district news

മുളയുടെ ദക്ഷിണേന്ത്യൻ തലസ്ഥാനമാകാനൊരുങ്ങി കാസറഗോഡ്

Posted on Friday, July 12, 2019

ഒരു ചരിത്രമുഹൂര്‍ത്തത്തിന് 2019 ജൂലൈ 13 ന് (ശനി) കാസറഗോഡ് ജില്ല സാക്ഷ്യം വഹിക്കുകയാണ്. കാസറഗോഡ്, മഞ്ചേശ്വരം ബ്ലോക്കുപഞ്ചായത്തുകളിലുള്‍പ്പെട്ട 13 ഗ്രാമ പഞ്ചായത്തുകളില്‍ മുളംതൈകള്‍ നട്ടുപിടിപ്പിച്ച് കാസര്‍കോടിനെ ദഷിണേന്ത്യയുടെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്ന ദൗത്യത്തിന് അന്നു തുടക്കമാവുകയാണ്. രാവിലെ 10 മുതല്‍ 11 മണിവരെ ഈ 13 ഗ്രാമ പഞ്ചായത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് മൂന്ന് ലക്ഷം മുളംതൈകള്‍ വെച്ചു പിടിപ്പിക്കാനാണ് ജില്ലാ ഭരണകുടം തീരുമാനിച്ചിരിക്കുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പഞ്ചായത്തു തലത്തിലും വാര്‍ഡ് മെമ്പര്‍മാര്‍ വാര്‍ഡ് തലത്തിലും പരിപാടി ഉദ്ഘാടനം ചെയ്യും.  

കാസറഗോഡ് ജില്ലയിലെ ഊഷരതയെ ഉർവ്വരത ആക്കി മാറ്റാനുള്ള ഒരു ചെറിയ ചുവട് വെയ്പ്പാകുകയാണ് ബാംബൂ ക്യാപ്പിറ്റൽ ഓഫ് കേരള. 

നന്നായി വേരോട്ടമുള്ള കല്ലൻ മുളകൾ വെള്ളത്തിന്റെ ഒഴുക്ക് പിടിച്ച് നിർത്തുവാനും അത് വഴി മണ്ണൊലിപ്പ് തടയുവാനും സഹായിക്കുന്നു. ഒപ്പം തന്നെ ഒരു മുള നടുമ്പോൾ ഒരു വർഷം 22 കിലോ ജൈവവളം ആണ് ഇതിന്റെ ഇലകളിൽ കൂടി മണ്ണിന് ലഭ്യമാകുന്നത്. ലാറ്ററൈറ്റു നിറഞ്ഞ ഭൂവിഭാഗങ്ങൾക്ക് ഇത് ഒരു ആശ്വാസമാകും.

ഭൂഗര്‍ഭജലം അനുദിനം കുറഞ്ഞുവരുന്ന ഭീതിതമായ ഒരവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്.  ഭൂജലം വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും നമുക്ക് ഒരു കര്‍മ്മപദ്ധതി അനിവാര്യമാണ്. ഇതിന്റെ ആദ്യഘട്ടമായാണ് കാസറഗോഡ് ബ്ലോക്കിലെ കുമ്പള, ബദിയടുക്ക, ചെങ്കള, ചെമ്മനാട്, മധൂര്‍, മൊഗ്രാല്‍പൂത്തൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ മംഗല്‍പാടി, വൊര്‍ക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളിഗെ, എന്മകജെ എന്നീ പഞ്ചായത്തുകളില്‍ 13 ന് രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍ എല്ലാവാര്‍ഡുകളിലും, മുളംതൈകള്‍ വെച്ചുപിടിപ്പിക്കുന്നത്.   ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, അദ്ധ്യാപകര്‍, സന്നദ്ധ സംഘടനകള്‍, വീട്ടമ്മമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവർ തൈകൾ നടുന്നതിന്റെയും തുടർ സംരക്ഷണത്തിന്റെയും ഭാഗമാകും

'നമ്മുടെ നാടിന്റെ പുരോഗതിക്കും സംരക്ഷണത്തിനും നമുക്കൊന്നായി കൈകോര്‍ക്കാം'

Bamboo Kasaragod
മുള തൈകൾ പുത്തിഗെ പഞ്ചായത്തിലെ വാർഡ് 11 മുഖാരികണ്ടം എന്ന സ്ഥലത്ത് മുളപ്പിച്ചെടുത്തു

 

കൊല്ലം നഗരസഭ ഐ എസ്  ഒ നിറവിലേക്ക്

Posted on Friday, May 17, 2019

logo-kollam

കൊല്ലം നഗരസഭ ഐ എസ്സ് ഒ നിറവിലേക്ക്...

