പ്‌ളാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേറ്റ്‌ കുടുംബശ്രീ

Posted on Friday, January 3, 2020

* പ്രതിദിനം പത്തു ലക്ഷത്തോളം തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നു

 * കുടുംബശ്രീ വനിതകള്‍ മുഖേന പ്‌ളാസ്റ്റിക്കിനെതിരേ ബോധവല്‍ക്കരണവും  

പ്‌ളാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീയൊരുങ്ങുന്നു. സംസ്ഥാനത്ത് ഒറ്റത്തവണ ഉപഭോഗമുള്ള പ്‌ളാസ്റ്റിക് വസ്തുക്കളുടെ സമ്പൂര്‍ണ്ണ നിരോധനം നിലവില്‍ വരുന്ന ജനുവരി ഒന്നു മുതല്‍ പ്‌ളാസ്റ്റിക്കിന് ബദല്‍ സംവിധാനമെന്ന നിലയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി   എഴുപതിനായിരത്തോളം തുണിസഞ്ചികള്‍ തയ്യാറാക്കി വിപണിയിലെത്തിച്ചു കൊണ്ടാണ് കുടുംബശ്രീ ഈ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നത്. പ്‌ളാസ്റ്റിക് നിരോധനത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം അയല്‍ക്കൂട്ട വനിതകള്‍ക്ക് വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കുക എന്നതും കുടുംബശ്രീ ലക്ഷ്യമിടുന്നു. തുണിസഞ്ചി നിര്‍മ്മാണവും വിതരണവും കാര്യക്ഷമമാക്കുന്നതിന് അതത് ജില്ലാഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി കുടുംബശ്രീ സഹകരിച്ചു പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ ക്‌ളോത്ത്, ജ്യൂട്ട്, പേപ്പര്‍  എന്നിവ കൊണ്ട് ബാഗുകള്‍, കൂടാതെ കോട്ടണ്‍ പൗച്ചുകള്‍, കോട്ടണ്‍ ഷോപ്പര്‍, പാളപ്പാത്രങ്ങള്‍ എന്നിവ നിര്‍മിക്കുന്ന മൂവായിരത്തോളം യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ മുഖേന അതത് ജില്ലകളിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പരിപാടികള്‍ക്കും ആവശ്യമായി വരുന്ന ഗുണനിലവാരമുള്ള തുണിസഞ്ചികളും മറ്റ് ഉത്പന്നങ്ങളും നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്‌ളാസ്റ്റിക് പടിയിറങ്ങുന്നതോടെ വിപണിയില്‍ തുണിസഞ്ചികള്‍ക്കുണ്ടാകുന്ന വര്‍ധിച്ച ആവശ്യകത കണ്ടറിഞ്ഞ് നിലവിലെ യൂണിറ്റുകള്‍ക്ക് പുറമേ പത്തോളം അപ്പാരല്‍ പാര്‍ക്കുകളിലെ ആയിരം  സ്ത്രീകളെയും കുടുംബശ്രീ ഈ രംഗത്ത് വിന്യസിച്ചിട്ടുണ്ട്.  അതത് ജില്ലകളിലെ യൂണിറ്റുകള്‍ വഴി പ്രതിദിനം പത്തു ലക്ഷം സഞ്ചികളെങ്കിലും നിര്‍മ്മിച്ച് വിതരണം ചെയ്യുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

തുണിസഞ്ചികള്‍ കൂടാതെ പാളകൊണ്ടു തയ്യാറാക്കിയ പ്‌ളേറ്റുകളും യൂണിറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതു കൂടാതെ വിപണിയുടെ ആവശ്യകതയനുസരിച്ച്  വൈവിധ്യമാര്‍ന്ന മാതൃകകളില്‍ പ്രകൃതി സൗഹൃദ തുണി സഞ്ചികള്‍ നിര്‍മിക്കാന്‍ ആവശ്യമായ പരിശീലനവും യൂണിറ്റുകള്‍ക്ക് ലഭ്യമാക്കും. വസ്ത്രവ്യാപാര ശാലകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനവും ക്രിമീകരിച്ചു വരികയാണ്.  ഓരോ ജില്ലയുടെയും പ്രാദേശികമായ പ്രമുഖ പരിപാടികള്‍, ഉത്സാവാഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് തുണിസഞ്ചികള്‍ ആവശ്യമായി വരുന്ന അവസരങ്ങളില്‍ അത് നിര്‍മ്മിച്ചു കൊടുക്കാനും കഴിയുന്ന തരത്തില്‍ യൂണിറ്റുകളെ സജ്ജമാക്കിയിട്ടുണ്ട്.

