കുടുംബശ്രീ സിഗ്നേചർ സ്റ്റോർ ലോകത്തിന് മുന്നിലേക്ക് തുറക്കുന്ന കിളിവാതിൽ : മന്ത്രി എം.ബി രാജേഷ്

Posted on Friday, November 11, 2022

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാന്റ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉത്പന്ന വിപണനശാല സിഗ്നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേ​ന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക്​ കീഴിൽ സംസ്ഥാനത്ത്​ ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബ​ശ്രീ ആരംഭിക്കുന്ന ഉത്പന്ന വിപണന ശാലയാണ് ഇത്.വിമാനത്താവള അതോറിറ്റിക്ക്​ കീഴിലെ വിമാനത്താവളങ്ങളിലാണ്​ സ്വാശ്ര​യ സംഘങ്ങൾക്ക്​ ഇത്തരത്തിൽ ഉത്പന്ന വിതരണത്തിനും പ്രദർശനത്തിനും അവസരം നൽകുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്നേചർ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.

ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്നേച്ചർ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുന്നത്. നൂതനമായ   മറ്റൊരു കാൽ വെപ്പാണ് കുടുംബശ്രീ സിഗനേച്ചർ സ്റ്റോറിലൂടെ നടപ്പാവുന്നത്. ലോക യാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാൻഡ് ആവാൻ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്.ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ സംരംഭകർക്ക് കൂടുതൽ അവസരവും തൊഴിലും ഇതു വഴി ലഭിക്കും.

പരിപാടിയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ചെമ്പൻ അധ്യക്ഷനായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് ആദ്യ വിൽപന നിർവഹിച്ചു. പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കലാം മാസ്റ്റർ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഓപറേഷൻസ് ജോയിന്റ് ജനറൽ മാനേജർ - എസ് സുന്ദർ, സി.ഐ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി കിഷോർ,കൊമേഷ്യൽ ജോയിന്റ് ജനറൽ മാനേജർ ആർ രാജേഷ്, കുടുംബശ്രീ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ എസ് എസ് മുഹമ്മദ് ഷാൻ, ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജില്ലാ പ്രോഗ്രാം മാനേജർ പി. റെനീഷ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ പി. ഇ സൽമത്ത്, കൊണ്ടോട്ടി നഗരസഭാ സിഡിഎസ് ചെയർ പേഴ്സൺ സി.പി ഫാത്തിമാ ബീവി, സംരംഭക പ്രതിനിധി കെ.ടി ശ്രീജ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ സൈനബ തുടങ്ങിയവർ പങ്കെടുത്തു.

 

air

 

Content highlight
Kudumbashree signatue store starts functioning at calicut international airport