വാര്‍ത്തകള്‍

കുടുംബശ്രീ 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന് തുടക്കം; തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Posted on Thursday, August 19, 2021

 *  www.kudumbashreebazaar.comവഴി ഉല്‍പന്നങ്ങള്‍ വാങ്ങാം

* ഉല്‍പന്നങ്ങള്‍ക്ക് 40 ശതമാനം വരെ വിലക്കുറവ്
* ആയിരം രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് പത്തു ശതമാനം അധിക ഡിസ്ക്കൗണ്ട്
* ഓണ്‍ലൈന്‍ വിപണന മേള 31 വരെ
                                   

കുടുംബശ്രീ 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ വഴി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേക്കും ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഓണത്തോടുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച  'ഓണം ഉത്സവ്'ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലൂടെ സംരംഭകര്‍ക്ക് സഹായവും പ്രോത്സാഹനവും ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ അധ്യക്ഷത വഹിച്ചു.

 

കുടുംബശ്രീ സംഘടിപ്പിക്കുന്ന 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സമീപം.
കുടുംബശ്രീ സംഘടിപ്പിക്കുന്ന 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സമീപം.

 

കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.kudumbashreebazaar.com  വഴി ഈ മാസം 31 വരെയാണ് വിപണനം. എണ്ണൂറിലേറെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഒരുകുടക്കീഴില്‍ നിന്നു വാങ്ങാനുള്ള അവസരമാണ് ലഭിക്കുക. എല്ലാ ഉല്‍പന്നങ്ങള്‍ക്കും കുടുംബശ്രീ നല്‍കുന്ന പത്തു ശതമാനം ഡിസ്ക്കൗണ്ടിനൊപ്പം സംരംഭകര്‍ നല്‍കുന്ന ഡിസ്ക്കൗണ്ടു കൂടി ചേര്‍ത്ത് നാല്‍പത് ശതമാനം വരെയും കൂടാതെ ആയിരം രൂപയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പത്തു ശതമാനം അധിക ഡിസ്ക്കൗണ്ടും ലഭ്യമാകും.  ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിച്ചു നല്‍കും.  

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിനു പുറമേ ഈ മാസം 16 മുതല്‍ തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പുമായും സഹകരിച്ചു കൊണ്ട് സിഡിഎസ് തലത്തിലും ജില്ലാതലത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണന മേളകള്‍ സംഘടിപ്പിച്ചു വരികയാണ്. 
 

                 

 

 

 

Content highlight
Kudumbashree launches 'Onam Utsav' Online Trade Fair

'എന്നോണം, നിന്നോണം, ഏവര്‍ക്കും പൊന്നോണം' ക്യാമ്പെയ്ന് തുടക്കം

Posted on Wednesday, August 18, 2021


ഈ ഓണക്കാലത്ത് അയല്‍ക്കാര്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ തുണയാകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ 'എന്നോണം, നിന്നോണം, ഏവര്‍ക്കും പൊന്നോണം' ക്യാമ്പെയ്ന് തുടക്കം. രണ്ട് വര്‍ഷങ്ങളായി തുടരുന്ന കോവിഡ് പ്രതിസന്ധി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ അയല്‍ക്കാരെയും കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ബാധിച്ചിട്ടുണ്ട്. ഈ ക്യാമ്പെയ്നിലൂടെ ഇവര്‍ക്കെല്ലാം പ്രതീക്ഷയും കരുതലും സാന്ത്വനവുമേകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍ നടത്തും.
 
