2020-21 സംസ്ഥാന ബജറ്റ്, കുടുംബശ്രീയ്ക്ക് 1550 കോടി രൂപയുടെ പദ്ധതികള്‍

Posted on Wednesday, February 12, 2020

2020-21ലെ സാമ്പത്തികവര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റില്‍ കുടുംബശ്രീയ്ക്ക് 1550 കോടിയുടെ പദ്ധതികള്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ചു. *ബജറ്റ് വിഹിതമായി 250 കോടി രൂപയും റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ഉപജീവന സംരംഭങ്ങള്‍ക്കായി 200 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സംയോജന പദ്ധതികള്‍ വഴിയുള്ള ധനസഹായം കൂടി ഉള്‍പ്പെടെ ആകെ 600 കോടി രൂപയാണ് കുടുംബശ്രീയുടെ ബജറ്റ്*. ഇതിന് പുറമേ നഗരങ്ങളിലെ 950 ഓളം കോടി രൂപയുടെ കുടുംബശ്രീ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുക കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ *1550 കോടി രൂപ* യുടേതാണ് ബജറ്റ്.

കുടുംബശ്രീ സംബന്ധിച്ച് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

1. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് 3000 കോടി വായ്പ
2020-21 സാമ്പത്തികവര്‍ഷം 4 ശതമാനം പലിശയ്ക്ക് 3000 കോടി രൂപ ബാങ്ക് വായ്പ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ലഭ്യമാക്കും

2. വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 ന്യായവില ഭക്ഷണശാലകള്‍ ആരംഭിക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കാകും നടത്തിപ്പ് ചുമതല

3. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍

4. 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍

5. ഹരിതകര്‍മ്മ സേനയുമായി സംയോജിച്ച് 1000 ഹരിത സംരംഭങ്ങള്‍

6. പ്രതിദിനം 30,000 രൂപ ടേണോവറുള്ള 50 ഹോട്ടലുകള്‍ കുടുംബശ്രീ വനിതകളുടേതായി ആരംഭിക്കും

7. 500 ടോയ്ലറ്റ് കോംപ്ലെക്സുകള്‍ ആരംഭിക്കും, ഇതിന്റെ നടത്തിപ്പ് കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും.

8. 5000 പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും.

9. ആലപ്പുഴ മാതൃകയില്‍ 14 ട്രൈബല്‍ മൈക്രോ പ്രോജക്ടുകള്‍.

10. 20,000 ഏക്കറില്‍ ജൈവ സംഘകൃഷി.

11. 500 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കൂടി ആരംഭിക്കും.

12. കോഴിക്കോട് ഹോം ഷോപ്പ് മാതൃകയില്‍ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകള്‍ ആരംഭിക്കും.

13. കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.

14. കുടുംബശ്രീ ചിട്ടികള്‍ ആരംഭിക്കും.

15. രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്കായി പകല്‍വീടുകള്‍ ആരംഭിച്ച് കുടുംബശ്രീയുടെ 25,000 വയോജന അയല്‍ക്കൂട്ടങ്ങളെ ഈ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും

16. ബഡ്സ് സ്‌കൂളുകള്‍ക്ക് വേണ്ടി 35 കോടി രൂപ വകയിരുത്തി.

17. പ്രാദേശിക സംരംഭങ്ങളിലൂടെ പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി. ആയിരം പേര്‍ക്ക് ഒരാളിനെന്ന തോതില്‍ തൊഴിലുകള്‍ സൃഷ്ടിക്കും. ഇതില്‍ കുടുംബശ്രീയും പങ്കാളിയാകും.


ഇത് കൂടാതെ കുടുംബശ്രീയുടെ വികസന നേട്ടങ്ങളെക്കുറിച്ചും ബജറ്റില്‍ പരമാര്‍ശങ്ങളുണ്ടായി. സ്ത്രീയുടെ ദൃശ്യത ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ വലിയ സംഭാവനയാണ് കേരളത്തിന് നല്‍കുന്നതെന്ന് ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബജറ്റില്‍ പരമാര്‍ശിക്കപ്പെട്ട കുടുംബശ്രീയുടെ വികസന നേട്ടങ്ങള്‍ നിരവധിയാണ്.

കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍ നിന്നും 45 ലക്ഷമായി ഉയര്‍ന്നു. ബാങ്ക് ലിങ്കേജ് വായ്പ 5,717 കോടി രൂപയില്‍ നിന്നും 10,499 കോടി രൂപയായി ഉയര്‍ന്നു. തൊഴില്‍ സംരംഭങ്ങളുടെ എണ്ണം 10,777 ല്‍ നിന്നും 23,453 ആയി ഉയര്‍ന്നു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 54,000ത്തില്‍ നിന്നും 68,000 ആയി ഉയര്‍ന്നു. 12 ഇനം സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിങ് കൊണ്ടുവന്നു. കുട, നാളികേര ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍ തുടങ്ങിയവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൊതുവായ പേരില്‍ ഉത്പാദിപ്പിച്ച് സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്നതിന് കരാറുണ്ടാക്കി. കേരള ചിക്കന്‍ വിപണിയിലിറക്കി, 1000 കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂട്രിമിക്സ് ബ്രാന്‍ഡില്‍ പൊതുപോഷക ഭക്ഷണങ്ങള്‍ വിപണിയിലെത്തിച്ചു. 212 കരകൗശല ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വിപണിയിലിറക്കി. 275 വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചു. 206 മള്‍ട്ടി ടാസ്‌ക് ടീമുകള്‍ രൂപീകരിച്ചു. 76 ഈവന്റ് മാനേജ്മെന്റ് ടീമുകള്‍ ആരംഭിച്ചു. 100ല്‍പ്പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ ആരംഭിച്ചു. 25,000 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടി സ്നേഹിത കോളിങ് ബെല്‍ സ്‌കീം ആരംഭിച്ചു തുടങ്ങിയ വികസന നേട്ടങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വിശദീകരിച്ചു.

 

Content highlight
ബജറ്റില്‍ പരമാര്‍ശിക്കപ്പെട്ട കുടുംബശ്രീയുടെ വികസന നേട്ടങ്ങള്‍ നിരവധിയാണ്.