത്യേക സേവനവും മാനസിക പിന്തുണയേകും പ്രവര്‍ത്തനങ്ങളും

Posted on Sunday, April 12, 2020

കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച് കുടുംബശ്രീ സ്‌നേഹിത കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കളക്ടറുമായി മാര്‍ച്ച് 18ന് നടത്തിയ ചര്‍ച്ചയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമായും ഇത്തരത്തില്‍ സംയോജിക്കുന്നതിന് തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള സ്‌നേഹിത ഉദ്യോഗസ്ഥരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെയും സേവനം കൊറോണ കള്‍ട്രോള്‍ സെല്ലിലേക്ക് ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശിച്ചത്. കൗണ്‍സിലിങ് നല്‍കുന്നവരും സര്‍വീസ് പ്രൊവൈഡേഴ്‌സുമായ ഏഴ് പേരാണ് കോട്ടയത്ത് സ്‌നേഹിതയിലുള്ളത്. ഇവരില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള മൂന്ന് പേരേയും സൈക്കോളജി ബിരുദാനന്തര ബിരുദമുള്ള ഒരാളെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരില്‍ നിന്ന് രണ്ട് പേരെയും സെല്ലിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തു.

  മാര്‍ച്ച് 19ന് ഇവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഏകദിന പരിശീലനം നല്‍കി. കൊറോണ വൈറസ് വ്യാപനം, ലക്ഷണങ്ങള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന സംശയങ്ങളെക്കുറിച്ചും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നാല് സെഷനുകളിലായായിരുന്നു പരിശീലനം. അതിന് ശേഷം പ്രവര്‍ത്തന ഷെഡ്യൂള്‍ തയാറാക്കി. ദിവസം രണ്ട് ഷിഫ്ടുകളിലായി (രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും 1 മണി മുതല്‍ വൈകുന്നേരം അഞ്ച് വരെയും) നാല് പേര്‍ 20,21,22,23 തിയതികളില്‍ കോട്ടയത്ത് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലില്‍ എത്തി സേവനം നല്‍കുകയായിരുന്നു. ഫോണ്‍ വഴി മറുപടി നല്‍കുന്നതിനൊപ്പം വിശദാംശങ്ങള്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തുകയും ചെയ്തു. കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ക്ക് ആ സേവനങ്ങളും നല്‍കി.

  മാര്‍ച്ച് 24ന് രാജ്യം സംപൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോയതോടെ കണ്‍ട്രോള്‍ സെല്ലില്‍ നേരിട്ട് എത്തി സേവനങ്ങള്‍ നല്‍കുന്നതിന് ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. ഇതോടെ അന്ന് മുതല്‍ സ്‌നേഹിതയിലേക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ ആരോഗ്യ വകുപ്പ് വിവിധ ഇടങ്ങളില്‍ പരസ്യപ്പെടുത്തുകയും അതുവഴി നേരിട്ട് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കി തുടങ്ങി, കൂടാതെ കണ്‍ട്രോള്‍ സെല്ലിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ സ്‌നേഹിതയുടെ മൊബൈല്‍ നമ്പരിലേക്ക് തിരിച്ച് വിട്ട് സേവനങ്ങള്‍ നല്‍കുന്നത് തുടരുകയും ചെയ്തു.

  ഇത് കൂടാതെ ജില്ലയിലെ സ്‌നേഹിത കോളിങ് ബെല്‍ പദ്ധതിയുടെ സ്വീകര്‍ത്താക്കളെ ഫോണ്‍ വഴി ബന്ധപ്പെട്ട് മാനസിക പിന്തുണയേകുന്ന സേവനങ്ങള്‍ ജില്ലയിലെ 30 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും നല്‍കിവരുന്നു. കൂടാതെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹിത മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി ആശങ്കകള്‍ അകറ്റുകയും ചെയ്യുന്നു. ഒറ്റപ്പെട്ട് പോകുന്നവര്‍ പലരുടെയും മരുന്ന്, ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളെക്കുറിച്ച് അറിയാനും അതിന് പരിഹാരം കാണുകയും ചെയ്യുന്നു. ഇത്തരത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന ആകുലതകള്‍ അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഇവര്‍ അക്ഷീണം തുടരുന്നു.

Content highlight
സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള സ്‌നേഹിത ഉദ്യോഗസ്ഥരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെയും സേവനം കൊറോണ കള്‍ട്രോള്‍ സെല്ലിലേക്ക് ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ- ഫ്രഷ് മാസ്‌ക് പുറത്തിറക്കി

Posted on Thursday, March 19, 2020

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കോര്‍പ്പറേഷനില്‍ ഫ്രഷ് ബാഗ്‌സ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 94 യൂണിറ്റുകളിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ആകെ 706 കുടുംബശ്രീ അംഗങ്ങളാണ് ഈ യൂണിറ്റുകളിലുള്ളത്.

