വാര്‍ത്തകള്‍

കുടുംബശ്രീ 'സ്ത്രീശക്തി' കലാജാഥ - ആദ്യ രംഗാവതരണം നടത്തി

Posted on Wednesday, March 2, 2022

അവര്‍ 42 കുടുംബശ്രീ അംഗങ്ങള്‍. കഴിഞ്ഞ നാല് ദിനങ്ങളിലായി തൃശ്ശൂരിലെ മുളങ്കുന്നത്തുകാവിലുള്ള കിലയില്‍ സംഘടിപ്പിച്ച നാടകക്കളരിയിലൂടെ പഠിച്ചെടുത്ത പാഠങ്ങള്‍ മനസ്സിലുറപ്പിച്ച്  അവര്‍ വേദിയിലേക്ക് എത്തി. ആത്മവിശ്വാസത്തോടെ  മൂന്ന് നാടകങ്ങളും രണ്ട് സംഗീത ശില്‍പ്പങ്ങളും അവതരിപ്പിച്ച് ക്ഷണിക്കപ്പെട്ട സദസ്സിന്റെ മനംകവര്‍ന്നു.

  സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേയുള്ള സന്ദേശങ്ങള്‍ കേരള സമൂഹത്തിലെമ്പാടുമെത്തിക്കാനും സ്ത്രീശാക്തീകരണത്തിന് അനുകൂലമായ മനോഭാവം വളര്‍ത്താനും ലക്ഷ്യമിട്ട് അണിയിച്ചൊരുക്കപ്പെട്ട  സ്ത്രീശകതി കലാജാഥയുടെ ഭാഗമാണ് ഈ നാടകങ്ങളും സംഗീതശില്‍പ്പങ്ങളും. 23 മുതല്‍ 26 വരെ നടന്ന നാടകക്കളരിയുടെ അവസാനദിനത്തിലായിരുന്നു ആസ്വാദക മനംകവര്‍ന്ന ആദ്യ രംഗാവതരണം.

  2021 ഡിസംബര്‍ 18 മുതല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ നടത്തിവരുന്ന സ്ത്രീപക്ഷ നവകേരളം സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും സ്ത്രീശക്തി കലാജാഥ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ആദ്യഘട്ട പരിശീലനം നല്‍കിയതിന് ശേഷമാണ് എല്ലാജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുത്ത 42 പേര്‍ക്ക് കിലയില്‍ രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചത്.

 'സ്ത്രീശക്തി കലാജാഥയ്ക്കായി എല്ലാ ജില്ലകളിലും  രൂപീകരൂപീകരിച്ചിരിക്കുന്ന ഒന്ന് വീതം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. ആകെ 168 വനിതകള്‍ ഇങ്ങനെ പരിശീലനം നേടും. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കോഴിക്കോട് 'സ്ത്രീശക്തി കലാജാഥ'യുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം പത്ത് ദിനങ്ങളിലായി ജില്ലകളിലെ വിവിധ വേദികളില്‍ കലാജാഥ സംഘടിപ്പിക്കും.

sthreesa



   കരിവെള്ളൂര്‍ മുരളിയുമായി ചേര്‍ന്ന് രചിച്ച്, റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത പെണ്‍കാലം, ശ്രീജ അറങ്ങോട്ടുകര രചിച്ച് സുധി ദേവയാനി സംവിധാനം ചെയ്ത അത് ഞാന്‍ തന്നെയാണ്, ശ്രീജ അറങ്ങോട്ടുകര രചനയും സംവിധാനവും നിര്‍വഹിച്ച സദസ്സില്‍ നിന്ന് അരങ്ങിലേക്ക് എന്നീ നാടകങ്ങളും കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച പാടുക ജീവിതഗാഥകള്‍, പെണ്‍വിമോചന കനവുത്സവം എന്നീ സംഗീത ശില്‍പ്പങ്ങളും വരും ദിനങ്ങളില്‍ കുടുംബശ്രീ വനിതകളിലൂടെ സ്ത്രീപക്ഷ നവകേരള സന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കും. ഷൈലജ പി അമ്പു, രാജരാജേശ്വരി എന്നിവരാണ് സംവിധാന സഹായികള്‍. ഭൈരവി, ആര്യ, ഗ്രീഷ്മ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

