കുടുംബശ്രീ കിബ്‌സ് ലോഗോ മത്സരം: എന്‍ട്രികള്‍ ക്ഷണിക്കുന്നു

Posted on Tuesday, July 12, 2022

സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വളര്‍ത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊലൂഷന്‍സ് (കിബ്‌സ്) സൊസൈറ്റിക്ക് വേണ്ടി ലോഗോ ക്ഷണിക്കുന്നു. ലോഗോ കിബ്‌സിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്നതായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിക്ക് 5,000 രൂപ സമ്മാനം നല്‍കും. ഇന്നു (12-7-2022 ചൊവ്വ) മുതല്‍ എന്‍ട്രികള്‍ അയക്കാം. അവസാന തീയതി ജൂലൈ 27.

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം- 695011  എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. കവറിന്റെ പുറത്ത് 'കിബ്‌സ് ലോഗോ മത്സരം' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും എന്‍ട്രികള്‍ അയച്ചു നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org/kibs സന്ദര്‍ശിക്കുക.

സ്വകാര്യ/സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സംരംഭകത്വവും വളര്‍ത്തുന്നതിനും അതുവഴി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന രൂപീകരിച്ച സൊസൈറ്റിയാണ് കിബ്‌സ്. സേവന മേഖലയിലെ ഒരു പ്രധാന പങ്കാളിയാകാനും ശ്രമിക്കുന്നു.

kibs ppster

 

Content highlight
entries invites for KIBS logo competition

കണ്ണൂരിന്റെ ‘വുമണ്‍’ ഫിലിം ഫെസ്റ്റിവലിന് തുടക്കം

Posted on Tuesday, July 5, 2022

 

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ഹൈദി, വില്ലേജ് റോക്ക്സ്റ്റാര്‍ എന്നിങ്ങനെ അഭ്രപാളികളില്‍ വിസ്മയം സൃഷ്ടിച്ച സിനിമകളുടെ മായാലോകത്ത് മുഴുകാനും ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്താനും പതിനായിരക്കണക്കിന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് അവസരം തുറന്നേകുകയാണ് കണ്ണൂര്‍ കുടുംബശ്രീ ജില്ലാ ടീമിന്റെ ‘വുമണ്‍’ഫിലിം ഫെസ്റ്റ്.

 സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ജില്ലയിലെ 81 സി.ഡി.എസുകളില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസക്കാലമാണ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയ ചലച്ചിത്രങ്ങളെ ഉള്‍ഗ്രാമങ്ങളില്‍ പരിചയപ്പെടുത്തുകയെന്ന ദൗത്യവും മേളയ്ക്കുണ്ട്.

 ഒരു സി.ഡി.എസില്‍ നിശ്ചയിച്ച ഒരു ദിനം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സിനിമാ പ്രദര്‍ശനം. സ്‌കൂള്‍, പഞ്ചായത്ത് ഓഡിറ്റോറിയങ്ങളുടെ ലഭ്യത അനുസരിച്ചാണ് പ്രദര്‍ശന ഇടം നിശ്ചയിക്കുക. ഒരു സമയം 150 പേര്‍ക്ക് വരെ സിനിമ കാണാനാകുന്ന രീതിയിലാകും സംഘാടനം. ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം, ഒഴിമുറി തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. കുടുംബശ്രീ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയുടെ ഭാഗമാകാനാകും.

    ഫിലിം ഫെസ്റ്റിവലിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 29ന് തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാറാണി ടീച്ചര്‍ നിര്‍വഹിച്ചു. ചലച്ചിത അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രദീപ് ചൊക്ലി അധ്യക്ഷനായിരുന്നു.

FLMFSTVL

 

Content highlight
Kudumbashree Kannur District Mission organizes Woman Film FestML