ഇടുക്കി
തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്ന 27 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഈ യൂണിറ്റുകളുടെ അഡ്രസ്സും ഫോണ്‍ നമ്പരും ഉത്പാദനക്ഷമതയും അടക്കമുള്ള വിശദാംശങ്ങള്‍ ശുചിത്വ മിഷനും, ഹരിതകേരളം മിഷനും കൈമാറി. ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളില്‍ പേപ്പര്‍ കൊണ്ടുള്ള പേനകളടക്കമുള്ള ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നു. കോട്ടണ്‍ തുണി ഉപയോഗിച്ച് നാപ്കിന്‍ നിര്‍മ്മിക്കുന്ന ഒരു യൂണിറ്റും ജൂട്ട് ബാഗും ഫയലും നിര്‍മ്മിക്കുന്ന രണ്ട് യൂണിറ്റുകളും ജില്ലയിലുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ കുടുംബശ്രീ അംഗങ്ങളായ 5 പേരെ ചേര്‍ത്ത് ഹരിത ചെക്ക് പോസ്റ്റും പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിക്കുകയും പകരം അവര്‍ക്ക് തുണിസഞ്ചികള്‍ നല്‍കുകയും ചെയ്യുന്നു. ഈ പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് ഏറ്റെടുക്കും. യുഎന്‍ഡിപി, ഹരിതകേരളം മിഷന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് എന്നിവരുമായി ചേര്‍ന്ന് കുടുംബശ്രീ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് മുഖേന തുണിസഞ്ചികള്‍ ഉത്പാദിപ്പിക്കാനും തുടങ്ങി.

എറണാകുളം
200 തുണിസഞ്ചി യൂണിറ്റുകള്‍ വഴി ജില്ലയില്‍ 'പച്ച' എന്ന ബ്രാന്‍ഡില്‍ തുണിസഞ്ചികള്‍ തയാറാക്കി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഒരു മാസത്തിനുള്ളില്‍ 300 യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. ആയിരത്തോളം വനിതകള്‍ക്ക് ഇതുവഴി തൊഴിലവസരവും ലഭിക്കും. 2 മുതല്‍ 50 രൂപ വിലവരുന്നതാണ് ഈ സഞ്ചികള്‍. ഓരോ യൂണിറ്റുകളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഈ സഞ്ചികള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുറത്തുള്ള വിപണിയിലേക്കും സഞ്ചികള്‍ എത്തിക്കും.

കോഴിക്കോട്
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുണ്ടാക്കുന്ന 22 യൂണിറ്റുകള്‍ ജില്ലയിലുണ്ട്. തുണിസഞ്ചി, പേപ്പര്‍ ബാഗ്, മണ്‍പാത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന വിവിധ യൂണിറ്റുകള്‍ ഇതിലുള്‍പ്പെടുന്നു. പ്ലാസ്റ്റിക് നിരോധനത്തെത്തുടര്‍ന്ന് ഈ യൂണിറ്റുകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തയ്യലറിയാവുന്ന കുടുംബശ്രീ വനിതകളെ ഉപയോഗിച്ച് കുടുംബശ്രീ സിഡിഎസുകളുടെ (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) നേതൃത്വത്തില്‍ വീടുകളില്‍ തുണിസഞ്ചികളുണ്ടാക്കി അതാത് മേഖലകളില്‍ സഞ്ചികള്‍ വിതരണം ചെയ്യുന്നു. അവര്‍ക്ക് തുണി വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് വ്യാപാരികളുടെ യോഗം വിളിച്ച് ചേര്‍ത്ത് അവരുടെ ആവശ്യകത അനുസരിച്ച് സഞ്ചികള്‍ തയാറാക്കി നല്‍കും.

മലപ്പുറം ജില്ല
പേപ്പര്‍ ബാഗും തുണിസഞ്ചികളും നിര്‍മ്മിക്കുന്ന 28 സൂക്ഷ്മ സംരംഭ യൂണിറ്റുകളും ഒപ്പം പാള കൊണ്ട് പാത്രകള്‍ നിര്‍മ്മിക്കുന്ന 2 യൂണിറ്റുകളും തുണി കൊണ്ടുള്ള ചവിട്ടിയും മറ്റും നിര്‍മ്മിക്കുന്ന എട്ട് യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. പത്ത് ബഡ്‌സ് സ്ഥാപനങ്ങളില്‍ പേപ്പര്‍ പേന, ഫയല്‍, നോട്ട്ബുക്ക് തുടങ്ങിയ പേപ്പര്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളെല്ലാം അടങ്ങിയ കാറ്റലോഗ് തയാറാക്കി ശുചിത്വമിഷന് ജില്ലാ മിഷന്‍ കൈമാറി. തുണി സഞ്ചിയും പേപ്പര്‍ ബാഗും നിര്‍മ്മിക്കുന്ന യൂണിറ്റുകളോട് പരമാവധി സ്ഥാപനങ്ങളുമായി സഹകരിച്ച് അവര്‍ക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കണമെന്ന നിര്‍ദ്ദേശവും ജില്ലാ മിഷന്‍ നല്‍കിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും ആവശ്യപ്രകാരം 1.50 ലക്ഷം തുണിസഞ്ചികള്‍ യൂണിറ്റുകള്‍ മുഖേന തയാറാക്കി നല്‍കും. ബ്ലോക്ക് തലത്തിലേക്കാവശ്യമുള്ള 12,000 തുണിസഞ്ചികള്‍ ഉടന്‍ കൈമാറും.