  2018ലെയും 2019ലെയും പ്രളയകാലത്ത് അവിസ്മരണീയ ഇടപെടലുകളാണ് അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തിയത്. സ്വന്തം വീടുകളില്‍ താമസ സൗകര്യം ഒരുക്കിയേകിയും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ ചെറുസമ്പാദ്യം ചേര്‍ത്ത് 11.18 കോടി രൂപ സംഭാവനയായി നല്‍കിയതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ പ്രധാനം. കോവിഡ് ബാധയെത്തുടര്‍ന്ന് കേരളം ലോക്ഡൗണിലേക്ക് നീങ്ങിയ കാലയളവ് മുതല്‍ ബോധവത്ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കുടുംബശ്രീ അംഗങ്ങള്‍. കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ്, മാസ്‌ക് - സാനിറ്റൈസര്‍ നിര്‍മ്മാണം, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്കും അഗതികള്‍ക്കും പ്രത്യേകം കരുതലേകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

campignonm



  ക്യാമ്പെയ്‌ന്റെ ഭാഗമായി ഓണക്കാലത്ത് അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയും ചെയ്യാം. ്#എന്നോണംനിന്നോണംഏവര്‍ക്കുംപൊന്നോണം, #ennonamninnonamevarkkumponnonam എന്നീ ഹാഷ്ടാഗുകളും ഉള്‍പ്പെടുത്താം.

Content highlight
Ennonam Ninnonam Evarkkum Ponnonam' Campaign startsml

സപ്ളൈക്കോ ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരവും

Posted on Monday, August 2, 2021

*ശർക്കരവരട്ടിയുടെ പതിനേഴ് ലക്ഷം പായ്ക്കറ്റുകളും  ചിപ്സിന്റെ 16060 പായ്ക്കറ്റുകളും സപ്ളൈക്കോയ്ക്ക് നൽകി

തിരുവനന്തപുരം:  ഇത്തവണ ഓണത്തിന് സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സപ്ളൈക്കോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരവും. കിറ്റിൽ ഉൾപ്പെടുത്താനുള്ള നൂറു ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്സും നൽകുന്നത് കുടുംബശ്രീ സംരംഭകരാണ്. നിലവിൽ സപ്ളൈക്കോയിൽ നിന്നും 5.41 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു.  ഇതിന്റെ ഭാഗമായി സംരംഭകർ തയ്യാറാക്കിയ ശർക്കരവരട്ടിയുടെ പതിനേഴ് ലക്ഷം പായ്ക്കറ്റുകളും ചിപ്സിന്റെ 16,060 പായ്ക്കറ്റുകളും സപ്ളൈക്കോയ്ക്ക് നൽകി. കരാർ പ്രകാരം വിതരണം ചെയ്യാൻ ബാക്കിയുള്ള ഉത്പന്നങ്ങൾ എത്തിക്കാനുള്ള  പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി.
 
ആദ്യഘട്ടത്തിൽ അന്ത്യോദയ അന്ന യോജന, ബി.പി.എൽ കാർഡ് ഉടമകൾക്കാണ് സപ്ളൈക്കോ കിറ്റ് വിതരണം ചെയ്യുക.  പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 29.12 രൂപ നിരക്കിൽ സപ്ളൈക്കോ സംരംഭകർക്ക് നൽകും. സംരംഭകർ ഡിപ്പോയിൽ ഉത്പന്നങ്ങൾ എത്തിക്കുന്ന മുറയ്ക്ക് സപ്ളൈക്കോ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം നൽകും.

കുടുംബശ്രീയുടെ കീഴിലുള്ള ഇരുനൂറിലേറെ കാർഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകളാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ജില്ലാ മിഷൻ അധികൃതരുടെ പിന്തുണയോടെ സംസ്ഥാനത്ത്  സപ്ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കുമുള്ള ഉത്പന്ന വിതരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സപ്ളൈക്കോ ആവശ്യപ്പെട്ട അളവിൽ ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിന് സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വനിതാ കർഷക സംഘങ്ങളിൽ നിന്നുള്ള നേന്ത്രക്കായ സംഭരണവും കൂടുതൽ കാര്യക്ഷമമാക്കി.

