വാര്‍ത്തകള്‍

2021-22 ലെ പുതുക്കിയ ബജറ്റ്- കുടുംബശ്രീയ്ക്ക് മികച്ച പരിഗണന

Posted on Saturday, June 5, 2021

* പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം 100 കോടി രൂപയായി വര്‍ധിപ്പിച്ചു
*അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയ്ക്കും കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും പത്തു കോടി രൂപ വീതം
* സ്മാര്‍ട്ട് കിച്ചണ് അഞ്ചു കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ കുടുംബശ്രീയ്ക്ക് മികച്ച പരിഗണന. നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജ് വിഹിതം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 100 കോടി രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 60 കോടി രൂപയായിരുന്നു. ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്തുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനും വേണ്ടിയാണിത്. ഇതു കൂടാതെ നിലവില്‍ 70,000ത്തോളം വരുന്ന കുടുംബശ്രീ കര്‍ഷക സംഘങ്ങളിലെ അംഗങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി കുടുംബശ്രീ വഴി കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ പത്തു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. തരിശുരഹിത കേരളം ലക്ഷ്യമിട്ടും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പു വരുത്തുന്നതിനും കാര്‍ഷിക മേഖലയില്‍ കുടുംബശ്രീ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ഈ തീരുമാനം.

 ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്ന നയത്തിലൂന്നി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ കുടുംബശ്രീയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് നാലു ശതമാനം പലിശയിളവ് ലഭ്യമാക്കും. കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയില്‍ ഉറപ്പു വരുത്തുന്നതിനായി ഈ വര്‍ഷം 10,000 ഓക്‌സിലറി അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കും. കെയര്‍എക്കണോമിയിലെ തൊഴിലസവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വയോജന പരിചരണം, ഭിന്നശേഷിക്കാരുടെ പരിചരണം തുടങ്ങിയവയില്‍ പരിശീലനം നല്‍കി ഓരോ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും.

  അതിദാരിദ്ര്യ ലഘൂകരണ പദ്ധതിക്കു വേണ്ടി പ്രാഥമികമായി 10 കോടി രൂപ വകയിരുത്തി. അതീവദരിദ്രരെ കണ്ടെത്താന്‍ വിശദമായ സര്‍വേ നടത്താനും ക്‌ളേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി കമ്മിറ്റി രൂപീകരിച്ചു. സ്ത്രീകള്‍ക്ക് ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച 'സ്മാര്‍ട്ട് കിച്ചണ്‍' പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് അഞ്ചു കോടിയും ബജറ്റില്‍ വകയിരുത്തി.

  തദ്ദേശീയരായ കര്‍ഷകരില്‍ നിന്നും വിഷരഹിത നാടന്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും സംഭരിച്ച് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സ്റ്റോറുകള്‍ മുഖേന വിപണനം നടത്തും. ഇതുവഴി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പു വരുത്താന്‍ സാധിക്കുന്നതാടൊപ്പം ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാനും കഴിയും. ഇത്തരം സ്റ്റോറുകള്‍ ആരംഭിക്കുന്നതിനാവശ്യമായ വാഹനങ്ങള്‍, സ്റ്റോര്‍ നവീകരണം എന്നിവയ്ക്ക് കേരള ബാങ്ക് വായ്പ അനുവദിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് രണ്ടു മുതല്‍ മൂന്നു ശതമാനം വരെ സബ്‌സിഡിയും അനുവദിക്കും.

 കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്ന സമഗ്ര പദ്ധതി 'നോളജ് ഇക്കണോമി മിഷ'ന്റെ കര്‍മ്മമേഖല ചലിപ്പിക്കുന്നത് കുടുംബശ്രീയുടെ ഉപദൗത്യമായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 1048 കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, പരിശീലനത്തിനായി 152 ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീയുടെയും കുടുംബശ്രീ സംസ്ഥാനതല ദൗത്യ സംഘത്തിന്റെയും പരിശീലനത്തിനായുള്ള 14 ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവുകള്‍ എന്നിവരും ഈ പദ്ധതിയുടെ ഭാഗമാകും.


                                  

 

 

Content highlight
Kudumbashree got high consideration revised budget announcement

'മിഷന്‍ കോവിഡ്-2021'-പ്രതിരോധിക്കാം, സുരക്ഷിതരാകാം : ''ക്യാമ്പെയ്നില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയും'' തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍

Posted on Wednesday, June 2, 2021

* കോവിഡിനെതിരേ സംസ്ഥാനതല പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പെയ്ന് തുടക്കമായി

