* 21നും 40നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകരുടെ പ്രൊഫൈലിങ്ങ് 18 മുതല്‍
* 18 മുതല്‍ പരിശീലനം നേടിയ കുടുംബശ്രീ പ്രൊഫൈലിങ്ങ് എന്യൂമറേറ്റര്‍മാര്‍ തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ രജിസ്ട്രേഷന്‍ ചെയ്യുന്നു
മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച നോളജ് എക്കണോമി മിഷന്‍റെ 'എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം' ക്യാമ്പെയ്ന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ തൊഴില്‍ അന്വേഷകരുടെ പ്രൊഫൈലിങ്ങ് സംസ്ഥാനത്ത് ഇന്നാരംഭിക്കും. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് തുടക്കം. കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ മുഖേനയാണ് ഇതു നടപ്പാക്കുക. ആദ്യഘട്ട സര്‍വേയിലൂടെ കണ്ടെത്തിയ 53.42 ലക്ഷം തൊഴില്‍ അന്വേഷകരില്‍ നിന്നും 21 നും 40 നും ഇടയില്‍ പ്രായമുള്ള ബിരുദ, ബിരുദാനന്തര, ഐ.ടി.ഐ, ഡിപ്ളോമ യോഗ്യതയുള്ള തൊഴില്‍ അന്വേഷകരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജൂലൈ 31 നകം എല്ലാ ജില്ലകളിലും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ഒരു വാര്‍ഡില്‍ നിന്നും ഒരാള്‍ വീതം എന്ന കണക്കില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നേടുന്ന 19470 വനിതകളാണ് പ്രൊഫൈലിങ്ങിന് നേതൃത്വം നല്‍കുന്നത്. വാര്‍ഡുതല കേന്ദ്രങ്ങള്‍ വഴിയാണ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ (ഡിജിറ്റര്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റം-ഡി.ഡബ്ളിയു.എം.എസ്) തൊഴില്‍ അന്വേഷകനെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്യും. കേരള നോളജ് ഇക്കണോമി മിഷന്‍ വികസിപ്പിച്ച മൊബൈല്‍ ആപ്ളിക്കേഷന്‍ മുഖേനയാണിത്. തൊഴില്‍ അന്വേഷകര്‍ക്ക് ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ തങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ സാങ്കേതിക സഹായവും പ്രൊഫൈലിങ്ങ് എന്യൂമറേറ്റര്‍മാര്‍ നല്‍കും. പ്രൊഫൈലിങ്ങ് പൂര്‍ത്തിയാകുന്നതോടെ തൊഴില്‍ അന്വേഷകര്‍ക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ അറിയാനും അപേക്ഷിക്കാനും കഴിയും.
പദ്ധതിയുമായി ബന്ധപ്പെട്ട് എന്യൂമറേറ്റര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലനങ്ങള്‍ 20 ന് പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഒമ്പത് ജില്ലകളില്‍ പരിശീലനം പൂര്‍ത്തിയായി. ബാക്കി ജില്ലകളില്‍ പരിശീലനം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അവിടെയും പ്രൊഫൈലിങ്ങ് നടപടികള്‍ വേഗത്തിലാക്കും. എന്യൂമറേറ്റര്‍മാരെ കൂടാതെ പ്രൊഫൈലിങ്ങുമായി ബന്ധപ്പെട്ട സി.ഡി.എസ്തല പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നതിനായി ഓരോ പഞ്ചായത്തിലും ഓരോ കമ്മ്യൂണിറ്റി അംബാസഡറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തു എന്നുറപ്പ് വരുത്താനുള്ള ചുമതല കമ്മ്യൂണിറ്റി അംബാസിഡര്‍ക്കാണ്.
വികേന്ദ്രീകൃത തൊഴില്‍ മാതൃക പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറ തൊഴിലുകള്‍ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടു കൊണ്ട് കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് നോളജ് ഇക്കണോമി മിഷന്‍. കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനാണ് ഇതിന്‍റെ നിര്‍വഹണ ചുമതല. പദ്ധതിക്ക് പ്രാദേശികതലത്തില്‍ സഹായം നല്‍കുന്നത് കുടുംബശ്രീയാണ്.
- 1552 views