കുടുംബശ്രീ സര്‍ഗ്ഗം 2022 : വിജയികള്‍ക്ക് പുരസ്‌ക്കാരം വിതരണം ചെയ്തു
മാര്‍ച്ച് 30 ന് തിരുവനന്തപുരം കനകക്കുന്നില്‍ തുടക്കമായ ഉത്പന്ന വിപണന മേള ദേശീയ സരസ് മേള 2022 സമാപിച്ചു. ഞായറാഴ്ച (ഏപ്രില്‍ 10) നടന്ന സമാപന ചടങ്ങ് തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി 250 പ്രദര്‍ശന വിപണന സ്റ്റാളുകളും അതിനൊപ്പം 15 സംസ്ഥാനങ്ങളിലെ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ്‌കോര്‍ട്ടും മേളയിലുണ്ടായിരുന്നു. ഇത് കൂടാതെ 12 ദിവസങ്ങളിലും കലാ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറി. സിക്കിം, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, തെലുങ്കാന, ആന്ധ്ര പ്രദേശ്, ഗോവ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ വിപണനത്തിന് എത്തിച്ചിരുന്നു.
മികച്ച സ്റ്റംരഭകര്‍ക്കുള്ള അവാര്‍ഡുകളും മികച്ച രീതിയില്‍ മേള റിപ്പോര്‍ട്ട് ചെയ്തതിനുള്ള മാധ്യമ പുരസ്‌ക്കാരവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, വാമനപുരം എം.എല്‍.എ അഡ്വ. ഡി.കെ. മുരളി, അരുവിക്കര എം.എല്‍.എ അഡ്വ. ജി. സ്റ്റീഫന്‍, എഴുത്തുകാരി ഡോ. ഖദീജ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു.
സരസ് 2022 മാധ്യമ പുരസ്‌ക്കാര ജേതാക്കള്‍ -
1. അച്ചടി മാധ്യമം
മികച്ച റിപ്പോര്‍ട്ടിങ്- ആര്യ യു.ആര്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
പ്രത്യേക ജൂറി പരാമര്‍ശം - അശ്വതി ജയശ്രീ (ദേശാഭിമാനി)
2. ദൃശ്യ മാധ്യമം
മികച്ച റിപ്പോര്‍ട്ടിങ്- എസ്.എസ്. ശരണ്‍ (ന്യൂസ് 18)
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍- എം.കെ. വിനോദ് (അമൃത ടിവി), ഗോപാല്‍ ഷീല സനല്‍ (മീഡിയ വണ്‍).
3. ഫോട്ടോഗ്രാഫി
ഒന്നാം സ്ഥാനം - സുമേഷ് കൊടിയത്ത് (ദേശാഭിമാനി)
രണ്ടാം സ്ഥാനം - വിന്‍സെന്റ് പുളിക്കല്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
മൂന്നാം സ്ഥാനം - ടി.കെ. ദീപപ്രസാദ് (ടൈംസ് ഓഫ് ഇന്ത്യ)
സംരംഭകര്‍ക്കുള്ള പുരസ്‌ക്കാരം
1. മികച്ച സംരംഭക- ജ്യോതി ലതികരാജ് (ജാക്ക് വേള്‍ഡ്)
2. മികച്ച യുവ സംരംഭക - ഷീജ (ഇല സാനിറ്ററി പാഡ്)
3. വാല്യൂ അവാര്‍ഡ് (മികച്ച പ്രസന്റേഷനും വാര്‍ത്ത പ്രാധാന്യവും) -
സൈകത് ചിത്രഹാര്‍ (ബംഗാള്‍).
ദേശീയ സരസ് മേള ഇന്ത്യയുടെ സാംസ്‌ക്കാരിക പാരമ്പര്യത്തെ പ്രതിദ്ധ്വനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള 2022ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം എന്ന ആശയത്തിനുപരിയായി അവരുടെ സാമൂഹ്യ മുന്നേറ്റത്തിനു വഴി തുറക്കുന്ന ഒരു വലിയ അവസരമായി സരസ് മേള മാറും. പുതിയകാലഘട്ടത്തില്‍ വന്‍കിട സംരംഭങ്ങള്‍ക്കൊപ്പം ചെറുകിട സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സരസ് മേള.