തിരുവനന്തപുരം: സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തി വരുന്ന വിപുലമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോവിഡ് 19 നെതിരേ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, കില എന്നിവയുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ സംഘടിപ്പിക്കുന്ന  'മിഷന്‍ കോവിഡ്-2021 പ്രതിരോധിക്കാം, സുരക്ഷിതരാകാം' പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം വരുന്ന അയല്‍ക്കൂട്ടങ്ങളിലെ 45 ലക്ഷം കുടുംബങ്ങളിലേക്ക്  കോവിഡ് പ്രതിരോധം സംബന്ധിച്ച അറിവും നൈപുണ്യവും എത്തിച്ചുകൊണ്ട് ഓരോ വ്യക്തിയേയും സ്വയം സുരക്ഷിതരാക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
കോവിഡ് 19 രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‍റെ വ്യാപനം രൂക്ഷമാവുകയും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ പ്രതിരോധ ക്യാമ്പെയ്നുമായി മുന്നിട്ടിറങ്ങുന്നത്. കോവിഡ് രോഗം, അതിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വയോധികരുടെയും ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം, ഭക്ഷണക്രമങ്ങള്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട്  വിവിധ മേഖലകളില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കിയിട്ടുള്ള കൃത്യവും ശാസ്ത്രീയവുമായ അവബോധം കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 45 ലക്ഷം കുടുംബങ്ങളിലേക്കും നിരന്തരം എത്തിക്കുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനം. ഇതിന്‍റെ ഭാഗമായി നിലവില്‍ കുടുംബശ്രീയുടെ കീഴിലുള്ള രണ്ടു ലക്ഷത്തോളം വാട്ട്സാപ് ഗ്രൂപ്പുകള്‍ വഴി പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും ഓരോ കുടുംബത്തിലേക്കും കൃത്യമായി എത്തിക്കും. ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്.

covid awarness kshree


 
സി.ഡി.എസ് ചെയര്‍പേഴ്സണ്‍, സി.ഡി.എസ് അക്കൗണ്ടന്‍റ്, റിസോഴ്സ് പേഴ്സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സി.ഡി.എസ് ടീമിന്‍റെ നേതൃത്വത്തിലാണ് ഓരോ തദ്ദേശ സ്ഥാപനത്തിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. കുടുംബശ്രീ കുടുംബങ്ങളില്‍ കോവിഡ് പോസിറ്റീവായിരിക്കുന്ന വ്യക്തികള്‍ക്ക് മരുന്ന്, ഭക്ഷണം, ഓക്സിജന്‍, വാഹനം, കൗണ്‍സലിങ്ങ് എന്നിവ ആവശ്യമായി വരുന്ന മുറയ്ക്ക് അത് ഓരോ തദ്ദേശ സ്ഥാപനത്തിലുമുള്ള സിഡിഎസ് ടീമിന്‍റെ നേതൃത്വത്തില്‍   ലഭ്യമാക്കും. നിലവില്‍ ഗുരുതര രോഗങ്ങളുള്ളവര്‍, മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അവരുടെ രക്ഷിതാക്കള്‍, അംഗപരിമിതര്‍,  അഗതിരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പ്രതിരോധമാര്‍ഗങ്ങള്‍ സംബന്ധിച്ച അറിവ് നല്‍കുന്നതോടൊപ്പം ആവശ്യമായ കോവിഡ്കാല പിന്തുണകളും മാനസികാരോഗ്യ നിര്‍ദേശങ്ങളും കുടുംബശ്രീ വഴി ലഭ്യമാക്കും. കൂടാതെ കോവിഡ് സംബന്ധമായി സര്‍ക്കാരും കുടുംബശ്രീയും നല്‍കുന്ന നിര്‍ദേശങ്ങളും അറിവുകളും  സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള വിവരങ്ങളും സമയബന്ധിതമായി മുഴുവന്‍ അയല്‍ക്കൂട്ട കുടുംബങ്ങളിലും എത്തിക്കും. എല്ലാ അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കും വാക്സിനേഷനെ സംബന്ധിച്ച അറിവ് നല്‍കുകയും ആവശ്യമുള്ളവര്‍ക്ക് വാക്സിന്‍ രജിസ്ട്രേഷനുള്ള പിന്തുണ നല്‍കി മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും വാക്സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. തദ്ദേശ ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം, ഹെല്‍പ് ഡെസ്ക് എന്നിവയ്ക്കാവശ്യമായ പിന്തുണകളും  ലഭ്യമാക്കും.

ആരോഗ്യവകുപ്പിന്‍റെയും കിലയുടെയും നേതൃത്വത്തില്‍ മികച്ച പരിശീലനം ലഭിച്ച 2200 ഓളം റിസോഴ്സ് പേഴ്സണ്‍മാര്‍, 1064 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള അഞ്ചംഗഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ റെസ്പോണ്‍സ് ടീം എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിതല സംഘടനാ സംവിധാനത്തിലെ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഇവര്‍ക്കാവശ്യമായ സാങ്കേതിക പിന്തുണകള്‍ സംസ്ഥാന ജില്ലാ മിഷനുകള്‍ ലഭ്യമാക്കും.  

