കേരളത്തിന്റെ അഭിമാനകരമായ ഒരു നേട്ടം കൂടി സന്തോഷപൂർവ്വം പങ്കുവെക്കട്ടെ. ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. മാലിന്യ സംസ്കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയെന്ന് ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു രൂപ പോലും കേരളത്തിന് പിഴ ചുമത്തിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ ചുമത്തിയ സ്ഥാനത്താണിത്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് ഈ വിധി.
ആയിരക്കണക്കിന് കോടി രൂപയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തി ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയത്. മഹാരാഷ്ട്രയ്ക്ക് 12000 കോടിയായിരുന്നു പിഴ. പഞ്ചാബിന് 2080 കോടിയും ഡൽഹിക്ക് 900 കോടിയും കർണാടകയ്ക്ക് 2900 കോടിയും രാജസ്ഥാന് 3000 കോടിയും പിഴ ചുമത്തിയിരുന്നു. പശ്ചിമ ബംഗാളിന് 3500 കോടിയും തെലങ്കാനയ്ക്ക് 3800 കോടിയുമായിരുന്നു പിഴ ചുമത്തിയത്. കേരളത്തിന് ഒരു രൂപ പോലും പിഴ ചുമത്തിയില്ല എന്നത് ഇതിനാലാണ് ശ്രദ്ധേയമാകുന്നത്.
ഖര-ദ്രവ മാലിന്യ പ്രശ്നം പരിഹരിക്കാൻ കേരളം നടത്തുന്ന ഇടപെടലുകൾ ഹരിത ട്രിബ്യൂണൽ വിധി പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതിനായി കേരളം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ഇടപെടലിനെക്കുറിച്ചും പരാമർശമുണ്ട്. സമയബന്ധിതമായി മാലിന്യ സംസ്കരണ പദ്ധതികൾ പൂർത്തിയാക്കണമെന്ന് ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഇക്കാര്യം കേരളം അംഗീകരിച്ചു. ദ്രവ മാലിന്യം കൈകാര്യം ചെയ്യാൻ കേരളം 2343.18 കോടിയുടെ പദ്ധതികൾ ഇതിനകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഈ പദ്ധതികളിലൂടെ പൂർണ്ണമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ഗ്യാപ് ഫണ്ടായി 84.628 കോടിയും നീക്കിവെച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹരിത ട്രിബ്യൂണലിന്റെ വിധി.
- 8899 views