സമാനകളില്ലാത്ത സംരംഭക മേളയാണ് സരസ് എന്നും വരുംദിവസങ്ങളില്‍ വര്‍ദ്ധിച്ച പൊതുജനപങ്കാളിത്തം മേളയിലുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു.
മേയര്‍ എസ്. ആര്യാ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് വിഷയാവതരണം നടത്തി. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ എന്നിവര്‍ സ്ത്രീശക്തി കലാജാഥയില്‍ പങ്കെടുത്ത ജില്ലാ ടീമുകളെ ആദരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, കോര്‍പ്പറേഷന്‍ സി.ഡി.എസ് അധ്യക്ഷ വിനിത. പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു കൃതജ്ഞത അറിയിച്ചു.
28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനും ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളും 15 സംസ്ഥാനങ്ങളിലെ ഭക്ഷണ വൈവിധ്യമൊരുക്കുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ്‌കോര്‍ട്ടുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
രാജ്യത്ത് ദേശീയ നഗര ഉപജീവനം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2020/21 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളം ഒന്നാമത്. 20 കോടി രൂപയാണ് അവാർഡ് തുക. നഗരസഭകളുമായി ചേർന്ന് കുടുംബശ്രീയാണ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്.
നഗര ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 2015 ലാണ് കേരളത്തിൽ ഈ പദ്ധതി ആരംഭിച്ചത്. സാമൂഹ്യ ഉൾച്ചേർക്കൽ സാധ്യമാക്കിക്കൊണ്ട് ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും അതു വഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചതിനുമാണ് അവാർഡ്. 2018 ൽ മൂന്നും, 2019 ൽ രണ്ടും 2020 ൽ മൂന്നും റാങ്കുകൾ കുടുംബശ്രീ നേടിയിട്ടുണ്ട്. കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ട് കൂടിയും പദ്ധതി നിർവഹണ മികവിന് അംഗീകാരം നേടുകയായിരുന്നു.
നഗരങ്ങളിൽ എൻ.യു.എൽ.എം- ന്റെ ഭാഗമായി പുതുതായി അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് 10,000 രൂപ നിരക്കിൽ റിവോൾവിങ് ഫണ്ട് നൽകി വരുന്നു. എ.ഡി.എസുകൾക്ക് 50,000 രൂപ വീതം റിവോൾവിങ് ഫണ്ടും നൽകുന്നുണ്ട്. കൂടാതെ നഗര ഉപജീവന കേന്ദ്രങ്ങൾ ആരംഭിക്കുക നൈപുണ്യ പരിശീലനം നൽകി. തൊഴിൽ ലഭ്യമാക്കുക, വ്യക്തിഗത - ഗ്രൂപ്പ് സംരംഭങ്ങളൾ ആരംഭിക്കുന്നതിന് ധനസഹായം ലഭ്യമാക്കുക, അയൽക്കൂട്ടങ്ങൾക്ക് ലിങ്കജ് വായ്പയും പലിശ സബ്സിഡിയും നൽകുക, തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ.
ഇത് കൂടാതെ 27 ഷെൽട്ടർ ഹോമുകൾ നാളിതുവരെ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി, സർവേയിലൂടെ കണ്ടെത്തിയ തെരുവ് കച്ചവടക്കാർക്ക് പി.എം. സ്വാനിധി പദ്ധതി വഴി വായ്പ്പ ലഭ്യമാക്കുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തിട്ടുണ്ട് .