  കിലയില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ്. മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Content highlight
sthreesakthi en

പുതുതായി ചുമതലയേറ്റ കുടുംബശ്രീ ഭാരവാഹികളുമായി സംവദിച്ച് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Thursday, February 24, 2022
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന് മാസ്റ്റര് പുതുതായി ചുമതലയേറ്റ കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളായി ഓണ്ലൈനായി സംവദിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്ന്ന് സംരംഭക പ്രവര്ത്തനങ്ങളുടെ കേന്ദ്രമായി മാറാന് കുടുംബശ്രീയ്ക്ക് കഴിയണമെന്നും സ്ത്രീശാക്തീകരണ, ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിനായി സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികള് വിജയകരമായിത്തീര്ക്കുകയെന് ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ ഭാരവാഹികള്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 
പാര്ശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്ക്ക് കൂടി അര്ഹമായ പ്രാതിനിധ്യം നല്കുന്നതിനായി ബി.പി.എല്, എസ്.സി, എസ്.ടി വിഭാഗങ്ങള്ക്കും നിശ്ചിത ശതമാനം സംവരണം ഉറപ്പു വരുത്തിക്കൊണ്ടാണ് കുടുംബശ്രീ തെരഞ്ഞെടുപ്പ് ഇത്തവണ സംഘടിപ്പിച്ചതെന്നും ഇതുവഴി ഈ വിഭാഗത്തില്നിന്നും നിശ്ചിത പ്രാതിനിധ്യം കുടുംബശ്രീ ത്രിതല സമിതിയില് ഉറപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
മികച്ച സാങ്കേതിക ജ്ഞാനം നേടി പദ്ധതികള് മാതൃകാപരമായി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലൂടെ ലോകത്തിന് മുന്നില് ഉജ്ജ്വലമായ മുന്നേറ്റം നടത്താന് പുതുതായി ചുമതലയേറ്റ ഭാരവാഹികള്ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് അനു. ആര്.എസ് നന്ദി പറഞ്ഞു.
Content highlight
lsgd interact with newly elected kudumbashree offcie bearers

കുടുംബശ്രീ ത്രിതല സമിതി തെരഞ്ഞെടുപ്പ് പൂർത്തിയായി, 16,55,261 ഭാരവാഹികള്‍ കുടുംബശ്രീയുടെ നേതൃനിരയിലേക്ക്

Posted on Wednesday, February 23, 2022

കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റി വച്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്  ജില്ലകളിലെ തെരഞ്ഞെടുപ്പ് 18ന് പൂര്‍ത്തീകരിച്ചു. ഈ ജില്ലകളിലെ ഭാരവാഹികള്‍ തിങ്കളാഴ്ച (21-2-2022) ചുമതലയേറ്റു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള 1070 സി.ഡി.എസുകളില്‍ 1069 ലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി. നേരത്തെ കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. ഇതോടൊപ്പം അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച 733 അയല്‍ക്കൂട്ടങ്ങള്‍,  133 ഊരുസമിതികള്‍, നാല് പഞ്ചായത്ത് സമിതികള്‍ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുത്തവരും ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ 16,55,263 വനിതകള്‍ കുടുംബശ്രീ ത്രിതല സമിതിയുടെ ഭാരവാഹികളാവും.
 
കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളെ കണ്ടെത്തുന്നതിന് മൂന്നു ഘട്ടങ്ങളിലായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് 2022 ജനുവരി ഏഴിനാണ് ആരംഭിച്ചത്. ഇതു പ്രകാരം അയല്‍ക്കൂട്ടതലത്തില്‍ 14,16,675 ഉം, എ.ഡി.എസ്തലത്തില്‍ 2,14,005 ഉം ഭാരവാഹികളെ കണ്ടെത്തി. സി.ഡി.എസ് തലത്തില്‍ 1068 അധ്യക്ഷമാരും 1068 ഉപാധ്യക്ഷമാരും ഉള്‍പ്പെടെ 19453 ഭാരവാഹികളാണ് കുടുംബശ്രീ സംവിധാനത്തിലേക്ക് വരിക. കൂടാതെ അട്ടപ്പാടിയില്‍ കുടുംബശ്രീയുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളിലും ഊരുസമിതികളിലും തെരഞ്ഞെടുപ്പ് നടത്തിയതു വഴി 5128  വനിതകള്‍ ചുമതലയേറ്റിട്ടുണ്ട്.