ഒരു റിസോഴ്സ് പേഴ്സണ് രണ്ട് സി.ഡി.എസുകളുടെ ചുമതല ഉണ്ടാവും.  ഇതു കൂടാതെ അതത് വാര്‍ഡിലെ എ.ഡി.എസ് ഭാരവാഹികളും, കുടുംബശ്രീയുമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ മറ്റ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന എ.ഡി.എസ് ടീമും, ജില്ലാതല കോര്‍ കമ്മിറ്റിയും സംസ്ഥാനതല കോര്‍ ഗ്രൂപ്പും ക്യാമ്പെയ്ന്‍റെ ഭാഗമായി പ്രവര്‍ത്തിക്കും. മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും അഞ്ചംഗ ഭരണ സമിതി അംഗങ്ങളെയും  ക്യാമ്പെയ്നു വേണ്ടി വൊളന്‍റിയര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതു പ്രകാരം പതിനഞ്ച് ലക്ഷത്തോളം വൊളന്‍റിയര്‍മാരാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ റെസ്പോണ്‍സ് ടീമായി പ്രവര്‍ത്തിക്കുക. കൂടാതെ തദ്ദേശതല ജാഗ്രതാ സമിതികളും റാപ്പിഡ് റെസ്പോണ്‍സ് ടീമും ഉണ്ടാകും.  

   മുഴുവന്‍ ക്യാമ്പെയ്ന്‍ പ്രവര്‍ത്തങ്ങളും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ തനതു പ്രവര്‍ത്തനമായി മാറ്റിക്കൊണ്ട് അടുത്ത വര്‍ഷം വരെ തുടര്‍ന്നു പോകാനാണ് ഉദ്ദേശിക്കുന്നത്. ലോക്ക്ഡൗണ്‍ സമ്പൂര്‍ണ ഇളവ് പ്രഖ്യാപിക്കും വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ പരിശീലനങ്ങളും ഓണ്‍ലൈന്‍ വഴിയായിരിക്കും.

 

Content highlight
Mission covid 2021 campaign

കുടുംബശ്രീ ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ മികച്ച പ്രവര്‍ത്തനം തുടരുന്നു

Posted on Wednesday, June 2, 2021

കോവിഡിന്റെ പശ്ചാത്തലത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കുടുംബശ്രീ ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മികച്ച സേവനങ്ങളേകി പ്രധാന സേവനദാതാക്കളായി പ്രവര്‍ത്തനം തുടരുന്നു. 2020 ഒക്ടോബര്‍ മുതല്‍ മേയ് 9 വരെ ഈ യൂണിറ്റുകള്‍ക്കെല്ലാമായി 2568 വര്‍ക്ക് ഔഡറുകള്‍ ലഭിക്കുകയും 57,77,863 രൂപയുടെ വരുമാനം നേടാനുമായിട്ടുണ്ട്. 14 ജില്ലകളിലുമായി 125 ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ ഇപ്പോഴുണ്ട്. 686 പേര്‍ ഈ യൂണിറ്റുകളില്‍ അംഗങ്ങളായുണ്ട്. 2020 ഓഗസ്റ്റ് മാസത്തിലാണ് ഒരു പുതിയ വരുമാനമാര്‍ഗ്ഗം അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ രൂപീകരണം എന്ന ആശയം കുടുംബശ്രീ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.

Kudumbashree Disinfection Teams

   മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാകുമ്പോള്‍ പുതിയൊരു വരുമാനമാര്‍ഗ്ഗം ലഭ്യമാക്കുകയെന്നതിനുപരിയായി കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സമൂഹത്തിന് ഏറ്റവും ആവശ്യമായ സേവനങ്ങളിലൊന്ന് നല്‍കാനാകുമെന്ന പ്രചോദനവും ഈ ആശയം പ്രാവര്‍ത്തികമാക്കിയതിന് ഹേതുവായി. വീടുകളിലോ ഓഫീസുകളിലോ ഒക്കെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍ക്ക് സംരംഭ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ സേവനം ഉപയോഗിക്കാനാകുന്നതാണ്. ആ നമ്പരുകള്‍ താഴെ നല്‍കുന്നു.

1. തിരുവനന്തപുരം - 9048503553
2. കൊല്ലം - 9846562666
3. പത്തനംതിട്ട - 9645323437
4. ആലപ്പുഴ - 9645754081
5. കോട്ടയം - 9074457224
6. ഇടുക്കി - 9074876440
7. എറണാകുളം - 9947767743
8. തൃശ്ശൂര്‍ - 8086673619
9. പാലക്കാട് - 8943689678
10. മലപ്പുറം - 9633039039
11. കോഴിക്കോട് - 9447338881
12. വയനാട് - 8848478861
13. കണ്ണൂര്‍ - 8848295415
14. കാസര്‍ഗോഡ് - 8129935749

   ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ ജില്ലതിരിച്ചുള്ള വിശദാംശങ്ങളും ലഭിച്ച വര്‍ക്ക് ഓര്‍ഡറുകളും വരുമാനവുമൊക്കെ https://www.kudumbashree.org/pages/890 എന്ന ലിങ്കില്‍ ലഭ്യമാണ്.

