ലൈഫ്-സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കുകയും രണ്ടാം ഘട്ടം വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ എല്ലാ അർഹരായ ഭൂരഹിതരായ ഭവനരഹിതർക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ലൈഫ് മിഷൻ എന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്.

     2000–01 മുതൽ 2015-16 സാമ്പത്തിക വർഷം വരെ വിവിധ സർക്കാർ ഭവന നിർമ്മാണ പദ്ധതികള്‍ പ്രകാരം ഭവന നിർമ്മാണത്തിന് ധനസഹായം നൽകിയിട്ടും വ്യത്യസ്ത കാരണങ്ങളാൽ സ്വന്തമായി അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയാത്ത കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നഭവനങ്ങള്‍ യാഥാർത്ഥ്യമാക്കുകയെന്നതാണ് ഒന്നാം ഘട്ടമായി ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം. വിവദ വകുപ്പുകൾ മുഖേന നടപ്പിലാക്കി വരുന്ന സംസ്ഥാന/കേന്ദ്ര സർക്കാർ ഭവനപദ്ധതികളും ഏകോപിപ്പിച്ച്  സമഗ്ര പദ്ധതിയായിട്ടാണ് ലൈഫ്ഭവനപദ്ധതി നടപ്പിലാക്കി വരുന്നത്. ഇത്തരത്തിൽ ലൈഫ്മിഷൻ (1,43,077),പി.എം.എ.വൈ-ലൈഫ് അർബൻ(63,449),പി.എം.എ.വൈ-ലൈഫ് -റൂറൽ (17,134),പട്ടികജാതി(19,987),പട്ടികവർഗ്ഗ(2,095),മത്സ്യത്തൊഴിലാളി(4,389) വകുപ്പുകൾ മുഖേന നാളിതുവരെ 8,461കോടി രൂപ ചെലവഴിച്ച് 2,50,131വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. 2021 മാർച്ചോടുകൂടി 3 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് മിഷൻ  ലക്ഷ്യമിട്ടിട്ടുള്ളത്. ലൈഫ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,122 വീടുകളിൽ 52,455 (96.92%) വീടുകള്‍ ഇതിനോടകം നിർമ്മിച്ചുകഴിഞ്ഞു. 680.72 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് ഭവന നിർമ്മാണത്തിന് ധനസഹായമായി നൽകിയിട്ടുണ്ട്.

     ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യങ്ങള്‍. രണ്ടാം ഘട്ടത്തിൽ ഗ്രാമസഭ സർവ്വേയിലൂടെ കണ്ടെത്തി അംഗീകരിച്ച 1,77,972 ഗുണഭോക്താക്കളിൽ രേഖാപരിശോധനയിലൂടെ 1,03,124 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇവരിൽ 87,495 (88.98%) ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിച്ചു.രണ്ടാംഘട്ടത്തിൽ വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാൻഡുകളുമായി കൈകോർത്തുകൊണ്ട് കുറഞ്ഞ നിരക്കിൽ വീട് നിർമ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ മിഷൻ കൈക്കൊണ്ടിട്ടുണ്ട്. 40-60% വരെ വിലകുറച്ചാണ് ഇലക്ട്രിക്കൽ ഉപകരണങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, പെയിന്റ്, സാനിറ്ററി ഉപകരണങ്ങള്‍, സിമെന്റ്, വാട്ടർ ടാങ്ക് തുടങ്ങിയവ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങള്‍ www.lifemission.kerala.gov.in ൽ ലഭ്യമാണ്.

    ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ സർവ്വേയിലൂടെ കണ്ടെത്തിയ 3,37,416 ഗുണഭോക്താക്കളിൽ നാളിതുവരെ അർഹതാ പരിശോധനയ്ക്ക് ഹാജരായത് 2,29,310 ഗുണഭോക്താക്കളാണ്. ഇവരിൽ 1,35,769 ഗുണഭോക്താക്കളെ അർഹരായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാംഘട്ടത്തിൽ അടിമാലിയിൽ ഭവന സമുച്ചയം പൂർത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അർഹരായ ഭൂരഹിത ഭവനരഹിതരായ 163 ഗുണഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു.ഭൂരഹിത ഭവനരഹിതർക്കായി മൂന്നാംഘട്ടത്തിൽ 101 ഭവന സമുച്ചയങ്ങളുടെ നിർമ്മാണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 14 ഭവന സമുച്ചയങ്ങൾ കെയർ ഹോം മുഖേനയാണ് നിർമ്മിക്കുന്നത്.10 പൈലറ്റ് ഭവന  സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗതിയിലാണ്.കൂടാതെ 26 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.