ജനുവരി 25ന് 1070 കമ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി 26ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലകളെ എ.ബി,സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ എട്ടു ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.  

ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള ഇടമലക്കുടിയില്‍ കോവിഡ് വ്യാപനം കാരണം തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയാണ്.

Content highlight
Kudumbashree Election Completed; 16.55 lakh members to leadership-Taken Chargeml

'സര്‍ഗ്ഗം-2022' കുടുംബശ്രീ വനിതകള്‍ക്കായി സംസ്ഥാനതല കഥാരചന മത്സരം

Posted on Tuesday, February 22, 2022

*രചനകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
                        
കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗാത്മക ശേഷി വളര്‍ത്തുന്നതിനും അവരെ കലാസാഹിത്യ മേഖലകളിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനുമായി 'സര്‍ഗ്ഗം-2022'-സംസ്ഥാനതല കഥാരചന (മലയാളം) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000  10,000, 5000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായ രചനകള്‍ ഉണ്ടെന്ന് ജൂറി അംഗങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ അപ്രകാരം കണ്ടെത്തുന്ന അഞ്ചു പേര്‍ക്ക്  പ്രോത്സാഹന സമ്മാനമായി 1000 രൂപയും ട്രോഫിയും നല്‍കുന്നതാണ്. സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും സമ്മാനാര്‍ഹരെ കണ്ടെത്തുക. ഏറ്റവും മികച്ച രചനകള്‍ അയക്കുന്ന 40 പേര്‍ക്ക് മാര്‍ച്ച് 23, 24, 25 തീയതികളില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന'സര്‍ഗ്ഗം-2022' സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 മാര്‍ച്ച് പത്ത്.
 
  സൃഷ്ടികള്‍, രചയിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം  

പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍
ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില
മെഡിക്കല്‍ കോളേജ്.പി.ഒ
തിരുവനന്തപുരം-695 011   
 
എന്ന വിലാസത്തില്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ ലഭ്യമാക്കേണ്ടതാണ്. ഇമെയില്‍, വാട്ട്‌സാപ് എന്നിവ മുഖേന അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org/sargam2022 സന്ദര്‍ശിക്കുക.

 

Content highlight
SARGAM22 story writing competition for nhg members en

കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ; മാറ്റിവച്ച സി.ഡി.എസ് തെരഞ്ഞെടുപ്പ് ഇന്ന് (18-02-22)

Posted on Friday, February 18, 2022

കോവിഡ് - 19 വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറ്റിവച്ച എട്ട് ജില്ലകളിലെ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി ഇന്ന് നടക്കും. തെരഞ്ഞെടുത്ത സി.ഡി.എസ് ഭരണസമിതി 21ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കും.

  സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റിവച്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും  തെരഞ്ഞെടുപ്പ്. ഈ ജില്ലകളില്‍ അയല്‍ക്കൂട്ടം, എ.ഡി.എസ് തെരഞ്ഞെടുപ്പുകള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

  2022 ജനുവരി 25ന് തെരഞ്ഞെടുപ്പ് നടത്തി, പുതിയ സി.ഡി.എസ് ഭരണസമിതി 26ന് ചുമതല ഏല്‍ക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ ജില്ലകളെ എ,ബി,സി എന്നീ മൂന്ന് വിഭാഗങ്ങളിലായി തിരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

  ബി,സി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളില്‍ മുന്‍ നിശ്ചയിച്ചത് പോലെ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

 

Content highlight
Kudumbashree Three Tier System Elections; Postponed CDS Elections in 8 districts being held on 18 February 2022ml