 

 

Content highlight
Kudumbashree Disinfection Teams showcase best performance

കോവിഡ് പ്രതിരോധം- 'ചെയിന്‍ കോള്‍' പദ്ധതി പുരോഗമിക്കുന്നു

Posted on Monday, May 31, 2021

·    23,20,436 കുടുംബങ്ങളെ ഫോണ്‍ മുഖേന ബന്ധപ്പെട്ട് ബോധവത്ക്കരണവും സേവനങ്ങളുമേകി
·    45 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുക ലക്ഷ്യം

തിരുവനന്തപുരം : കോവിഡ് ജാഗ്രതാ നിര്‍ദ്ദേശം കൃത്യവും വ്യക്തവുമായി ഏവരിലേക്കും എത്തിക്കുക, സഹായങ്ങള്‍ ആവശ്യമുളളവരെ കണ്ടെത്തിക്കൊണ്ട് അവര്‍ക്ക് വേണ്ട സേവനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ച് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോ ടെ കുടുംബശ്രീ ആരംഭിച്ച 'ചെയിന്‍ കോള്‍' ബോധവത്ക്കരണ പരിപാടി മികച്ച രീതിയില്‍ പുരോഗമിക്കുന്നു. മേയ് 20ന് ആരംഭിച്ച 'ചെയിന്‍ കോള്‍' പദ്ധതി മുഖേന ഇതുവരെ 23,20,436 അയല്‍ക്കൂട്ടാംഗങ്ങളെ വിളിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും വിവരാന്വേഷണം നടത്തി ആവശ്യമുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു കഴിഞ്ഞു. 3 ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 45 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങളെയും അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടാണ് 'ചെയിന്‍ കോള്‍' പ്രവര്‍ത്തനം നടപ്പിലാക്കുന്നത്.
 

chaincall graphics

  ഇരട്ട മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങീ ഓരോരുത്തരും കൊക്കൊ ള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവത്ക്കരണമടക്കമാണ് ചെയിന്‍ കോള്‍ വഴി നല്‍കുന്നത്. ഈ പരിപാടിയുടെ കൃത്യമായ മേല്‍നോട്ടം നടത്താനും ഫോണ്‍ ചെയ്യുമ്പോള്‍ പറയേണ്ട കാര്യങ്ങളില്‍ പരിശീലനം നല്‍കാനും മറ്റ് ഏകോപനങ്ങള്‍ക്കുമായി കുടുംബശ്രീയി ലുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാരെ ഓരോ സി.ഡി.എസിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ഡി.എസ് (തദ്ദേശ സ്ഥാപനതലത്തിലുള്ള കുടുംബശ്രീ സംഘടനാ സംവിധാനം) ചെയര്‍പേഴ്‌സണ്‍മാരെയും ഉപസമിതി കണ്‍വീനര്‍മാരെയും വിളിക്കുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരായുകയും ചെയ്യും. അയðക്കൂട്ടാംഗങ്ങളെ ഫോണ്‍ ചെയ്യുമ്പോള്‍ എന്തൊക്കെ അന്വേഷിച്ചറിയണം, എന്തൊക്കെ വിവരങ്ങള്‍ പങ്കുവയ്ക്കണം, സേവനങ്ങള്‍ ആവശ്യമെങ്കില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളണം എന്നൊക്കെയുള്ള വിവരങ്ങള്‍ ഇങ്ങനെ പങ്കുവയ്ക്കുന്നു.

   സി.ഡി.എസ് അംഗങ്ങള്‍, ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് എല്ലാ സി.ഡി.എസ് അംഗങ്ങളെയും വിളിക്കുന്നു. സി.ഡി.എസ് അംഗങ്ങള്‍ തങ്ങളുടെ ചുമതലയുള്ള എ.ഡി.എസ് (വാര്‍ഡ് തലത്തിലുള്ള കുടുംബശ്രീ സംഘടനാ സംവിധാനം) എക്‌സിക്യൂട്ടീവ് അംഗങ്ങളെ വിളിക്കും. ഇവര്‍ തങ്ങളുടെ വാര്‍ഡിലുള്ള അയല്‍ക്കൂട്ടങ്ങളിലെ പ്രസിഡന്റി നെയും സെക്രട്ടറിയെയും വിളിക്കുന്നു. അയല്‍ക്കൂട്ട പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് എല്ലാ അയല്‍ക്കൂട്ട അംഗങ്ങളെയും വിളിക്കുകയും വിവരങ്ങള്‍ ആരായുകയും ബോധവത്ക്കരണം നടത്തുകയും സഹായങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്നു. ഈ രീതിയിലാണ് ചെയിന്‍ കോള്‍ പ്രവര്‍ത്തനം നടക്കുന്നത്.
 
