സംരംഭ മേഖലയില് ഇടപെടാന് കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീ യെന്ന് നിയമ, വ്യവസായ, കയര് വികസന വകുപ്പ് മന്ത്രി പി.രാജീവ്. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്ഷികത്തിന്റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് എറണാകുളം കളമശ്ശേരി സമ്ര ഇന്റര്നാഷണല് കന്വെന്ഷന് ആന്ഡ് എക്‌സിബിഷന് സെന്ററില് സംഘടിപ്പിച്ച മൈക്രോ എന്റര്പ്രൈസ് കോണ്ക്‌ളേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ 'ഷീ സ്റ്റാര്ട്ട്‌സ്' പദ്ധതിയുടെ ലോഗോ, വീഡിയോ എന്നിവയുടെ പ്രകാശനവും ഓരോ ജില്ലയില് നിന്നമുള്ള മികച്ച സംരംഭകര്ക്കും മികച്ച പിന്തുണ നല്കിയ സി.ഡി.എസ് പ്രവര്ത്തകര്ക്കുമുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്വഹിച്ചു. സ്റ്റാര്ട്ടപ് വില്ലേജ് എന്റര്പ്രണര്ഷിപ് പദ്ധതി പുതുതായി ആരംഭിക്കുന്ന പത്തു ബ്‌ളോക്കുകളുടെ പ്രഖ്യാപനവും മന്ത്രി നിര്വഹിച്ചു.
ചെറുകിട സംരംഭങ്ങള് വളരാന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇവിടെ ഓരോ വീടുകളിലും ചെറിയ സംരംഭങ്ങള് തുടങ്ങാനാകും. വിദ്യാസമ്പന്നരും തൊഴില്രഹിതരുമായ വീട്ടമ്മമാര്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴില് നൈപുണ്യ പരിശീലനം നല്കി മാനവിഭവ ശേഷി വര്ധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയര്ത്താനും സാധിക്കണം. കുടുംബശ്രീ ഇരുപത്തിയഞ്ച് വര്ഷങ്ങള് പൂര്ത്തിയാക്കുന്ന അവസരത്തില് തുടക്കമിടുന്ന ഷീ സ്റ്റാര്ട്ട്‌സ് പദ്ധതിയിലൂടെ വലിയ മുന്നേറ്റത്തിനാണ് കുടുംബശ്രീ തുടക്കമിടുന്നത്. വിവിധ സര്ക്കാര് ഏജന്സികളുമായുള്ള ഏകോപനത്തിലൂടെ വിവിധങ്ങളായ തൊഴില് നൈപുണ്യപരിശീലനം നല്കാന് സാധിക്കും. കുടുംബശ്രീ ഷീ സ്റ്റാര്ട്ട്‌സ് പദ്ധതി വ്യവസായ വകുപ്പുമായി ചേര്ന്ന് നടപ്പാക്കുന്നതില് സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പിന്റെ പിന്തുണയോടെ കുടുംബശ്രീ നടപ്പാക്കുന്ന ഷീ സ്റ്റാര്ട്ട് പദ്ധതി വഴി സംരംഭകരാകാന് ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷ പ്രസംഗത്തില് പറഞ്ഞു. ഇരുപത്തിയഞ്ചാം വാര്ഷികത്തോടനുബന്ധിച്ച് ഉപജീവന മേഖലയില് ശ്രദ്ധേയമായ നിരവധി പ്രവര്ത്തനങ്ങള് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഷീ സ്റ്റാര്ട്ട്‌സ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് സ്വാഗത പ്രസംഗത്തില് പറഞ്ഞു.
ജില്ലാ കലക്ടര് എന്എസ്.കെ ഉമേഷ്, കളമശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണന്, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷയും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ രമ സന്തോഷ്, കളമശേരി നഗരസഭ ഉപാധ്യക്ഷയും ഡിവിഷന് കൗണ്സിലറുമായ സല്മ അബൂബക്കര്, കളമശേരി കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സുജാത വേലായുധന് എന്നിവര് ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റജീന.ടി.എം കൃതജ്ഞത അറിയിച്ചു. ഏപ്രില് 22,23 തീയിതികളിലായി നടന്ന കോണ്ക്ലേവിനോട് അനുബന്ധിച്ച് മെഷീനറി, ടെക്‌നോളജി എക്‌സ്‌പോയും സംഘടിപ്പിച്ചിരുന്നു.
സെമിനാറുകളും ടോക്‌ഷോയും -
കോണ്ക്‌ളേവിനോടനുബന്ധിച്ച് രണ്ട് ദിനങ്ങളിലായി സെമിനാറുകളും ടോക് ഷോകളും പാനല് ചര്ച്ചകളും സംഘടിപ്പിച്ചു. ആദ്യ ദിനം ഊരാളി ബാന്ഡിന്റെ സംഗീത നിശയും അരങ്ങേറി.
- 251 views
Content highlight
Kudumbashree Micro Enterprise conclave held