കുടുംബശ്രീ "അമൃതം ന്യൂട്രിമിക്സ്' പദ്ധതിക്ക് ഗ്ളെൻമാർക്ക് ന്യൂട്രീഷൻ അവാർഡ്

Posted on Friday, February 11, 2022

ഗ്രാമനഗര ഭേദമന്യേ സമൂഹത്തിൽ പോഷകാഹാര കുറവിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി  നിസ്തുലമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നതിന്  2022 ലെ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ളെൻമാർക്ക് ന്യൂട്രീഷൻ അവാർഡ് കുടുംബശ്രീയുടെ "അമൃതം' ന്യൂട്രിമിക്സ് പദ്ധതിക്ക്. സംസ്ഥാനത്തെ അംഗൻവാടികളിലെ ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്കായി വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും കാര്യക്ഷമമായി നിർവഹിക്കുന്നതിലൂടെ അഞ്ചു ലക്ഷത്തിലേറെ കുട്ടികൾക്ക് മികച്ച പോഷകാഹാര ലഭ്യത ഉറപ്പു വരുത്താൻ കഴിഞ്ഞതിനാണ് കുടുംബശ്രീക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് അവാർഡ്. ്രെബഫുവരി അഞ്ചിന് ഒാൺലൈനായി സംഘടിപ്പിച്ച "റൈസ് വേൾഡ് സമ്മിറ്റ്-2022' ന്റെ സമാപന ചടങ്ങിൽ ഗ്ളെൻമാർക്ക് ഫാർമസ്യൂട്ടിക്കൽ ആൻഡ് ഗ്ളെൻമാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ഷെറിൽ പിന്റോ അവാർഡ് പ്രഖ്യാപിച്ചു.    

awrd



"ആഹാരക്രമം, വൈവിധ്യം, നൂതനം' എന്നതായിരുന്നു ഇത്തവണത്തെ അവാഡിന്റെ തീം. നൂതന മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ട് കുട്ടികൾ, മുതിർന്ന പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരുടെ ആഹാരക്രമം മെച്ചപ്പെടുത്തി പോഷകാഹാര കുറവ് കാരണമുള്ള ആഘാതം ലഘൂകരിക്കുകയും അതുവഴി സമൂഹത്തിൽ മറ്റുള്ളവർക്ക് പ്രചോദനകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും പിന്തുണ നൽകുകയാണ് അവാർഡിന്റെ ലക്ഷ്യം. അർബൻ എൻ.ജി.ഒ, റൂറൽ എൻ.ജി.ഒ ഒാപ്പൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു അവാർഡ്. ഇതിൽ ഒാപ്പൺ വിഭാഗത്തിലാണ് കുടുംബശ്രീക്ക് അംഗീകാരം.

സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളിലുമുള്ള ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241യൂണിറ്റുകളാണ്. ന്യൂട്രിമിക്സിന്റെ പോഷക മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോർട്ടിഫിക്കേഷനും നടത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ്  ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാശിശു വികസനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായും ഫുഡ് കോർപ്പറേഷൻ ഒാഫ് ഇൻഡ്യയുമായും സഹകരിച്ച് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 18000 മെട്രിക് ടൺ ഭക്ഷ്യമിശ്രിതം ഉൽപാദിപ്പിക്കുന്നുണ്ട്.കോവിഡ് ലോക്ക്ഡൗൺ കാലത്തും കുടുംബശ്രീയുടെ നേതൃത്വത്തിൽ അമൃതം ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും മുടക്കം കൂടാതെ നടപ്പാക്കിയിരുന്നു.   യൂണിറ്റുകളുടെ പ്രവർത്തനമികവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രേഡിങ്ങ് നടപടികളും പൂർത്തിയാക്കിയിരുന്നു.  

Content highlight
glenmark award for Kudumbashree's Amritham Nutrimix project

കുടുംബശ്രീ 'കരുതല്‍' ക്യാമ്പെയ്‌നിലൂടെ 2.20 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, February 9, 2022

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകര്‍ക്കും കൃഷി സംഘങ്ങള്‍ക്കും ആശ്വാസമേകുന്നതിനായി നടത്തുന്ന കുടുംബശ്രീയുടെ 'കരുതല്‍' ഉത്പന്ന - വിപണന ക്യാമ്പെയ്‌ന്റെ രണ്ടാം ഘട്ടത്തില്‍ 2,20,59,650 രൂപയുടെ വിറ്റുവരവ്. 2021 നവംബര്‍ മാസത്തില്‍ തുടക്കമായ 2021-22 സാമ്പത്തികവര്‍ഷത്തെ ക്യാമ്പെയ്ന്‍ മുഖേന വിവിധ ഉത്പന്നങ്ങള്‍ അടങ്ങിയ 65,354 കിറ്റുകളും അയല്‍ക്കൂ ട്ടങ്ങളിലേക്ക് വിതരണം ചെയ്തു കഴിഞ്ഞു.