മുസോറിയില്‍ താരമായി കുടുംബശ്രീ

Posted on Saturday, July 2, 2022

മുസോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനിലെ വിപണന മേളയില്‍ താരമായി മാറി കുടുംബശ്രീ. കേരള സാരിയും മുണ്ടും കരകൗശല വസ്തുക്കളുമെല്ലാമായി പതിനാറോളം ഉത്പന്നങ്ങളാണ് ജൂണ്‍ 26, 27 തീയതികളിലായി ഐ.എ.എസ് അക്കാഡമിയില്‍ സംഘടിപ്പിച്ച മേളയില്‍ കുടുംബശ്രീ വിപണനത്തിനായി എത്തിച്ചത്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള കുടുംബശ്രീ ന്യൂട്രിമിക്‌സ് സംരംഭക ഭാഗീരഥി, തൃശ്ശൂര്‍ ജില്ലയിലെ കൊടകര ബ്ലോക്കില്‍ കുടുംബശ്രീ മുഖേന നടത്തിവരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി പ്രവര്‍ത്തിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായ ശാരി ഹരി, വിനീത, സംരംഭകയായ ശ്യാമ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് മേളയിലെ കുടുംബശ്രീ സ്റ്റാള്‍ നടത്തിയത്. രണ്ട് ദിനങ്ങളായി നടന്നമേളയില്‍ 48,070 രൂപയുടെ വിറ്റുവരവും നേടാന്‍ കഴിഞ്ഞു.

വിപണനമേളയിലെ പങ്കാളിത്തത്തിനുപരിയായി അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുടുംബശ്രീയുടെ സംരംഭ രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിവില്‍ സര്‍വീസ് ട്രെയിനികളുമായി ഇവര്‍ സംവദിക്കുകയും ചെയ്തു. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ സംരംഭകരുടെ ഉത്പന്നങ്ങളാണ് മേളയില്‍ ലഭ്യമാക്കിയത്.

 

 

Content highlight
Kudumbashree excels at Mussoorie

നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക് - കുടുംബശ്രീ ക്യാമ്പെയ്‌ന് തുടക്കം

Posted on Monday, June 27, 2022

പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേക്ക് ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരു പുസ്തകം സംഭാവനയായി നല്‍കി വരുംതലമുറയ്ക്ക് വായിച്ചുവളരാന്‍ അവസരമൊരുക്കുന്ന കുടുംബശ്രീയുടെ 'നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്' ക്യാമ്പെയ്‌ന് തുടക്കം.

  ജൂണ്‍ 19ന് ആരംഭിച്ച വായനാപക്ഷാചരണത്തോട് അനുബന്ധിച്ചാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അയല്‍ക്കൂട്ടാംഗങ്ങള്‍ ഏവരും ചേര്‍ന്ന് ഒരു പുസ്തകം വാങ്ങിയോ ശേഖരിച്ചോ അടുത്തുള്ള പൊതുവിദ്യാലയത്തിലേക്ക് നല്‍കുന്നു. ഒന്നില്‍ക്കൂടുതല്‍ പുസ്തകങ്ങളും ഇത്തരത്തില്‍ നല്‍കാനാകും. കുടംബശ്രീയുടെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

postr

 

 

Content highlight
nalkam oru pusthakam pallikkoodathilekku campaign

അട്ടപ്പാടിയില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Friday, June 24, 2022

2022 അധ്യയന വര്‍ഷത്തില്‍ വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള ചിറ്റൂര്‍ കരിയര്‍ ഡെവലപ്പെമെന്റ് സെന്ററുമായി ചേര്‍ന്ന് അഗളി കിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 22നായിരുന്നു ശില്‍പ്പശാല.

  പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഉന്നത പഠനത്തിനും തൊഴില്‍ സാധ്യതകള്‍ക്കും വ്യക്തമായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ 560 പേര്‍ പങ്കെടുത്തു. ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ എംപ്ലോയ്‌മെന്റ് ഓഫീസറും സെന്റര്‍ മാനേജരുമായ ഹേമ നേതൃത്വം നല്‍കിയ ടീം ക്ലാസ്സുകള്‍ നയിച്ചു. പിന്നാക്ക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.എസ്. മുഹമ്മദ് ഇബ്രാഹിം ഉന്നതപഠന സാധ്യതകളെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.

  പത്താം ക്ലാസ്സിനും പ്ലസ് ടു വിനും ശേഷം കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിവിധങ്ങളായ കോഴ്‌സുകളെ കുറിച്ചും ഈ കോഴ്‌സുകളുടെ ജോലി സാധ്യതകളെക്കുറിച്ചും ശില്‍പ്പശാലയിലൂടെ വിശദമാക്കി. അട്ടപ്പാടിയിലെ കുടുംബശ്രീ പഞ്ചായത്ത് സമിതികള്‍ വഴി ആനിമേറ്റര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തി. കുടുംബശ്രീ അസ്സിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ബി.എസ്. മനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

atpdy cr

 

atpdy crr

 