സ്ത്രീ അബലയല്ല എന്നു ബോധ്യപ്പെടുന്നിടത്തുനിന്നുമാണ് സ്ത്രീശാക്തീകരണം തുടങ്ങുന്നതെന്നും സർഗവാസനനകളെ നില നിർത്താനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണെന്നും പ്രൊഫ. കെ. സച്ചിദാ നന്ദൻ പറഞ്ഞു. കുടുംബശ്രീയും കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്തമായി കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിക്കുന്ന സർഗ്ഗം-2022 ത്രിദിന സാഹിത്യ ശിൽപ്പശാല വ്യാഴാഴ്ച്ച (23/02/2022) ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് വിവാഹശേഷം കലാഭിരു ചികൾ ഇല്ലാതെയാകുന്നതിന്റെ കാരണം കുടുംബവും, സ്ത്രീകൾ നിർവഹിക്കണം എന്ന് സമൂഹവും പറയുന്ന ചുമതലകളുമാണ്. കുടുംബത്തിൽ ഒട്ടേറെ ചുമതലകൾ നിർവഹിക്കാൻ മുതിർന്ന സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ഓരോ പെണ്കുട്ടിയും ചെറുപ്പം മുതൽ പരി ശീലിപ്പിക്കപ്പെടുന്നു. സാഹിത്യമേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിരീക്ഷണം, വാസന, പ്രചോദനം, പ്രയത്നം എന്നിവ ഉണ്ടാകണം. ഇതെല്ലാം ചേരുമ്പോഴാണ് ഉത്തമ സാഹിത്യം ഉണ്ടാവുന്നത്. സർഗ്ഗശേഷി കണ്ടെത്താനും അത് നിലനിർത്തിക്കൊണ്ടു പോകാനുമുള്ള ബോധപൂർവമായ പരിശ്രമങ്ങൾ ശാക്തീകരണതിലേക്കുള്ള വഴിയാണ്. അതുകൊണ്ടാണ് സർഗ്ഗം പോലുള്ള ശില്പശാലകൾ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മാനങ്ങൾ തുറക്കുന്നത്. കുടുംബശ്രീ വനിതകൾക്കായി ഇത്തരമൊരു ഉദ്യമത്തിനു തുടക്കമിട്ട കുടുംബശ്രീ യെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ഡയറക്ടർ ആശാ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. കില അർബൻ സീനിയർ ഫാക്കൽറ്റി ഡോ.രാജേഷ്. കെ, ജില്ലാ അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസർ ശ്രുതി.എ എസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി.എസ്. മനോജ് സ്വാഗതവും ജില്ലാമിഷൻ കോർഡിനേറ്റർ ഇൻ ചാർജ് രാധാകൃഷ്ണൻ. കെ നന്ദിയും പറഞ്ഞു.
ശിൽപ്പശാലയുടെ ഭാഗമായി എഴുത്തുകരായ ശിഹാബുദ്ദീൻ പൊയ്ത്തുകടവ്, ദീപാ നിശാന്ത്, മജീദ് സെയ്ദ്, അശ്വിനി ആർ.ജീവൻ, ലിസ്സി, അബിൻ ജോസഫ്, ഇ.സന്ധ്യ , എൻ.ജി. നയനതാര എന്നിവർ വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംവദിച്ചു. ശിൽപ്പശാല 25 ന് സമാപിക്കും.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15 മുതൽ തൃശ്ശൂരിൽ നടത്തിവന്ന ദേശീയ ത്രിദിന ശിൽപ്പശാല 17ന് സമാപിച്ചു. ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
എൻ.ആർ,എൽ.എം -ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുന്നതിനും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതുമായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം. ഛത്തിസ്ഗഡ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, അരുണാചൽപ്രദേശ് തുടങ്ങിയ 19 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപതിലേറെ പ്രതിനിധികളാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.
കേരള സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവരുടെ ശാക്തീകരണത്തിനുമായി ജെൻഡർ മേഖലയിൽ ഉൾപ്പെടെ കുടുംബശ്രീ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ അവർ കണ്ടറിഞ്ഞു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ നടത്തിവരുന്ന ദേശീയ ത്രിദിന ശില്പശാലയ്ക്കായി 19 സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമെത്തിയ എഴുപതോളം പ്രതിനിധികളാണ് ഈ പഠന സന്ദർശനം നടത്തിയത്.
ഇവർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലെ നടത്തറ, അതിരപ്പിള്ളി, പാണഞ്ചേരി പഞ്ചായത്തുകൾ സന്ദർശിച്ചു. മധ്യപ്രദേശ്, ഝാർഖണ്ഡ്, ഗുജറാത്ത്, കർണ്ണാടക, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ നടത്തറയിലും അസാം, മേഘാലയ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ബീഹാർ എന്നിവിടങ്ങളിലെ പ്രതിനിധികൾ അതിരപ്പിള്ളിയിലും സന്ദർശനം നടത്തി. പാണഞ്ചേരിയിൽ എത്തിയത് അരുണാചൽ പ്രദേശ്, തമിഴ്നാട്, പുതുച്ചേരി, മിസോറാം, ത്രിപുര, ആന്ധ്ര, മണിപ്പൂർ... തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും.
സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, ജെൻഡർ റിസോഴ്‌സ് സെന്ററുകൾ, വിജിലന്റ് ഗ്രൂപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഇവർ വിശദമായി മനസിലാക്കി. പഞ്ചായത്ത്, സി.ഡി.എസ് ഭരണസമിതി അംഗങ്ങളുമായും ഇവർ സംവദിച്ചു. ശില്പശാലയുടെ ഭാഗമായ വിവിധ എൻ.ജി.ഒ പ്രതിനിധികളും എൻ.ആർ.എൽ.എം ദേശീയ ഭാരവാഹികളും കുടുംബശ്രീ പ്രതിനിധികളും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച സ്ത്രീശക്തി കാലജാഥയുടെ അവതരണവും ഇവർ കണ്ടു.
'ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലുള്ള ദേശീയ ശില്പശാല 15നാണ് തൃശ്ശൂരിൽ ആരംഭിച്ചത്. എൻ.ആർ,എൽ.എം - ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുകയും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. ശില്പശാല 17ന് അവസാനിക്കും.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണൽ റൂറൽ ലൈവ് ലി ഹുഡ് മിഷൻ- എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ത്രിദിന ശിൽപ്പശാലയ്ക്ക് തൃശ്ശൂരിൽ 15ന് തുടക്കമായി. ‘ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും’ എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
എൻ.ആർ,എൽ.എം – ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുകയും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുകയുമാണ് ശിൽപ്പശാലയുടെ ലക്ഷ്യം.
ശിൽപ്പശാലയുടെ ആദ്യ ദിനത്തിൽ ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീത കെജരിവാൾ എൻ.ആർ.എൽ.എം ലെ ജെൻഡർ സമന്വയം എന്ന വിഷയം അവതരിപ്പിച്ചു. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജനത്തിലൂടെയുള്ള സ്ത്രീശാക്തീകരണം- കേരളത്തിൽ എന്ന വിഷയം മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അവതരിപ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ സ്വാഗതം ആശംസിച്ചു. എൻ.ആർ.എൽ.എം തയാറാക്കിയ ജെൻഡർ സമന്വയത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പുറത്തിറക്കി.
തമിഴ് നാട്, കർണ്ണാടക, ബീഹാർ, ഗുജറാത്ത് തുടങ്ങിയ 19 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, പുതുച്ചേരി എന്നിങ്ങനെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപതോളം പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്, ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയ വിവിധ ജെൻഡർ പ്രവർത്തനങ്ങൾ കണ്ടറിയുന്നതിനായി പ്രതിനിധികൾ ഫീൽഡ് സന്ദർശനവും ശിൽപ്പശാലയുടെ ഭാഗമായി നടത്തും. ശിൽപ്പശാല 17ന് അവസാനിക്കും.
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായുള്ള സ്ത്രീശക്തി കലാജാഥയ്ക്ക് അഭിമാനകരമായ തുടക്കം. പല കാരണങ്ങൾ കൊണ്ടും തങ്ങളുടെ സർഗ്ഗശേഷിയെ തളച്ചിടേണ്ടി വന്ന സ്ത്രീകൾ തടവറകൾ ഭേദിച്ചു മുന്നോട്ടു വരുന്നതും കാലങ്ങളായി അനുഭവിച്ചു വരുന്ന അനീതിയുടെ തീക്കനലുകൾ കുടഞ്ഞെറിയുന്നതും കലാജാഥയിലൂടെ വേദിയിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു വനിതാദിനാഘോഷത്തിന് കരുത്തു പകർന്നത്.