log

  സംരംഭകരെയും കൃഷിസംഘാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ നേരിട്ട സംരംഭങ്ങള്‍ പുരനരുജ്ജീവിപ്പിക്കുന്നതിനും കൂടുതല്‍ വിപണന അവസരം ഒരുക്കി ക്കൊടുക്കുന്നതിനുമായി 2020-21 സാമ്പത്തികവര്‍ഷം മുതലാണ് 'കരുതല്‍' ക്യാമ്പെയ്‌ന് തുടക്കമിട്ടത്. സംരംഭകരുടെയും കൃഷിസംഘങ്ങളുടെയും ഉത്പന്നങ്ങള്‍ കിറ്റുകളിലാക്കി അയല്‍ക്കൂട്ടങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കരുതല്‍ ക്യാമ്പെയ്‌നിലൂടെ നടക്കുന്നത്.

  സി.ഡി.എസുകള്‍ മുഖേനയാണ് കരുതല്‍ ക്യാമ്പെയ്‌ന്റെ ഭാഗമായുള്ള കിറ്റുകളുടെ വിതര ണം നടത്തുന്നത്. അതാത് ജില്ലയിലെ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങളുടെ വിലവിവരങ്ങള്‍ ശേഖരിക്കുന്നതും സി.ഡി.എസുകളെ അറിയിക്കുന്നതും കിറ്റുകള്‍ തയാറാക്കുന്നതും ജില്ലാ മിഷനുകളാണ്. ഓരോ അയല്‍ക്കൂട്ടത്തിനും എത്ര കിറ്റുകള്‍ വേണമെന്നുള്ള വിശദാംശങ്ങള്‍ ആരാഞ്ഞ് ഇതനുസരിച്ചുള്ള ആവശ്യകതാ പട്ടിക തയാറാക്കി ജില്ലാ മിഷനുകളെ അറി യിക്കുക, പച്ചക്കറി കിറ്റുകള്‍ തയാറാക്കുക, അയല്‍ക്കൂട്ടങ്ങളിലേക്ക് കിറ്റുകള്‍ എത്തിക്കുക എന്നീ ചുമതലകള്‍ സി.ഡി.എസുകളും നിര്‍വഹിക്കുന്നു. അയല്‍ക്കൂട്ടങ്ങള്‍ ആന്തരിക സമ്പാ ദ്യത്തില്‍ നിന്നാണ് കിറ്റുകളുടെ തുക നല്‍കുന്നത്. കിറ്റിന്റെ തുക പരമാവധി 20 തവണ കളായി അയല്‍ക്കൂട്ടാംഗങ്ങള്‍ അയല്‍ക്കൂട്ടത്തില്‍ തിരികെയടയ്ക്കുകയും ചെയ്യുന്നു.

 

krthl

 

krthl2

 

Content highlight
Sales turnover of above 2 crores through Kudumbashree's Karuthal campaign

ഓക്‌സിലറി ഗ്രൂപ്പ് പരിശീലനങ്ങളും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോകളുമെല്ലാമായി 'സ്ത്രീപക്ഷ നവകേരളം' പുരോഗമിക്കുന്നു

Posted on Saturday, February 5, 2022

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല  ബോധവത്ക്കരണ പരിപാടിയായ 'സ്ത്രീപക്ഷ നവകേരള'ത്തിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് സമൂഹത്തിനൊന്നാകെ ബോധവത്ക്കരണം നല്‍കുകയും അത് മുഖേന സ്ത്രീധനത്തെക്കുറിച്ചും സ്ത്രീപീഡനങ്ങളെക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുകയുമാണ് ഈ പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

  കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങളും എ.ഡി.എസും സി.ഡി.എസും ഉള്‍പ്പെടുന്ന കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനങ്ങള്‍, യുവജന സംഘടനകള്‍, പ്രാദേശിക - സാമൂഹിക - രാഷ്ട്രീയ സംഘടനകള്‍ എന്നിവ വഴി സമൂഹത്തിന്റെ എല്ലാത്തട്ടിലും ബോധവത്ക്കരണ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ  നടക്കുന്നത്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശീലനത്തിന്റെ ആദ്യഘട്ടവും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോ മുഖേനയുള്ള പ്രചാരണവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

poster



  പ്രത്യേകമായി തയാറാക്കിയ മൂന്ന് മൊഡ്യൂളുകള്‍ (സ്ത്രീധനവും അതിക്രമങ്ങളും, ജെന്‍ഡര്‍ ആന്‍ഡ് സെക്‌സ്, സേവനമേഖലയിലെ നിയമങ്ങള്‍) ആധാരമാക്കിയാണ് ഓക്‌സിലറി ഗ്രൂപ്പിലെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ ആദ്യ മൊഡ്യൂളിലെ ചര്‍ച്ച സംസ്ഥാനത്തെ 9000 ഓക്‌സിലറി ഗ്രൂപ്പുകളില്‍ നടന്നുകഴിഞ്ഞു.

   ഇതുവരെ 815 സി.ഡി.എസുകളില്‍ പോസ്റ്റര്‍ ക്യാമ്പെയ്ന്‍ പൂര്‍ത്തിയായി. റീല്‍സ് ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള സമൂഹ മാധ്യമ പ്രചാരണത്തിലും ഏവരും ആവേശത്തോടെ പങ്കെടുക്കുന്നു.  പരിപാടിയുടെ ഭാഗമായുള്ള കലാജാഥയ്ക്കയുള്ള പരിശീലനവും ഓരോ ജില്ലയില്‍ നിന്നുമുള്ള മൂന്ന് പേര്‍ക്ക് വീതം നല്‍കിക്കഴിഞ്ഞു. ഇരുചക്ര വാഹന റാലികള്‍, വെബിനാര്‍, ചുവര്‍ചിത്ര ക്യാമ്പെയ്ന്‍, ഹ്രസ്വ ചിത്ര പ്രചാരണം, സിഗ്നേച്ചര്‍ ക്യാമ്പെയ്ന്‍, അഭിപ്രായ സര്‍വ്വേ തുടങ്ങിയ നിരവധി പരിപാടികൾ 'സ്ത്രീപക്ഷ നവകേരള'ത്തിന്റെ ഭാഗമായി നടക്കും.

 
 
 
Content highlight
Sthreepaksha Navakeralam' progressing with Auxiliary Group Trainings, Poster Campaigns and Reels Videosml

കുടുംബശ്രീ തെരഞ്ഞെടുപ്പ് - ആറ് ജില്ലകളില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു

Posted on Tuesday, February 1, 2022

കുടുംബശ്രീയുടെ  ത്രിതല സംഘടനാ സംവിധാനങ്ങളുടെ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആറ് ജില്ലകളില്‍ പൂര്‍ത്തീകരിച്ചു. കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് അയല്‍ക്കൂട്ട, എ.ഡി.എസ് (വാര്‍ഡ്തല സംഘടനാ സംവിധാനം), സി.ഡി.എസ് (തദ്ദേശ സ്വയംഭരണ സ്ഥാപനതല സംഘടനാ സംവിധാനം) തെരഞ്ഞെടുപ്പുകള്‍ ജനുവരി 25ന് പൂര്‍ത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ജനുവരി 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 ശേഷിച്ച എട്ട് ജില്ലകളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന ക്രമത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ജനുവരി 15ന് ഇതിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി കേരള സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു.

  ആവശ്യത്തിന് വായുസഞ്ചാരമുള്ള തുറസ്സായ സ്ഥലത്താണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. സാമൂഹ്യ അകലം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പൊതുസഭ അംഗങ്ങളെല്ലാം എന്‍.95 മാസ്‌ക് ധരിച്ചിരുന്നുവെന്നും ഉറപ്പാക്കി. നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസറിന്റെ ഉപയോഗവും നിര്‍ബന്ധമാക്കിയിരുന്നു. സാനിറ്റൈസര്‍ ലഭ്യമാക്കിയതിന് പുറമേ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

  സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി ഒരേ സമയം അഞ്ച് വാര്‍ഡുകളിലെ എ.ഡി.എസ് ഭാരവാഹികളെ മാത്രം വിളിച്ച് ചേര്‍ത്ത് ഘട്ടം ഘട്ടമായാണ് സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഓരോ വാര്‍ഡിനും നിശ്ചിത സമയവും അനുവദിച്ച് നല്‍കിയിരുന്നു. ജനുവരി 7 മുതല്‍ 21 വരെ നടന്ന അയല്‍ക്കൂട്ടതല, എ.ഡി.എസ് തല തെരഞ്ഞെടുപ്പുകളിലും കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരുന്നു.