Content highlight
career guidance workshop at attappady

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ റെയില്‍വേ സ്‌റ്റേഷനുകളിലും

Posted on Friday, June 24, 2022

കാസര്‍ഗോഡുള്ള കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളില്‍ മുന്‍നിരയിലുള്ള 'സഫലം' കശുവണ്ടിയും 'ജീവ' തേനും ഇനി മുതല്‍ ട്രെയിന്‍ യാത്രക്കിടെ സ്വന്തമാക്കാം. 'വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്' പദ്ധതിയുടെ ഭാഗമായി  ദക്ഷിണ റെയില്‍വേയുമായി സംയോജിച്ച് കാസര്‍ഗോഡ്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളില്‍ ഈ ഉത്പന്നങ്ങള്‍ ലഭിക്കുന്ന വിപണന സ്റ്റാളുകള്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുകയാണ്.

  ജൂണ്‍ 23ന് നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ സ്റ്റാളിന്റെ ഉദ്ഘാടനം സ്‌റ്റേഷന്‍ മാസ്റ്റര്‍ രാംഖിലാഡി മീനയും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെ സ്റ്റാളിന്റെ ഉദ്ഘാടനം സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശാന്തും നിര്‍വഹിച്ചു.  

 ചെമ്മനാടുള്ള സഫലം കശുവണ്ടി യൂണിറ്റിലെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ജീവ ഹണി യൂണിറ്റിലെയും വിവിധ ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്ന സ്റ്റാളുകളില്‍ ഒരു സെയില്‍സ് പേഴ്സണെ വീതവും നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ ജില്ലയിലെ കുമ്പള, ഉപ്പള, ഉള്ളാള്‍, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കല്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള സ്റ്റാളുകള്‍ ആരംഭിക്കാന്‍ ജില്ലാ മിഷന്‍ ലക്ഷ്യമിട്ടുണ്ട്.

  കാഞ്ഞങ്ങാട് നടന്ന ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരിദാസ്, പ്രകാശന്‍ പാലായി, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സുജിനി, സൂര്യ ജാനകി, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ആയിഷ, റെയില്‍വേ അധികൃതര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ കാസര്‍ഗോഡ് നടന്ന ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി.

 

railway ksgd

 

Content highlight
kudumbashree stalls opened at railway stations in Kasargod district

വായനാ പക്ഷാചരണം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ലേഖന മത്സരം

Posted on Tuesday, June 21, 2022

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 'സാമൂഹ്യ-സാമ്പത്തിക- സ്ത്രീശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്' എന്ന വിഷയത്തില്‍ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

  ലേഖനത്തിന് പരമാവധി രണ്ടായിരം വാക്ക് മാത്രമേ ഉപയോഗിക്കാവൂ. ലേഖനങ്ങള്‍, വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില, മെഡിക്കല്‍ കോളേജ്.പി.ഒ. തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ജൂലൈ രണ്ടിന് മുമ്പായി തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്. വാട്‌സാപ്പ് വഴി അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.


കുടുംബശ്രീ വായന പക്ഷാചരണം
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ഉപന്യാസ മത്സരം-നിബന്ധനകള്‍

1. ലേഖനം പരമാവധി രണ്ടായിരം വാക്കുകളില്‍ കവിയാന്‍ പാടില്ല
2. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേര്, പഠിക്കുന്ന കോളേജ്, വിഷയം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമാണ് ലേഖനങ്ങള്‍ അയക്കേണ്ടത്.  
3. കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല
4. മത്സരം സംബന്ധിച്ച് വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
5. ലേഖനം എഴുതിയ കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരോ മറ്റു വിവരങ്ങളോ എഴുതാന്‍ പാടില്ല
6. ലേഖനങ്ങള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്
7. വാട്‌സാപ്പ് വഴി അയക്കുന്ന ലേഖനങ്ങള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല
8. ലേഖനങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ രണ്ട്

ലേഖനങ്ങള്‍ അയക്കേണ്ട വിലാസം
 പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍
 കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍   
 ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില
 മെഡിക്കല്‍ കോളേജ്.പി.ഒ
 തിരുവനന്തപുരം-695 011

 

 

 

Content highlight
reading week competition

കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്സ്, അഭിമാനാര്‍ഹമായ നേട്ടവുമായി കുടുംബശ്രീയും

Posted on Tuesday, June 21, 2022

കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ച് വര്‍ഷം തികഞ്ഞിരിക്കുന്നു. ഒരു അത്യപൂര്‍വ്വ നേട്ടവും കൂടി കൈവരിച്ചാണ് 2017 ജൂണ്‍ 17ന് കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തത്തോടെ നടത്തുന്ന മെട്രോയെന്നതായിരുന്നു ആ ഖ്യാതി. ആ നേട്ടത്തിന് ഹേതുവായത് കുടുംബശ്രീയും.