കോവിഡ് കാലത്തു സംരംഭകർക്ക് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഓണം വിപണിയെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സപ്ളൈക്കോയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്. നിലവിൽ നേന്ത്രവാഴക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ മൂല്യവർദ്ധിത ഉത്പന്ന നിർമാണ മേഖലയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനും അതുവഴി അധിക വരുമാനം ലഭ്യമാക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു.

supplycoonamkit

 

Content highlight
Kudumbashree products in supplyco onam kit

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം നാലാം സീസണിന് തുടക്കം - ഓഗസ്റ്റ് 31 വരെ ചിത്രങ്ങള്‍ അയക്കാം

Posted on Friday, July 23, 2021
'കുടുംബശ്രീ ഒരു നേര്ച്ചിത്ര'ത്തിന്റെ നാലാം സീസണിന് തുടക്കമായി. 2021 ഓഗസ്റ്റ് 31 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്ത്തനങ്ങള് പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് ഫോട്ടോഗ്രാഫിയില് താത്പര്യമുള്ളവര്ക്ക് പ്രോത്സാഹനമേകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പി ക്കുന്ന ഈ മത്സരത്തിന് പരിഗണിക്കുക. അയല്ക്കൂട്ടയോഗം, അയല്ക്കൂട്ട വനിതകള് നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്പ്പടെയുള്ള വിവിധ സംരംഭങ്ങള്, അയല്ക്കൂട്ട വനിതക ളുടെ കാര്ഷിക പ്രവര്ത്തനങ്ങള്, റെയില്വേ സ്റ്റേഷനുകളിലുള്പ്പെടെ കുടുംബശ്രീ വനിതകള് നിയന്ത്രി ക്കുന്ന പാര്ക്കിങ്, വിശ്രമമുറി യുടെ പരിപാലനം, ഹൗസ് കീപ്പിങ് ജോലികള്, കുടുംബശ്രീ ബാലസഭകളുടെയും ബഡ്‌സ് സ്ഥാപനങ്ങളുടെയും പ്രവര്ത്തനം ഉള്പ്പെടെ നിരവധി വിഷയങ്ങള് ആധാരമാക്കി ചിത്രങ്ങളെടുക്കാനാകും.
 
  ഫോട്ടോകള് kudumbashreeprcontest@gmail.com എന്ന ഇ-മെയില് വിലാസത്തില് അയക്കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില് വാട്ടര്മാര്ക്ക് ചെയ്യാത്ത ഫോട്ടോകള് ഉള്പ്പെടുത്തിയ സി.ഡിയോ 'എക്‌സിക്യൂട്ടീവ് ഡയറക്ടര്, കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസ്, ട്രിഡ റീഹാബിലി റ്റേഷന് ബില്ഡിങ്, മെഡിക്കല് കോളേജ്, തിരുവനന്തപുരം- 695011' എന്ന വിലാസത്തില് അയച്ചു നല്കാനുമാകും. 'കുടുംബശ്രീ ഒരു നേര്ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
  വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്ഡായി ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതം പത്ത് പേര്ക്കും നല്കും. വിശദവിവരങ്ങള് അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്ണ്ണരൂപം www.kudumbashree.org/photography2021 എന്ന വെബ്‌സൈറ്റ് ലിങ്കില് ലഭ്യമാണ്.
 
kudumbashree oru nerchithram

 

Content highlight
kudumbashree oru nerhithram season 4 startsml

പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു

Posted on Thursday, July 15, 2021

കുടുംബശ്രീയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 11 ഓടെ തിരുവനന്തപുരത്തുള്ള കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസിലെത്തിയ നിയുക്ത എക്‌സിക്യൂട്ടീവ് ഡയറക്ടറെ കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് ചുമതല കൈമാറി. കര്‍ണ്ണാടക കേഡര്‍ ഐ.എ.എസ് ഓഫീസറായ ശ്രീവിദ്യ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

P.I. Sreevidya IAS

 

 

Content highlight
P.I Sreevidya IAS takes over the charge as the new Executive Director of Kudumbashree

