ഈ വർഷത്തെ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഇന്ന് മുതൽ ബുധനാഴ്ച വരെ വയനാട് ജില്ലയിലെ വൈത്തിരി വില്ലേജ് റിസോർട്ട്, കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനം എന്നിവടങ്ങളിലായി നടക്കുകയാണ്. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന്റെ ഉപജ്ഞാതാവായ ഡോ.ബൽവന്ത്റായ് മേത്തയുടെ ജൻമദിനമായ ഫെബ്രുവരി 19 ആണ് സംസ്ഥാനത്ത് പഞ്ചായത്ത് ദിനമായി ആചരിക്കുന്നത്.
എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് പൊതുജനങ്ങൾക്കായി ഒരുക്കുന്ന പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം സി.കെ.ശശീന്ദ്രൻ എം.എൽ.എ ഇന്ന് രാവിലെ നിർവഹിക്കും.വിവിധ പഞ്ചായത്തുകളും സർക്കാർ സ്ഥാപനങ്ങളും നടപ്പാക്കിയ പ്രവർത്തനങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.ഇന്ന് നടക്കുന്ന വനിത സെമിനാറിൻ്റെ ഉദ്ഘാടനം വൈത്തിരിയിൽ ഹരിതകേരളം എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ നിർവഹിക്കും.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്കുകളിലെയും ജില്ല പഞ്ചായത്തുകളിലെയും പ്രസിഡൻറുമാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥരുമടക്കം 3000ത്തിലധികം പ്രതിനിധികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
18ന് രാവിലെ 10ന് വൈത്തിരി വില്ലേജിൽ ആഘോഷങ്ങളുടെ ഒദ്യോഗിക ഉദ്ഘാടനം ധനമന്ത്രി ഡോ.തോമസ് ഐസക് നിർവഹിക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ.കെ.ടി. ജലീൽ, പ്രഫ. രവീന്ദ്രനാഥ്, കെ.കെ. ശൈലജ ടീച്ചർ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിവിധ സെമിനാറുകൾ ഉദ്ഘാടനം ചെയ്യും. 19ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫികളും മറ്റു പുരസ്കാരങ്ങളും സമ്മാനിക്കം.
എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, കെ.സി. ജോസഫ് എന്നിവർ പങ്കെടുക്കും
- 665 views