district news

എറണാകുളം ജില്ല പഞ്ചായത്ത്‌ എഫ്.എം. സ്റ്റേഷന്‍ ധ്വനി പദ്ധതി

Posted on Wednesday, November 30, 2022

എറണാകുളം ജില്ല പഞ്ചായത്ത്‌ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തും ആകാശവാണിയുമായി സഹകരിച്ചുകൊണ്ട് എഫ്.എം. സ്റ്റേഷന്‍ ധ്വനി പദ്ധതി ഉദ്ഘാടനം 2022 ഡിസംബര്‍ 1നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ്‌ നിര്‍വഹിക്കുന്നതാണ്. 

Ernakulam District Panchayat F.M. Station sound project

ഗ്രാമ പഞ്ചായത്തുകളിൽ മൊബൈൽ ടവർ നിർമ്മാണം - സ്പഷ്‌ടീകരണം - സംബന്ധിച്ചു 

Posted on Tuesday, April 19, 2022

  ഏതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുന്ന/സന്ദർശിക്കേണ്ട (താമസം,ജോലി,വിദ്യാലയം,കച്ചവടം,വ്യവസായം മുതലായവ) മനുഷ്യ സാന്നിധ്യമുണ്ടാകാനിടയുള്ള നിർമ്മാണങ്ങളെയാണ് ഏതെങ്കിലും ഒക്യുപൻസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റു കെട്ടിടങ്ങളെ appurtenant buildings / Operational constructions / auxiliary buildings എന്നു കണക്കാക്കി ,ഇവയ്ക്കു ബാധകമായ പ്രത്യേകം  ചട്ടങ്ങളാണ്, കെട്ടിട നിർമ്മാണ ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മൊബൈൽ ടവറും ഇതു പോലെ ഒരു നിർമ്മാണമാണ്. ഇതിനു ബാധകമായ ചട്ടങ്ങൾ അദ്ധ്യായം  XVIII  ൽ  പ്രത്യേകം ഉൾപ്പെടുത്തിയിരിക്കുന്നു. ഇതു പ്രകാരം മൊബൈൽ ടവറിനു വഴി  വീതി നിഷ്കർഷിച്ചിട്ടില്ല. കൂടാതെ പുതിയ ടെക്നോളജി അനുസരിചു  വലിയ  മൊബൈൽ ടവറിനു പകരം ചെറുതായുള്ള അനേകം ടവറുകൾ വരാൻ സാധ്യതയുള്ളതിനാൽ  ടവറിനു വഴി  നിഷ്കർഷിക്കേണ്ട ആവശ്യമില്ല.

നവകേരള തദ്ദേശകം - 2022 കണ്ണൂർ ജില്ലാതല അവലോകന യോഗം

Posted on Monday, March 7, 2022

നവകേരള തദ്ദേശകം - 2022 കണ്ണൂർ ജില്ലാതല അവലോകന യോഗത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി സംവദിച്ചു. ജനങ്ങളെ ഭരിക്കുകയല്ല അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം.  ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കണം. സേവനം ഔദാര്യമല്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാണ്. എല്ലാ സംവിധാനങ്ങളും ഈ രീതിയിലേക്കാണ് മാറേണ്ടത്. പ്രാദേശിക ഗവൺമെന്റിൻ്റെ ഭാഗമായി വരുന്ന ഒരു ഫയലും മടക്കി അയക്കരുത്. അപേക്ഷ പൂർണ്ണമാക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണെന്ന ബോധ്യമുണ്ടാവണം. 

