സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി ഈ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ തീരശ്രീ പദ്ധതിക്ക് ഔദ്യോഗിക തുടക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ കൈപ്പമംഗലം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. തീരദേശ മേഖലയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സമഗ്രമായ വ്യാപനവും നവീകരണവും ലക്ഷ്യമിട്ടുകൊണ്ട് സാമൂഹ്യവികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുക.
കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ ഇനിയും അംഗമാകാത്ത കുടുംബങ്ങളെ അയല്‍ക്കൂട്ട സംവിധാനത്തില്‍ ഉള്‍പ്പെടുത്തുക, പ്രവര്‍ത്തനരഹിതമായ അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുക, ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്കെങ്കിലും വരുമാനദായക മാര്‍ഗം നല്കി കുടുംബത്തിന്റെ വരുമാനം വര്‍ധിപ്പിക്കുക, ബാങ്ക് ലിങ്കേജിന് അര്‍ഹതയുള്ള എല്ലാ അയല്‍ക്കൂട്ടങ്ങളെയും ഗ്രേഡ് ചെയ്ത് ലിങ്കേജ് വായ്പ ലഭ്യമാക്കുക, തീരദേശത്തെ ദരിദ്രരായ യുവതീയുവാക്കള്‍ക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡിഡിയുജികെവൈ മുഖേന തൊഴില്‍ വൈദഗ്ധ്യ പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കുക എന്നിവയാണ് 'തീരശ്രീ' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.
ജോലിയിലുള്ള അനിശ്ചിതാവസ്ഥ, ക്രമമായ വരുമാനം ലഭിക്കാത്ത സാഹചര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്ത്രീകളിലും കുട്ടികളിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍, കുടിവെള്ള ലഭ്യതക്കുറവ്, മത്സ്യബന്ധനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമൊഴിച്ച് മറ്റ് ഉപജീവന പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയാണ് തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ദുരിതങ്ങള്‍ ഏറെയും സഹിക്കേണ്ടി വരുന്നത്. ഇതുകൂടാതെ ഈ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന കടബാധ്യത, വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ നൈപുണ്യ പരിശീലനത്തിന്റെയും പ്രകടമായ കുറവ്, യുവാക്കള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ സ്വാധീനം, സമ്പാദ്യ ശീലത്തിന്റെ അഭാവം എന്നിവയും ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായ ഇടപെടലുകളിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് തീരദേശ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് തീരശ്രീ പദ്ധതി വഴി കുടുംബശ്രീ ലക്ഷ്യമിടുന്നത്.
'തീരശ്രീ'പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ദരിദ്രരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സഹായകരമാകുന്ന 'പ്രതിഭാതീരം' പരിപാടിയും ഇതോടനുബന്ധിച്ച് നടപ്പാക്കും. അതത് സി.ഡി.എസിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ എല്ലാ ദിവസവും കുട്ടികള്‍ക്കായി സായാഹ്ന ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ കുട്ടികള്‍, കൗമാര പ്രായക്കാര്‍, യുവതീയുവാക്കള്‍ എന്നിവരുടെ കായിക വികാസത്തിനായി സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ 'കായികതീരം' പരിപാടിയും നടപ്പാക്കും.
പ്രത്യേകമായി നിയോഗിച്ച തീരദേശ വോളണ്ടിയര്‍മാര്‍ മുഖേനയാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടപ്പാക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 82 തീരദേശ പഞ്ചായത്തുകളിലെ 702 വാര്‍ഡുകളിലായി 12045 അയല്‍ക്കൂട്ടങ്ങളാണുള്ളത്. 1,81,671 പേര് ഈ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായിട്ടുണ്ട്. ആകെ 1770 സൂക്ഷ്മസംരംഭങ്ങളും സജീവമാണ്.
- 328 views