 

Content highlight
Kudumbashree CDS Elections successfully completed at 6 districts as per the Covid Restrictionsml

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് തെരഞ്ഞെടുപ്പ്: എക്സിക്യൂട്ടീവ് ഡയറക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

Posted on Wednesday, January 19, 2022

കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇപ്പോൾ നടന്നു വരുന്ന എ.ഡി.എസ് തെരഞ്ഞെടുപ്പും, ജനുവരി 25ന് സംസ്ഥാനമൊട്ടാകെ നടത്തുന്ന സി.ഡി.എസ് തെരഞ്ഞെടുപ്പും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടപ്പാക്കും. ഇതു സംബന്ധിച്ച് 15ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്.     

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക മാർഗ നിർദേശങ്ങൾ.  ഇതു പ്രകാരം കോവിഡ് ബാധിതരായ എ.ഡി.എസ്, സി.ഡി.എസ്, പൊതുസഭ അംഗങ്ങൾക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് അതേ അയൽക്കൂട്ടത്തിലെ തന്നെ ഒരംഗത്തെ പ്രതിനിധിയായി പങ്കെടുപ്പിക്കാം. ഇതിനായി പ്രതിനിധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം വാട്ട്സാപ് വഴിയോ ഇമെയിൽ വഴിയോ അതത് തെരഞ്ഞെടുപ്പ് വരണാധികാരിയുടെ മുന്നിൽ സർപ്പിക്കണം. തെരഞ്ഞെടുപ്പ് സമയത്ത് ഈ പ്രതിനിധി വരണാധികാരിയുടെ മുമ്പാകെ ഫോൺ വഴി കോവിഡ് ബാധിതയെ വിളിക്കുകയും അവരുടെ പിന്തുണ ആർക്കാണെന്ന് ഉറപ്പു വരുത്തുകയും വേണം. കോവിഡ് ബാധിച്ച അംഗത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താൽപ്പര്യമുണ്ടെങ്കിൽ അത് പ്രത്യേകമായി സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തണം. 

കാറ്റും വെളിച്ചവും ഉള്ള ഹാളിലോ തുറസായ സ്ഥലത്തോ ആണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സ്ഥലത്തും സാമൂഹ്യ അകലം കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. എല്ലാ പൊതുസഭാ അംഗങ്ങളും എൻ-95 മാസ്കോ, ഇരട്ട സർജിക്കൽ മാസ്കോ നിർബന്ധമായും ധരിച്ചിരിക്കണം. സാനിറൈ്റസർ കൃത്യമായി ഉപയോഗിച്ചിരിക്കണം. തെരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് സാനിറൈ്റസറിന്റെ ലഭ്യതയോ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യമോ ഉറപ്പു വരുത്തണം. സി.ഡി.എസ് തെരഞ്ഞെടുപ്പിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി  അഞ്ചു വീതം വാർഡുകളിൽ നിന്നും എ.ഡി.എസ് ഭാരവാഹികളെ പങ്കെടുപ്പിച്ച് സി.ഡി.എസ് ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കും. ഇതിനായി ഒാരോ വാർഡിനും പ്രത്യേകം സമയം നിർദേശിച്ചിട്ടുണ്ട്.   

കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇൗ മാസം ഏഴു മുതൽ 13 വരെ സംഘടിപ്പിച്ച അയൽക്കൂട്ട തെരഞ്ഞെടുപ്പിലും കോവിഡ് മാനദണ്ഡങ്ങൾ ബാധകമാക്കിയിരുന്നു.

Content highlight
Kudumbashree ADS-CDS Elections will be held following Covid Protocols: Executive Director of Kudumbashree issues Guidelinesml