സംസ്ഥാനത്തെ 588 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു

Posted on Thursday, October 1, 2020

സംസ്ഥാനത്തെ 588 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്. സര്‍ക്കാരിന്റെ 12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, തൊഴിലുറപ്പ് മിഷന്‍ എന്നിവര്‍ സംയുക്തമായി ആവിഷ്‌കരിച്ച നടപടി ക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവുതെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തെരഞ്ഞെടുത്തത്. 532 ഗ്രാമപഞ്ചായത്തുകളും 56 നഗരസഭകളുമാണ് നേട്ടം കൈവരിച്ചത്. 30 ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ പഞ്ചായത്തുകളും ശുചിത്വ പദവി നേടി. ഇതു സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഈ മാസം 10 ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി.മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ശുചിത്വ പദവി കരസ്ഥമാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും സമ്മാനിക്കും.

ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്. 100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്.

ഇപ്പോഴുള്ള ശുചിത്വ പദവി പ്രഖ്യാപനം ആദ്യപടിയാണെന്നും ഖരമാലിന്യ സംസ്‌കരണത്തിനു പുറമെ ദ്രവ-വാതക മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളുള്‍പ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവര്‍ത്തികമാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു. ശുചിത്വ പദവി നേടിയ പഞ്ചായത്തുകളുടെ എണ്ണത്തില്‍ കോട്ടയം ജില്ലയും (62) നഗരസഭയില്‍ മലപ്പുറം ജില്ലയും (7) ആണ് മുന്നില്‍. ഓരോ ജില്ലയിലും ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പഞ്ചായത്ത്, നഗരസഭ എന്നീ ക്രമത്തില്‍ ഇപ്രകാരമാണ്. തിരുവനന്തപുരം-52,5; കൊല്ലം-53,5; പത്തനംതിട്ട-36,2; ആലപ്പുഴ-39,4; കോട്ടയം-62,5; ഇടുക്കി-20,2; എറണാകുളം-27,4; തൃശൂര്‍-33,6; പാലക്കാട്-41,4; മലപ്പുറം-51,7; കോഴിക്കോട്-37,4; വയനാട്-14,1; കണ്ണൂര്‍-47,5; കാസറഗോഡ്-20,2.