കുടുംബശ്രീയുടെ 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ നിർവഹിച്ചു. സ്ത്രീധനത്തിനും സ്ത്രീ പീഡനങ്ങൾക്കും എതിരേ സമൂഹ മനോഭാവം വളർത്തിയെടുക്കുന്നതിനും പ്രതിരോധമുയർത്താനും സമൂഹത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 18ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം മൂന്ന് മണിക്ക് നിർവഹിക്കും. പ്രമുഖ ചലച്ചിത്രതാരം നിമിഷ സജയനാണ് സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്ൻ അംബാസഡർ.
സ്ത്രീധനം, സ്ത്രീ പീഢനം എന്നിവയ്ക്കെതിരായ ബോധവത്ക്കരണ സന്ദേശങ്ങൾ സമൂഹത്തിന്റെ സമസ്ത മേഖലയിലും എത്തിക്കുകയും അതുവഴി പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുകയുമാണ് 'സ്ത്രീപക്ഷ നവകേരള'ത്തിലൂടെ ലക്ഷ്യമിടുന്നത്.
ഡിസംബർ 18ന് തുടക്കമാകുന്ന ആദ്യഘട്ട ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ 2022 മാർച്ച് 8 വരെ തുടരും. ക്യാമ്പെയ്ന്റെ ആദ്യ ആഴ്ച സംസ്ഥാനത്തെ മൂന്ന് ലക്ഷം അയൽക്കൂട്ടങ്ങളിലും 19,542 ഓക്സിലറി ഗ്രൂപ്പുകളിലും സ്ത്രീധനവും അതിക്രമവും എന്ന വിഷയത്തിൽ ചർച്ച നടത്തും. തുടർന്നുള്ള ആഴ്ചകളിൽ പോസ്റ്റർ ക്യാമ്പെയ്ൻ, സ്ത്രീധനത്തിനെതിരേ സോഷ്യൽ മീഡിയ ചലഞ്ച്, ചുവർചിത്ര ക്യാമ്പെയ്നുകൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വെബിനാറുകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തും.
മൂന്നരമാസം നീളുന്ന ക്യാമ്പെയ്ന്റെ സമാപനത്തോട് അനുബന്ധിച്ച് അന്തർദേശീയതലത്തിൽ സ്ത്രീശാക്തീകരണ മേഖലയിലെ പ്രമുഖരായ വ്യക്തികളെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സമ്മേളനവും സംഘടിപ്പിക്കും. ക്യാമ്പെയ്ന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ മുൻനിർത്തി എല്ലാ ജില്ലകളിൽ നിന്നുമുള്ള സ്ത്രീപക്ഷ കർമ്മ പദ്ധതിയും അവതരിപ്പിക്കും. ക്യാമ്പെയ്ന്റെ സമാപനത്തിന് ശേഷവും തുടർ പ്രവർത്തനങ്ങളുമായി കുടുംബശ്രീ മുന്നോട്ട് പോകും. സ്ത്രീപക്ഷ ആലോചനാ യോഗങ്ങൾ, സ്ത്രീപക്ഷ കൂട്ടായ്മകൾ, സ്ത്രീശക്തി സംഗമം, സ്ത്രീപക്ഷ നവകേരള സംഗമം, സ്കൂൾ, കോളേജ്, വാർഡ് തലങ്ങളിൽ ജെൻഡർ ക്ലബ്ബ് രൂപീകരണം... എന്നിങ്ങനെ നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും.
കണ്ണൂർ പ്രസ് ക്ലബ്ബിൽ ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ ക്യാമ്പെയ്ൻ ലോഗോ, മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി പി.ഐ. ശ്രീവിദ്യ ഐ.എ.എസിന് നൽകി പ്രകാശനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം. സുർജിതും ചടങ്ങിൽ പങ്കെടുത്തു.
- 856 views
Content highlight
sthreepakshanavakeralam campaign announced and the logo releasedml