  അയല്‍ക്കൂട്ടങ്ങളുടെ ഭാഗമായ 45 ലക്ഷം കുടുംബങ്ങളില്‍ ആരോഗ്യ സന്ദേശം എത്തിക്കാനും, ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം, മരുന്ന്, മാനസിക പിന്തുണ, വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി അടിയന്തര സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വാര്‍ഡ്തല സമിതി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, വാര്‍ റൂം തുടങ്ങി സംവിധാനം ഉപയോഗിച്ച് സഹായമെത്തി ക്കാനും ചെയിന്‍ കോളിലൂടെ കഴിയുന്നു.

 

Content highlight
chaincall progressing

കോവിഡ് പ്രതിരോധം- കുടുംബശ്രീയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പരാമര്‍ശം

Posted on Wednesday, May 26, 2021

കോവിഡിനെ പ്രതിരോധിക്കാന്‍ കുടുംബശ്രീ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മേയ് 22ന് നടന്ന പത്രസമ്മേളനത്തില്‍ പ്രത്യേകം പരാമര്‍ശം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍, കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ചെയിന്‍ കോള്‍ എന്ന ബോധവത്ക്കരണ പദ്ധതി, സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ വഴി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ബോധവത്ക്കരണ ക്യാമ്പെയ്ന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി നടത്തുന്ന ക്ലാസ്സുകള്‍ തുടങ്ങീ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ചത്.

cm


കോവിഡിനെ പ്രതിരോധിക്കാനും കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ഏവരും പങ്കാളികളാകണമെന്ന ബോധവത്ക്കരണം കുടുംബങ്ങള്‍ക്കേകാനും വിവിധ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീയിലൂടെ നടത്തുന്നത്. ഇതിനൊപ്പം ജനങ്ങള്‍ക്കാവശ്യമുള്ള സേവനങ്ങളും സഹായങ്ങളും നല്‍കാനുള്ള പ്രവര്‍ത്തനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജനത്തോടെ കുടുംബശ്രീ ഏര്‍പ്പെട്ടിട്ടുണ്ട്.
വീഡിയോ കാണാം- https://www.youtube.com/watch?v=3CreiO57UsQ

 

Content highlight
CM makes special mention Kudumbashree

മികച്ച സേവനങ്ങളേകി 1054 ജനകീയ ഹോട്ടലുകള്‍

Posted on Friday, May 21, 2021

കോവിഡ് രണ്ടാം പ്രഭാവത്തെ ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ കേരളമൊട്ടാകെ മികച്ച സേവനങ്ങളേകി 1054 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടരുന്നു. ഈ ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ദിവസേന ശരാശരി 80,000ത്തിലേറെ പേര്‍ക്കുള്ള ഊണുകളാണ് കേരളത്തിലെ എല്ലാ ജനകീയ ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്കായി തയാറാക്കി നല്‍കുന്നത്. കേരളത്തിലെ പഞ്ചായത്തുകളിലും (874) മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളിലുമായി (180) പ്രവര്‍ത്തിക്കുന്ന 1054 ജനകീയ ഹോട്ടലുകള്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ അനുഗ്രഹമായി മാറുന്നു.

  2020-21 സാമ്പത്തികവര്‍ഷത്തേക്കുള്ള പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഈ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു. 2021 മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 1007 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചിരുന്നു. നിലവില്‍ 1054 ഹോട്ടലുകളാണുള്ളത്.

jh m

   കോവിഡിന്റെ രണ്ടാം പ്രഭാവത്തെ ചെറുക്കാനുള്ള ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് ഓരോ ദിവസവും 1.50 ലക്ഷത്തോളം പേരാണ് 20 രൂപയുടെ ഉച്ചയൂണ് കഴിച്ചിരുന്നത്.   ഈ 1054 ജനകീയ ഹോട്ടലുകളുടെയും പേര് വിവരങ്ങള്‍, ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ബന്ധപ്പെടേണ്ട നമ്പരുകള്‍, ഒാരോ ദിവസവും നല്‍കുന്ന ഊണിന്റെയും സൗജന്യമായി നല്‍കുന്ന ഊണിന്റെയും വിശദാംശങ്ങള്‍ തുടങ്ങിയ https://kudumbashree.org/pages/826 എന്ന ലിങ്കില്‍ ലഭ്യമാണ്.