കോവിഡ് പോരാട്ടം; 20,000 എ.ഡി.എസുകള്‍ക്ക് 200 കോടി രൂപയുടെ പാക്കേജ്

Posted on Monday, June 28, 2021

കോവിഡ് പ്രതിസന്ധിയിലകപ്പെട്ട അയല്‍ക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീ എ.ഡി.എസുകള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിലെ വാര്‍ഡ്തലത്തിലുള്ള സംവിധാനമാണ് എ.ഡി.എസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി). കേരളത്തിലെ 20,000 എ.ഡി.എസുകള്‍ക്കായി 200 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.  അട്ടപ്പാടിയിലെ ഊരുസമതികള്‍ക്ക് ഉള്‍പ്പെടെ ഈ സഹായം ലഭിക്കും.

  ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ഈ എ.ഡി.എസുകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് തുക നല്‍കുക. കോവിഡ് മൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കാണ് തുക ലഭിക്കുക. ഇത് അയല്‍ക്കൂട്ടങ്ങള്‍ റിവോള്‍വിങ് ഫണ്ടായി ഉപയോഗിക്കും. തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്കും ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും ജീവനോപാധികള്‍ വീണ്ടെടുക്കാനും അയല്‍ക്കൂട്ടങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാനാകും.

   കേരളത്തിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീയില്‍ സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് ഭൂരിഭാഗം അംഗങ്ങളും. കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി അവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയിലൂടെ ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരിക്കുന്നത്. ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള കുടുംബശ്രീ വഴി തുകയുടെ കൃത്യമായ വിനിയോഗം ഉറപ്പുവരുത്താനും ഇത് വഴി സര്‍ക്കാരിന് കഴിയും. ഇതിനായുള്ള പ്രൊപ്പോസലും മാതൃകാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് കുടുംബശ്രീ സമര്‍പ്പിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുക എ.ഡി.എസുകള്‍ക്ക് വിതരണം ചെയ്യും.

   കോവിഡ് -19 ന്റെ ഭാഗമായി വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പിലാക്കി വരികയാണ്. 2021 മേയ് 14ാം തീയതിയിലെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ എ.ഡി.എസുകള്‍ക്കുള്ള ധനസഹായം കൂടാതെ കുടുംബശ്രീയെ സംബന്ധിച്ച മറ്റ് രണ്ട് തീരുമാനങ്ങള്‍ കൂടി കൈക്കൊണ്ടിരുന്നു. കോവിഡിന്റെ ഒന്നാം തരംഗ കാലയളവില്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ 2022 മാര്‍ച്ച് മാസത്തില്‍ ലഭിക്കേണ്ട പലിശ സബ്‌സിഡി (93 കോടി രൂപ) ഈ വര്‍ഷം തന്നെ മുന്‍കൂറായി ലഭ്യമാക്കും. കൂടാതെ പ്രളയകാലത്ത് പ്രഖ്യാപിച്ച് നടപ്പിലാക്കിയ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരമുള്ള മൂന്നാം വര്‍ഷത്തെ പലിശ സബ്‌സിഡിയും (76 കോടി രൂപ) മുന്‍കൂറായി ലഭ്യമാക്കും.

 മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം 2.30 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 25.17 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍ 1917.55 കോടി രൂപ പലിശരഹിത വായ്പയെടുത്തിരുന്നു. പലിശ സബ്സിഡിയുടെ ഒന്നാം ഗഡു 165 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കി മാര്‍ച്ച് മാസത്തില്‍ അയല്‍ക്കൂട്ടാംഗങ്ങളിലേക്കെത്തിച്ചു. മുന്‍കൂര്‍ പലിശ സബ്‌സിഡിക്ക് വേണ്ട പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിലേക്ക് എത്തിക്കുകയും വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു കഴിഞ്ഞു. ഉടന്‍ തന്നെ പലിശ സബ്സിഡി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരം പ്രളയബാധിതരായ 30,267 അയല്‍ക്കൂട്ടങ്ങളിലെ 2,02,789 അംഗങ്ങള്‍ 1794.02 കോടി രൂപയാണ് പലിശരഹിത വായ്പ എടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ പലിശരഹിത വായ്പയുടെ സബ്സിഡി ലഭ്യമാക്കിയത്. ആദ്യ വര്‍ഷം 131 കോടി രൂപയും രണ്ടാം വര്‍ഷം 129.87 കോടി രൂപയും കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ പലിശ സബ്സിഡിയായി ലഭ്യമാക്കിയിരുന്നു. ഇതിന്റെ മൂന്നാം വര്‍ഷത്തെ മുന്‍കൂര്‍ സബ്‌സിഡിക്കുള്ള പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചു കഴിഞ്ഞു. അതും ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യുന്നതാണ്.

 

Content highlight
Rs 200 crores package for 20,000 ADSs for fighting back Covid-19 ml

ജലജീവന്‍ മിഷനില്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീയ്ക്ക് അവസരം

Posted on Monday, June 28, 2021

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും 2024ഓടെ ശുദ്ധമായ കുടിവെള്ളം മതിയായ അളവില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ ജലജീവന്‍ മിഷന്റെ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീയ്ക്ക് അവസരം. കേരളത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 262 പഞ്ചായത്തുകളില്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കുടുംബശ്രീയ്ക്ക് ലഭിച്ചിച്ചത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലജീവന്‍ മിഷന്റെ പ്രോജക്ടുകള്‍ ഇംപ്ലിമെന്റ് ചെയ്യാനുള്ള ഏജന്‍സികള്‍ (പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍) നിലവിലുണ്ട്. ജലജീവന്‍ മിഷന്റെ ഭാഗമായി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ വഴിയോ ക്വൊട്ടേഷന്‍ വഴിയോ ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതി നിര്‍വ്വഹണ ഏജന്‍സികളെ പിന്തുണയ്ക്കുകയാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സികള്‍ ചെയ്യേണ്ടത്. നേരത്തേ വിവിധ ജില്ലകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പ് കണക്ഷനും മറ്റും നല്‍കുന്ന രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള അവസരങ്ങള്‍ കുടുംബശ്രീയുടെ എറൈസ് (അഞകടഋ) മള്‍്ടടി ടാസ്‌ക് ടീമുകള്‍ക്കും ലഭിച്ചിരുന്നു.

 ജലജീവന്‍ മിഷന്റെ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ എന്‍.ജി.ഒകള്‍ക്കും സര്‍ക്കാര്‍ മിഷനുകള്‍ക്കും അവസരുമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് സാധ്യമായ പഞ്ചായത്തുകളിലൊക്കെ ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ കുടുംബശ്രീ പങ്കെടുത്തത്. 262 പഞ്ചായത്തുകളില്‍ അവസരവും ലഭിച്ചു. മറ്റ് പഞ്ചായത്തുകളില്‍ പ്രാദേശികമായ എന്‍.ജി.ഒകളാണ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്.

  ജലജീവന്‍ മിഷന്റെ ആവശ്യപ്രകാരം രണ്ട് രീതിയിലാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം നടത്തേണ്ടത്. പദ്ധതി നിര്‍വ്വഹണം 7 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട സ്ഥലങ്ങളില്‍ 5 പേരെയും 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പഞ്ചായത്തുകളില്‍ 3 പേരെയും നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജലജീവന്‍ മിഷന്റെ ലക്ഷ്യങ്ങളുടെ കൃത്യമായി പൂര്‍ത്തിയാക്കല്‍, പദ്ധതി നിര്‍വ്വഹണം എന്നിവയുടെ മേല്‍നോട്ടം നടത്തേണ്ടതും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് പദ്ധതി നിര്‍വ്വഹണം സുഗമമാക്കേണ്ടതും പഞ്ചായത്തിനെയും നിര്‍വ്വഹണ ഏജന്‍സിയെയും എ്ല്ലാവിധത്തിലും പിന്തുണയ്‌ക്കേണ്ടതും ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയാണ്.