  ജൂണ്‍ 17ന് മെട്രോയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍, കുടുംബശ്രീയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായുള്ള (കെ.എം.ആര്‍.എല്‍) വിജയകരമായ സംയോജനത്തില്‍ ഏറെ അഭിമാനിക്കുകയാണ് കുടുംബശ്രീ. ടിക്കറ്റ് നല്‍കല്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഹൗസ് കീപ്പിങ്, ഗാര്‍ഡനിങ് എന്നിങ്ങനെയുള്ള ചുമതലകള്‍ ഏറ്റവും മികച്ച രീതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ നിര്‍വഹിച്ചു വരികയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇവിടെ വിവിധ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു.

 കൊച്ചി മെട്രോയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ മുഖേനയാണ്. നിലവില്‍ 613 പേരാണ് എഫ്.എം.സി മുഖേന കൊച്ചി മെട്രോയില്‍ വിവിധ ജോലികള്‍ ചെയ്യുന്നത്. ഇതില്‍ 9 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സാണ്. മള്‍ട്ടി ടാസ്‌ക് സര്‍വീസസ് മേഖലയില്‍ ജോലി ചെയ്യുന്നത് കുടുംബശ്രീ കുടുംബാംഗങ്ങളായ 14 പുരുഷന്മാരും.

 

Content highlight
Kochi Metro turns 'Five'; Proud Achievement for Kudumbashreeml

കുടുംബശ്രീയില്‍ പഠനസന്ദര്‍ശനം നടത്തി മേഘാലയ സംഘം

Posted on Saturday, June 18, 2022

കേരളത്തിലെ ആരോഗ്യ മേഖലയില്‍ കുടുംബശ്രീ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് പഠിക്കാന്‍ മേഘാലയ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥര്‍ കുടുംബശ്രീ സന്ദര്‍ശിച്ചു. മിഷന്‍ ഡയറക്ടര്‍ എസ്. രാം കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 10നാണ് കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫീസില്‍ സംഘം എത്തിയത്. മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് സൊസൈറ്റി (എം.എസ്.ആര്‍.എല്‍.എസ്) ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

  പി.ആര്‍.ഐ- സി.ബി.ഒ സംയോജന പദ്ധതി നടപ്പിലാക്കുന്നതിന് കുടുംബശ്രീ എന്‍.ആര്‍.ഒയും മേഘാലയയുമായി നേരത്തേ കരാറിലെത്തിയിരുന്നു. കുടുംബശ്രീയുടെ ആരോഗ്യ മേഖലയിലുള്ള ഇടപെടലുകളെക്കുറിച്ചുള്ള അവതരണം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നടത്തി.  

  അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന കുട്ടികള്‍ക്കുള്ള പൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്‌സ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും ആരോഗ്യ മേഖലയയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി നടത്തുന്ന ഇടപെടലുകളെക്കുറിച്ചും പഞ്ചായത്തുകളിലുള്ള വാര്‍ഡ് തല ആരോഗ്യ-ശുചിത്വ കമ്മിറ്റികളെക്കുറിച്ചുമെല്ലാം വിശദമാക്കി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങള്‍ മുഖേന ആരോഗ്യ, പോഷണ മേഖലയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ മേഘാലയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വാഗ്ദ്വാനം ചെയ്തു.

  മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷനുമായി ചേര്‍ന്ന് കുടുംബശ്രീ എന്‍.ആര്‍.ഒ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രെസന്റേഷനില്‍ വിശദമാക്കി. ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും അംഗന്‍വാടി തലത്തിലുള്ള മോണിറ്ററിങ് സംവിധാനവും പിന്തുണാ സമിതിയും സജീവമാക്കുന്നതിനും ന്യൂട്രിഗാര്‍ഡനുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കുന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമാക്കി. കൊല്ലം, എറണാകുളം ജില്ലകളില്‍ സംഘം ഫീല്‍ഡ് സന്ദര്‍ശനം നടത്തി.

Content highlight
Meghalaya Delegation visits Kudumbashree National Resource Organisation