കൊല്ലം നഗരസഭയ്ക്ക് മികച്ച മുനിസിപ്പല്‍ ഭരണത്തിനും സേവനങ്ങള്‍ക്കും ഐ എസ്സ് ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍  ലഭിച്ചിരിക്കുന്നു.

Certificate No. Q9128277
Issue date    : 14 May 2019
Scope : Municipality Administration and Services to the public as per the kerala Municipality Act & Other allied acts and rules



kollam

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ/ ബാനറുകൾ/ ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതി ബോധിപ്പിക്കുന്നതിനുള്ള സംവിധാനം

Posted on Saturday, March 30, 2019

തൃശൂര്‍ ജില്ല :അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ/ ബാനറുകൾ/ ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതി ബോധിപ്പിക്കുന്നതിനുള്ള തൃശൂര്‍ ജില്ല നോഡല്‍ ഓഫീസറുടെ വിലാസം

പാറശാല ഗ്രാമ പഞ്ചായത്ത്‌ ISO Certification, വിവിധ പദ്ധതികളുടെ തുടക്കം

Posted on Thursday, February 28, 2019

പാറശാല ഗ്രാമ പഞ്ചായത്ത്‌ ISO Certification ഉദ്ഘാടനവും പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ തുടക്കവും തദ്ദേശ വകുപ്പ് മന്ത്രി ശ്രീ എ സി മൊയ്ദീന്‍ ഫെബ്രുവരി 26 ന് നിര്‍വഹിച്ചു.

മലപ്പുറം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഉദ്ഘാടനം

Posted on Monday, February 18, 2019

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമായ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് എന്ന ആഗ്രഹം സഫലമാകാൻ പോകുകയാണ്. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നാലുനിലകളിലായി മനോഹരമായി നിർമ്മിച്ച കെട്ടിടത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസിന് പുറമേ നഗര-ഗ്രാമാ സൂത്രണ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരവകുപ്പ് എന്നിവയുടെ ജില്ലാതല ഓഫീസുകളും ഹരിത കേരള മിഷൻ, ഇൻഫർമേഷൻ കേരള മിഷൻ എന്നിവയുടെ ജില്ലാതല ഓഫീസുകൾ കൂടി പ്രവർത്തിക്കും

Malappuram DPC Secretariat

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളൂടെ കൂടി സാമ്പത്തിക പങ്കാളിത്തത്തോടെയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 2019 ഫെബ്രു 23 ന് രാവിലെ 9.30ന് നടക്കുന്ന ആസൂത്രണ സമിതി ആസ്ഥാനമന്ദിരോദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശവകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും, ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ. ടി ജലീൽ മുഖ്യാഥിതിയാവും. മലപ്പുറം എം.എൽ എ ശ്രീ പി.ഉബൈദുള്ള ജില്ലയിലെ എം.പിമാരായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, ശ്രീ ഇ.ടി.മുഹമ്മദ് ബഷീർ, ശ്രീ പി.വി അബ്ദുൾ വഹാബ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ എം.എൽ എ മാർ , ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ല പഞ്ചായത്ത്, നഗര, ഗ്രാമ , ബ്ലോക്ക് ജനപ്രതിനിധികൾ, ജീവനക്കാർ , ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. സംസ്ഥാന ആസൂത്രണ ബോഡ് മെമ്പർ ഡോ. കെ.എൻ ഹരിലാൽ പ്രഭാഷണം നടത്തും.  ചിട്ടയായ സംഘാടനംകൊണ്ടും പങ്കാളിത്തം കൊണ്ടും ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.പി ഉണ്ണികൃഷ്ണൻ ചെയർമാനായും ജില്ലാ കളക്ടർ ശ്രീ അമീത് മീണ ഐ.എ എസ് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.