പാവപ്പെട്ടർക്ക് വീട്, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ ഉൾപ്പെടെ യുവതി - യുവാക്കൾക്ക് തൊഴിൽ, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാർത്ഥ്യമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം. ഭൂരഹിതരും ഭവനരഹിതരായവർക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടി മനസ്സോടിത്തിരി മണ്ണ് കാമ്പയിൻ വഴി സുമനസ്സുള്ളവരിൽ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുക്കണം.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്തുന്നതുമായും ഫലപ്രദമായി നടപ്പാക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങൾ  ചർച്ച ചെയ്തു. ലൈഫ് മിഷൻ്റെ മനസ്സോടിത്തിരി മണ്ണ് ക്യാമ്പെയിനുമായി ബന്ധപ്പെട്ട് പെരിങ്ങോം സ്വദേശി കെ വി മാധവൻ 30 സെൻ്റ് സ്ഥലം നൽകുന്നതിൻ്റെ അനുമതിപത്രം കൈമാറി. ജില്ലയിൽ നടത്തിയ അതിദാരിദ്ര്യ സർവെ റിപ്പോർട്ടും ചടങ്ങിൽ കൈമാറി. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി ഒ മോഹനൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ എക്സിക്യുട്ടിവ് അംഗം പി മുകുന്ദൻ, ഗ്രാമപഞ്ചായത്ത്  അസോസിയേഷൻ പ്രസിഡണ്ട് എം ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് പി പി ഷാജിർ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ചീഫ് എഞ്ചിനീയർ കെ ജോൺസൺ, അഡീഷണൽ ഡെവലപ്മെൻ്റ് കമ്മീഷണർ വി എസ് സന്തോഷ് കുമാർ, വികസന ജോയിൻ്റ് ഡയറക്ടർ ജ്യോത്സ്ന മോൾ, ഉത്തരമേഖല റീജിയണൽ ജോയിൻ്റ് ഡയറക്ടർ ഡി സാജു, ടൗൺ പ്ലാനർ ടി കെ ഗിരീഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവി ഇൻ ചാർജ് ടി ജെ അരുൺ തുടങ്ങിയവർ പങ്കെടുത്തു.

banner

banner

banner

 

വാക്സിന്‍ ചലഞ്ച് തിരുവനന്തപുരം നഗരസഭ 2 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

Posted on Tuesday, April 27, 2021

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള മൈക്ക് അനൗണ്‍സ്മെന്‍റ് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് പ്രത്യേക കണ്‍ട്രോള്‍ റൂം, വോളന്‍റിയര്‍മാര്‍ എന്നിവരെ കോര്‍പ്പറേഷന്‍ സജ്ജീകരിച്ചു കഴിഞ്ഞു. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തോടൊപ്പം നഗരസഭയും അണിചേരുകയാണ്. അതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ ഇന്ന് നഗരസഭ കൈമാറി.

തിരുവനന്തപുരം നഗരസഭ - മേയറുടെ കീഴില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം

Posted on Tuesday, February 2, 2021

തിരുവനന്തപുരം നഗരസഭ മേയറുടെ കീഴില്‍ ഗ്രീന്‍ ആര്‍മിയുമായി ബന്ധപ്പെട്ട് 18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള 10 പേര്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം. 3 മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെ കാലയളവിലുള്ള ഇന്‍റേണ്‍ഷിപ്പാണ് അനുവദിക്കുന്നത്. സ്റ്റൈപന്‍റോ, ഓണറേറീയമോ ലഭ്യമാകുന്നതല്ല. വിജയകരമായി ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും. 2021 ലെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ നടന്ന സൈക്കിള്‍ റാലിക്ക് ശേഷമാണ് മേയര്‍ ഇന്‍റേണ്‍ഷിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാവിലെ 6.30 ന് നഗരസഭ അങ്കണത്തില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ റാലിക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍ നേതൃത്വം നല്‍കി. ഹെല്‍ത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ജമീല ശ്രീധരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്‍റസ് സൈക്ലിംഗ് എംബസി, റൈഡ് ഫോര്‍ ഗ്രീന്‍ എന്നിവയുമായി സഹകരിച്ച് നഗരസഭ ഗ്രീന്‍ ആര്‍മി സംഘടിപ്പിച്ച റാലിയില്‍ ബൈസൈക്കിള്‍ മേയര്‍ പ്രകാശ്.പി.ഗോപിനാഥ്, ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്‍ഡസ് സൈക്ലിംഗ് എംബസി സൈക്ലിംഗില്‍ താല്പര്യമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്ന ഗിഫ്റ്റ് എ സൈക്കിള്‍ പദ്ധതിയുടെ ഭാഗമായി ഈ മാസം തിരഞ്ഞെടുക്കപ്പെട്ട പാല്‍ക്കുളങ്ങര എന്‍.എസ്.എസ്. എച്ച്.എസ്.എസ് 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനി അഭിനയയ്ക്ക് മേയര്‍ സൈക്കിള്‍ സമ്മാനിച്ചു.

