'നയി ചേത്ന' - ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരേ കുടുംബശ്രീയുടെ സംസ്ഥാനതല ക്യാമ്പെയ്ന്‍
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന 'നയി ചേത്ന'ജെന്‍ഡര്‍ ക്യാമ്പെയ്ന്‍ നവംബര്‍ ഇരുപത്തിയഞ്ചിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തുടക്കം കുറിച്ചു. അതിക്രമങ്ങളെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സ്ത്രീകളെ സജ്ജമാക്കുന്നതിനൊപ്പം സ്വന്തം അവകാശങ്ങളെ കുറിച്ചുള്ള അറിവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്‍റെ ഭാഗമായാണിത്. ഡിസംബര്‍ ഇരുപത്തിമൂന്ന് വരെ നാലാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പെയ്ന്‍റെ ഭാഗമായി സംസ്ഥാനതലത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചു.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ വിവിധ ജില്ലകളിലായി ഇരുപത്തിയഞ്ച് ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കൊണ്ടാണ് ക്യാമ്പെയ്ന്‍റെ തുടക്കം. 'ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പ്രത്യേകം തയ്യാറാക്കി നല്‍കിയ ലഘുലേഖകള്‍, പോസ്റ്ററുകള്‍, ഹ്രസ്വചിത്രങ്ങള്‍, ലഘുലേഖകള്‍ എന്നിവയായിരിക്കും ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ക്കു വേണ്ടി ഉപയോഗിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്‍റെ തുടര്‍പരിപാടികളാണ് മുഖ്യമായും ക്യാമ്പെയ്നില്‍ ഉള്‍പ്പെടുത്തുക. വിവിധ വകുപ്പുകളുടെ സംയോജനവും ഉറപ്പു വരുത്തിയിട്ടുണ്ട്.
ആദ്യ ആഴ്ച ഇന്‍റേണല്‍ കംപ്ളെയ്ന്‍റ് കമ്മിറ്റിയെ സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം. വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് കുടുംബശ്രീ അയല്‍ക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്തലത്തില്‍ ഈ പരിപാടി വിപുലമായ രീതിയില്‍ നടത്തി വരികയാണ്. നിലവിലെ സേവനങ്ങള്‍ സ്ത്രീകള്‍ക്ക് എത്രത്തോളം ലഭ്യമാണെന്ന ചര്‍ച്ചകള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. രണ്ടാമത്തെ ആഴ്ച വിവിധ സേവനങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍, പോസ്റ്ററുകള്‍ എന്നിവ അയല്‍ക്കൂട്ടങ്ങള്‍ തയ്യാറാക്കി പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ പ്രാദേശികതലത്തില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ക്ക് സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ ആദരം നല്‍കും. അതിക്രമങ്ങളെ അതിജീവിച്ച വനിതകളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കലും വാര്‍ഡ്തലത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.
മൂന്നും നാലും ആഴ്ചകളില്‍ ഓരോ സി.ഡി.എസ് പരിധിയിലുമുള്ള വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പൊതുയോഗം സംഘടിപ്പിക്കുകയും അതിക്രമങ്ങള്‍ക്കെതിരേ വിവിധ സഹായ സ്ഥാപനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ഇതിന്‍റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളിലും പ്രതിജ്ഞയെടുക്കല്‍, വാര്‍ഡ്തലത്തിലും സി.ഡി.എസ്തലത്തിലും റാല, ഹ്രസ്വചിത്ര പ്രദര്‍ശനം, ചുവര്‍ ചിത്രരചന, എന്നിവ സംഘടിപ്പിക്കും. ക്യാമ്പെയ്നുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും പരമാവധി പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താന്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്.