തിരുവനന്തപുരം നഗരസഭ-വ്യാപാര ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ

Posted on Friday, February 8, 2019

വ്യാപാര ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കും :തിരുവനന്തപുരം നഗരസഭയിലെ ഡി & ഒ ലൈസന്‍സിംഗ് സംവിധാനത്തിന്‍റെ കമ്പ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയായിട്ടുണ്ടന്നും ഇനി ലൈസന്‍സിനായുള്ള അപേക്ഷകളും ലൈസന്‍സ് ഫീസും ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും മേയര്‍ അറിയിച്ചു. ഇതിനുള്ള സൗകര്യം നഗരത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് സ്വന്തം കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ പരിശോധിച്ച് അംഗീകരിച്ചു കഴിഞ്ഞാല്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭ്യമാകും. നഗരസഭയില്‍ നിന്ന് വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയ്ക്ക് ഇതോടെ പരിഹാരമായി. വിവിധ സര്‍ക്കാര്‍ /ബാങ്ക് ആവശ്യങ്ങള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ആധികാരിക രേഖയായി പരിഗണിക്കാന്‍ പാടുള്ളൂ. ലൈസന്‍സ് ഫീസടച്ച രസീത് യാതൊരു കാരണവശാലും ലൈസന്‍സിന് പകരമായി പരിഗണിക്കാന്‍ പാടില്ല. നഗരത്തിലെ എല്ലാ ഡി & ഒ ലൈസന്‍സികളും ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങളുടെ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഔദ്യാഗിക രേഖയായി ഇതു പ്രയോജനപ്പെടുത്തണമെന്നും മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അറിയിച്ചു

പി.എം.എ.വൈ - ലൈഫ് - 1030 ഭവനങ്ങള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം നഗരസഭ

Posted on Monday, January 28, 2019

പി.എം.എ.വൈ - ലൈഫ് പദ്ധതിപ്രകാരം 1,000 ഭവനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ നഗരസഭയായി തിരുവനന്തപുരം നഗരസഭ. പി.എം.എ.വൈ - ലൈഫ് പദ്ധതിപ്രകാരം ആകെ തെരഞ്ഞെടുക്കപ്പെട്ട 9,027 ഗുണഭോക്താക്കളാണ് ഉള്ളത്. ഇതില്‍ നാളിതുവരെ 1,030 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരി ച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു നഗരസഭ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയധികം ഗുണഭോക്താക്കളുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്. പദ്ധതി തുകയായ നാലു ലക്ഷം രൂപയില്‍, നഗരസഭാ വിഹിതമായി 2 ലക്ഷം രൂപയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ 2 ലക്ഷം രൂപയുമാണ് വിനിയോഗിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ 6 ഡിപിആറികളിലായി 9,027 ഗുണഭോക്താക്കളാണുള്ളത്. ഒന്നാം ഡിപിആറില്‍ 1,370 ഉം, രണ്ടാം ഡിപിആറില്‍ 1,834 ഉം, മൂന്നാം ഡിപിആറില്‍ 1,851 ഉം, നാലാം ഡിപിആറില്‍ 2,103 ഉം, അഞ്ചാം ഡിപിആറില്‍ 585 ഉം, ആറില്‍ 1,284 ഉം ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ പദ്ധതിയ്ക്കായി 4 ലക്ഷം രൂപ നിരക്കില്‍ ആകെ 361 കോടി രൂപയാണ് ചെലവ് വരുന്നത്. പ്രസ്തുത പദ്ധതിയില്‍ കേന്ദ്ര - സംസ്ഥാന വിഹിതമായി 49.47 കോടി രൂപയും, നഗരസഭാ വിഹിതമായി 51.13 കോടി രൂപയും ലഭ്യമായിട്ടുണ്ട്. നാളിതുവരെ 97.6 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. നിലവില്‍ പൂര്‍ത്തിയായ ഭവനങ്ങള്‍ക്ക് പുറമേ വരുന്ന ഒരു വര്‍ഷത്തിനകം മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഭവനം നിര്‍മ്മിച്ചുനല്‍കുവാന്‍ കഴിയും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ നേട്ടം കൈവരിച്ച നഗരസഭയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. പി.എം.എ.വൈ - ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപയ്ക്ക് പുറമേ 24,390/- രൂപ ധനസഹായവും നഗരസഭ നല്‍കിവരുന്നു. പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനവും, പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കള്‍ക്ക് അയ്യങ്കാളി തൊഴിലുറപ്പ് കാര്‍ഡും, ഗഡു വിതരണവും, ഉള്‍പ്പെടെയുള്ള പരിപാടികള്‍ വരുംദിവസങ്ങളില്‍ നടക്കും.