  ഒരു പഞ്ചായത്തില്‍ ഏഴ് മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 8.30 ലക്ഷം രൂപയും 18 മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 17.26 ലക്ഷം രൂപയുമാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിക്ക് ലഭിക്കുക. കുടുംബശ്രീയ്ക്ക് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച പഞ്ചായത്തുകളില്‍ സി.ഡി.എസുകളെയാകും കുടുംബശ്രീ ടീമിന്റെ മേല്‍നോട്ടം എല്‍പ്പിക്കുക. ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതിലൂടെ സംസ്ഥാനത്തൊട്ടാകെ 750ലേറെപ്പേര്‍ക്ക് വരുമാനം നേടിക്കൊടുക്കാനും കഴിയും.

 

Content highlight
Kudumbashree as Implementing Support Agency for Jal Jeevan Missionml

മികച്ച വിറ്റുവരവോടെ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി മുന്നോട്ട്

Posted on Tuesday, June 22, 2021

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് ശൃംഖല 13 ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ച് മുന്നേറുന്നു. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതിനായി വിപണന മേളകള്‍, സ്ഥിരവിപണന കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ മുഖേനയുള്ള വിപണനം എന്നിവയ്‌ക്കൊപ്പമാണ് ഹോം ഷോപ്പ് സംവിധാനവും ആരംഭിച്ചത്. കേരളത്തിലെ 14 ല്‍ 13 ജില്ലകളിലും ഹോംഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
 
  ഹോംഷോപ്പ് ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു മാനേജ്‌മെന്റ് ടീമാണ്. ഈ ടീമിന്റെ നേതൃത്വത്തില്‍ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച്, സംഭരിച്ച് ഹോം ഷോപ്പ് ഓണര്‍മാരിലൂടെ ഉത്പന്നങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്നു. ഈ ഒരു മാതൃകയാണ് കേരളത്തിലുടനീളം ഹോംഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ സ്വീകരിച്ചിരിക്കുന്നതും. ഒരു ജില്ലയില്‍ ഒന്നോ അതിലധികമോ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീം ഉണ്ടാകാം. ഓരോ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമിന്റെ കീഴിലും അനവധി ഹോംഷോപ്പ് ഓണര്‍മാരുമുണ്ടാകും. ഹോം ഷോപ്പ് ഓണര്‍മാരുടെ ശൃംഖലയിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കി നല്‍കുന്നതിനൊപ്പം മാര്‍ക്കറ്റിങ് മേഖലയിലെ സേവനദാതാക്കളായ ഈ ഹോം ഷോപ്പ് ഓണര്‍മാര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

  നിലവില്‍ കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലുമായി 19 ഹോംഷോപ്പ് മാനേജ്‌മെന്റ് ടീമുകളാണുള്ളത്. കാസര്‍ഗോഡ്, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ട് വീതവും കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, വയനാട്, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഒന്ന് വീതവും. ഈ മാനേജ്‌മെന്റുകളുടെ എല്ലാം കീഴിലായി 1861 ഹോം ഷോപ്പ് ഓണര്‍മാരുമുണ്ട്. ഇതില്‍ 602 ഹോം ഷോപ്പ് ഓണര്‍മാരുള്ള കോഴിക്കോട് ജില്ല മികച്ച പ്രവര്‍ത്തന നേട്ടമാണ് കൈവരിച്ചുവരുന്നത്. നിലവില്‍ 320 കുടുംബശ്രീ സംരംഭങ്ങളില്‍ നിന്നുള്ള 749 ഉത്പന്നങ്ങളാണ്  സംസ്ഥാനമൊട്ടാകെയുള്ള ഹോം ഷോപ്പ് വിപണന ശൃംഖലയുടെ ഭാഗമായി വില്‍ക്കുന്നത്. ഈ വര്‍ഷം തന്നെ എല്ലാ ജില്ലകളിലെയും പരമാവധി കുടുംബശ്രീ സംരംഭകരെയും ഹോംഷോപ്പ് സംവിധാനത്തിന്റെ ഭാഗമാക്കിക്കൊണ്ട് ഹോം ഷോപ്പ് ഓണര്‍മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