 

Content highlight
1054 Janakeeya Hotels in Kerala stand out extending best of their services

കോവിഡ് : വീട്ടിലൊരുക്കാം സുരക്ഷ- ബോധവത്ക്കരണ പരിപാടി ശ്രദ്ധ നേടുന്നു

Posted on Monday, May 17, 2021

കോവിഡ് കാലത്ത് വീടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ച വാര്‍ റൂം പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ബോധവത്ക്കരണ പരിപാടി ശ്രദ്ധ നേടുന്നു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് വാര്‍ റൂം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കില, കുടുംബശ്രീ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 13ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത് പരിപാടി കില, കുടുംബശ്രീ എന്നിവയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവ വഴി തത്സമയം വീക്ഷിക്കാനും ക്ലാസ്സുകള്‍ നയിക്കുന്ന വിദഗ്ധരോട് സംശയങ്ങള്‍ ചോദിച്ച് ഉത്തരം തേടാനും കഴിയുന്നു.

  ഉദ്ഘാടന ദിനത്തില്‍ കോവിഡിന്റെ ഗൃഹപരിചരണം, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധത്തിന് എങ്ങനെ ഇടപെടാം എന്നീ വിഷയങ്ങളില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാര്‍ ക്ലാസ്സുകള്‍ നയിച്ചു. എം.എ.എ റിസര്‍ച്ച് സെല്‍ ആന്‍ഡ് ഡിജിറ്റല്‍ ചെയര്‍മാന്‍ ഡോ. ആര്‍.സി. ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു. മേയ് 15ന് കോവിഡ് ഗൃഹപരിചരണം എങ്ങനെ ചെയ്യാം പരിചാരകര്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന വിഷയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. സജിത് കുമാറും കോവിഡ് രോഗിയും ഹൃദ്രോഗ്രവും എന്ന വിഷയത്തില്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളജിസ്റ്റായ ഡോ. ആനന്ദ് മാര്‍ത്താനും ക്ലാസ്സുകള്‍ നയിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കോവിഡാനന്തര പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. ആര്‍. അരവിന്ദും കോവിഡ് ചികിത്സ- മാനസിക സമ്മര്‍ദ്ദം എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മോഹന്‍ റോയും ക്ലാസ്സുകള്‍ നയിച്ചു.

covid awarness

  തദ്ദേശ സ്ഥാപനതല പ്രതിനിധികള്‍, വാര്‍ഡ്തല കമ്മിറ്റി മെമ്പര്‍മാര്‍, വാര്‍ റൂം നോഡല്‍ ഓഫീസര്‍മാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ത്തിക്കുന്ന  വോളന്റിയര്‍മാരും ഉദ്യോഗസ്ഥറും, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍, ട്രെയിനിങ് ടീം അംഗങ്ങള്‍, കാസ് അംഗങ്ങള്‍, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സ്, ബാലസഭാ പ്രതിനിധികള്‍, ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍മാര്‍, ഡി.ഡി.യു.ജി.കെ.വൈ പരിശീലനാര്‍ത്ഥികള്‍, പൊതുജനങ്ങളെന്നിവരെല്ലാം ബോധവത്ക്കരണ ക്ലാസ്സുകള്‍ തത്സമയം കാണുകയും സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തുവരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും ഈ ക്ലാസ്സുകളുടെ വീഡിയോകള്‍ ലഭ്യമാണ്.

  എം.എ.എ പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ സ്റ്റേറ്റ് സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദ്ധതി അവതരണം നടത്തി.  കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പങ്കെടുത്തു. മേയ് 17, 19, 21, 23 തിയതികളിലും ഉച്ചയ്ക്ക് 2.30ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും.

 

 

Content highlight
covid awarness class

സപ്ലൈകോയില്‍ നിന്ന് അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി നടത്താനും കുടുംബശ്രീ

Posted on Saturday, May 15, 2021

ലോക്ഡൗണ്‍ കാലയളവില്‍ സപ്ലൈകോയുടെ 95 വിപണനകേന്ദ്രങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍ വീടുകളിലേക്ക് ഹോം ഡെലിവറിയായി എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഫോണ്‍ മുഖേനയോ വാട്‌സ്ആപ്പ് മുഖേനയോ ആവശ്യക്കാര്‍ക്ക് സാധനങ്ങളുടെ ഓര്‍ഡര്‍ നല്‍കാനാകും. ഓരോ കേന്ദ്രത്തിലും നിയോഗിച്ചിട്ടുള്ള രണ്ട് വീതം കുടുംബശ്രീ അംഗങ്ങള്‍ ഈ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനങ്ങള്‍ അതാത് വീടുകളിലേക്ക് എത്തിക്കും. 20 കിലോഗ്രാം സാധനങ്ങളാണ് ഒരു തവണ ഓര്‍ഡര്‍ ചെയ്യാനാകുക. ആദ്യ ഘട്ടത്തില്‍ ഔട്ട്‌ലെറ്റിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാര്‍ക്കാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