തിരുവനന്തപുരം നഗരസഭ - D&O ലൈസന്‍സ് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് പരിശീലനം

Posted on Thursday, December 13, 2018

തിരുവനന്തപുരം നഗരസഭയുടെ വാണിജ്യ വ്യാപാര ലൈസന്‍സ് അപേക്ഷ (D&O) ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് 13.12.2018 2 മണിയ്ക്ക് കോഫീ ഹൗസിനു മുകളിലുള്ള ഹാളില്‍ വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും.ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് പരിശീലനം നല്‍കുന്നത്. ഓരോ സംഘടനയും കമ്പ്യൂട്ടര്‍പരിജ്ഞാനമുള്ള 5 പ്രതിനിധികളെ വീതം പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതാണ്.അക്ഷയകേന്ദ്രളുടെ സംരംഭകര്‍ക്കായി നേരത്തെ നടത്തിയ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നസംരംഭകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.

വയനാട് -എല്ലാ പഞ്ചായത്തുകളിലും നവംബര്‍ 25നകം മെറ്റീരിയല്‍ കലക്ഷന്‍ സംവിധാനം

Posted on Wednesday, November 14, 2018

മാലിന്യമുക്ത വയനാട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യ ശേഖരണത്തിനായി ജില്ലയിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും നവംബര്‍ 25 നകം മെറ്റീരിയല്‍ കലക്ഷന്‍ സംവിധാനമൊരുക്കും. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവില്‍ വെള്ളമുണ്ട, കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം, കണിയാമ്പറ്റ, തവിഞ്ഞാല്‍, പൂതാടി, നൂല്‍പ്പുഴ, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ ഈ സംവിധാനമില്ല. ഇവിടങ്ങളില്‍ താല്‍ക്കാലികമായെങ്കിലും എംസിഎഫ് ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പാണ് സെന്റര്‍ സ്ഥാപിക്കുന്നതിന് തടസ്സമെന്നു ജനപ്രതിനിധികള്‍ ജില്ലാ കലക്ടറെ അറിയിച്ചു. ഇതിനു പരിഹാരമുണ്ടാക്കാന്‍ ജനപ്രതിനിധികളടക്കം സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനമായി. നവംബര്‍ 26 മുതല്‍ ഹരിതകര്‍മസേന വാര്‍ഡ് തലത്തില്‍ മാലിന്യശേഖരണം തുടങ്ങും. നിലവില്‍ അഞ്ചു ഗ്രാമപ്പഞ്ചായത്തുകളിലാണ് വാര്‍ഡ് തല ഹരിതകര്‍മസേന പ്രവര്‍ത്തിക്കുന്നത്. യൂസര്‍ ഫീ സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് തീരുമാനമെടുക്കാം. വീടുകളില്‍ നിന്നു പരമാവധി 60 രൂപ വരെ ഈടാക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നെന്മേനി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ മാലിന്യശേഖരണ കേന്ദ്രമുണ്ട്. ഇവിടെ നിന്നു മാലിന്യം നീക്കം ചെയ്യാന്‍ സംവിധാനമില്ലെന്നു പഞ്ചായത്ത് പ്രതിനിധി യോഗത്തെ അറിയിച്ചു. ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഈ ആഴ്ച തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തി. 

ഡിസംബര്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ ട്രയല്‍ റണ്‍ തുടങ്ങും. നിലവില്‍ കല്‍പ്പറ്റ ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് ഷ്രഡിങ് മെഷീനുകളുണ്ട്. ഇതര പഞ്ചായത്തുകള്‍ക്ക് കൂടി ഉപകാരപ്പെടുത്താന്‍ ഷ്രെഡിങ് മെഷീന്‍ സ്ഥാപിക്കാമെന്നറിയിച്ച് പനമരം, മുട്ടില്‍, മുള്ളന്‍കൊല്ലി, നെന്മേനി ഗ്രാമപ്പഞ്ചായത്തുകള്‍ മുന്നോട്ടുവന്നു. ഇവിടങ്ങളില്‍ ആവശ്യമായ ത്രീ ഫേസ് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നിശ്ചിത ഫീസ് നല്‍കി മറ്റു പഞ്ചായത്തുകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അതേസമയം, കേന്ദ്രീകൃത സംസ്‌കരണകേന്ദ്രം ഒരുക്കാന്‍ ജില്ലാ പഞ്ചായത്തിന് പദ്ധതിയുണ്ടെന്നു ശുചിത്വമിഷന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് ബന്ധപ്പെട്ട പഞ്ചായത്തുകളെ അറിയിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. എല്ലാ വാര്‍ഡുകളിലും ജാഗ്രതാസമിതി രൂപീകരിക്കണം. ജില്ലയെ മാലിന്യമുക്തമാക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഹരിതകേരളം, ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

source: prd