ഹരിത ക്യാമ്പസുകളായി ഐ.ടി.ഐകള്‍

Posted on Wednesday, October 28, 2020

സംസ്ഥാനത്തെ ഐ.ടി.ഐ കാമ്പസുകള്‍ ഹരിത ക്യാമ്പസുകളാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം വെള്ളിയാഴ്ച (30.10.2020) ഓണ്‍ലൈനായി ബഹു.എക്‌സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര ഐ.എ.എസ്, ഹരിതകേരളം മിഷന്‍ കൃഷി ഉപവിഭാഗം കണ്‍സള്‍ട്ടന്റ് എസ്.യു.സഞ്ജീവ് എന്നിവര്‍ പങ്കെടുക്കും. വ്യാവസായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ.ജസ്റ്റിന്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വ്യാവസായിക പരിശീലന വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്ത നേതൃത്വത്തില്‍ ഐ.ടി.ഐ കഴക്കൂട്ടം   (തിരുവനന്തപുരം), ഐ.ടി.ഐ ചന്ദനത്തോപ്പ് (കൊല്ലം), ഐ.ടി.ഐ ചെന്നീര്‍ക്കര  (പത്തനംതിട്ട), ഐ.ടി.ഐ കട്ടപ്പന (ഇടുക്കി), വനിത ഐ.ടി.ഐ ചാലക്കുടി (തൃശൂര്‍), ഐ.ടി.ഐ മലമ്പുഴ (പാലക്കാട്), ഐ.ടി.ഐ വാണിയംകുളം (പാലക്കാട്), ഐ.ടി.ഐ അരീക്കോട് (മലപ്പുറം), വനിത ഐ.ടി.ഐ കോഴിക്കോട് (കോഴിക്കോട്), ഐ.ടി.ഐ കല്‍പ്പറ്റ (വയനാട്), ഐ.ടി.ഐ പുല്ലൂര്‍ (കാസറഗോഡ്) എന്നീ 11 ഐ.ടി.ഐകളാണ് ഹരിതക്യാമ്പസ് ഒരുക്കിയത്.

കേരളം മുന്‍വര്‍ഷങ്ങളില്‍ നേരിട്ട മഹാപ്രളയത്തില്‍പ്പെട്ട നിരവധി പേരുടെ കേടുപാടുകള്‍ വന്ന വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി നല്‍കാന്‍ രംഗത്തിറങ്ങിയ കേരളത്തിലെ ഐ.ടി.ഐകളിലെ അധ്യാപക -വിദ്യാര്‍ത്ഥി കൂട്ടായ്മയായ നൈപുണ്യ കര്‍മ്മസേനയുടെ തുടര്‍ച്ചയാണ് ഐ.ടി.ഐ ഹരിതക്യാമ്പസ്. ഓരോ ചുറ്റുവട്ടവും പ്രകൃതി സൗഹൃദമാക്കാനും പ്രകൃതി പുനസ്ഥാപനത്തിന് സാധ്യമായതൊക്കെ ചെയ്യാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഫലമായ ശ്രമമാണിത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ഐ.ടി.ഐകളെയും മറ്റ് കലാലയങ്ങളെയും ഉള്‍പ്പെടുത്തി ഹരിതക്യാമ്പസ് പദ്ധതി വിപുലമാക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു. ഐ.ടി.ഐ ഹരിതക്യാമ്പസ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഈ പദവി കൈവരിച്ച സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദന പത്ര സമര്‍പ്പണവും നടക്കും. www.facebook.com/harithakeralamission ഫേസ്ബുക്കില്‍ ചടങ്ങുകളുടെ ലൈവ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

 
 
Content highlight