ഉപഭോക്താക്കള്‍ക്ക് ആന്‍റിബയോട്ടിക് അവഷിപ്തമില്ലാത്ത ചിക്കന്‍ അംഗീകൃത പ്രവര്‍ത്തന നടപടിക്രമം:കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കും

Posted on Friday, February 3, 2023

'വാണിജ്യാടിസ്ഥാനത്തില്‍ സുസ്ഥിരവും സുരക്ഷിതവുമായ ബ്രോയിലര്‍ ചിക്കന്‍ ഉല്‍പാദന മാര്‍ഗങ്ങള്‍-കേരള ചിക്കന്‍ സ്റ്റേക്ഹോള്‍ഡര്‍മാര്‍ക്ക്' എന്ന വിഷയത്തില്‍ കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി  ഹോട്ടല്‍ ഗ്രാന്‍ഡ് ചൈത്രത്തില്‍ ഫെബ്രുവരി 1ന്‌ സംഘടിപ്പിച്ച ഏകദിന ശില്‍പശാല  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. ബ്രോയിലര്‍ കോഴിയിറച്ചിയിലെ ആന്‍റിബയോട്ടിക് അവഷിപ്തം കുറയ്ക്കുക, വാണിജ്യാടിസ്ഥാനത്തിലുള്ള ഇറച്ചിക്കോഴി വളര്‍ത്തല്‍ സുസ്ഥിര വരുമാന മാര്‍ഗമായി മാറ്റുക എന്നിവയ്ക്കായി അംഗീകൃത പ്രവര്‍ത്തന നടപടിക്രമത്തിന്‍റെ കരട് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മികച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി അംഗീകൃത പ്രവര്‍ത്തന നടപടി ക്രമത്തിന്‍റെ കരട് തയ്യാറാക്കും. ഇതു ലഭ്യമാകുന്നതോടെ വിപുലമായ ബ്രോയ്ലര്‍ മാനേജ്മെന്‍റ്, കര്‍ഷകര്‍ക്ക് സുസ്ഥിര തൊഴിലും വരുമാനവും എന്നിവ ഉള്‍പ്പെടെ സമഗ്രമായ വികസനം സാധ്യമാകും.  

ആന്‍റിബയോട്ടിക്കിന്‍റെ ഉപയോഗം, ആന്‍റിബയോട്ടിക് വിമുക്ത കോഴിയിറച്ചിയുടെ ഉല്‍പാദനം, ആന്‍റിബയോട്ടിക് ബദല്‍ സമീപനങ്ങള്‍, ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയും ഭാവി വീക്ഷണവും, മാനേജ്മെന്‍റ് രീതികളിലെ മാറ്റം എന്നിവ സംബന്ധിച്ച വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാകും അംഗീകൃത നടപടി ക്രമത്തിന്‍റെ കരട് തയ്യാറാക്കുക. കോഴിക്കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനം, രോഗനിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്പ്, അജൈവ വസ്തുക്കള്‍ മൂലമുണ്ടാകുന്ന രോഗനിയന്ത്രണം, രോഗവാഹികളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, തീറ്റ, വെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള ശാസ്ത്രീയ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളും കരടില്‍ ഉള്‍പ്പെടുത്തും.

ഫാമിലെ ജൈവസുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍,  ഫലപ്രദമായ മാലിന്യ നിര്‍മാര്‍ജനവും മാംസ സംസ്ക്കരണവും, കര്‍ഷകര്‍ക്ക് കോഴിവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം,  സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ കോഴിയിറച്ചിയുടെ ഉല്‍പാദനം, സുസ്ഥിര വിപണി, വിവിധ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ ബ്രോയിലര്‍ മാനേജ്മെന്‍റും കര്‍ഷക ക്ഷേമവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് സുസ്ഥിര തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ സഹായകമാകുന്ന നിര്‍ദേശങ്ങളും കരടില്‍ ഉള്‍പ്പെടുത്തുന്നതിനാണ് തീരുമാനം.  

വിപണിയില്‍ ലഭ്യമാകുന്ന ആന്‍റിബയോട്ടിക് അവഷിപ്തങ്ങളടങ്ങിയ മാംസത്തിന്‍റെ ഉപഭോഗം പൊതുജനാരോഗ്യത്തിന് ആഗോള തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഉല്‍പാദന പ്രകിയയിലും വിതരണ ശൃംഖലയിലും സ്വീകരിക്കേണ്ട അംഗീകൃത പ്രവര്‍ത്തന നടപടി ക്രമം തയ്യാറാക്കുന്നതിന് കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തീരുമാനിക്കുന്നത്.

ശില്‍പശാലയില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.ഏ.കൗശികന്‍ സ്വാഗതം ആശംസിച്ചു. ഡോ.അരവിന്ദ്, ഡോ.ബിനോയ് ചാക്കോ, ഡോ.ഹരികൃഷ്ണന്‍ എസ്, ഡോ.സൂര്യ ശങ്കര്‍, ഡോ.ജെസ്സ് വര്‍ഗിസ്, ഡോ.പുണ്യമൂത്തി, ഡോ.ശ്രീനിവാസ് ഗുപ്ത, ഡോ.നൗഷാദ് അലി, ഡോ.ടോണി ജോസ്, ഡോ.നടരാജന്‍, ഡോ.ഈപ്പന്‍ ജോണ്‍, ഡോ.റാണാ രാജ്, ഡോ.ചന്ദ്ര പ്രസാദ്, ഡോ.സ്വപ്ന സൂസന്‍ എബ്രഹാം, ഡോ.സെല്‍വ കുമാര്‍, ഡോ.ബിജുലാല്‍, ഡോ.സജീവ് കുമാര്‍, ഡോ.സുനില്‍, ഡോ.അനുരാജ്, ഡോ.സുധി ആര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. കുടുംബശ്രീക്കൊപ്പം കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെപ്കോ, ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റി, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുത്തു.

Content highlight
Workshop on 'Commercial Sustainable and Safe Broiler Chicken Production Methods for Kerala Chicken Stakeholders' held