കമ്മ്യൂണിറ്റി റേഡിയോയുമായി കാസര്‍ഗോഡ് ജില്ലാ മിഷന്‍

Posted on Friday, May 14, 2021

വ്യാജവാര്‍ത്തകളില്‍ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന അറിവുകളില്‍ നിന്നും പൊതുജനങ്ങളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി റേഡിയോ സേവനവുമായി കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം. 'അറിവ് ആസ്വാദനം അയല്‍ക്കൂട്ടങ്ങളിലേക്ക്' എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മേയ് 10ന് നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കെശ്രീ റേഡിയോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലേക്ക് നേരിട്ട് എത്തിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് കെശ്രീ റേഡിയോ. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് കമ്മ്യൂണിറ്റി റേഡിയോ സംപ്രേഷണം നടത്തുന്നത്. വാക്‌സിനേഷന്‍ ക്യാമ്പെയ്ന്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏറെ ഫലപ്രദമായി കെശ്രീ റേഡിയോയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു.

  ജില്ലാ റാപ്പിഡ് റെസ്‌പോണ്‍സ് ടീം, പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌കുകള്‍, വാര്‍ റൂം എന്നിവിടങ്ങളില്‍ സജീവമായി സേവനങ്ങള്‍ നല്‍കി വരികയാണ് കുടുംബശ്രീ. അതാത് ദിനങ്ങളില്‍ ഈ മേഖലയിലെ ഇടപെടലുകളുടെ വിശദാംശങ്ങളും ജില്ലയിലെ കുടുംബശ്രീ സംവിധാനം മുഖേന നടത്തിയ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ളവയുടെ വിവരങ്ങളും ശേഖരിച്ച് ഇത് സംബന്ധിച്ച വാര്‍ത്ത ജില്ലാ ടീം അംഗങ്ങള്‍ തയാറാക്കുന്നു. ഈ വാര്‍ത്ത ജില്ലാ ടീം ഉദ്യോഗസ്ഥരോ കുടുംബശ്രീ അംഗങ്ങളോ വായിച്ച് റെക്കോഡ് ചെയ്യുന്നു. പിന്നീട് വാട്‌സ്ആപ്പ് മുഖേന ശബ്ദ സന്ദേശങ്ങളായി അയല്‍ക്കൂട്ടാംഗങ്ങൡലേക്ക് എത്തിക്കുന്നു. നാല് ദിനങ്ങളില്‍ നടത്തിയ കെശ്രീ റേഡിയോ സംപ്രേഷണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്.

 

Content highlight
സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലേക്ക് നേരിട്ട് എത്തിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് കെശ്രീ റേഡിയോ.