കോവിഡ് പ്രതിസന്ധിക്കിടയിലെത്തിയ ഈ ഓണക്കാലത്ത്, അനിവാര്യമായ കരുതല്‍ തുടര്‍ന്നുകൊണ്ടും എന്നാല്‍ ആഘോഷങ്ങളുടെ മാറ്റ് ഒട്ടും കുറയാതെയും ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്കും ബാലസഭാ അംഗങ്ങള്‍ക്കും ഓണം ഉത്സവമാക്കുന്നതിനായി കുടുംബശ്രീ സംഘടിപ്പിച്ച ഓണപ്പുലരി, പൂവേ പൊലി പരിപാടികളിലെ വിവിധ മത്സരങ്ങളുടെ സംസ്ഥാനതല വിജയികളെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. വിദഗ്ധര്‍ അടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നല്‍കും.
തദ്ദേശ സ്ഥാപനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്കായി 'ഓണപ്പുലരി 2021' എന്ന പേരില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെയായിരുന്നു ഓണാഘോഷ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളിലായി മലയാളി മങ്ക, കേരള ശ്രീമാന്‍/മഹാബലി, ഓണപ്പാട്ട്, ഞാനും എന്റെ പൂക്കളവും, ചിത്രരചന എന്നീ മത്സരങ്ങളില്‍ മാറ്റുരയ്ക്കാനുള്ള അവസരമൊരുക്കി. കുട്ടികളുടെ പ്രകടനത്തിന്റെ വീഡിയോ/ഫോട്ടോ എടുത്ത് മാതാപിതാക്കള്‍ ബഡ്‌സ് അധ്യാപകര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. ബഡ്‌സ് സ്‌കൂളുകളിലെയും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെയും 3058 കുട്ടികളാണ് മേല്‍പ്പറഞ്ഞ മത്സരങ്ങളുടെ ഭാഗമായത്. ബാലസഭാ അംഗങ്ങള്‍ക്കായി 'പൂവേ പൊലി 2021' എന്ന പേരില്‍ ഓഗസ്റ്റ് 20 മുതല്‍ 23 വരെയാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മാവേലിക്കൊരു കത്ത്, ഓണപ്പാട്ട്, അത്തപ്പൂക്കളം എന്നീ മത്സരങ്ങളില്‍ 6344 ബാലസഭകളില്‍ നിന്നുള്ള 28,015 അംഗങ്ങള്‍ പങ്കെടുത്തു. മത്സരത്തിന്റെ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ അതാത് കുടുംബശ്രീ സി.ഡി.എസില്‍ ചുമതലപ്പെട്ടവര്‍ക്ക് അയച്ചുനല്‍കിയാണ് ബാലസഭാംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാതലത്തിലും വിദഗ്ധ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരഫലങ്ങളും ഫലപ്രഖ്യാപന വീഡിയോകളും www.kudumbashree.org/onam2021 എന്ന ലിങ്കില്‍ ലഭിക്കും.
ഓണ്‍ലൈനായി സംഘടിപ്പിച്ച ഫലപ്രഖ്യാപന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് അധ്യക്ഷയായി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു.ആര്‍.എസ് ആശംസ അറിയിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിലെ പൂത്തുമ്പി ബാലസഭ അംഗമായ ഗൗരി നന്ദ സ്വാഗതവും തിരുവനന്തപുരം നഗരസഭാ സി.ഡി.എസ് മൂന്നിലെ ഗുല്‍മോഹര്‍ ബാലസഭ അംഗം മിഥുന്‍ നന്ദിയും പറഞ്ഞു.
- 74 views