ഈ വര്‍ഷത്തെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരപരിധിയിലുള്ള മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികള്‍ കേന്ദ്രീകരിച്ച് ഉറവിട മാലിന്യ പരിപാലനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. നിലവിലുള്ള എം.ആര്‍.എഫ് കളുടെ സ്ഥിതിവിവര അവലോകനവും മെച്ചപ്പെടുത്തുന്നതിനുള്ള പഠന റിപ്പോര്‍ട്ടും തയ്യാറാക്കി നല്‍കും. ഗ്രീന്‍ ആര്‍മിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വോളന്‍റിയര്‍മാരായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഉറവിട മാലിന്യ പരിപാലന പദ്ധതിയിലെ കേന്ദ്രബിന്ദുവായ ബയോ കമ്പോസ്റ്റര്‍ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി കിച്ചണ്‍ബിന്‍ ചലഞ്ച് സംഘടിപ്പിക്കും. ഏറ്റവും മികച്ച രീതിയില്‍ കിച്ചണ്‍ബിന്‍ ഉപയോഗിക്കുന്നവരെ തിരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. വ്യക്തികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുക. ഗ്രീന്‍ ആര്‍മിയുടെ ഈ വര്‍ഷത്തെ ഹരിതനഗരോത്സവം വേനലവധി ക്യാമ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മെയ് മാസത്തില്‍ സംഘടിപ്പിക്കും.

 

തിരുവനന്തപുരം നഗരസഭ 2021 ഗ്രീൻ ആർമി പ്രവർത്തനങ്ങൾക്ക് തുടക്കം

Posted on Monday, February 1, 2021
Green Army
Green Army

തിരുവനന്തപുരം നഗരസഭ 2021 ഗ്രീൻ ആർമി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് മേയർ ആര്യാരാജേന്ദ്രൻ്റെ നേതൃത്ത്വത്തിൽ നടന്ന സൈക്കിൾ റാലി

  1.  2021 ഗ്രീൻ ആർമി ക്യാമ്പെയ്ൻ പ്രോഗ്രാമുകൾ
    1.  നഗര പരിധിയിലുള്ള എം. ആർ എഫുകൾ കേന്ദ്രീകരിച്ച് ഉറവിടത്തിൽ മാലിന്യങ്ങൾ തരം തിരിക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണ ക്യാമ്പൈയ്നുകൾ.
    2. നിലവിലുള്ള എം. ആർ എഫുകളുടെ സ്ഥിതിവിവര അവലോകനവും മെച്ചപ്പെടുത്താനുള്ള പഠനറിപ്പോർട്ടും തയ്യാറാക്കലും
    3. ഇൻറേൺ വിത്ത് മേയർ - എൻറെ നഗരം സുന്ദരം നഗരം പദ്ധതിയിൽ മേയറുടെ കീഴിൽ ഇൻറേൺഷിപ്പിന് 18 നും 35നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും അവസരം. 3 മാസം, 6 മാസം, 12 മാസം എന്നിങ്ങനെ കാലയളവിലുള്ള ഇൻറേൺഷിപ്പിന് അപേക്ഷിക്കാം. ഈ കാലയളവിൽ സ്റ്റൈപ്പൻറോ ഓണറേറിയമോ നൽകുന്നതല്ല. വിജയകരമായി ഇൻറേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. ഒരു സമയം 10 പേർക്ക് അവസരം
    4. നഗരത്തിനുള്ളിലെ ഗ്രാമീണ മേഖലയിലെ യുവജന സംഘടനകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ആ പ്രദേശങ്ങളിലെ സ്കൂളുകലിലേക്ക് ഗ്രീൻ ആർമി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു.
    5.  ഹരിത നഗരോത്സവം –സ്കൂൾ വിദ്യാർത്ഥികൾക്കായി ഗ്രീൻ ആർമി സംഘടിപ്പിക്കുന്ന പഞ്ചദിന വേനലവധിക്കാല ക്യാമ്പായ ഹരിത നഗരോത്സവത്തിലേക്ക് പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേരുകൾ രജിസ്റ്റർ ചെയ്യുക.
    6. 2021 ലെ ഗ്രീൻ ആർമി പ്രവർത്തനങ്ങളിൽ പങ്കു ചേരുന്നതിന് താൽപര്യമുള്ള വോളൻറിയർമാരുടെ  രജിസ്ട്രേഷൻ ആരംഭിക്കുന്നു.
  2. മേയേഴ്സ് കിച്ചൻ ബിൻ ചലഞ്ച് ഉറവിട മാലിന്യ സംസ്കരണ പദ്ധതിയിലെ കേന്ദ്ര ബിന്ദുവായ കിച്ചൻ ബിൻ കമ്പോസ്റ്റിംഗ് പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായി കിച്ചൻ ബിൻ ചലഞ്ച് സംഘടിപ്പിക്കുന്നു.
    വ്യക്തികൾ, റെസിഡൻറ്സ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ഏറ്റവും മികച്ചവരെ തെരെഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നു. മാർച്ച് 1 മുതൽ മെയ് 31 വരെയാണ് മത്സര കാലയളവ്. ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ അവാർഡുകൾ പ്രഖ്യാപിക്കും