  രോഗവ്യാപനം തടയേണ്ടതിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് നിലവിലുള്ള തുണിസഞ്ചി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ഈ യൂണിറ്റുകള്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചത്. ദിനംതോറും 35,000 മാസ്‌കുകള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍മ്മിക്കാന്‍ കഴിയും. സര്‍ജിക്കല്‍ തുണികൊണ്ടുള്ള മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ആദ്യദിനം 3500 മാസ്‌കുകളാണ് നിര്‍മ്മിച്ചത്.

  17ന് കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മാസ്‌ക് പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ ടി.കെ. പ്രകാശന്‍, ചെയര്‍പേഴ്‌സണ്‍മാരായ ഒ. രജിത, എന്‍. ജയശീല, ടി.കെ. ഗീത, ദേശീയ നഗര ഉപജീവന ദൗത്യം (എന്‍യുഎല്‍എം) മാനേജര്‍ ടി.ജെ. ജയ്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

 

Content highlight
സര്‍ജിക്കല്‍ തുണികൊണ്ടുള്ള മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ആദ്യദിനം 3500 മാസ്‌കുകളാണ് നിര്‍മ്മിച്ചത്.

അന്താരാഷ്ട്ര വനിതാദിനം ആഘോഷമാക്കി കുടുംബശ്രീ

Posted on Thursday, March 19, 2020

മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാദിനം കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ആഘോഷമാക്കി. കേരളത്തിലെ 3 ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി അംഗങ്ങളായ 43 ലക്ഷത്തോളം വനിതകളാണ് വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിച്ചത്. 'എന്റെ അവസരം എന്റെ അവകാശമാണ്' എന്ന ആശയമാണ് ഈ വര്‍ഷത്തെ വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ മുന്നോട്ടുവച്ചത്. അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.

  കേരളത്തിലുള്ള സ്ത്രീകള്‍ക്ക് സ്വയം തിരിച്ചറിയുന്നതിനും ശക്തരാകുന്നതിനും കൂടുതല്‍ അവസരങ്ങളുണ്ടാകേണ്ടത് അവശ്യമാണെന്നും ഇത്തരത്തിലുള്ള വിവിധ അവസരങ്ങള്‍ ഓരോരുത്തരുടെയും അവകാശമാണെന്നുമുള്ള സന്ദേശമാണ് ഈ വനിതാദിനത്തില്‍ അയല്‍ക്കൂട്ടങ്ങളിലേക്കും അതുവഴി പൊതുസമൂഹത്തിലേക്കും എത്തിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളോടും അവകാശ പതാകകളുണ്ടാക്കി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കാനും അതുവഴി എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം പരമാവധി സമൂഹത്തിലേക്കെത്തിക്കാനും ശ്രമിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഓരോ അയല്‍ക്കൂട്ടത്തിന്റെയും നേതൃത്വത്തില്‍ വനിതാദിന സന്ദേശങ്ങള്‍ എഴുതിയ കൊടികള്‍ തയാറാക്കി വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചു.  

  ഇത് കൂടാതെ രാത്രി അയല്‍ക്കൂട്ട യോഗങ്ങള്‍ കൂടുന്നത് വഴി പൊതു ഇടങ്ങള്‍ രാത്രികാലത്തും തങ്ങളുടേതുകൂടിയാണെന്ന അവകാശ പ്രഖ്യാപനമാണ് അയല്‍ക്കൂട്ടവനിതകള്‍ നടത്തിയത്. സാധാരണയായി ശനി, ഞായര്‍ ദിവസങ്ങളിലേതെങ്കിലുമൊന്നില്‍ അംഗങ്ങളുടെ ആരുടെയെങ്കിലും വീട്ടിലാണ് അയല്‍ക്കൂട്ട യോഗം ചേരുന്നത്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ട യോഗം രാത്രി ഏഴിന് ശേഷമായിരിക്കണം ചേരേണ്ടതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തിലെ ഭൂരിഭാഗം അയല്‍ക്കൂട്ടങ്ങളും ഇത്തരത്തില്‍ യോഗം ചേര്‍ന്നുകൊണ്ട് വനിതാദിനാഘോഷം ഒരു വേറിട്ട അനുഭവമാക്കി മാറ്റുകയായിരുന്നു.
 രാത്രികാല അയല്‍ക്കൂട്ടയോഗങ്ങള്‍ നടക്കുമ്പോള്‍ എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്യാനായി ഒരു കുറിപ്പും ഞങ്ങള്‍ തയാറാക്കി നല്‍കിയിരുന്നു.


1. ഇന്ന് സ്ത്രീയുടെ അവസരം അവരുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് പുതിയ അവസരങ്ങള്‍ നേടിയെടുക്കാനുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും തുടങ്ങാം.
2. നാളിതുവരെ നാം പിന്തുടര്‍ന്നുപോന്ന ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉപരിയായി പുതിയ മാറ്റത്തിന്റെ ചാലകശക്തികളായി സ്വയം മാറുന്നതിനുള്ള തീരുമാനം ഈ ദിനത്തില്‍ കൈക്കൊള്ളാം.
3. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ പുതിയ അവസരങ്ങളിലൂടെ സമത്വത്തിനും പുരോഗതിക്കും വേണ്ടി നമുക്ക് പരിശ്രമിക്കാം.

