മുളയുടെ ദക്ഷിണേന്ത്യൻ തലസ്ഥാനമാകാനൊരുങ്ങി കാസറഗോഡ്

Posted on Friday, July 12, 2019

ഒരു ചരിത്രമുഹൂര്‍ത്തത്തിന് 2019 ജൂലൈ 13 ന് (ശനി) കാസറഗോഡ് ജില്ല സാക്ഷ്യം വഹിക്കുകയാണ്. കാസറഗോഡ്, മഞ്ചേശ്വരം ബ്ലോക്കുപഞ്ചായത്തുകളിലുള്‍പ്പെട്ട 13 ഗ്രാമ പഞ്ചായത്തുകളില്‍ മുളംതൈകള്‍ നട്ടുപിടിപ്പിച്ച് കാസര്‍കോടിനെ ദഷിണേന്ത്യയുടെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്ന ദൗത്യത്തിന് അന്നു തുടക്കമാവുകയാണ്. രാവിലെ 10 മുതല്‍ 11 മണിവരെ ഈ 13 ഗ്രാമ പഞ്ചായത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് മൂന്ന് ലക്ഷം മുളംതൈകള്‍ വെച്ചു പിടിപ്പിക്കാനാണ് ജില്ലാ ഭരണകുടം തീരുമാനിച്ചിരിക്കുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പഞ്ചായത്തു തലത്തിലും വാര്‍ഡ് മെമ്പര്‍മാര്‍ വാര്‍ഡ് തലത്തിലും പരിപാടി ഉദ്ഘാടനം ചെയ്യും.  

കാസറഗോഡ് ജില്ലയിലെ ഊഷരതയെ ഉർവ്വരത ആക്കി മാറ്റാനുള്ള ഒരു ചെറിയ ചുവട് വെയ്പ്പാകുകയാണ് ബാംബൂ ക്യാപ്പിറ്റൽ ഓഫ് കേരള. 

നന്നായി വേരോട്ടമുള്ള കല്ലൻ മുളകൾ വെള്ളത്തിന്റെ ഒഴുക്ക് പിടിച്ച് നിർത്തുവാനും അത് വഴി മണ്ണൊലിപ്പ് തടയുവാനും സഹായിക്കുന്നു. ഒപ്പം തന്നെ ഒരു മുള നടുമ്പോൾ ഒരു വർഷം 22 കിലോ ജൈവവളം ആണ് ഇതിന്റെ ഇലകളിൽ കൂടി മണ്ണിന് ലഭ്യമാകുന്നത്. ലാറ്ററൈറ്റു നിറഞ്ഞ ഭൂവിഭാഗങ്ങൾക്ക് ഇത് ഒരു ആശ്വാസമാകും.

ഭൂഗര്‍ഭജലം അനുദിനം കുറഞ്ഞുവരുന്ന ഭീതിതമായ ഒരവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്.  ഭൂജലം വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും നമുക്ക് ഒരു കര്‍മ്മപദ്ധതി അനിവാര്യമാണ്. ഇതിന്റെ ആദ്യഘട്ടമായാണ് കാസറഗോഡ് ബ്ലോക്കിലെ കുമ്പള, ബദിയടുക്ക, ചെങ്കള, ചെമ്മനാട്, മധൂര്‍, മൊഗ്രാല്‍പൂത്തൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ മംഗല്‍പാടി, വൊര്‍ക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളിഗെ, എന്മകജെ എന്നീ പഞ്ചായത്തുകളില്‍ 13 ന് രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍ എല്ലാവാര്‍ഡുകളിലും, മുളംതൈകള്‍ വെച്ചുപിടിപ്പിക്കുന്നത്.   ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, അദ്ധ്യാപകര്‍, സന്നദ്ധ സംഘടനകള്‍, വീട്ടമ്മമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവർ തൈകൾ നടുന്നതിന്റെയും തുടർ സംരക്ഷണത്തിന്റെയും ഭാഗമാകും

'നമ്മുടെ നാടിന്റെ പുരോഗതിക്കും സംരക്ഷണത്തിനും നമുക്കൊന്നായി കൈകോര്‍ക്കാം'

Bamboo Kasaragod
മുള തൈകൾ പുത്തിഗെ പഞ്ചായത്തിലെ വാർഡ് 11 മുഖാരികണ്ടം എന്ന സ്ഥലത്ത് മുളപ്പിച്ചെടുത്തു