സ്ത്രീയെ ബഹുമാനിക്കാൻ പഠിക്കണമെന്ന സന്ദേശം നൽകി കൊണ്ട് സ്വാതന്ത്ര്യത്തിന്റെ പൊൻപുലരികളിലേക്ക് സൂര്യതേജസ്സോടെ മുന്നേറുന്ന വർത്തമാനകാല സ്ത്രീയുടെ തിളക്കമാർന്ന കാഴ്ച കാണികൾക്ക് പുതിയൊരു ദൃശ്യാനുഭവമായി.
പെൺകാലം, സദസ്സിൽ നിന്നും അരങ്ങിലേക്ക്, അതു ഞാൻ തന്നെയാണ് എന്നീ മൂന്നു നാടകങ്ങളും പാടുക ജീവിതഗാഥകൾ, പെൺ വിമോചന കനവുത്സവം എന്നിങ്ങനെ രണ്ടു സംഗീതശിൽപ്പങ്ങളുമാണ് സ്ത്രീശക്തി കലാജാഥയുടെ ഭാഗമായുള്ളത്. പ്രണയവും സമീപകാലത്ത് അതിനു സംഭവിച്ച അപഭ്രംശങ്ങളും തുറന്നു കാട്ടുന്ന പെൺകാലമാണ് ആദ്യം വേദിയിൽ അവതരിപ്പിച്ചത്. മാനസികവും ബൗദ്ധികവും സാമൂഹികവുമായ അടിമത്തങ്ങളിൽ നിന്നും വിമോചിതരാകുന്ന സ്ത്രീകളുടെ ശക്തമായ മുന്നേറ്റം ഓരോ കലാരൂപത്തിലും വേദിയിൽ അരങ്ങേറി.
കൂടാതെ ഗാർഹിക ലൈംഗിക പീഡനങ്ങൾ ഏൽക്കേണ്ടി വരുന്ന സ്ത്രീകളും അവരുടെ ജീവിതാവസ്ഥ, സ്ത്രീധനത്തിന്റെയും പ്രണയത്തിന്റെയും പേരിൽ പെൺകുട്ടികൾക്ക് ജീവഹാനി സംഭവിക്കുന്നതുമെല്ലാം മികച്ച രീതിയിൽ വേദിയിൽ പകർന്നാടിയത് കുടുംബശ്രീയുടെ തന്നെ തിയേറ്റർ ഗ്രൂപ്പായ രംഗശ്രീയിലെ അംഗങ്ങളായ ബിജി.എം, മാധവി.സി, രതി.പി, റീജ എം.എം, ലീന.പി, പാർവതി കെ.ടി, ബിന്ദു.പി, പ്രമീള പി, നിഷ.വി.സി, നൈനി.ടി, സരോജിനി കെ.കെ, രാജി.വി.സി എന്നിവരാണ്.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം, സ്ത്രീശക്തി കലാജാഥ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെയും ദാരിദ്യനിർമാർജ്ജനത്തിന്റെയും ലോകമാതൃകയായി വിമോചനത്തിന്റെ പാതയിൽ മുന്നേറുന്നതിനൊപ്പം സ്ത്രീധനത്തിനും സ്ത്രീകൾക്കെതിരായുള്ള പീഡനങ്ങൾക്കുമെതിരേ ഏറ്റവും ഫലപ്രദമായി പ്രതികരിക്കാൻ കഴിയുന്ന സംഘശക്തിയാണ് കുടുംബശ്രീയെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് മുന്നേറാൻ കഴിയുന്നതിൽ കുടുംബശ്രീക്കും വലിയ പങ്കുണ്ട്. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്ന സാമൂഹികാവസ്ഥ മാറേണ്ടതുണ്ടെന്നും സ്വന്തം കുടുംബത്തിൽ അവർ ചെയ്യുന്ന ജോലിക്ക് മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണം, എക്സൈസ് എന്നീ വകുപ്പുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഢിക്കു നൽകി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. തീം സോങ്ങ് തയ്യാറാക്കിയ ജില്ലാ മിഷൻ മുൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ക്ഷേമ കെ. തോമസ്, സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി നാടകവും സംഗീതശിൽപ്പവും സംവിധാനം ചെയ്ത കരിവെള്ളൂർ മുരളി എന്നിവരെ മന്ത്രി ആദരിച്ചു.