  കോവിഡ് -19നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാലയളവില്‍ വീടുകളില്‍ പോയി വിപണനം നടത്തുന്നതിന് തടസ്സം നേരിട്ടുണ്ടെങ്കിലും ഹോം ഷോപ്പ് പദ്ധതി മികച്ച പുരോഗതി കൈവരിക്കുന്നുണ്ട്. 2021 ജനുവരിയില്‍ 91.58 ലക്ഷം രൂപ, ഫെബ്രുവരിയില്‍ 1.09 കോടി രൂപ, മാര്‍ച്ചില്‍ 90.27 ലക്ഷം രൂപ,  ഏപ്രിലില്‍ 75.19 ലക്ഷം  രൂപ എന്നിങ്ങനെയായിരുന്നു ഹോം ഷോപ്പ് മുഖേനയുള്ള ആകെ വിറ്റുവരവ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി വീണ്ടും ലോക്ഡൗണ്‍ നിലവില്‍ വന്ന മേയ് മാസത്തില്‍ 21.45 ലക്ഷം രൂപയുടെ വിപണനവും ഹോംഷോപ്പിലൂടെ നടന്നു.

 

Content highlight
Home Shop Project progressing with good growth mlm

ഇ- സേവാ കിയോസ്‌കുകള്‍ ആരംഭിക്കാന്‍ കുടുംബശ്രീയ്ക്ക് അനുമതി

Posted on Tuesday, June 22, 2021

റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളോ സബ് റീജ്യണല്‍ ആര്‍.ടി ഓഫീസുകളോ ഇല്ലാത്ത, പൊതുജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന ഇടങ്ങളില്‍ (ബസ് സ്റ്റാന്‍ഡ്, കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി ഓഫീസുകള്‍....തുടങ്ങിയ) ഇ- സേവാ കിയോസ്‌കുകള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റേതുള്‍പ്പെടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. ഇത്തരത്തില്‍ 100 ഇ- സേവാ കിയോസ്‌കുകള്‍ സ്ഥാപിക്കാനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഇതിനായുള്ള ഇടങ്ങളും സംരംഭങ്ങള്‍ നടത്താന്‍ താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങളെയും ജില്ലാ മിഷന്‍ കണ്ടെത്തി, മോട്ടോര്‍ വാഹന വകുപ്പില്‍ അറിയിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കാനാണ് ജനുവരിയില്‍ നടത്തിയ സംയുക്ത യോഗം തീരുമാനിച്ചിരിക്കുന്നത്.

   മോട്ടോര്‍ വാഹന വകുപ്പിന്റേത് കൂടാതെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളും ഈ കിയോസ്‌കുകള്‍ വഴി നല്‍കാനും അനുമതിയുണ്ട്. മോട്ടോര്‍ വാഹന വകുപ്പ്- ഇ സേവാ കിയോസ്‌ക് എന്നാകും ഈ സംരംഭങ്ങള്‍ അറിയപ്പെടുക. ഇപ്രകാരം ലാഭകരമായി സേവന കിയോസ്‌കുകള്‍ ആരംഭിക്കാനുള്ള ഇടവും അതിന് താത്പര്യമുള്ള സംരംഭകരെയും കണ്ടെത്താനായി ജില്ലാ ടീമുകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രൊപ്പോസല്‍ ലഭിച്ച ശേഷം ഇത് ക്രോഡീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് നല്‍കി, ഉത്തരവ് ലഭ്യമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