വയനാട്
തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നതും അല്ലാത്തതുമായ അപ്പാരല്‍ യൂണിറ്റുകളെക്കൊണ്ട് തുണിസഞ്ചികളുടെ വിവിധ മോഡലുകള്‍ തയാറാക്കി ഡിസംബര്‍ 26ന് കല്‍പ്പറ്റയില്‍ നടത്തിയ ക്രിസ്മസ് ചന്തയില്‍ ഈ തുണിസഞ്ചികളുടെയും പേപ്പര്‍ ബാഗുകളുടെയും പ്രത്യേക പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സഞ്ചികള്‍ക്കായുള്ള ഓഡര്‍ ലഭിച്ചു. സംരംഭകര്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സഞ്ചി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി വരുന്നു. പ്ലാസ്റ്റിക് സാനിട്ടറി നാപ്കിന്റെ ഉപയോഗം കുറയ്ക്കാനായി മെനുസ്ട്രല്‍ കപ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തി. മൂപ്പൈനാട് പഞ്ചായത്തുമായി ചേര്‍ന്ന് നടത്തിയ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1000 മെനുസ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യും.

കൊല്ലം
ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ഹരിതകേരളം മിഷനുമായി സംയോജിച്ച് 140 കുടുംബശ്രീ സംരംഭങ്ങള്‍ വഴി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രതിദിനം 25,000 സഞ്ചികള്‍ ഉത്പാദിപ്പിക്കാന്‍ ശേഷി ഈ യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ക്ക് നാല് ശതമാനം പലിശനിരക്കില്‍ വായ്പയും ലഭ്യമാക്കുന്നു. ജില്ലാ മിഷന്‍ വഴി തുണിസഞ്ചികള്‍ മൊത്തമായി വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് കൗണ്ടറുകള്‍ ചില്ലറയായും സഞ്ചികള്‍ ലഭിക്കും.

തൃശ്ശൂര്‍
60 തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റുകളാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്. കൂടാതെ കൂടുതല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനവും വിവിധ ബ്ലോക്കുകളില്‍ നല്‍കി വരുന്നു.

പാലക്കാട്
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന 62 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. തുണിസഞ്ചി, പേപ്പര്‍ബാഗ്, പാള പ്ലേറ്റ്, മണ്‍പാത്രം, പേപ്പര്‍പേന എന്നിങ്ങനെ വിവിധ ബദല്‍ ഉത്പന്നങ്ങള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍മ്മിക്കുന്നു. ഈ യൂണിറ്റുകളുടെ ഭാരവാഹികളുടെ യോഗം ഹരിതകേരള മിഷനും ശുചിത്വ മിഷനുമായി സംയോജിച്ച് വിളിച്ച് ചേര്‍ത്തു. ഓരോ യൂണിറ്റും ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ പരിശോധിച്ച് 100 ശതമാനം പ്ലാസ്റ്റിക്‌രഹിത ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്തു. ഒരേ ഉത്പന്നങ്ങളുടെ വില ഏകീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വരുന്ന ആഴ്ച്ച ഈ നിര്‍മ്മാണ യൂണിറ്റുകളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശന-വില്‍പ്പന മേള നടത്തും. ശുചിത്വ മിഷന്റെ സഹായത്തോടു കൂടി യൂണിറ്റുകളുടെ വിശദാംശങ്ങളടങ്ങിയ ബ്രോഷര്‍ തയാറാക്കി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ലഭ്യമാക്കും.

കോട്ടയം
16 തുണിസഞ്ചി യൂണിറ്റുകളാണ് ജില്ലയിലുള്ളത്. യൂണിറ്റുകളുടെ യോഗം വിളിച്ച് ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഈ കണ്‍സോര്‍ഷ്യം മുഖേന യൂണിറ്റുകള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ മൊത്തമായി വാങ്ങുകയും യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്യും. ഇങ്ങനെ ഒരേ മാതൃകയിലുള്ള സഞ്ചികള്‍ നിര്‍മ്മിക്കും. കൂടാതെ പരിശീലനം നേടിയ അയല്‍ക്കൂട്ട വനിതകളെ ഉള്‍പ്പെടുത്തി കൂടുതല്‍ തുണിസഞ്ചി യൂണിറ്റുകള്‍ ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലെയും തുണിസഞ്ചികളുടെ ആവശ്യകത ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി കണ്ടെത്തി യൂണിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ശ്രമിക്കുന്നു.


കേരളം പ്‌ളാസ്റ്റിക് വിമുക്തമാക്കുന്നതിന് മികച്ച പിന്തുണ നല്‍കുന്നതിനോടൊപ്പം നിലവില്‍ സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകളിലെ വനിതകള്‍ക്ക് അവരുടെ തൊഴില്‍ മേഖല കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും പ്‌ളാസ്റ്റിക്കിനെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന പരിപാടിയില്‍ പങ്കാളിത്തം വഹിക്കാനും സാധ്യമാകും.  

 

 

Content highlight
വസ്ത്രവ്യാപാര ശാലകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനവും ക്രിമീകരിച്ചു വരികയാണ്.