 

ചിറ്റൂര്‍ മണ്ഡലത്തിലെ ജലഗുണതാ പരിശോധനാലാബ്

Posted on Monday, November 2, 2020

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തില്‍ സ്ഥാപിക്കുന്ന 11 ലാബുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച (02.1102020) ഉച്ചയ്ക്ക് 12 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ചിറ്റൂര്‍ ഗവ.വിക്‌ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണന്‍കുട്ടി പങ്കെടുക്കും. ചടങ്ങ് ഓണ്‍ലൈനായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്കില്‍ ലൈവായി കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ, പൊതു വിദ്യാഭ്യാസ വകുപ്പ്, ജലവിഭവ വകുപ്പ് ഹരിതകേരളം മിഷന്‍ എന്നിവിടങ്ങളിലെ ഉദ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും തിരഞ്ഞെടുക്കപ്പെട്ട ഒരു ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ്, ജലവിഭവ വകുപ്പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്‍ ലബോറട്ടറി സംവിധാനമൊരുക്കുന്നത്.
ചിറ്റൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നല്ലേപ്പിള്ളി, ഭഗവതി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വണ്ണാമട, ശ്രീവിദ്യാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എരുത്തേമ്പതി, ഗവ.വിക്‌ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിറ്റൂര്‍, ഗവ.ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിറ്റൂര്‍, പി.ജി.പി.എച്ച്.എസ് സ്‌കൂള്‍ ചുരിക്കാട്, പൊല്‍പ്പുള്ളി, ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂള്‍ തത്തമംഗലം, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരുവെമ്പ്, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരുമാട്ടി, കെ.കെ.എം. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വണ്ടിത്താവളം എന്നീ സ്‌കൂളുകളില്‍ സ്ഥാപിച്ച ജലഗുണ നിലവാര പരിശോധന ലാബുകളാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.
എം.എല്‍.എ.മാരുടെ ആസ്തിവികസന നിധിയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. ഇതിനകം 59 എം.എല്‍.എ.മാര്‍ 380 സ്‌കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തുക അനുവദിച്ചു. ഇതുള്‍പ്പെടെ 480 സ്‌കൂളുകളില്‍ ആദ്യ ഘട്ടമായി ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ വര്‍ഷംതന്നെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ലാബുകള്‍ സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ സ്‌കൂളുകളിലെ ലാബുകളില്‍ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം. പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജല ഗുണനിലവാരം ഉറപ്പാക്കാനും കഴിയും.