കാലിക പ്രസക്തിയുള്ള ലക്ഷ്യങ്ങൾക്കനുസൃതമായി കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുകയും സാമ്പത്തികവും സാമൂഹികവുമായി സ്ത്രീകളെ മുന്നേറാൻ പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി തയ്യാറാക്കിയ തീം സോങ്ങിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
കുടുംബശ്രീ ഭരണ സമിതി അംഗം കെ.കെ ലതിക ഓക്സിലറി ഗ്രൂപ്പ് സർവേ റിപ്പോർട്ടിന്റെയും മേയർ ഡോ.ബീന ഫിലിപ്പ് ഓക്സിലറി ഗ്രൂപ്പ് ചർച്ച റിപ്പോർട്ടിന്റെയും പ്രകാശനം നിർവഹിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ.പി.ടി.എ റഹീം എം.എൽഎ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണർ ജി.പ്രദീപ്, കോഴിക്കോട് ജില്ലാ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.ജി ജോർജ്ജ് മാസ്റ്റർ, മുനിസിപ്പൽ ചെയർമാൻ ചേമ്പർ കെ.പി ബിന്ദു, കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ, കൗൺസിലർ എസ്.കെ അബൂബക്കർ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ജാസ്മിൻ കെ.കെ, കെ.പുഷ്പജ, റീന മുണ്ടേങ്ങാട്ട്, രമ്യ മുരളി എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.എം ഗിരീശൻ നന്ദി പറഞ്ഞു.
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേയുള്ള സന്ദേശങ്ങൾ ഓരോ വ്യക്തിയിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയെന്നതാണ് സ്ത്രീശക്തി കലാജാഥയുടെ ലക്ഷ്യം. ഇന്നു (09-3-2022 ) മുതൽ 18 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജില്ലകളിലും അഞ്ചു വേദികൾ വീതം ആകെ എഴുപതോളം വേദികളിൽ പരിശീലനം നേടിയ168 കലാകാരികൾ കലാജാഥ അവതരിപ്പിക്കും.
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയ 15 വിദ്യാർത്ഥികൾക്ക് ചെന്നൈ എയർപോർട്ടിൽ ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് ആയി നിയമനം. 15000 രൂപയാണ് പ്രതിമാസ ശമ്പളം. ഇതോടൊപ്പം ഇൻസെന്റീവും ലഭിക്കും.
ക്യാബിൻ ക്രൂ, ഗ്രൗണ്ട് ഹാൻഡ്ലിങ്ങ് എന്നിവ ഉൾപ്പെടെ ആറു മാസത്തെ എയർലൈൻ ടിക്കറ്റിങ്ങ് കോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ നിയമനം ലഭിച്ചത്. പദ്ധതിയുടെ കീഴിലുളള പരിശീലക ഏജൻസിയായ സീമെഡ് മുഖേനയായിരുന്നു പരിശീലനം.
പദ്ധതിയുടെ ഭാഗമായി ഇതുവരെ വിവിധ തൊഴിൽ മേഖലകളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 45555 പേർക്ക് തൊഴിൽ നേടാൻ കഴിഞ്ഞു. കൂടാതെ 475 പേർക്ക് വിദേശത്തും തൊഴിൽ ലഭ്യമാക്കി. നൂതനവും തൊഴിൽ സാധ്യതയുള്ളതുമായ നൂറ്റി ഇരുപതിലേറെ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. വിവിധ കോഴ്സുകളിൽ ചേർന്നു പഠിക്കുന്ന ഫീസ്, പദ്ധതി ഗുണഭോക്താക്കൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം, താമസം എന്നിവ ഉൾപ്പെടെ സൗജന്യമാണ്.