ഈ മൂന്ന് ഉദ്‌ബോധനങ്ങളാണ് കുറിപ്പില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചത്. വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ചേര്‍ന്ന അയല്‍ക്കൂട്ട യോഗങ്ങളിലെല്ലാം ഈ കുറിപ്പ് ചര്‍ച്ച ചെയ്യുകയും അവസരം അവകാശമാണെന്ന സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു.

 

Content highlight
അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.

ജനകീയ ഹോട്ടലിനും വിശപ്പുരഹിത ക്യാന്റീനും തുടക്കം

Posted on Wednesday, March 4, 2020

ആലപ്പുഴ ജനകീയ ഹോട്ടലിനും ജില്ലയിലും തൃശ്ശൂര്‍ ജില്ലയില്‍ വിശപ്പുരഹിത ക്യാന്റീനും തുടക്കം. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിലാണ് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. 2020-21ലെ പൊതുബജറ്റില്‍ 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന, കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന 1000 ഹോട്ടലുകള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ ഹോട്ടല്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യ്തു. പണം കൈയില്ലില്ലാത്തവര്‍ക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ഷെയര്‍ മീല്‍സ് എന്ന ആശയം വഴിയാണിത്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഒരാള്‍ക്കോ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് ഷെയര്‍ മീല്‍സ് വഴി ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാം. അതിനുള്ള തുക അടച്ച് ടോക്കണ്‍ എടുക്കണം. പണമില്ലാത്തവര്‍ക്ക് ഈ ടോക്കണുകള്‍ നല്‍കി സൗജന്യമായി ഭക്ഷണം നല്‍കും. ഷെയര്‍ മീല്‍സ് പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എംപി നിര്‍വ്വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നല്‍കിയ രണ്ട് മുറികളിലായാണ് ഹോട്ടല്‍ നടത്തുന്നത്. ഒരു സമയം 36 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കുടുംബശ്രീ അംഗങ്ങളായ തനൂജ, വിജയലക്ഷ്മി എന്നിവര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചുമതല.

  തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിശപ്പുരഹിത ക്യാന്റീന് തുടക്കമായത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ ക്യാന്റീന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയുള്ള സമയത്ത് 500 പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ നല്‍കുക. ഊണിന് 20 രൂപയാണ് ഈടാക്കുന്നത്. 5 രൂപ സിവില്‍ സപ്ലൈസിന്റെ സബ്‌സിഡിയായി ലഭിക്കും.

 

Content highlight
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിശപ്പുരഹിത ക്യാന്റീന് തുടക്കമായത്

എറണാകുളത്തും കുടുംബശ്രീ ബസാറിന് തുടക്കം

Posted on Wednesday, March 4, 2020

കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി കണ്ടെത്തുന്നതിനായുള്ള സൂപ്പര്‍മാര്‍ക്കറ്റായ കുടുംബശ്രീ ബസാറിന് എറണാകുളം ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ മൂന്നാമത്തെ കുടുംബശ്രീ ബസാറാണ് എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വടവുകോട് പുത്തന്‍കുരിശ് ബ്ലോക്കില്‍ ഐക്കാരനാട് പഞ്ചായത്തിലെ കോലഞ്ചേരിയില്‍ ആരംഭിച്ച ബസാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. 1350 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ 102 സംരംഭകരുടെ 485 ഉത്പന്നങ്ങള്‍ ലഭിക്കും. പ്രതിദിനം 30,000 രൂപ വിറ്റുവരവാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

  വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ കഴിഞ്ഞവര്‍ഷം തന്നെ ആരംഭിച്ചു കഴിഞ്ഞു. വയനാട് ജില്ലയില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ കമ്പളക്കാടുള്ള സൂപ്പര്‍മാര്‍ക്കറ്റ് 800 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. 85 സംരംഭകരുടെ 256 ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. മാസം 2 ലക്ഷം രൂപയുടെ വിറ്റുവരവാണുള്ളത്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭയില്‍ ബൈപാസ് റോഡരികില്‍ പബ്ലിക് സ്റ്റേഡിയത്തിന് എതിര്‍ വശത്തായി വില്ലേജ് സൂക് മാതൃകയിലാണ് കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തിക്കുന്നത്. 2000 ചതുരശ്ര അടി സ്ഥലത്ത് 100 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള ഏഴ് ഷോപ്പുകളും ഫുഡ് കോര്‍ട്ടും ഉള്‍പ്പെടുന്നതാണ് ഈ ബസാര്‍. 20 സംരംഭകരുടെ 110 ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും. മാസം 4 ലക്ഷം രൂപയാണ് വിറ്റുവരവ്.

    വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്. കുടുംബശ്രീ സംരംഭകരുടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴിലില്‍ ലഭ്യമാക്കുന്നതിനായാണ് ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലക്ഷ്യമിടുന്നത്.

 

Content highlight
വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്.