   കുടുംബശ്രീയും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ- സേവാ കേന്ദ്രങ്ങള്‍ എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഓരോ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും ഇ- സേവാ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള വിവിധ സേവനങ്ങള്‍ അതുവഴി നല്‍കുന്ന പദ്ധതിയാണിത്.  കേരളത്തിലെ വിവിധ റീജ്യണല്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളോട് അനുബന്ധിച്ച് 53 ഇ-സേവാ കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇ- സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അനുമതി 2016ലാണ് ലഭിച്ചത്. ശേഷിക്കുന്ന റീജ്യണല്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളോട് ചേര്‍ന്ന് ഇത്തരത്തില്‍ ഇ- സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളും അതാത് ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്.

 

Content highlight
Approval for Kudumbashree to start E-Seva Kiosks mlm

കുടുംബശ്രീ 'ഒരു കുഞ്ഞുപരീക്ഷ' - സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു

Posted on Friday, June 11, 2021

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനെതിരായ ബോധവല്‍ക്കരണ പരിശീലനത്തിലൂടെ ആരോഗ്യപൂര്‍ണവും മൂല്യാധിഷ്ഠിതവുമായ ഒരു പുതുതലമുറയെ സൃഷ്ടിക്കാന്‍ വഴിയൊരുങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32,627 ബാലസഭകളിലെ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 അതിവ്യാപനം കാരണം കുട്ടികള്‍ക്ക് പരസ്പരം ഒത്തുചേരുന്നതിനോ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ കഴിയാത്ത സാഹചര്യത്തില്‍ അടച്ചിടലിന്‍റെ വിരസത ഒഴിവാക്കുന്നതിനും കോവിഡ് 19 മഹാമാരിയെ കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവരെ ബോധവല്‍ക്കരിക്കുന്നതിനുമാണ് 'ഒരു കുഞ്ഞുപരീക്ഷ' സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുക. പരീക്ഷയുടെ ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കു ന്നതിനും അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടില്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുകയും ചെയ്യുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

'ഒരു കുഞ്ഞു പരീക്ഷ' യുടെ ഭാഗമായി ഇന്നലെ ആരംഭിച്ച മോഡല്‍ പരീക്ഷയ്ക്ക് ആവേശകരമായ പ്രതികരണമാണ് സംസ്ഥാനത്തെ എല്ലാ ബാലസഭകളില്‍ നിന്നും ലഭിച്ചത്. പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. നാലര ലക്ഷം കുട്ടികളാണ് ഇന്നലെ(10-6-2021)  മോഡല്‍ പരീക്ഷയില്‍ പങ്കെടുത്തത്. എല്ലാ പരീക്ഷയിലും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാം. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോഴേക്കും കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ. അടുത്ത പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

  സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. ഏറ്റവും മികച്ച പങ്കാളിത്തം ഉറപ്പിക്കുന്ന സി.ഡി.എസിനും ജില്ലകള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കിക്കൊണ്ട് കൂടുതല്‍ കുട്ടികളെ പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതിനും ബോധവല്‍ക്കരണം നല്‍കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു.

 

kunjuexam

  സോഷ്യല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം ഓഫീസര്‍ അനു ആര്‍.എസ് സ്വാഗതം പറഞ്ഞു.  കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടിയെന്നും, ഇതുവഴി കുട്ടികളിലൂടെ ഓരോ കുടുംബങ്ങളിലേക്കും കോവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍(ലൈവ്ലിഹുഡ്) നവീന്‍. സി ആശംസാ പ്രസംഗം നടത്തി. സോഷ്യല്‍ ഡെവലപ്മെന്‍റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ നന്ദി പറഞ്ഞു.

 

 

 

Content highlight
Kudumbashree launches 'Kunju Pareeksha' (Simple Exam) to fight back Covid-19 ml