സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ പോലീസ് സ്റ്റേഷനുകളിലും പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ആദ്യ പച്ചത്തുരുത്ത് പാങ്ങോട് പോലീസ് സ്റ്റേഷന്‍ വളപ്പിൽ 13.02.2020 ന് ഉദ്ഘാടനം ചെയ്യുന്നു. വാമനപുരം ബ്ലോക്ക് പരിധിയിൽ വരുന്ന പാങ്ങോട് പഞ്ചായത്തിലെ പോലീസ് സ്റ്റേഷന്‍ വളപ്പിൽ 30 സെന്‍റ് സ്ഥലത്ത് മൂന്ന് ഭാഗങ്ങളിലായാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്ന ആദ്യ പോലീസ് സ്റ്റേഷനാണ് പാങ്ങോട്. പ്രാദേശിക ജൈവവൈവിധ്യത്തിനനുയോജ്യമായ വൃക്ഷ-ഫലവൃക്ഷത്തൈകളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മുള കൊണ്ടും ഈറ കൊണ്ടും ഇതിനകം തന്നെ പച്ചത്തുരുത്ത് പ്രദേശത്തിന് മനോഹരമായി അതിര്‍ത്തി തീര്‍ത്തുകഴിഞ്ഞു. 13.02.2020 ന് വൈകുന്നേരം നാലുമണിക്ക് വാമനപുരം എം.എ .എ., ഡി.കെ.മുരളി പാങ്ങോട് പോലീസ് സ്റ്റേഷന്‍ വളപ്പിലെ പച്ചത്തുരുത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് ഗീത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹരിതകേരളം മിഷന്‍ ടെക്നിക്കൽ ഓഫീസര്‍ ഹരിപ്രിയാദേവി പദ്ധതി വിശദീകരണം നടത്തും. പാങ്ങോട് സ്റ്റേഷന്‍ മേധാവി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യംകൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
- 567 views