  ഓരോ ദിവസവും ഉച്ചയ്ക്ക് 1 മണിവരെയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. 2 കിലോമീറ്റര്‍ ചുറ്റളവില്‍ സാധനങ്ങള്‍ എത്തിച്ച നല്‍കുന്നതിന് 40 രൂപയാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുന്നത്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ 60 രൂപയും 10 കിലോമീറ്ററാണെങ്കില്‍ 100 രൂപയുമാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുക.

supplyco

  ഏതൊക്കെ ഔട്ട്‌ലെറ്റുകളില്‍ ഈ സേവനം ലഭ്യമാണെന്നതിന്റെ വിശദാംശങ്ങള്‍ സപ്ലൈകോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് പേരെ വീതമാണ് ഡെലിവറിക്കായി നിയോഗിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ ഹോം ഡെലിവറി ഓര്‍ഡറുകള്‍ വന്നാല്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെ ഈ സേവനം നല്‍കാന്‍ നിയോഗിക്കാനാണ് തീരുമാനം.

 

Content highlight
അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി

'വിദ്യാശ്രീ' പദ്ധതി: ലാപ്‌ടോപ്പ് വിതരണോദ്ഘാടനം നടന്നു

Posted on Monday, February 22, 2021

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുമായി വിളക്കി ചേര്‍ക്കുന്ന വിദ്യാശ്രീ പദ്ധതിയിലൂടെ പത്തു ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14 ജില്ലകളിലുമായി 200 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പദ്ധതിപ്രകാരം തിരുവനന്തപുരം ജില്ലയില്‍ 15 കുട്ടികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിച്ചു. 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറിയപ്പോള്‍ ലാപ്ടോപ് വാങ്ങാന്‍ കഴിയാതിരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണക്കാരായ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുകയും1500 രൂപ അടച്ചാല്‍ തന്നെ ലാപ്ടോപ് നല്‍കുകയും പരമാവധി ഡിസ്ക്കൗണ്ട് നല്‍കിക്കൊണ്ട് 7000 രൂപയ്ക്ക് ലോപ്ടോപ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലഭ്യമാക്കുന്ന പദ്ധതി ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. പദ്ധതിക്കായി തയ്യാറാക്കിയ പോര്‍ട്ടലില്‍  ലാപ്ടോപ് ആവശ്യപ്പെട്ട് ഇതുവരെ 1,44,028 അയല്‍ക്കൂട്ട അംഗങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍  1,23,005 പേരാണ് ലാപ്ടോപ് വാങ്ങാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്. 17343 പേര്‍ ലാപ്ടോപ്പിന്‍റെ മോഡലും തിരഞ്ഞെടുത്തു കഴിഞ്ഞു. 

വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍ക്കാരും നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും വഹിക്കും. ആശ്രയ കുടുംബങ്ങള്‍ക്ക് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. പട്ടികജാതി പട്ടികവര്‍ഗ, മത്സ്യബന്ധന കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി ഇതിനു പുറമേ അധികമായി ലഭിക്കും. അര്‍ഹരായവര്‍ക്ക് പിന്നാക്ക-മുന്നോക്ക കോര്‍പ്പറേഷനുകള്‍ക്ക് അവരുടെ ഫണ്ടില്‍ നിന്നും സബ്സിഡി നല്‍കാനാവും. ടെന്‍ഡറില്‍ പങ്കെടുത്ത സാങ്കേതികമേന്‍മ പുലര്‍ത്തുന്ന എല്ലാ ലാപ്ടോപ് കമ്പനികളെയും എംപാനല്‍ചെയ്തു കൊണ്ട് കുട്ടികള്‍ക്ക് ആവശ്യമുള്ള ലാപ്ടോപ് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി. ഇതിനു നേതൃത്വം വഹിച്ചതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇയും കുടുംബശ്രീയും മാറി. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ലാപ്ടോപ് വാങ്ങാനായി മുന്നോട്ടു വരുന്നുണ്ടെന്നും കോവിഡ്കാലത്തെ മാതൃകാപദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്നും പറഞ്ഞ മുഖ്യമന്ത്രി ലാപ്ടോപ് വാങ്ങാനെത്തിയ കുട്ടികളുമായി ഓണ്‍ലൈനായി സംവദിക്കുകയും ചെയ്തു.

ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കിക്കൊണ്ട് വിജ്ഞാന വ്യാപനത്തിനും കേരളത്തിന്‍റെ  ക്ഷേമപാരമ്പര്യം നിലനിര്‍ത്തുന്നതിനും സഹായകമാകുന്നതാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്ന്                  ധനകാര്യവകുപ്പു മന്ത്രി ഡോ.ടി.എം തോമസ് ഐസക് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്‍റര്‍നെറ്റും ലാപ്ടോപ്പും ഉപയോഗിച്ചു കൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്നതോടെ സ്കൂളുകളിലെ അധ്യയനരീതി യ്ക്ക് പുരോഗമനപരമായ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റം ഭരണരംഗത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇ-ഗവേണന്‍സില്‍ ഒരു കുതിച്ചു ചാട്ടം സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വികസന പദ്ധതിയെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇയെയും കുടുംബശ്രീയെയും ഉപയോഗിക്കുന്നതിലൂടെ കേരളത്തെ വിജ്ഞാന സമൂഹമായി പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 
ആധുനിക സാങ്കേതിക വിദ്യയും ജനകീയതയും ഒരുമിക്കുന്ന പദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്നും ഇത് പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയൊരു വിപ്ളവമാണ് കാഴ്ചവയ്ക്കുന്നതെന്നും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു കൊണ്ട് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. 


കുടുംബശ്രീയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് വിദ്യാശ്രീ പദ്ധതിയെന്നും ഈ ലാപ്ടോപ് പദ്ധതിയും കെ-ഫോണും കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.  നൂറുശതമാനം തിരിച്ചടവ് ഉറപ്പു വരുത്താന്‍ കുടുംബശ്രീക്ക് കൃത്യമായ സംവിധാനമുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, എ.സി.മൊയ്തീന്‍, വി.കെപ്രശാന്ത് എം.എല്‍.എ, എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം 13 ജില്ലകളിലും വിവിധ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത് ലാപ്ടോപ് വിതരണം നടത്തി. വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ കേരള ഇന്‍ഫ്രാ സ്ച്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷനാണ് (കൈറ്റ്സ്) ലാപ്ടോപ്പിന്‍റെ സ്പെസിഫിക്കേഷന്‍ ലഭ്യമാക്കിയത്. ഐ.ടി മിഷന്‍റെ നേതൃത്വത്തിലായിരുന്നു ടെന്‍ഡര്‍ നടപടികള്‍. 

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തി. കെ.എസ്.എഫ്.ഇ മാനേജിങ്ങ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു. ഐ.ടി മിഷന്‍ സെക്രട്ടറി മുഹമ്മദ്.വൈ.സഫീറുള്ള,  കൊകോണിക്സ് കമ്പനിയുടെ പ്രതിനിധി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.ഷമീന എന്നിവര്‍ പങ്കെടുത്തു. 

Content highlight
കുടുംബശ്രീയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് വിദ്യാശ്രീ പദ്ധതിയെന്നും ഈ ലാപ്ടോപ് പദ്ധതിയും കെ-ഫോണും കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം :വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു

Posted on Sunday, February 21, 2021

തിരുവനന്തപുരം : ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം മൂന്നാം സീസണിലെ വിജയികള്‍ക്കുള്ള സമ്മാനദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ആസ്ഥാന മന്ദിരത്തില്‍ ഇന്ന് (17-02-2020) സംഘടിപ്പിച്ച ചടങ്ങില്‍ ഒന്നാം സമ്മാനര്‍ഹനായ എറണാ കുളം സ്വദേശി ടി.ജെ. വര്‍ഗ്ഗീസ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും 20,000 രൂപയുടെ ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. മാതൃഭൂമി പാലക്കാട് യൂണിറ്റ് ന്യൂസ് ഫോട്ടോഗ്രാഫറായ പി.പി. രതീഷ് രണ്ടാം സ്ഥാനത്തിനുള്ള 10,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫി ക്കറ്റും ഏറ്റുവാങ്ങി. കാസര്‍ഗോഡ് സ്വദേശി ദിനേഷ് ഇന്‍സൈറ്റിനായിരുന്നു 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന മൂന്നാം സ്ഥാനം.പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാന വുമുണ്ട് .

  സംസ്ഥാനത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ കേരള സമൂഹത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണി ച്ചത്. 2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെ സംഘടിപ്പിച്ച മത്സരത്തില്‍ 400ലേറെ എന്‍ട്രികള്‍ ലഭിച്ചു. പ്രമുഖരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സമ്മാന പ്രഖ്യാപനവും സമ്മാനദാന ചടങ്ങും നീട്ടിവയ്‌ക്കേണ്ട തായി വരികയായിരുന്നു.

  2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകളെക്കുറിച്ച് തയാറാക്കിയ പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു. ജനകീയ ഹോട്ടലുകള്‍ വഴി വിതരണം ചെയ്യുന്ന ഊണുകളുടെ ദിവസേനയുള്ള വിശദാംശങ്ങളും മറ്റ് വിവരങ്ങളും രേഖപ്പെടുത്താനുള്ള സോഫ്ട്‌വെയറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് അധ്യക്ഷയായിരുന്നു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Content highlight
2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെ സംഘടിപ്പിച്ച മത്സരത്തില്‍ 400ലേറെ എന്‍ട്രികള്‍ ലഭിച്ചു. പ്രമുഖരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.