കുടുംബശ്രീ യുവതീ ഓക്‌സിലറി ഗ്രൂപ്പുകള്‍- മാര്‍ഗ്ഗരേഖാ പ്രകാശനവും പദ്ധതി നടത്തിപ്പ് പ്രഖ്യാപനവും മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു

Posted on Sunday, September 19, 2021

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സംബന്ധിച്ച മാര്‍ഗ്ഗരേഖാ പ്രകാശനവും പദ്ധതി നടത്തിപ്പ് പ്രഖ്യാപനവും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് ഒരു പുതുഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. 

  നിലവില്‍ 45 ലക്ഷത്തിലേറെ വനിതകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളാണ്. എന്നാല്‍ ഇവരില്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 10% മാത്രമാണ്. കുടുംബശ്രീ അംഗത്വം ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം എന്ന നിലയില്‍ പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ രണ്ടാമതൊരാള്‍ക്ക് അംഗത്വവും ലഭിക്കില്ല. ഇങ്ങനെയുള്ള പരിമിതികള്‍ മറികടന്ന് യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും അവരെ പൊതുധാരയില്‍ കൊണ്ടുവരുന്നതിനും സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ വിഷയങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതും ലക്ഷ്യമിട്ടാണ് യുവതീ ഗ്രൂപ്പുകളുടെ രൂപീകരണം നടത്തുന്നത്. തൊഴിലെടുക്കുന്നതിനും ജീവനോപാധി കണ്ടെത്തുന്നതിനും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും സഹായകമാകുന്ന വേദി ഒരുക്കി യുവതികളുടെ കാര്യശേഷിയും ഇടപെടല്‍ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും കഴിയും. 

  ഓരോ സി.ഡി.എസും അതിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും യുവതീ ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഒരു ഗ്രൂപ്പിലെ പരമാവധി അംഗ സംഖ്യ 50 ആണ്. അംഗസംഖ്യ ഇതില്‍ കൂടിയാല്‍ ഒന്നിലധികം ഗ്രൂപ്പുകളും രൂപീകരിക്കാം. ഗ്രൂപ്പുകള്‍ സി.ഡി.എസിന്റെ ശുപാര്‍ശയോജെ ജില്ലാ മിഷനില്‍ രജിസ്ട്രര്‍ ചെയ്യും. 18നും 40നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ഗ്രൂപ്പുകളില്‍ അംഗമാകാം. ഒരു വീട്ടില്‍ നിന്ന് ഒന്നിലധികം വനിതകള്‍ക്കും (18 നും 40നും ഇടയില്‍ പ്രായമുള്ള) അംഗത്വമെടുക്കാനാകും.

aux

 

Content highlight
auxilary group